
അങ്ങാടിയിൽ നിന്ന് ഞാനും മുഹമ്മദാലിയും കൂടെ എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഒരാൾ ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ട് റോഡിന്റെ എതിർവശത്ത് നിൽക്കുന്നത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു 'ശറഫുവല്ലേ?' ഞാൻ അതെ എന്ന് മറുപടി കൊടുത്തു.
അദ്ദേഹം എന്നോട് ചോദിച്ചു 'എന്നെ മനസ്സിലായോ?'
ഞാൻ സൂക്ഷിച്ച് നോക്കിയിട്ട് പറഞ്ഞു 'കാട്ടൂർ ഹൈസ്കൂളിൽ പഠിച്ചിരുന്ന അജയൻ??????'
എന്റെ നിഗമനം ശേരിയായിരുന്നു എന്ന് അവൻ സമ്മതിച്ചു.
ഞാൻ അവനെയൊന്നു സ്മരിച്ചു. ഞങ്ങളൊക്കെ വിദ്യാഭ്യാസകാലത്ത് കുറച്ചൊക്കെ ഉഴപ്പാറുള്ളപ്പോഴും അജയൻ വ്യത്യസ്ഥനായി പഠിപ്പിൽ മാത്രം ശ്രദ്ധിക്കുകയും വീട്ടിൽ എത്തിയാൽ അച്ഛനെ സഹായിക്കുകയുമായിരുന്നു പതിവ്. പലപ്പോഴും ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളോട്, അജയനെ കണ്ടു പഠിക്കാൻ പറയാറുണ്ടായിരുന്നു.
'എനിക്ക് ശറഫൂനോട് കുറച്ച് സംസാരിക്കണമെന്നുണ്ട്. എന്റെ വരവ് നിങ്ങളുടെ സംസാരത്തിന്നു ബുദ്ധിമുട്ടായോ' അവൻ കുറ്റബോധതോടെ ചോദിച്ചു.
ഞാനും മുഹമ്മദാലിയും കണ്ടുമുട്ടുമ്പോൾ ആകാശത്തിന്നു താഴെയും ഭൂമിക്ക് മുകളിലുമുള്ള എല്ലാ കാര്യങ്ങളെ പറ്റി സംസാരിക്കുമെന്നും അതൊന്നും ഒരു വലിയ കാര്യമല്ലെന്നും അജയനോട് പറഞ്ഞു.
'നമുക്ക് വീട്ടിൽ പോയി ഒരു ചായയൊക്കെ കുടിച്ചു സംസാരിക്കാം.' മുഹമ്മദാലി ഞങ്ങളെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
ഞങ്ങൾ മുഹമ്മദാലിയുടെ വീട്ടിലേക്കു ചെന്നു.
'നമ്മൾ തമ്മിൽ കണ്ടിട്ട് നാല്പത്തിയഞ്ചു വർഷമായല്ലെ?' സംസാരത്തിന്നു തുടക്കമിട്ടു ഞാൻ ചോദിച്ചു
അതേയെന്നവൻ തലയാട്ടി.
ഞങ്ങൾ മുഹമ്മദാലിയുടെ വീട്ടിൽ ചെന്നു. മുഹമ്മദാലി ഫോണിലൂടെ പറഞ്ഞതനുസരിച്ച് അവന്റെ ഭാര്യ ഞങ്ങൾക്ക് വേണ്ടി ചായയും പലഹാരങ്ങളും റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു.
'പറയൂ, അജയാ കാര്യങ്ങൾ, അജയൻ ഇപ്പോൾ എന്ത് ചെയ്യുന്നു? മക്കളെത്ര പേരുണ്ട്? അവർ എന്ത് ചെയ്യുന്നു?' ഞാൻ ചോദ്യങ്ങളുടെ മാലപ്പടക്കത്തിന്നു തിരി കൊളുത്തി.
'പത്താം ക്ലാസ്സിൽ ഫസ്റ്റ് ക്ലാസ്സിൽ പാസ്സായ ഞാൻ വീട്ടിലെ സാമ്പത്തിക പരാധീനത കാരണം പിന്നീട് പഠിച്ചില്ല. അമ്മ മരിച്ചു. അച്ഛൻ നിത്യരോഗിയാണ്. എന്റെ താഴെ രണ്ട് അനുജന്മാർ. ഞാൻ പറമ്പിലെ പണിക്കു അതായത് കിളക്കാൻ പോയിട്ടാണ് എല്ലാ ചിലവുകളും അനുജന്മാരുടെ പഠിപ്പിന്നു വേണ്ടതും ചെയ്തത്. വളരെ വൈകിയാണ് എന്റെ കല്യാണം കഴിഞ്ഞത്. അവൾ പ്രസവിച്ചതും കല്യാണം കഴിഞ്ഞു എട്ടു വർഷത്തിനു ശേഷം. ഒരു പെണ്കുട്ടി. പ്രസവം സിസേറിയൻ ആയിരുന്നു. അതിൽ വന്ന പിഴവ് കൊണ്ടാണ് അന്ന് മുതൽ ഇത് വരെ എന്റെ ഭാര്യ കിടപ്പാണ്.' എന്റെ മകളെ ഇരിഞ്ഞാലക്കുട കോളേജിൽ ചെർത്തിയിട്ടു വരുമ്പോഴാണ് നിങ്ങളെ കണ്ടത്'
'ദെ, ചായ ചൂടാറുന്നു' മുഹമ്മദാലി ഓർമിപ്പിച്ചു.
ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു 'അജയൻ ഇപ്പോൾ നെടുമ്പുരയിൽ തന്നെയാണോ താമസം?'
'അല്ല, എടമുട്ടത്താണ്.' അത് പറഞ്ഞ് അവൻ തുടർന്നു 'എന്റെ ഒരനുജൻ ആനന്ദൻ ഇരിഞ്ഞാലക്കുടയിലും അവന്റെ താഴെയുള്ള നകുലൻ ഇപ്പോൾ തറവാടിന്നടുത്തു തന്നെയാണ് താമസം. അച്ഛനെ ഒരു പാട് ഉപദ്രവിക്കുക എന്നതാണ് ആനന്ദന്റെ ജോലി. അച്ഛൻ വളരെയധികം തെറ്റുകൾ മക്കളോട് ചെയ്തിട്ടുണ്ടാവാം. എന്നാലും അതിന്നു ഇത്രയും പ്രായമുള്ള അച്ഛനെ മകൻ ഉപദ്രവിക്കുന്നത് തെറ്റല്ലേ?'
അവന്റെ ആ ചോദ്യം വളരെ ശെരിയാണെന്ന് തോന്നി.
'അപ്പോൾ നകുലൻ ഇക്കാര്യത്തിൽ ഇടപെടാറില്ലേ?' മുഹമ്മദാലിയുടെ സംശയം
'അതാണ് രസം. ഈ നകുലനും ആനന്ദനും തമ്മിൽ പണ്ട് വലിയ പ്രശ്നമായിരുന്നു. ഈ നകുലനെ ആനന്ദൻ വളരെയധികം ഉപദ്രവിച്ചിട്ടുണ്ട്. ഇപ്പോൾ അച്ഛനെ ഉപദ്രവിക്കുന്നത് കാണുമ്പോൾ ആനന്ദനെ എതിർക്കുന്നില്ല എന്ന് മാത്രമല്ല ഉള്ളാൽ സന്തോഷിക്കുകയും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയുമാണ്.'
'അല്ല നകുലൻ നിങ്ങളുടെ സാധു സംരക്ഷണ സമിതിയിലെ പ്രവർത്തകനല്ലെ? അപ്പോൾ ദൈവത്തെ ഭയമുണ്ടാവില്ലേ?'
'എന്ത് സാധുസംരക്ഷണ സമിതിയുടെ പ്രവർത്തകൻ???? സ്വന്തം അച്ഛന്റെ മുഖത്ത് നോക്കി, അച്ഛൻ മരിച്ചു പുഴുവരിച്ചാലും തിരിഞ്ഞു നോക്കുകയില്ലെനു പറയുന്നതോ? പാതിരാവിൽ നകുലന്റെ വീട്ടിൽ അച്ഛൻ ചെന്നപ്പോൾ വാതിൽ കൊട്ടിയടക്കുന്നതോ?'
അജയൻ വാചാലനായി.
'ഇനിയും കുറെ പറയാനുണ്ട്. അച്ഛന്നു പെൻഷൻ കിട്ടിയ പണം സ്വരൂപിച്ച് ഒരു കുറി ചേർന്നു. ആ കുറി കിട്ടിയ നാല്പത്തിയയ്യായിരം രൂപ അച്ഛന്റെ മടിക്കുത്തിൽ നിന്നും ഈ ആനന്ദൻ തട്ടി പറിച്ചു കൊണ്ട് പോയി. അച്ഛനെ കേണപേക്ഷിച്ചിട്ടും അത് മടക്കി കൊടുക്കാതെ ആ പണം ആനന്ദൻ നകുലന് കൊടുത്തു. അത് കൊണ്ടൊക്കെയാണ് നകുലൻ ഇത്തരത്തിൽ ആനന്ദനെ സഹായിക്കുന്നത്'
ഈയിടെ അച്ഛൻ വീഴാനായി ആനന്ദൻ വീടിന്റെ ഉമ്മറപടിയിൽ ഓയിൽ ഒഴിച്ചു. ഒടുവിൽ കാട്ടൂരിലെ പൗരസമിതി ഇടപെട്ടാണ് ഒരു പരിഹാരം ഉണ്ടാക്കിയത്. തന്നെയുമല്ല, അവർ നകുലന്റെ വീടിന്റെയും അച്ഛൻ താമസിക്കുന്ന വീടിന്റെയും വീഡിയോ എടുത്തു ചാനലുകളിൽ പ്രക്ഷേപണം ചെയ്തു.' അതും പറഞ്ഞ് അജയൻ കൂട്ടിച്ചേർത്തു 'എന്റെ ഭാര്യയെ ഈ നകുലന്റെ മക്കൾ പേരാണ് വിളിക്കുന്നത്. ഒന്നുമില്ലെങ്കിലും അവൾ ഇവരുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയല്ലേ?'
'അപ്പോൾ നകുലൻ മക്കളെ ആ തെറ്റ് തിരുത്താറില്ലേ?' മുഹമ്മദാലിയുടെ ഭാര്യയാണത് ചോദിച്ചത്
'അതാണ് അതിലും വലിയ രസം. ഈ നകുലനും ഭാര്യയും കുട്ടികളും എന്റെ ഭാര്യയെ അവൾ കിടപ്പിലാവുന്ന വരെ ഒരു വേലക്കാരത്തിയെ പോലെ പണിയെടുപ്പിക്കും. അത് കൂടാതെ, അച്ഛനെ ശുശ്രൂഷിക്കാതിരിക്കുന്നത് തെറ്റല്ലേ എന്ന് അയൽവാസികൾ ചോദിച്ചപ്പോൾ, ആ ചോദ്യം വരാതിരിക്കാനായി നാട്ടിലെ സമുദായ സ്നേഹികളെ കൊണ്ട് എന്നോട് അച്ഛന്റെ അടുത്ത് വന്നു താമസിച്ചൂടെ എന്ന് ചോദിപ്പിച്ചു.
'സൂത്രത്തിൽ കാര്യം കാണുക എന്ന ലക്‌ഷ്യം അല്ലെ? കൈ നനയാതെ മീൻ പിടിക്കുന്ന സൂത്രം. അതായത് അന്നാന്ന് കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന കുടിലത' മുഹമ്മദാലി പിന്നെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
'എന്താ ചെയ്ക? തെറ്റ് ചെയ്യുന്നതിനേക്കാൾ തെറ്റ് അതിനു സപ്പോർട്ട് ചെയ്യുന്നതാണ്' മുഹമ്മദാലിയുടെ കമന്റ്
ഇതൊക്കെ കേൾക്കുമ്പോൾ ഒരു കാര്യമാണ് എനിക്ക് തോന്നുന്നത്. പണ്ടത്തെ ദൈവം പിന്നെ പിന്നെ. ഇപ്പോഴത്തെ ദൈവം അപ്പൊൾ തന്നെ. ഇതൊക്കെ അനുഭവിക്കാതെ മരിക്കുമോ? താൻ താൻ ചെയ്ത പാപങ്ങൾ താൻ താൻ അനുഭവിച്ചേ തീരൂ എന്ന് ഉറപ്പാണ്.
സമയം പതിനൊന്നായി. അജയൻ യാത്ര പറഞ്ഞ് എഴുനേറ്റു. ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് മുഹമ്മദാലിയും ഭാര്യയും അജയനെ നിർബന്ധിച്ചു. വീട്ടിൽ ചെന്നിട്ടു വേണം വർഷങ്ങളായി എഴുനേൽക്കാൻ കഴിയാതെ കിടക്കുന്ന ഭാര്യക്ക് ഭക്ഷണം ഉണ്ടാക്കാൻ എന്ന് പറഞ്ഞ് എന്തോ അവന്റെ ദു:ഖങ്ങളെ ഞങ്ങൾക്ക് തന്ന് അജയൻ പോയി.
ഞാനും യാത്ര പറഞ്ഞു. എന്നോടും മുഹമ്മദാലി ഭക്ഷണത്തിന്നു നിർബന്ധിച്ചു. എന്തോ മനസ്സിന് ഒരു അസ്വസ്ഥത. ഭക്ഷണം വേണ്ടെന്ന് പറഞ്ഞപ്പോൾ മുഹമ്മദാലി എന്റെ കണ്ണിൽ നോക്കി പറഞ്ഞു 'ശെറഫു കരയുന്നു'
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ഞാൻ കരയുകയായിരുന്നു.
---------------------------
മേമ്പൊടി:
കപടലോകത്തിലാൽമാർത്തമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക