
കണ്ണാടിയിലെ രൂപത്തിനെ നോക്കിയപ്പോൾ അരുന്ധതിക്ക് തന്നോട് തന്നെ പുച്ഛം തോന്നി. ചുണ്ടുകൾ ചെറുതായി വീർത്തിരിക്കുന്നു. കഴുത്തിന്റെ അങ്ങിങ്ങായി നീലക്കളറിൽ ക്ഷതങ്ങൾ കാണാം. തീരെ സഹിക്കാൻ പറ്റാത്തത് അടിവയറ്റിലും മാറിടത്തിലും കാണുന്ന ദന്തക്ഷതങ്ങളാണ്. അവൾ തിരിഞ്ഞ് കട്ടിലിലേക്ക് നോക്കി. ഒന്നുമറിയാത്ത നിഷ്കളങ്കനെ പോലെ തളർന്നുറങ്ങുകയാണയാൾ. 'പട്ടി'. അല്ലെങ്കിൽ വേണ്ട പട്ടികൾ എത്രയോ നല്ല ജീവികളാണ്. ഇയാൾ അങ്ങനല്ല. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ദുഷ്ടമൃഗമാണ്. തന്നെ ഇവിടെത്തിച്ചത് ഇയാളാണ്, വിഷ്ണു. ദൈവത്തിന്റെ പേരും ചെകുത്താന്റെ സ്വഭാവവുമുള്ള ഈ നീചൻ.
അഞ്ചു വർഷങ്ങൾക്ക് മുൻപ് അനാഥാലയത്തിൽ വന്നൊരു വിവാഹാലോചന. എല്ലാവരും കേട്ടിട്ടുള്ള കഥ തന്നെ. വിവാഹം കഴിച്ച് മധുവിധുവിന്റെ കുളിര് കഴിഞ്ഞപ്പോ ഭർത്താവ് മറ്റൊരാൾക്ക് വിറ്റു. മോശമില്ലാത്ത തുക കിട്ടിയത്രേ. വെളുത്ത് മാംസവും ചുമന്ന ചുണ്ടുകളുമുള്ള അരുന്ധതിക്ക് വേശ്യകമ്പോളത്തിൽ ഉയർന്ന നിരക്ക് കിട്ടി. 'അരുന്ധതി.' ആരാണ് ആ പേരിട്ടത് എന്നറിയില്ല. പക്ഷെ അനാഥാലയത്തിലെ അമ്മമാർ പറഞ്ഞിട്ടുണ്ട്, ഒരു ജൂൺ മാസത്തിൽ ഒരു പ്രഭാതത്തിൽ അനാഥാലയത്തിന്റെ തിണ്ണയിൽ നിന്നും കിട്ടിയ കുരുന്നിനെ കുറിച്ച്. കൂടെയുണ്ടായിരുന്ന കുറിപ്പിൽ ഉണ്ടായിരുന്നത്രെ കുട്ടിയുടെ പേര് അരുന്ധതി എന്ന് ആണെന്ന്. അങ്ങനൊരു കുറിപ്പ് കിട്ടിയത് കൊണ്ടാവാം ആ പേര് അമ്മമാർ മാറ്റിയില്ല. കർത്താവിനൊപ്പം കൃഷ്ണനെയും ശിവനെയും പ്രാർത്ഥിച്ച് അവൾ വളർന്നു.
പാവാടപ്രായമെത്തിയപ്പോൾ മുതൽ അവൾക്ക് പ്രണയലേഖനങ്ങൾ കിട്ടിത്തുടങ്ങി. അരുന്ധതി ഒന്നും സ്വീകരിച്ചില്ല. അച്ചടക്കമുള്ള കുട്ടിയായി അവൾ വളർന്നു. 18 വയസ്സ് തികഞ്ഞാൽ അനാഥാലയത്തിലെ കുട്ടികൾക്ക് വിവാഹാലോചനകൾ തുടങ്ങും. ചിലർ സന്യാസജീവിതം തിരഞ്ഞെടുക്കും. ബാക്കിയുള്ളവർ അനാഥത്വത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് പുതിയ പ്രകാശം തേടി പോകും. തിരഞ്ഞെടുക്കാൻ ഒരുപാട് ആളുകളൊന്നും ഉണ്ടാവില്ല. വരുന്ന ഏതേലും ഒന്ന് ഉറപ്പിക്കും അത്ര തന്നെ. ചില സാഹചര്യങ്ങളിൽ, നന്നായി പഠിക്കുന്ന കുട്ടികളാണെങ്കിൽ വിവാഹാലോചനകൾ മാറ്റിവെച്ച് പഠിക്കാനുള്ള അനുമതി കിട്ടും. അവർ ഭാഗ്യവതികളാണ്. പക്ഷെ പഠിക്കാൻ ജന്മനാ മണ്ടിയായ അരുന്ധതിക്ക് അങ്ങനെയൊരു അവസരം ഇല്ലായിരുന്നു. അങ്ങനെ 18 തികഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ വിഷ്ണുവുമായി അവളുടെ വിവാഹം ഉറപ്പിച്ചു. എങ്കിലും വിവാഹം കഴിയാൻ പിന്നെയും സമയമെടുത്തു. ഒരേപ്രായത്തിലുള്ള കുട്ടികളുടെ വിവാഹം ഒന്നിച്ച് സമൂഹവിവാഹമായി ആണ് നടത്താറ്. അരുന്ധതി ഭാഗ്യമുള്ളവളാണെന്നു എല്ലാവരും പറഞ്ഞു. വിഷ്ണു സുന്ദരനായിരുന്നു. മുംബൈയിൽ ജോലിക്കാരനും. വിവാഹം ഉറപ്പിച്ച ശേഷമുള്ള ദിവസങ്ങൾ അരുന്ധതിയുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളായിരുന്നു. വിഷ്ണു സ്നേഹസമ്പന്നൻ ആയിരുന്നു.
വിവാഹം അടുക്കുംതോറും സ്വന്തം അച്ഛനമ്മമാരുടെ സാന്നിധ്യം അരുന്ധതി വല്ലാതെ ആഗ്രഹിച്ചു തുടങ്ങി. വിഷ്ണുവും അനാഥനാണത്രേ. "എനിക്ക് നീയും നിനക്ക് ഞാനും മതി" എന്നായിരുന്നു വിഷ്ണു എപ്പോഴും പറയാറ്. വിവാഹശേഷം ഇരുവരും മുംബൈക്ക് പറന്നു. അവിടെ ചെറിയൊരു വീട്ടിൽ ജീവിതം തുടങ്ങി. രണ്ടാഴ്ച്ചക്ക് ശേഷമാണു അവരുടെ വീട്ടിൽ ഒരഥിതി വന്നതും വിഷ്ണുവിന്റെ സമ്മതത്തോടെ അയാൾ അവളെ ബലാൽക്കാരം ചെയ്തതും. അന്ന് വൈകിട്ട് കൊണ്ടുവിട്ടതാണ് ഈ വീട്ടിൽ. മറ്റനേകം മാംസകഴ്ണങ്ങൾക്ക് കൂട്ടായി. 20 തികയാത്ത അരുന്ധതി അവരുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വേശ്യ ആയിരുന്നു. അതുകൊണ്ട് തന്നെ അവൾക്കായിരുന്നു ഏറെയും ആവശ്യക്കാർ.
അരുന്ധതിയെ അവിടെ തള്ളി പോവുകയല്ല വിഷ്ണു ചെയ്തത്. എല്ലാ ആഴ്ചയും അയാൾ മുടങ്ങാതെ എത്തി. അവളുടെ കഴുത്തിൽ അപ്പോഴും കിടന്നിരുന്ന താലിച്ചരടിന്റെ അവകാശം കാണിക്കുവാൻ. ഒരു വാക്കു പോലും മിണ്ടാതെ അയാളുടെ ആവശ്യങ്ങൾ നിറവേറ്റി തിരിഞ്ഞ് കിടന്നുറങ്ങും. ആ രാത്രി അയാൾക്കവകാശപെട്ടതാണ്. പിന്നെ പുലരുമ്പോൾ കുറച്ച് നോട്ടുകൾ ബെഡിൽ ഇട്ട് അയാൾ അപ്രത്യക്ഷനാകും.
അങ്ങനെയുള്ള ഒരു രാത്രിയിലാണ് നിർത്താതെ ബെല്ലടിച്ച വിഷ്ണുവിന്റെ മൊബൈൽ അരുന്ധതിയുടെ കണ്ണിൽ പെട്ടത്. അതിൽ അമ്മയാണ് വിളിക്കുന്നത് എന്നത് അവളെ അധികം ഞെട്ടിച്ചില്ല. സ്വന്തം ഭാര്യയെ വിറ്റവൻ അനാഥനെന്നു കള്ളം പറഞ്ഞതിൽ എന്താണിത്ര അത്ഭുതം. അയാൾ ഉണരില്ല എന്ന് കണ്ട അരുന്ധതി ഫോൺ എടുത്ത് ചെവിയോട് ചേർത്തു. " മോനെ, നീ എവിടെയാരുന്നു? ഉച്ചക്കു തൊട്ടേ ഞാൻ വിളിക്കുന്നു. നീ എന്താ ഫോൺ എടുക്കാഞ്ഞത്?" മറുപടിയൊന്നും പറയാതെ ശ്വാസമടക്കി പിടിച്ച് അരുന്ധതി അവർ പറയുന്നത് കേട്ടു. ഫോൺ കട്ട് ചെയ്തതിനു ശേഷം അവൾ ആ നമ്പർ കുറിച്ചെടുത്തു. എന്തിനോ വേണ്ടി. ഇടക്ക് മറ്റ് സ്ത്രീകൾക്കൊപ്പം അത്യാവശ്യങ്ങൾക്കായി പുറത്തു പോകുന്ന പതിവ് അരുന്ധതിക്ക് ഉണ്ടായിരുന്നു. ആ വീട് ഒരിക്കലും ഒരു തടവറ ആയിരുന്നില്ല. കാരണം ഇങ്ങനെയൊരു ജീവിതത്തിൽ വന്നു പെടുന്നവർ ആരും തന്നെ പുറംലോകത്തിന്റെ നിറങ്ങളിലേക്ക് മടങ്ങിപ്പോവില്ല. പോയാൽ അവിടെ അവരെ കാത്തിരിക്കുന്നത് അവഗണനയും അവഹേളനവും മാത്രമായിരിക്കും. അതറിയുന്നത് കൊണ്ട് തന്നെ ആ വീട്ടിൽ എല്ലാവരും സ്വന്തം വിധിയെ സ്വീകരിച്ച് ജീവിക്കുന്നവരാണ്. അതിനാൽ അവിടെ എല്ലാവർക്കും പൂർണസ്വാതന്ത്ര്യം ഉണ്ടായിരുന്നു. പുറത്തു പോവുന്നതിനോ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനോ യാതൊരു വിലക്കും ഉണ്ടായൊരുന്നില്ല.
പിന്നൊരിക്കൽ പുറത്തു പോയപ്പോൾ ഒരു വിലകുറഞ്ഞ മൊബൈലും ഒരു സിം കണക്ഷനും എടുക്കുകയായിരുന്നു അരുന്ധതി ആദ്യം ചെയ്തത്. അടുത്ത ദിവസം നമ്പർ മാറിയെന്ന ഭാവത്തിൽ അരുന്ധതി വിഷ്ണുവിന്റെ അമ്മയെ വിളിച്ചു . അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പലതവണ വിളിച്ചെങ്കിലും ഇതുവരെ താനാരാണെന്നോ, വിഷ്ണുവുമായി തനിക്കുള്ള ബന്ധം എന്താണെന്നോ അവൾ അവരോട് പറഞ്ഞിട്ടില്ല.
ഓർമ്മകൾക്ക് ഭംഗം വരുത്തിക്കൊണ്ട് പിന്നിൽ നിന്നും വിഷ്ണുവിന്റെ അനക്കം കേട്ടു. പതിവുപോലെ, ഒരു വാക്കു പോലും മിണ്ടാതെ കുറച്ച് നോട്ടുകൾ ബെഡ്‌ഡിലേക്കിട്ട് അയാൾ മുറിവിട്ടിറങ്ങി. വസുന്ധര എന്നാണ് വിഷ്ണുവിന്റെ അമ്മയുടെ പേര്. അന്ന് ഉച്ച തിരിഞ്ഞ് അരുന്ധതി ഒറ്റക്കായിരുന്നു. അത് കൊണ്ട് തന്നെ അവൾ വസുന്ധരയെ വിളിച്ചു. സംസാരിച്ച കൂട്ടത്തിൽ താൻ മുംബൈയിൽ ആണെന്ന് അവൾ അറിയാതെ പറഞ്ഞു പോയി. അങ്ങനെയാണ് ആദ്യമായി വസുന്ധരയിൽ നിന്നും വിഷ്ണുവിനെ കുറിച്ചുള്ള സൂചന അവൾക്ക് ലഭിച്ചത്. അവരുടെ മകൻ വിഷ്ണുവും മുംബൈയിൽ ആണ് എന്ന്. ഒന്നുമറിയാത്ത ഭാവത്തിൽ 'ജോലി ചെയ്യുകയാണോ' എന്ന് അരുന്ധതി ചോദിച്ചു. മറുപടിയായി വിഷാദം നിറഞ്ഞ ഒരു തേങ്ങൽ മാത്രമായിരുന്നു മറുപടി. കൂടുതലൊന്നും സംസാരിക്കാതെ അന്ന് അവർ ഫോൺ വെച്ചു.
പിന്നെയും പലവട്ടമുള്ള സംസാരങ്ങൾക്കിടയിൽ അരുന്ധതി അവരെ കൂടുതൽ അറിയാൻ ശ്രമിച്ചു. ഭർത്താവും 3 മക്കളുമാണ് വസുന്ധരക്ക്. മൂത്ത മകനാണ് വിഷ്ണു. അതിനു താഴെ രണ്ട് പെണ്മക്കൾ. അവരുടെ വിവാഹം കഴിഞ്ഞു. ഭർത്താവ് 2 വർഷങ്ങൾക്ക് മുൻപേ മരിച്ചു. വിഷ്ണുവിനെ മുംബൈയിലേക്ക് അയച്ചത് അവരാണ്. അതിനു കാരണമുണ്ട്. എന്നോ നഷ്ടപ്പെട്ടുപോയ അവരുടെ മകളെ തേടി. വിഷ്ണുവിന്റെ അച്ഛൻ സൈന്യത്തിലായിരുന്നു. മനസ്സ് കൈവിട്ടുപോയ ഒരു സമയത്താണ്, ശപിക്കപ്പെട്ട ഒരു നിമിഷത്തിൽ, ഒരിക്കൽ മാത്രം ചെയ്ത തെറ്റിന്റെ ഫലമായി നാലാമത് ഒരു പെൺകുഞ്ഞ് വസുന്ധരയുടെ ഉദരത്തിൽ പിറന്നത്. പട്ടാള ക്യാമ്പിലുള്ള ഭർത്താവിനെയോ ഒപ്പമുള്ള മക്കളെയോ അവർ ഒന്നും അറിയിച്ചില്ല. മക്കളെ ഹോസ്റ്റലിൽ ചേർത്തും, സ്വന്തം വീട്ടിൽ പോയി നിന്നും അവർ കുഞ്ഞിനെ പ്രസവിച്ചു. പിന്നെ വീട്ടുകാരുടെ നിർദ്ദേശം സ്വീകരിച്ച് അതിനെ ഉപേക്ഷിക്കാനായി അതിന്റെ അവകാശിക്ക് തന്നെ കൊടുത്തു. ഇപ്പോൾ ഭർത്താവു മരിച്ചപ്പോൾ, ആദ്യമായി മകനോട് മാത്രം എല്ലാം തുറന്നു പറഞ്ഞു. വെറുപ്പോടെയാണ് നോക്കിയതെങ്കിലും ഒരുപാട് യാചനകൾക്കൊടുവിൽ മകളെ കണ്ടെത്താൻ സഹായിക്കാം എന്ന് അവൻ വാക്കു കൊടുത്തു. കുട്ടി എവിടെയാണ് എന്ന വിവരം അവളെ ഉപേക്ഷിച്ച ആളിൽ നിന്നും കിട്ടി. പക്ഷെ മകൻ അവിടെ എത്തിയപ്പോഴേക്കും കുട്ടി വിവാഹിതയായി മുംബൈയിൽ എത്തിയിരുന്നു.. അങ്ങനെയാണ് വിഷ്ണു മുംബൈയിൽ എത്തിയത്. ഗൾഫിലുള്ള നല്ലൊരു ജോലി രാജി വെച്ചിട്ടാണ് സ്നേഹസമ്പന്നനായ മകൻ അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ ശ്രമിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനു മുൻപേ വസുന്ധര കുഞ്ഞിന് പേരിട്ടിരുന്നു, 'അരുന്ധതി' ആ ഒരു പേര് മാത്രമേ അറിയൂ എന്ന് പറഞ്ഞ് വസുന്ധര കരഞ്ഞപ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആവാതെ അരുന്ധതി ബോധമറ്റ് വീണു.
തെറ്റ് ചെയ്ത അമ്മയോടുള്ള വൈരാഗ്യം മകൻ തീർത്തത് സ്വന്തം പെങ്ങളെ ഭാര്യയാക്കി ഒടുവിൽ വേശ്യാതെരുവിൽ ഉപേക്ഷിച്ചാണ്. എന്നിട്ടും കലിയടങ്ങാതെ ഓരോ ആഴ്ചയും വന്നു കടിച്ചു കീറിയിട്ടു പോവുന്നു. പിന്നെ പെങ്ങളോടുള്ള അല്പം കരുണയായിരിക്കും ബെഡിൽ ഉപേക്ഷിച്ചു പോവുന്ന നോട്ടുകൾ. പിന്നീടൊരിക്കലും അരുന്ധതി വസുന്ധരയെ വിളിച്ചില്ല. ആ ഫോൺ ഉപേക്ഷിച്ചു.
അടുത്ത തവണ പുറത്തു പോയപ്പോൾ അരുന്ധതി വാങ്ങിയത് മൂർച്ചയേറിയ ഒരു കത്തിയായിരുന്നു. സഹോദരനു വേണ്ടി അവൾ കരുതുന്ന ആദ്യത്തെയും അവസാനത്തെയും സമ്മാനം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക