
പടിഞ്ഞാറെ പറമ്പിലെ പൊടിയിൽ പൊരിവെയിലത്ത് കളിയും കഴിഞ്ഞ് മടങ്ങി വരികയാണ് കൃഷ്ണൻ.
പാടത്തെ പണി കഴിഞ്ഞ് തൂമ്പയും തോളിലേറ്റി, തേങ്ങയും കൈ പിടിയിലൊതുക്കി വരുന്ന കർഷകനെ ഓർമ്മിപ്പിക്കുന്ന വിധം വലത്തെ തോളിൽ ക്രിക്കറ്റ് ബാറ്റും, ഇടത്തെ കൈയ്യിൽ ഫുട്ബോളും ഉണ്ട്.
വെയിൽ തട്ടി അവന്റെ മുഖവും, കൈകളും കരുവാളിച്ചിരിക്കുന്നു. കാൽമുട്ടിനു താഴെ അഴുക്കും, പൊടിയും പുരണ്ട് കാൽ തന്നെയാണോന്ന് സംശയിക്കേണ്ട തരത്തിലായിരിക്കുന്നു.
അവന്റെ ദേഹംകഴുകാനായ് തുളസിയിലയും, തൃ ത്താവിലയും, ആര്യവേപ്പിലയും, മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളം തിളച്ചുതുടങ്ങിയിരിക്കുന്നു.
മെറൂൺ ചെക്ക് തോർത്തുടുത്ത് അടുക്കളയുടെ ചവിട്ടുപടിമേൽ കൃഷ്ണനിരുന്നു. ഞാൻ ബലഹഠാദിതൈലം അവന്റെ തലയിൽ തേച്ചു പിടിപ്പിച്ചു.
പകലു മുഴുവൻ വെളിച്ചത്തോടൊപ്പം, കഠിനമായ ചൂട് പ്രസരിപ്പിച്ച് ക്ഷീണിച്ച സൂര്യൻ സ്വയം തണുപ്പിക്കാനാവും കടലിന്റെ ആഴങ്ങളിലേക്കൂളിയിട്ടു.
എന്നിട്ടും, അടുത്ത പറമ്പിലെ ആത്മാർത്ഥത ലേശം കൂടിയ പണിക്കാർ പണി നിർത്തീട്ടില്ലാ, അല്ലങ്കിൽ ഇവനെ ഇവിടുത്തെ വാഴച്ചോട്ടിലോ, ചേന തടത്തിലോ നിർത്തി കുളിപ്പിക്കായ്രുന്നു. അതുങ്ങൾക്ക് വെള്ളോം, വളോം കിട്ടുകേം ചെയ്യും ,കുളിമുറി വൃത്തിയായ് കിടക്കുകേം ചെയ്തേനെ .
കുളിമുറിയിലെ നീല ബെയ് സിനിലേക്ക് തണുത്ത വെള്ളം പിടിച്ച്, തിളപ്പിച്ച വെള്ളം അതിലേക്കൊഴിച്ച് കലർത്തി ചൂട് പാകം നോക്കി ചുമന്ന മഗ്ഗ് കൊണ്ട് കൃഷ്ണന്റെ മേലേക്ക് വെള്ളം കോരികോരി ഒഴിച്ചു.
പിയേഴ്സ് സോപ്പ് എത്രതേച്ചിട്ടും അവന്റെ ദേഹത്തെ അഴുക്കും പൊടിയും നീങ്ങി ദേഹം കാണാൻ കഴിയുന്നേയില്ല. എങ്കിലും ആൽകെമിസ്റ്റിലെ ആട്ടിടയനെ പോലെ ലക്ഷ്യപ്രാപ്തി കാണും വരെ ഞാനെന്റെ പ്രയത്നം തുടർന്നു.
അവസാനം, പൊടിയും അഴുക്കും നീങ്ങി പാൽപ്പാടയുടെ നിറമാർന്ന ദേഹം തെളിഞ്ഞു തുടങ്ങിയപ്പോൾ സന്തോഷം അടക്കാനാവാതെ ഞാനുറക്കെ വിളിച്ചുകൂവി
"യുറേക്കാ.... യുറേക്കാ....."
ഇളം ചൂടുവെള്ളത്തിൽ പരക്കുന്ന ഗന്ധം ആസ്വദിച്ചു കൊണ്ടവൻ ചോദിച്ചു
" എന്താമ്മേ ഇതിൽ ചേർത്തേക്കുന്നേ......?"
" തുളസിയിലയുണ്ട്.. .., തൃത്താവിലയുണ്ട്......, ആര്യവേപ്പിലയുണ്ട്......, മഞ്ഞൾപ്പൊടിയുമുണ്ട്."
മഞ്ഞൾപ്പൊടിയെന്നു കേട്ടപ്പോൾ കുരിശ് കണ്ട ചെകുത്താനെപ്പോലെ കൃഷ്ണന്റെ മുഖം വലിഞ്ഞുമുറുകി.
" വേണ്ടാ ഈ വെള്ളം എന്റെ മുഖത്തൊഴിക്കണ്ടാ.............."
അവൻ അലറി.
അവൻ അലറി.
" അതെന്താ .......... ഒഴിച്ചാല് ......?"
ദുർഗ്ഗാഷ്ടമി വരെ കാത്തിരിക്കാൻ ക്ഷമയില്ലാതെ ഞാൻ തെക്കിനിയിലെ തമിഴത്തിയായ്, ഒരു മഗ്ഗ് മഞ്ഞൾ വെള്ളം ഉയർത്തി.
" ഒഴിക്കണ്ടാന്ന് പറഞ്ഞാലൊഴിക്കണ്ട........ "
കൃഷ്ണൻ നകുലനായി.
കുളിമുറിയിൽ നിന്നുയരുന്ന തോം തോം തോം കേട്ട് പറമ്പിൽ കാറ്റും കൊണ്ട് നടക്കുകയായിരുന്ന അവന്റെ അപ്പൂപ്പനും, അമ്മമ്മയും പാഞ്ഞ് എത്തി.
മഞ്ഞൾ കലർന്ന വെള്ളം മുഖത്തൊഴിക്കാത്തതിന്റെ കാരണം പറയാതെ ഒരടി മുന്നോട്ട് വച്ചു പോകരുതെന്ന എന്റെ ഉഗ്രശാസനത്തിൽ പകച്ച്, കാൽനഖം കൊണ്ട് കളം വരച്ച് കൃഷ്ണൻ മൊഴിഞ്ഞു തുടങ്ങി
"മഞ്ഞൾ വെള്ളത്തിൽ മുഖം കഴുകിയാൽ എനിക്ക് മീശവരത്തില്ല....... അതാ "
രാത്രി ലൈറ്റ് ഓണാക്കി കുളിമുറിയുടെ വാതിൽ തുറന്നിട്ട് എന്റെ സാമീപ്യം ഉറപ്പുവരുത്തീട്ട് മാത്രം ശൂ....ശൂ.... വക്കുന്നവനാ, ഇപ്പൊ മീശ വച്ചേ അടങ്ങൂന്ന് വാശി വയ്ക്കുന്നത്
By Anjali Rajan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക