
ഒരു പരീക്ഷക്കും ബുക്ക് എടുത്തു വെച്ച് പഠിക്കാൻ നിർബന്ധിക്കുകയോ മാർക്ക് കുറഞ്ഞതിന് വഴക്ക് പറയുകയോ ഒന്നും ഉണ്ടായിട്ടില്ല ..ടീച്ചേഴ്സിന്റെ പ്രിയ വിദ്യാർത്ഥികളിൽ ഒരാളായി വെറും ആവറേജ് മാർക്കുകളോട് കൂടി ജയിച്ചു പോന്ന ഒരു വിദ്യാർത്ഥി മാത്രമായിരുന്നു ഞാൻ . അദ്ധ്യാപകരുടെ ഇഷ്ടപ്രകാരമാണ് SSLC പരീക്ഷക്ക് മുൻപ് ഫുൾ A പ്ലസ് വാങ്ങുന്നവരെയും അതിനു തൊട്ടു താഴെ ഉള്ളവരെയും കാര്യമായി ശ്രദ്ധിക്കേണ്ട കുട്ടികളെയും വേർതിരിച്ചു ക്ലാസ് മാറ്റിയപ്പോ ഞാൻ ഫുൾ A പ്ലസ് കാരുടെ ക്‌ളാസിൽ എത്തിയത് . അർഹത ഇല്ലാഞ്ഞിട്ടും ആ ക്ലാസ്സിൽ എത്തിയപ്പോ നീ കാരണം മറ്റൊരു കുട്ടിക്ക് അവിടെ ഇരിക്കാനുള്ള അവസരം നഷ്ടപ്പെടരുത് എന്ന് പറഞ്ഞത് ഉപ്പയാണ് . അതുകൊണ്ട് തന്നെയാണ് ടീച്ചേഴ്സിനോട് പറഞ് ആ ക്ലാസ്സിൽ നിന്നും മാറി തൊട്ടു താഴെയുള്ളവരുടെ കൂട്ടത്തിലെത്തിയത് .
ക്യാമ്പ് എല്ലാം ഉഷാറായി നടന്നെങ്കിലും കെമിസ്ട്രിയും കണക്കും എല്ലാം പഴയ പോലെ തന്നെ കണക്കായിരുന്നു . ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരും വഴി കുറച്ചു പട്ടാണിക്കടല വാങ്ങി Fm റേഡിയോയിൽ പാട്ടുംകേട്ടു അത് കൊറിച്ചു കൊണ്ടിരിക്കലാണ് പ്രധാന പണി . സാധാരണ വീടുകളിൽ എക്സാം അടുക്കുന്ന ദിവസങ്ങളിൽ കേബിൾ കണക്ഷൻ കട്ടാക്കുകയും ടീവി റൂം അടച്ചിടുകയുമൊക്കെ ചെയ്യുംമ്പോൾ ഈയുള്ളവന്റെ വീട്ടിൽ ആദ്യമായി CD പ്ലേയർ വാങ്ങുന്നത് ആ സമയത്താണ് .കൂട്ടുകാരന്റെ (Junior Shafeek) വീട്ടിൽ കേടു വന്നിരുന്ന CD പ്ലയെർ എടുത്തു കൊണ്ട് വന്നു നേരെയാക്കാൻ പൈസ തന്നത് ഉപ്പയാണ് .
നേരെയാക്കി വീട്ടിൽ കൊണ്ട് വന്നതിന് ശേഷം മുപ്പത് രൂപ കൂടെ കയ്യിൽ തന്നിട്ട് പറഞ്ഞു ഒരു Cd യിൽ ഉമ്പായിടെ ഗസലും മുഹമ്മദ് റാഫിടെ പാട്ടുകളും ആക്കി കൊണ്ട് വന്നോളാൻ.അന്ന് മുപ്പത് രൂപയെ ഉണ്ടായിരുന്നുള്ളു .നൂറോളം പാട്ടുകൾ കിട്ടേം ചെയ്യും .പിന്നീടങ്ങോട്ട് ഇതന്നെ ആയിരുന്നു പണി . ഉമ്മറത്തെ ആ റൂമിൽ കിടന്നു ഗസലുകൾ കേട്ടോണ്ടിരിക്കുമ്പോ ഇടക്കെപ്പോഴോ പാഠ പുസ്തകങ്ങളും എന്റെ കയ്യിലേക്ക് വന്നിരുന്നു .കാര്യമായ വായന ഒന്നുമില്ലെങ്കിലും ഗസലുകളോടപ്പം ഇടക്കൊക്കെ ഞാൻ അതും വായിച്ചു പോന്നു.
എക്‌സാമിന് സ്‌കൂളിലേക്ക് പോകുന്നതിനു മുൻപ് ചായ കുടിച്ചിരുന്നത് പോലും ആ റൂമിൽ തന്നെ ഇരുന്നാണ് ,ആരും വന്നെത്തി നോക്കാനോ ഉപദേശിക്കാനോ ശ്രമിച്ചിരുന്നില്ല . ഓരോ എക്സാം കഴിയുമ്പോഴും എന്തായി എങ്ങനെ ഉണ്ടായിരുന്നു എന്നോ തോൽക്കുമോ ജയിക്കുമോ എന്നൊന്നും ഉപ്പ ചോദിച്ചിരുന്നില്ല .
കോങ്കണ് ഉള്ള ഒരു ടീച്ചർ ആയിരുന്നു കെമിസ്ട്രി എക്സാമിനർ ആയി വന്നിരുന്നത് . അത് വല്ലാത്തൊരു അവസ്ഥ ആയിരുന്നു .ഇത്രേം ടഫ് ആയ പരീക്ഷക്ക് അപ്പുറത് ഇരിക്കുന്നവനെ ഒന്ന് നോക്കി എഴുതാൻ പോലും പറ്റിയിരുന്നില്ല .കാരണം ടീച്ചറുടെ കണ്ണുകൾ ആരുടെ ഭാഗത്തേക്കാണ് എന്ന് മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല .എന്തൊക്കെയോ എഴുതി വെച്ച് വീട്ടിലെത്തി ആദ്യമായി തോൽക്കുമെന്ന ഭയത്തോടെ ഞാൻ കരഞ്ഞു .അപ്പോഴും ഉപ്പ ഒന്നും പറഞ്ഞില്ല . ആ റൂമിൽ പോയി ഉമ്പായിടെ വീണ്ടും പാടാം സഖി എന്ന ഗസൽ അൽപ്പം ശബ്ദത്തോടെ ഉപ്പ വെച്ചു(ഞാൻ ഏറ്റവും കൂടുതൽ റിപ്പീറ്റ് ചെയ്തു കേട്ടിരുന്ന ഗസൽ അതായിരുന്നു ).
റിസൾട്ട് വരുന്ന ദിവസം ജയിക്കുകയാണേൽ എല്ലാവര്ക്കും സ്വീറ്സ് കൊടുക്കണം എന്നൊക്കെ പറഞ്ഞിരുന്നു . അന്ന് .പതിനൊന്നു മണിയോട് കൂടെ വണ്ടി തന്നിട്ട് റിസൾട്ട് നോക്കി വരാൻ പറഞ്ഞു . കെമിസ്ട്രി എക്‌സാമിലെ പേടി കാരണം കമ്പ്യൂട്ടർ ഷോപ്പിൽ എനിക്ക് പിന്നിൽ que നിന്നിരുന്ന പലരേം ഞാൻ മുന്നിലേക്ക് തള്ളിവിട്ടു .ഒടുവിൽ എന്റെ ഊഴം വന്നപ്പോ അറുപത് ശതമാനത്തോളം മാർക്കോട് കൂടി പാസ് ആയിരിക്കുന്നു .ഭയപ്പെട്ട കെമിസ്ട്രിയിൽ C പ്ലസ് ഗ്രേഡും ഉണ്ടായിരുന്നു .
വീട്ടിലെത്തി സന്തോഷം പങ്കുവെച് മിട്ടായി വാങ്ങാൻ കാശ് ചോദിച്ചപ്പോ ഉപ്പയുടെ വണ്ടിയുടെ പെട്ടി തുറക്കാനാണ് ഉപ്പ ആവശ്യപ്പെട്ടത് . ജയിക്കുമെന്നൊരു പ്രതീക്ഷയും എനിക്ക് ഇല്ലാതിരുന്നിട്ടും പരീക്ഷ കഴിഞ്ഞു വന്നു തോൽവി ഭയത്തോടെ കരഞ്ഞിട്ടും എന്നിൽ ഉപ്പക്കുള്ള വിശ്വാസമായിരുന്നു തലേ ദിവസം തന്നെ വാങ്ങി വെച്ചിരുന്ന ആ മിട്ടായി പൊതികൾ . ജയിച്ച സന്തോഷ കണ്ണീരിനേക്കാൾ അന്ന് കണ്ണ് നിറഞ്ഞത് ആ വിശ്വാസം കണ്ടിട്ടാണ് .
ഓരോ രക്ഷിതാക്കൾക്കും ആദ്യം വേണ്ടത് അവരുടെ മക്കളിലുള്ള വിശ്വാസമാണ് . നിർബന്ധിച്ചു പഠിപ്പിക്കുന്നതും അവരുടെ ഇഷ്ടങ്ങളിലൂടെ അവരെ പഠിപ്പിലേക്ക് എത്തിക്കുന്നിന്റെയും റിസൾട്ട് രണ്ടായിരിക്കും . ഞാൻ പോലുമറിയാതെ എന്റെ കയ്യിലേക്ക് പാഠ പുസ്തകങ്ങൾ എത്തിച്ചതിൽ Cd പ്ലെയർ വാങ്ങലും ഗസൽ കേൾക്കലുകൾക്കും കാര്യമായ സ്ഥാനമുണ്ടായിരുന്നു . ..
മഴ നനയാതെ കയറി നിൽക്കുന്നവർ വരെ ജയിക്കുമെന്ന് പറഞ്ഞു വിജയം കൈവരിച്ച മക്കളെ കളിയാകുന്നില്ല . പുസ്തകം തുറന്നു പഠിക്കാതെ ജീവിതത്തിൽ പഠിച്ചു പോകേണ്ട ഒരുപാട് പാഠങ്ങളുണ്ട് .അതിൽ വിജയം കണ്ടെത്താൻ നമുക്കെല്ലാവർക്കും കഴിയട്ടെ .....
അൻവർ മൂക്കുതല
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക