Slider

ഒരു അനാഥന്റെ പിറവി

0

അയാളുടെ കയ്യിലിരുന്ന് മദ്യം നിറച്ച ഗ്ലാസ്‌ വിറച്ചു... ഈ ലോകത്തോട് മുഴുവൻ അയാൾക്ക്‌ ദേഷ്യം തോന്നി..... തന്നോട് തന്നെ അയാൾക്ക്‌ വെറുപ്പ്‌ തോന്നി....
അയാൾ വേച്ചു വേച്ചു മുറിയിലേക്ക് നടന്നു... ബെഡ്‌റൂമിൽ കിടക്കുന്ന അവളെ നോക്കി... വീണ്ടും സൂക്ഷിച്ചു നോക്കി... ഇല്ലാ അവൾ ശ്വാസം എടുക്കുന്നില്ല... ലോകം മുഴുവൻ തനിക്കു ചുറ്റും വട്ടം കറങ്ങുന്നതുപോലെ അയാൾക് അനുഭവപ്പെട്ടു...
ഇവൾ ശ്യാമ.... തന്റെ ഭാര്യ... എല്ലാവരെയും ഉപേക്ഷിച്ചു തന്നോടൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടവൾ.... തങ്ങളുടെ ഒരേ ഒരു പുത്രന്റെ അമ്മ... അല്പം മുൻപ് വരെ തന്റെ ഈ വീടിന്റെ തുടിപ്പും ജീവനും ആയിരുന്നവൾ.... ഇനി ആ ജീവൻ ഈ ഭൂമിയിൽ ഇല്ലെന്ന ചിന്ത അയാളെ ആ ലഹരിയിലും ഞെട്ടിച്ചു..
കയ്യിലിരുന്ന മദ്യ ഗ്ലാസ്സിലേക്ക് അയാൾ അവജ്ഞയോടെ നോക്കി....
ഇതാണ്.... ഇതാണ്.. തന്റെ പ്രിയതമയെ മരണത്തിലേക്ക് തള്ളി വിട്ടത്....അല്ലാ....താനാണ് അവളെ മരണത്തിന്റെ പടുകുഴിയിലേക്ക് തള്ളിയത്... വർധിച്ചു വന്ന ദേഷ്യത്തോടെ അയാൾ ആ ഗ്ലാസ്‌ എറിഞ്ഞു പൊട്ടിച്ചു.... ഇനി ഞാനെന്തിന് ജീവിക്കണം... അയാൾ വിങ്ങി വിങ്ങി കരഞ്ഞു...
'നിന്നോടുള്ള എന്റെ സംശയം, സ്നേഹക്കൂടുതൽ കൊണ്ടാണെന്നു നീ മനസ്സിലാക്കിയില്ലാല്ലോ.... "നിങ്ങൾക്ക് എന്നെ മനസ്സിലാക്കാൻ ഞാനെന്താ ചെയ്യണ്ടേ.... മരിക്കണോ" എന്നു ചോദിച്ചപ്പോൾ... "ധൈര്യമുണ്ടെങ്കിൽ ചെയ്തു കാണി"ക്കാൻ പറഞ്ഞത് മദ്യലഹരിയിൽ ആണെന്ന് നിന്നെ പോലെ വിദ്യാസമ്പന്നയായ പെണ്ണെന്തേ മനസ്സിലാക്കാതെ പോയി....
അശ്ലീല വാക്കുകൾ ഞാൻ പറഞ്ഞിരുന്നത് ബോധപൂർവം അല്ലെന്നു നിനക്കറിയാമായിരുന്നില്ലേ..... നീ പോയാൽ ഞാനും മോനും ഒറ്റക്കായി പോകുമെന്ന് നീ എന്താ ഓർക്കാഞ്ഞത്...നീയില്ലാതെ ഈ ലോകത്തു ഞങ്ങളെങ്ങനെ ജീവിക്കും എന്നു നീ ഓർത്തോ...'
അയാളൊരു ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു...
അയാൾ അവിടെ തന്നെ ഇരുന്നുകൊണ്ട് പോക്കറ്റിൽ പരതി... അവൾ അവസാനമായെഴുതിയ കത്ത്.. അത് പുറത്തെടുത്തു...വീണ്ടും വായിച്ചു...
"ഉണ്ണിയേട്ടന്,
ഒരുപാടു പ്രതീക്ഷകളോടെയാണ് എനിക്കുള്ള എല്ലാവരെയും ഉപേക്ഷിച്ചു ഞാൻ ഏട്ടനോടൊപ്പം വന്നത്.... പക്ഷെ നിങ്ങളിപ്പോൾ എന്റെ ആ പഴയ ഉണ്ണിയേട്ടനല്ല...നിങ്ങളെ നിയന്ത്രിക്കുന്നതിപ്പോൾ ലഹരിയാണെന്നു ഞാൻ മനസ്സിലാക്കുന്നു...
പലവട്ടം നിങ്ങളുടെ അശ്ലീലങ്ങൾ ഒക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു ജീവിച്ചത് നമ്മുടെ കണ്ണനെ ഓർത്താ...ഇന്നലെ നിങ്ങൾ അവന്റെ മുൻപിലും ആ പദം എന്നെ വിളിച്ചു.... ഇതുവരെ ഒന്നും ചോദിച്ചിട്ടില്ലാത്ത എന്റെ കണ്ണൻ എന്നോട് ചോദിച്ചു... അച്ഛൻ എപ്പഴും ഇങ്ങനെ പറയുന്നതെന്താ...എന്തെങ്കിലും സത്യമുണ്ടോ അമ്മേന്ന്...!! തകർന്നു പോയി ഞാൻ... സഹിക്കുന്നതിനു ഒരു അതിരുണ്ട് ഉണ്ണിയേട്ടാ...അവനുള്ള മറുപടി ഞാൻ നൽകിയാൽ അവനു നിങ്ങൾ ശത്രുവാകും... അതുകൊണ്ട് ഈ നാടകം നിർത്തി ഞാൻ പോവുകയാണ്... പറ്റുമെങ്കിൽ അവനോട് പറയുക,അവന്റെ അമ്മ തെറ്റായിരുന്നില്ല എന്ന്...ജീവിച്ചു മതിയായിട്ടോ....മരിച്ചു കാണിക്കാൻ നിങ്ങൾ പറഞ്ഞതുകൊണ്ടോ അല്ല....എന്റെ മോൻ എന്നെ തെറ്റായി കാണുന്നത് സഹിക്കാൻ വയ്യാഞ്ഞിട്ടാണ്...ഇപ്പോളെങ്കിലും ഞാൻ ഇത് ചെയ്തില്ലെങ്കിൽ.... വയ്യ ഒരു ഭ്രാന്തിയായി ജീവിക്കാൻ എനിക്ക് വയ്യ...
നിർത്തുന്നു...
ഒരുപാട് സങ്കടത്തോടെ വിട...
എന്ന് നിങ്ങളുടെ ശ്യാമ..."
പലയാവർത്തി വായിച്ചിട്ടും അതിൽ എഴുതിയിരിക്കുന്നതൊന്നും സത്യമല്ല എന്നു വിശ്വസിക്കാൻ അയാളിഷ്ടപ്പെട്ടു...
അതുറപ്പിക്കുവാനായാണ് കഴിഞ്ഞ ഒരു മണിക്കൂറായി അവളെ ഉണർത്താനായി അയാൾ ശ്രമിക്കുന്നത്...
ഒടുവിൽ തന്റെ ശ്രമങ്ങൾ എല്ലാം വിഫലമാകുന്നതായാളറിഞ്ഞു...ഒരിക്കലും ഉണരാത്ത ഉറക്കത്തിൽ അവൾ വിശ്രമിക്കുകയാണെന്നു വേദനയോടെ മനസ്സിലാക്കി.... ക്ലോക്കിലേക്കയാളുടെ കണ്ണുകൾ നീണ്ടു....
കണ്ണൻ സ്കൂൾ വിട്ടുവരാറായി.... അവനോടു എന്ത് പറയും...അറിഞ്ഞെത്തുന്ന ബന്ധുക്കൾ.... അയൽക്കാർ... നാട്ടുകാർ.... എല്ലാവരും തന്നെ പരിഹസിക്കും....എല്ലാമുണ്ടായിട്ടും ജീവിക്കാൻ അറിയാത്ത വിഡ്ഢി എന്നാക്ഷേപിക്കും... അതെല്ലാം സത്യമാണെന്നു തനിക്കറിയാം...പക്ഷെ വയ്യ....ഒന്നും കേൾക്കാൻ വയ്യ.... അയാൾ പരിഭ്രാന്തനായി അങ്ങോട്ടും ഇങ്ങോട്ടും ഉഴറിനടന്നു....
പെട്ടന്ന് അഴയിൽ അവൾ ഉടുത്ത സാരി അയാളുടെ കണ്ണിലുടക്കി.... അയാളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... അയാളതു കയ്യിലെടുത്തു ഫാനിനെ ലക്ഷ്യമാക്കി നീങ്ങി...
അതിലൊരു കുരുക്കുണ്ടാക്കി കഴുത്തിൽ അണിയും മുൻപ് ഒരിക്കൽ കൂടി ശ്യാമയെ നോക്കി... കണ്ണുനീർ കാഴ്ച മറച്ചിരിക്കുന്നു... ഒന്നും വ്യക്തമല്ല....
'ശ്യാമാ... കണ്ണാ... ഈ പാപിക്ക് മാപ്പ്' അയാൾ പിറുപിറുത്തുകൊണ്ട് സ്റ്റൂൾ തട്ടിമാറ്റി...
മുറുകിയ കുരുക്കിന്റെ അറ്റത്തു ആ ജീവൻ പിടഞ്ഞു തീരുമ്പോൾ.... ആ വീട്ടിലേക്കു കണ്ണൻ ഒരു മൂളിപ്പാട്ടും പാടി കടന്നു വരുന്നുണ്ടായിരുന്നു...ഏതാനും നിമിഷങ്ങൾക്കു മുൻപ് താനൊരു അനാഥനാക്കപ്പെട്ടതു അറിയാതെ......!!!!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo