
******** ****** ***** ***** ***
ചില നോവുകൾ കാണുമ്പോൾ അതിനിടയാക്കിയവരോട് പോയി ചോദിക്കാൻ തോന്നിയിട്ടുണ്ട്. ആ നോവുകൾക്ക് കാരണക്കാർ മരിച്ചവരെങ്കിലോ, ആത്മാക്കളോട് ചോദിക്കേണ്ടി വരും. അങ്ങനെയൊരു കഴിവ് ഉണ്ടെങ്കിൽ കുറച്ചു ആത്മാക്കളോട് ചിലത് ചോദിക്കേണം
അതിൽ ഒന്നാമത്തെയാൾ എന്റെ മാമനാണ്. ബുദ്ധി വെച്ചു വരുന്ന നാളിൽ ഞാൻ ആദ്യമായി കണ്ട മരണം അതായിരുന്നു. ജീവിതത്തിൽ നിന്നും ഒളിച്ചോടി ഒരു മുണ്ടിനറ്റത്ത് സകലരെയും തോൽപ്പിച്ചു തൂങ്ങി ആടുമ്പോൾ എന്നെന്നേക്കുമായി തകർന്നു പോയവരെ കണ്ടില്ലല്ലോ എന്നു. ചോദിക്കേണം, എന്തിനായിരുന്നു ആ യാത്രയെന്നു. നാലു വയസ്സുകാരിയുടെ തലയിൽ ജാതകത്തിലെ പാദദോഷത്തെ ഊട്ടിയുറപ്പിക്കാൻ, മുതിർന്നവരെ അന്ധവിശ്വാസത്തിൽ തള്ളിവിട്ട് അവൾക്ക് നേരെ വിരൽ ചൂണ്ടാൻ ഇടയാക്കിയത് എന്തിനെന്ന് ചോദിക്കേണം.
പിന്നുള്ളത് ഞാൻ മരുമകളാകും മുന്നേ ജീവിതത്തിൽ നിന്നും ഓടിയൊളിച്ച അമ്മായിയമ്മയോടാണ്. ഒന്നും ഓർക്കാതെ അഗ്നികൊണ്ട് ജീവൻ കളഞ്ഞപ്പോൾ ജീവിതം നടുക്കടലിൽ ആയ അച്ഛനും മക്കളും, ഒടുവിൽ രണ്ടാനമ്മയെന്ന ക്രൂരതയ്ക്ക് മക്കളെ വിട്ടുകൊടുത്തതിനു, ആ ക്രൂരത എന്നെയും ഇല്ലാതാക്കുന്നിടം വരെ എത്തിച്ചതിന്, അതിനു ഇടയാക്കിയതിനു. എന്തിനു മരണം തേടിയെന്നു.
പിന്നുള്ളത് പ്രിയ ചങ്ങാതിയുടെ അച്ഛനോട്, ഒരു നോവ് മുഴുവൻ അമ്മയ്ക്കും മകനും പകുത്തു കൊടുത്തു മരണത്തിലേക്ക് രക്ഷപെട്ടതിന്. ആ അമ്മയ്ക്ക് ഇന്നും നീറുന്ന നോവ് നൽകിയതിന്. ഒരു കൊച്ചു പെണ്കിടാവിന് അച്ഛനെന്ന ഓർമ്മ മാത്രം ആക്കിയതിന്. ഇന്നുമാ നോവിൽ മകൻ ഉരുകിത്തീരുന്നതിനു ഇടയാക്കിയതിനു.
ഒടുവിലായി ആ ആളോട്.
ഇന്നായിരുന്നു അവളെ കണ്ടത്. ആരെന്നറിയില്ല. കണ്ടു പരിചയം മാത്രം. ഇന്ന് അവൾ ജോലി ചെയ്യുന്ന സ്ഥലത്തു പോയപ്പോൾ കുറെ നേരം സംസാരിച്ചു അവിടെ ഇരുന്നു.
അഞ്ച് മാസം മുൻപ് വിധവയായവൾക്ക് പറയാൻ വിശേഷം അന്ന് രാത്രി ഉണ്ടായ കാര്യങ്ങൾ ആയിരുന്നു.
ഭർത്താവ് പറഞ്ഞ കള്ളം കണ്ടു പിടിച്ചപ്പോൾ, അതിന്റെ പേരിൽ ഉണ്ടായ വാക്ക് തർക്കം. അതു നീണ്ടു നീണ്ടു, ഒടുവിൽ അവളുടെ കണ്മുന്നിൽ വാശി തീർക്കാൻ കുഞ്ഞിന്റെ ഊഞ്ഞാൽക്കയർ വലിച്ചൂരി അകത്തു കയറി വാതിലടച്ചു അവനും, ജീവിതത്തെയും അവളെയും രണ്ടു കുഞ്ഞുമക്കളെയും മരണം കൊണ്ട് തോൽപ്പിച്ചു. എല്ലാം കേട്ട് തിരിച്ചിറങ്ങുമ്പോൾ അവളോട് പറയാൻ എനിക്കൊന്നും ഉണ്ടായിരുന്നില്ല. ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു ഇറങ്ങുമ്പോൾ അറിയാതെ ഒന്നു തിരിഞ്ഞു നോക്കി. നിറയുന്ന രണ്ട് കണ്ണുകൾ പിന്തുടരുന്നുണ്ടായിരുന്നു.
സ്നേഹിച്ചു കല്യാണം കഴിച്ച പെണ്ണിന് വൈധവ്യം കൊടുത്തത് എന്തിനെന്ന്, മൂന്നും ഒന്നും വയസുള്ളവരുടെ അച്ഛനെ തിരച്ചിലിന് മറുപടി കൊടുക്കേണ്ടതിനു. ചെറുപ്രായത്തിൽ വിധവയായവളെ കഴുകൻ കണ്ണുകൾക്ക് ഇട്ടു കൊടുത്തതിനു അവനോടും ചോദിക്കേണം.
ഇല്ല. ഒരു ചോദ്യത്തിനും മറുപടികൾ ഉണ്ടാവില്ല. മരണത്തെ ആശ്വാസമായി കണ്ടവർ, കാണുന്നവർ ഇല്ലാതാക്കുന്നത് കുറെ പേരുടെ സ്വപ്നങ്ങളെ, ജീവിതത്തെ ഒക്കെയാണ്.
മരിക്കാൻ ഒരുങ്ങുന്നവർ ഉണ്ടെങ്കിൽ, മരണത്തെ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ മരിക്കണം എന്നു ആലോചിക്കും മുന്നേ തിരിഞ്ഞു നോക്കുക നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക്, നിങ്ങളുടെ കൈകളിൽ ജീവിതം നൽകി ജീവിക്കുന്നവരുണ്ടു ആ കൂട്ടത്തിൽ. നിങ്ങളുടെ ഒരിഷ്ടം സാധിക്കാത്തതിൽ മരണം തേടുമ്പോൾ ആരുടെയൊക്കെയോ നൂറ് ഇഷ്ടത്തെ നിങ്ങൾ കൊല്ലുകയാണ്..
ആത്മാക്കളെ, നിങ്ങൾ സുഖമായി ഇരിക്കൂ, ഇവിടുണ്ട് കുറെ ജീവിതങ്ങൾ നിങ്ങളെ ഓർത്തു കൊണ്ട്, നിങ്ങൾ കൊടുത്തു പോയ നോവിലും ജീവിച്ചു തീർക്കാൻ പാടുപെട്ടുകൊണ്ട്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക