Slider

ഇലയനക്കങ്ങൾ (ഗദ്യകവിത)

0
Image may contain: Aneesh Sundaresan, standing and outdoor

ശബ്ദമുഖരിതമായ ഈ വാണിഭതെരുവിലൂടെ
നിറഞ്ഞൊഴുകുന്ന ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി
തിരക്കിട്ടു നിങ്ങൾ പാഞ്ഞു പോകുമ്പോൾ,
കേൾക്കാതെ പോകുന്ന ചില ചെറിയ ശബ്ദങ്ങളുണ്ട് …
അരിച്ചാക്കുകൾ അട്ടിയിട്ട കൈവണ്ടിയും വലിച്ചു
നിങ്ങളെ കടന്നു പോയ, മെലിഞ്ഞ വൃദ്ധന്റെ
വിയർത്തു നനഞ്ഞ നെഞ്ചിൽ നിന്ന് വരുന്ന
തളർന്നു പോയ കിതപ്പിന്റെ ശബ്ദം…
ബിരിയാണി മണം നിറഞ്ഞൂ പരക്കുന്ന ഹോട്ടലിൽ
തുളവീണ ട്രൗസറിൻ മേലേ തോർത്തു മുറുക്കിക്കെട്ടി
എച്ചിലെടുത്ത തീൻമേശ അമർത്തിതുടയ്ക്കുന്ന
തമിഴൻ ചെക്കന്റെ കാഞ്ഞവയറിന്റെ നിലവിളി ശബ്ദം...
നിരത്തിന്റ ഇടത്തേയോരത്ത്, മുഷിഞ്ഞ ചാക്കിലിരുന്നു
പച്ചക്കറി വിൽക്കുന്ന വല്യമ്മ, തന്നോട് വിലപേശുന്ന
പട്ടുസാരിയുടുത്ത കൊച്ചമ്മയോടു പതം പറയുമ്പോൾ
തൊണ്ടയിൽ കുടുങ്ങിപ്പോയ ചുമയുടെ ശബ്ദം..
ആ ചുവന്ന കൊടിക്കു പിന്നിലെ മാൻഹോളിൽ
അടിഞ്ഞു കൂടിയ, ഈ തെരുവിന്റെ മുഴുവൻ അഴുക്കും
കോരിയെടുക്കുന്ന കരിപുരണ്ട മനുഷ്യക്കോലത്തിന്റെ
ഉള്ളിൽ നിന്നുയരുന്ന നെടുവീർപ്പിന്റെ ശബ്ദം ...
ഇവയൊന്നും; നിങ്ങൾ കേട്ടെന്നു വരില്ല
കാരണം, ഒക്കെയും തീരെ ചെറിയ ശബ്ദങ്ങൾ...
പക്ഷേ; എല്ലാ കൊടുംകാറ്റും ആരംഭിക്കുന്നത്
ഒരു കൊച്ച് ഇലയനക്കത്തിൽ നിന്നാണ്!
©️അനീഷ് സുന്ദരേശൻ 01-May-2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo