Slider

മാതംഗി

1
Image may contain: 1 person, selfie and closeup

ഉദയാർക്കന്റെ കിരണങ്ങൾ രാത്രിയുടെ അവസാനശേഷിപ്പിനേയും തുടച്ചു മാറ്റി ഭൂമിയിലേക്കരിച്ചിറങ്ങുന്നതേയുള്ളൂ...മങ്ങിയ വെട്ടത്തിലൊതുങ്ങി ഒരു നിഴൽ തണുത്തുറഞ്ഞ ജലാശയത്തിന്റെ ഉറക്കത്തിന് ഭംഗം വരുത്തി മുങ്ങി നിവർന്നു.... തണുപ്പ് കൊണ്ട് മരവിച്ചിട്ടാവണംപടവുകൾ കയറുമ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു ശരീരമൊന്നാകെ...... കൂടെയുള്ളവർദേഹത്തെ നനവിനെ ഒപ്പിയെടുക്കുന്നതും മാറൊപ്പം കെട്ടിയ ചേലയഴിച്ചുടുക്കുന്നതും കണ്ടപ്പോഴാണ് തന്റെ ശരീരത്തെ തണുപ്പിന്റെ ആഴവും അവളറിഞ്ഞത്
"വേഗമാവട്ടെ... സൂര്യോദയത്തിനിനി നാഴികകളേ ബാക്കിയുള്ളൂ, അതിനു മുൻപ് " അഴുകകുള "ത്തിലെത്തണം"........ ധൃതി പിടിച്ച വാക്കുകളിൽ നിഴലുകൾ കൂട്ടമായി ഓളങ്ങൾ തീർത്ത് നനഞ്ഞു കയറി..... അവർക്കൊപ്പം അവളും...
പനയോല കെട്ടിയ മറപ്പുരയിൽ അലങ്കാരങ്ങളും ചമയങ്ങളും മുറതെറ്റാതെ നടക്കുന്നുണ്ടായിരുന്നു... ചന്ദനത്തിന്റെയും മഞ്ഞളിന്റേയും, പൂക്കളുടേയും ഗന്ധമുള്ള കാറ്റ് തഴുകി കടന്നു പോയപ്പോൾ മൂക്കൊന്നു വിടർത്താതിരിക്കാനായില്ലവൾക്ക്.... കുപ്പിവളക്കി ലുക്കങ്ങളും പൊട്ടിച്ചിരികളും കണ്ണിൽ കുത്തുന്ന നിറങ്ങളുടെ തിളക്കവും എല്ലാവരും ആസ്വദിക്കേ അവളിൽ മാത്രം നിർവികാരതയേ ഉണ്ടാക്കിയുള്ളൂ.... എങ്കിലും തനിക്കായി ഒരുക്കി വയ്ക്കപ്പെട്ടവർണ്ണങ്ങളെ അവളുമെടുത്തണിഞ്ഞു....
" ഇതുവരെ കഴിഞ്ഞില്ലേ....ചടങ്ങുകൾ തുടങ്ങാറായി, പെട്ടന്നാവട്ടെ..".... "മായി "യാണ്.....
അവൾ ഒരു വട്ടം കൂടി തന്നെത്തന്നെയൊന്ന് നോക്കി.....
പൂശിയ മഞ്ഞളിന്റെ പാടുകൾ ഇനിയും മാഞ്ഞിട്ടില്ല, കുപ്പിവളകളും മണിമുത്തുമാലകളും, പട്ടിന്റെ പകിട്ടിന് മിഴിവേറ്റുന്നുണ്ട്.... നെറ്റിയിലെ സിന്ദൂരമല്പം കൂടിപ്പോയോ....... കുടമുല്ലകൾ വാസന കൊണ്ട് മുടിക്കെട്ടിൽ തന്നെയുണ്ടെന്ന് അറിയിക്കുന്നുണ്ട്......
അല്ലെങ്കിൽ തന്നെ ഇത്ര ആസ്വദിക്കാനെന്തിരിക്കുന്നു, നിമിഷങ്ങളുടെ ആയുസ്സ് മാത്രം ബാക്കിയുള്ള ഈ പുറംമോടി കണ്ടിട്ടോ....... സ്വയമൊന്ന് ചിരിച്ച് അവളും 'മായി 'ക്കൊപ്പം പുറത്തേക്ക് നടന്നു.
"അഴുകകുളം "......... മഞ്ഞൾ വെള്ളം നിറച്ച കുടങ്ങളാലും, നിറം മങ്ങി വിളറിയ വെളുപ്പ് വസ്ത്രങ്ങളാലും നിറഞ്ഞിരിക്കുന്നു.... കുരുത്തോല കെട്ടിയ മണ്ഡപത്തിൽ "അറവാന്റെ "പ്രതിരൂപമെന്ന് വിളിച്ചോതിയ സ്വർണ്ണക്കോലം..... ചുറ്റിലും നിരയായി നിശബ്ദരായി അത്രയും നേരം പൊട്ടിച്ചിരിച്ചവർ....... ആ കാഴ്ചകൾ അവളെ പഴയൊരോർമ്മയിലേക്ക് ഒരു സ്വപ്നമെന്ന പോലെ നയിക്കുകയായിരുന്നു.
************

സ്നേഹവും, സൗഭാഗ്യവും വാത്സല്യവും ആവോളം നിറഞ്ഞ കുട്ടിക്കാലം.. സഹോദരങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം കളിച്ചു നടന്ന നാളുകൾ... സഹോദരങ്ങൾ പമ്പരവും കളിപ്പാട്ടങ്ങളും തെരഞ്ഞെടുക്കുമ്പോൾ തനിക്കു പ്രിയം പാവക്കുട്ടികളോടായിരുന്നു.... പല നിറത്തിൽ മിന്നുന്ന വസ്ത്രങ്ങളണിഞ്ഞ് നടന്നു നീങ്ങുന്ന പെൺകുട്ടികളെ കാണുമ്പോൾ അസൂയ തോന്നിയിരുന്നു ഒപ്പം തന്റെ ഇറുകിയ വസ്ത്രത്തിനോട് ദേഷ്യവും... അടങ്ങാത്ത കൊതി കൊണ്ടാണ് ഒരിയ്ക്കൽ ഐസുമിഠായിക്ക് പകരം കളിക്കൂട്ടുകാരിയുടെ പട്ടുപാവാടയും വളകളും വാങ്ങിയണിഞ്ഞ് തെരുവിലേക്കിറങ്ങിയത്.... അന്ന് കളിയാക്കിച്ചിരിച്ചവരുടെ കൂട്ടത്തിൽ കൂടപ്പിറപ്പുകളും ചേർന്നതു കണ്ട് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോൾ കാത്തിരുന്നത് വള്ളിച്ചൂരലിന്റെ പൊള്ളുന്ന ചൂടായിരുന്നു.... വലിച്ചു കീറിയെറിഞ്ഞ പട്ടുപാവാട തന്നെ നോക്കി പരിഹസിച്ചപ്പോൾ വീണ്ടും ആഗ്രഹങ്ങൾ കൂടിയതേയുള്ളൂ..... സമ്പാദ്യപ്പെട്ടി തുറന്ന് കിട്ടിയ നാണയങ്ങൾ കൊടുത്ത് വാങ്ങിയ ചാന്തും കൺമഷിയും ആരും കാണാതെ മുഖത്തണിഞ്ഞ് ഭംഗിയാസ്വദിക്കുമ്പോൾ തോന്നിയിരുന്നു ഇതാണ് തനിക്കിണങ്ങുന്നതെന്ന്... പിന്നീടെപ്പോഴും തന്റെ ചലനങ്ങളും ഭാവങ്ങളും വിചാരങ്ങളും അതേ ചിന്തയിൽ ഉരുത്തിരിഞ്ഞപ്പോഴും തിരിച്ചറിഞ്ഞില്ല തന്നെ കാണുമ്പോൾ ചുറ്റുമുള്ള കണ്ണുകളിലെ പരിഹാസവും അവജ്ഞയുമെന്തെന്ന്... സ്വന്തം വീട്ടിൽപ്പോലും വെറുപ്പ് നിറഞ്ഞ നോട്ടങ്ങളെ നേരിട്ടപ്പോഴും, മുറിയിലെ ചുമരുകൾക്കുള്ളിൽ തന്റെ സ്വാതന്ത്ര്യം ഒതുക്കിയപ്പോഴും അറിഞ്ഞില്ല തന്റെ തെറ്റെന്തെന്ന്...... "മായി "..... അവർ വന്ന ആ ദിവസമാണ് എല്ലാത്തിന്റേയും അർത്ഥവും വ്യാപ്തിയും തന്നിലേക്കെത്തപ്പെട്ടത്....
"ആ 'അറവാണി'യെ എവിടേയ്ക്ക് വേണമെങ്കിലും കൊണ്ടു പൊയ്ക്കോളൂ"വെന്ന അച്ഛന്റെയും കൂടപ്പിറപ്പുകളുടേയും വെറുപ്പ് മുറ്റിയ ശബ്ദത്തെ അമ്പരപ്പോടെയാണ് കേട്ടത്... തന്റേതായ ഒന്നുമെടുക്കാൻ അനുവദിക്കാതെ മായിക്കൊപ്പം ഇറക്കിവിടുമ്പോൾ പെറ്റമ്മയുടെ കണ്ണിൽ നിന്നു പോലും ഒരു തുള്ളി കണ്ണീർ വീണിരുന്നില്ല....... അന്നാണ് തനിക്ക് മനസ്സിലായത് തന്റെ തെറ്റെന്തെന്ന്........" ആണും പെണ്ണുമല്ലാത്ത ഒന്നായി ജനിച്ചു ".......
മായി എന്ന തടിച്ചുരുണ്ട ആ സ്ത്രീ യ്ക്കൊപ്പം കടന്നു ചെന്നത് മറ്റൊരു ലോകത്തായിരുന്നു.... സ്ത്രീയോ, പുരുഷനോ എന്ന് തിരിച്ചറിയാൻ കഴിയാതെ, വേഷങ്ങളിലും വികാരങ്ങളിലും മാത്രം സ്ത്രീയായി ജീവിക്കുന്ന ഒരു കൂട്ടമാളുകൾക്ക് നടുവിലേക്ക്..... മായി യാ ണ് എല്ലാം വിശദീകരിച്ച് തന്നതും....
"നമ്മൾ അറവാണി കളാണ്, ഹിജഡകൾ.... ചിലരോ നമ്മെനപുംസകമെന്നും ശിഖണ്ഡിയെന്നും വിളിക്കുന്നു. സ്ത്രീയായും പുരുഷനായും അംഗീകരിക്കാതെ അവജ്ഞയോടെ ആട്ടിയകറ്റുന്നു..... പക്ഷേ സത്യം അതല്ല, നമ്മൾ ദൈവാംശമുള്ളവരാണ്... അർദ്ധനാരീശ്വര സങ്കൽപ്പം കുടികൊള്ളുന്നത് നമ്മളിലാണ്..... അതിനെ യാരാധിക്കുന്ന വിവരമില്ലാത്തവർക്ക് അതു മാത്രം അംഗീകരിക്കാൻ മടി....... ശ്രീരാമദേവന്റെ അനുഗ്രഹം സിദ്ധിച്ചവരാണ് നമ്മൾ....
മാ യിയുടെ വാക്കുകളിലൂടെയാണ് താനുമക്കൂട്ടത്തിൽപ്പെട്ടതാണെന്ന സത്യം അംഗീകരിക്കപ്പെട്ടത്.... അനുഭവിച്ചറിയുകയായിരുന്നു പിന്നീടങ്ങോട്ട് ഓരോ നാളുകളിലും ഹിജഡകൾ എന്ന് പേരു ചാർത്തിയവരുടെ ജീവിതം.. വിശപ്പടക്കാൻ ഭിക്ഷ തെണ്ടിയും, തെരുവോരങ്ങളിൽ ഗോഷ്ഠി കാണിച്ചും ആഭാസ നൃത്തം ചെയ്തും സ്വയം പരിഹാസ്യരായി അന്നത്തിന് വക കണ്ടെത്തേണ്ടി വരുന്ന പരിതാപകരമായ അവസ്ഥ... പകൽ വെറുപ്പോടെ അകറ്റുന്നവർ തന്നെ രാത്രികളിൽ സംതൃപ്തി തേടിയെത്തുന്നതും കണ്ടറിഞ്ഞു..... മായിയുടെ തീരുമാനമായിരുന്നു താനും അവരിലൊരാളാവണം... എതിർക്കാൻ തോന്നിയില്ല കാരണം ജന്മം കൊണ്ട് പുരുഷനാണെങ്കിലും മനസ്സും ശരീരവും എന്നും കൊതിച്ചത് സ്ത്രീയെന്ന പൂർണ്ണതയെ ആയിരുന്നല്ലോ.....
'നിർവാണ 'ത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി... പുരുഷനെന്ന അസ്തിത്വത്തെ മുഴുവൻ ചോർത്തിയെടുത്ത് 'സ്ത്രീത്വം' നേടുന്ന ചടങ്ങ്....... കുളിപ്പിച്ചൊരുക്കി മഞ്ചത്തിൽ കിടത്തി, അരയ്ക്ക് താഴെയുള്ള വസ്ത്രമൊന്നായി മാറ്റി നൂലുകൾ മുറുക്കിക്കെട്ടുമ്പോൾ മായിയുടെ ചുണ്ടുകളിൽ വേദനയെ അതിജീവിക്കാൻ ചൊല്ലിത്തന്ന മന്ത്രങ്ങളായിരുന്നു... കൈ കാലുകൾ ബന്ധിക്കപ്പെട്ട് കണ്ണുകൾ മൂടി കിടക്കുമ്പോൾ ഉള്ളിലാഹ്ളാദം നിറഞ്ഞു തുളുമ്പി... താനാഗ്രഹിച്ചത് നേടാനി താ സമയമായിരിക്കുന്നു .... കാലുകൾക്കിടയിലൂടൊരു മിന്നൽ കത്തിപ്പടർന്ന് പുരുഷത്വമെന്നതിനെ തന്നിൽ നിന്ന് നിരന്തരമായി വേർപെടുത്തിയതും ചുവന്ന ചായം കലക്കിയൊഴിച്ചതു പോലെ രക്തച്ചാലൊഴുകിയതും ഒരു മയക്കത്തിലെന്ന പോലെ അറിയുന്നുണ്ടായിരുന്നു.... ഒപ്പം തനിക്കായി പതിച്ചു കിട്ടിയ പുതിയ പേരും....." മാതംഗി ".....
കണ്ണു തുറന്നപ്പോൾ മറ്റൊരു മുറിയിലാണ്, വേദന ഞരമ്പുകളിലൂടൊഴുകുന്നു..... "വിശ്രമിച്ചോളൂ... ഇനിയുള്ള 40 ദിവസം, അനങ്ങാതെ ശരീരം സൂക്ഷിക്കണം.... "മായി വാത്സല്യത്തോടെ പറഞ്ഞു..... ഇപ്പോഴും ആ നാളുകളെക്കുറിച്ചോർക്കാൻ വയ്യ..... പ്രത്യേകപരിചരണങ്ങളും, ആചാരങ്ങളും ഛർദ്ദിപ്പിക്കുന്ന ആഹാരങ്ങളും മടുപ്പോടെ സ്വീകരിച്ചു... എല്ലാം ഒരൊറ്റ ലക്ഷ്യത്തിനായിരുന്നു..... 'സ്ത്രീ' യെന്ന ലക്ഷ്യം......
''എന്താ മായീ.... മറ്റുള്ളവർക്ക് നമ്മോട് വെറുപ്പ്, ചിലരാണെങ്കിൽ അടുത്ത് ചെല്ലുമ്പോഴേകയിലുളളത് എറിഞ്ഞിട്ട് ധൃതിയിൽ പോകും... ഇന്നലെ കുസുമ ആരേയോ മണ്ണെറിഞ്ഞ് ശപിക്കുന്നുണ്ടായിരുന്നു.... "മായിയുടെ ചിരിയിൽ വെറ്റില നീര്ചിതറി...
"അതവരുടെ മനസ്സിന്റെ വൈകല്യം കൊണ്ടാണ് മാതംഗീ.... ഈ ജന്മം നമുക്ക് തന്നത് അവരെ സൃഷ്ടിച്ച അതേ ദൈവം തന്നെയാണെന്ന് അവർ ചിന്തിക്കുന്നില്ല, ജനിച്ച കുട്ടി ആണാണെങ്കിൽ അനുഗ്രഹിക്കാനും ശകുനം കണ്ടിറങ്ങാനും മറ്റും അവർക്ക് നമ്മൾ വേണം അല്ലാത്തപ്പോൾ ദൂരേയ്ക്ക് ആട്ടിയോടിക്കും..... നീയൊരു കഥ കേട്ടിട്ടുണ്ടോ മാതൂ.....
പണ്ട് വനവാസത്തിനായി ശ്രീരാമൻ അയോധ്യയിൽ നിന്ന് പുറപ്പെട്ടപ്പോൾ അദ്ദേഹത്തെയാത്രയാക്കാൻ ജനങ്ങൾ കൂടെ ചെന്നു, അത് കണ്ട് വിഷമിച്ച രാമൻ അവരോട് പറഞ്ഞു " എന്നെ സ്നേഹിക്കുന്ന എല്ലാ പുരുഷൻമാരും സ്ത്രീകളും ഭവനങ്ങളിലേക്ക് തിരികെ പോവണമെന്ന്..... വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ തിരിച്ചു വന്നപ്പോൾ കണ്ടത് പലരും അവിടെത്തന്നെ കാത്തു നിൽക്കുന്നതായിരുന്നു, അവർ സ്ത്രീയുമല്ല, പുരുഷനുമല്ലായിരുന്നു.... സന്തുഷ്ടനായ രാമൻ അവർക്ക് വരം നൽകി, പുരുഷനേയും സ്ത്രീയേയും അനുഗ്രഹിക്കാനും ശപിക്കാനുമുള്ളവരം... ഇപ്പോഴും അതൊരു വിശ്വാസമായിത്തന്നെ പിന്തുടരുന്നവരാ നമ്മുടെ കൂട്ടർ "മായിയുടെ കഥകളും വാക്കുകളും തന്നെ മറ്റേതോ ലോകത്തെത്തിച്ചിരുന്നു..... അങ്ങനെയാണല്ലോ ഇവിടേയ്ക്ക് എത്തിപ്പെട്ടതും...
അന്നൊരു തെളിഞ്ഞ ദിവസമായിരുന്നു..... " നാളെ നമ്മൾ വില്ലുപുരത്തേക്ക് പോവുകയാണ്... കൂവാഗത്ത്.... കൂത്താണ്ടവർ കോവിലിൽ ചിത്രാപൗർണ്ണമിയാഘോഷം തുടങ്ങിയിരിക്കുന്നു.... "എല്ലാവരോടുമായി 'മായി ' പറഞ്ഞതും ആഹ്ളാദാരവത്തോടെ അവർ തങ്ങളുടെ സാധനങ്ങൾ അടുക്കിക്കെട്ടുന്നത് കണ്ട് മായി യെ തന്നെ സമീപിച്ചു.
" ചിത്രാപൗർണ്ണമി "യ്ക്കെന്താ ഇത്ര പ്രത്യേകത......... സംശയത്തോടെയുള്ള ചോദ്യത്തിന് തന്നെ അരികിൽ പിടിച്ചിരുത്തി മായി....
" ചിത്തിര മാസത്തിലെ പൗർണ്ണമി നാളിലാണ്"അറവാന്റെ "വിവാഹം..... അതിനെയാണ് ചിത്രാപൗർണ്ണമിയായി ആഘോഷിക്കുന്നത്....
അറവാനോ...... അങ്ങനെയൊരു ദൈവത്തെക്കുറിച്ച് കേട്ടിട്ടേയില്ലല്ലോ.....
''നമ്മൾ അറിയാത്ത എത്രയോ കഥകളും ചരിത്രങ്ങളും ഉണ്ട് മാതൂ...... "അറവാൻ " ആരെന്നറിയാമോ.... പഞ്ചപാണ്ഡവനായ അർജുനന് "ഇലൂപി"യെന്ന നാഗകന്യകയിൽ ഉണ്ടായ മകൻ..... ഇരാവാൻ എന്നും വിളിക്കും.... മഹാഭാരത യുദ്ധത്തിൽ പാണ്ഡവർ തോൽക്കുമെന്ന ഒരു പ്രവചനമുണ്ടായപ്പോൾ കാളിയ്ക്ക് മനുഷ്യബലി നൽകിയാൽ അതിനെ അതിജീവിക്കാമെന്ന ജ്യോത്സ്യൻമാരുടെ നിർദ്ദേശ പ്രകാരം പുരുഷലക്ഷണം തികഞ്ഞൊരാളെ ബലിയക്കായി ആവശ്യപ്പെട്ടു... പാണ്ഡവപക്ഷത്തുനിന്നും ഇരാവാൻ സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു.. എന്നാൽ മരിയ്ക്കുന്നതിന് മുൻപ് വിവാഹം കഴിക്കണമെന്ന ഇരാവാന്റെ ആഗ്രഹം കൃഷ്ണൻ സഫലമാക്കാൻ തുനിയവേ... അറിഞ്ഞു കൊണ്ടാരും അതിന് തയ്യാറാകാതെ വന്നതിൽ വിഷമിച്ച കൃ ഷണൻ സ്വയം മോഹിനീ വേഷം പൂണ്ട് ചിത്രാപൗർണ്ണമി നാളിൽ ഇരാവാനെ വിവാഹം കഴിച്ചു... പിറ്റേന്ന് ബലിയ്ക്കിരയായ ഇരവാന്റെ വിധവയാവുകയും ചെയ്തു..... ഈ ഐതിഹ്യത്തോടെയാണ് ഇന്നും ചിത്രാപൗർണ്ണമി ആഘോഷിക്കുന്നത്.
അന്നേ ദിവസം, കൂത്താണ്ടവർ കോവിലിൽ കൃഷ്ണൻ മോഹിനിയായതു പോലെ ഏവരും ചമഞ്ഞൊരുങ്ങിയെത്തും... ക്ഷേത്ര പൂജാരി.. പൂജിച്ചതാലി 'അറവാൻ' എന്ന സങ്കല്പത്തിൽ എല്ലാവരേയും അണിയിക്കുകയും ചെയ്യുന്നതോടെ ആഘോഷം തുടങ്ങും... അന്നത്തെ ദിവസം മുഴുവൻ പിന്നെ ഉത്സവരാവാണ്..... പാട്ടും നൃത്തവുമായി ജീവിതം ആഘോഷമാക്കാൻ നമ്മളെപ്പോലുള്ളവർക്ക് ലഭിക്കുന്ന ഒരേ ഒരു ദിനമാണത്..... അന്നാർക്കും ആരേയും രാവെളുക്കുവോളം പങ്കാളിയായി സ്വീകരിക്കാം.....
നേരമിരുട്ടി വെളുക്കുമ്പോൾ മുങ്ങിക്കുളിച്ചെത്തി കോവിലിലെ "അഴുക കുള"ത്തിൽ 'അറവാൻ' മരണപ്പെട്ടുവെന്ന വിശ്വാസത്തോടെ താലിയറുത്ത്, വളകളുടച്ച്, പൂവും പൊട്ടും മായ്ച്ച് വിധവക്കോലം കെട്ടുന്നതോടെ എല്ലാം അവസാനിക്കും..... വീണ്ടും മറ്റൊരു ചിത്രാപൗർണ്ണമിയിൽ കാണാമെന്ന പ്രതീക്ഷയിൽ തിരികെ മടങ്ങും.... "മായി ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി...
തന്റെ മനസിലുമപ്പോൾ നിറങ്ങളും ആഹ്ളാദവും നുര കുത്തിയൊഴുകുകയായിരുന്നു...... അറവാന്റെ സമീപമെത്താനുള്ള കാത്തിരിപ്പായിരുന്നു... കൂട്ടത്തോടെയുള്ള യാത്രയും അങ്ങനെ തന്നെയായിരുന്നു... അത്രയും നാൾ അനുഭവിച്ചതിനെയെല്ലാം മറന്നു കൊണ്ട് പൊട്ടിച്ചിരികളും തമാശകളുമായി .....
കോവിലിൽ തൊഴുത് നിൽക്കേ..... ഒരു മുഖം കൺമുന്നിലേക്ക് വന്നു നിന്നു... ആരേയും ആകർഷിക്കുന്ന മുഖവും ചിരിക്കുമ്പോൾ തിളങ്ങുന്ന കണ്ണുകളുമായൊരാൾ.... അറവാന്റെ പ്രതിരൂപം....ക്ഷേത്ര പൂജാരി..... അന്നോളമറിയാത്ത എന്തോവികാരം ഒന്നായി പൊതിയുന്നു, കണ്ണുകൾ മറ്റൊന്നും ശ്രദ്ധിക്കാതെ ആ മുഖത്ത് തന്നെ ഉടക്കി നിൽക്കുന്നു.... ഇതാണോ പ്രണയം..... പറഞ്ഞു കേട്ട ആ അനുഭൂതിയിതാണോ..... ഇദ്ദേഹമാണോ തനിക്കും താലിചാർത്തുന്നവൻ... മനസ്സിലെ ചിന്തകൾ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞിരുന്നു.. ശരീരവും മനസ്സും എന്തിനോ വേണ്ടി തുടിയ്ക്കുന്നു..... മനസ്സില്ലാ മനസ്സോടെയാണ് പൂജിച്ച മഞ്ഞച്ചരടുകൾ മറ്റുള്ളവർ ഏറ്റു വാങ്ങുന്നത് നോക്കി നിന്നത്..... തനിക്കു മാത്രമായി ആ ഭാഗ്യം ലഭിച്ചിരുന്നുവെങ്കിലെന്ന് ചിന്തിച്ച നിമിഷങ്ങളിലാണ് തന്റെ നേരെ നീളുന്ന കൈകളിൽ മഞ്ഞച്ചരട് കണ്ട് തൊഴുകൈയ്യോടെ മിഴി പൂട്ടി നിന്നത്.... ആ കൈകളാൽ കഴുത്തിൽ വീഴുന്ന ചരടിന്റെ മുറുക്കം സംതൃപ്തിയോടെ ഏറ്റുവാങ്ങി..... താനുമിതാ ഒരു സ്ത്രീയായിരിക്കുന്നു, ഒരു പുരുഷനാൽ തന്റെ സാക്ഷാത്കാരത്തിന് അർത്ഥമുണ്ടായിരിക്കുന്നു....... കൺകോണിലൂടെ നോക്കവേ കണ്ടു അടുത്ത ചരട് തിരയുന്ന കൈകൾ....
തള്ളിമാറ്റപ്പെട്ടിട്ടും അവിടെ തന്നെ നിന്നു പോയി...... മറ്റുള്ളവർ ആഘോഷങ്ങളിലേക്കും സ്വാതന്ത്ര്യങ്ങളിലേക്കും ഊളിയിട്ടപ്പോൾ താൻ മാത്രം ഈ അറവാന്റ മുന്നിൽ തന്നെയായിരുന്നല്ലോ...... ആ അനുഗ്രഹമായിരിക്കണം, സ്ത്രീയെന്ന പൂർണ്ണത ആദ്യമായി അനുഭവിച്ചറിയാൻ താലികെട്ടിയവനിൽ നിന്നു തന്നെ, തനിക്കു മാത്രമേ ഭാഗ്യം ലഭിച്ചിട്ടുണ്ടാകൂ.......ഇപ്പോഴിതാ... നേരവും വെളുത്തിരിക്കുന്നു...
വിശ്വാസങ്ങളുടെ ബാക്കിയ്ക്കായി പവിത്രമെന്ന് കരുതിപ്പോരുന്ന താലിച്ചരടിനെ വെറുമൊരു നൂലിഴയുടെ വില കൽപ്പിച്ച് പൊട്ടിച്ചെറിയാൻ പോകുന്നു... വീണ്ടും, അവജ്ഞയുടേയും അരക്ഷിതത്വത്തിന്റേയും നാളുകൾ തന്നെ നോക്കി പല്ലിളിക്കുന്നതായി മാതംഗിക്ക് തോന്നി.....
എല്ലാ ഉൻമാദങ്ങളുടേയും അഗാധതയിൽ സ്വന്തം അസ്തിത്വത്തിന്റെ ആഴമേറിയ മുറിവിൽ നിന്നുയരുന്ന ആത്മ രോദനങ്ങളുടെ ദീന വിലാപങ്ങളുടെ അലയൊലികൾ കേൾക്കാൻ തുടങ്ങിക്കഴിഞ്ഞു...... ചരടുകൾ പൊട്ടിച്ചെറിയപ്പെടുകയാണ്... ചിതറി വീഴുന്ന കുപ്പിവളത്തുണ്ടുകളിൽ ചവിട്ടി കാൽ മുറിയാതെ അടുത്തതിന് നേരെ നീളുന്ന കൈകൾ.... നിമിഷങ്ങൾക്കകം അത് തന്റെ കഴുത്തിന് നേരെയും നീളും... ഈ സ്വാതന്ത്ര്യവും സന്തോഷങ്ങളും തനിക്കും വിലക്കപ്പെടും.... സുമംഗലി എന്ന ഒരു സ്ത്രീയുടെ സാക്ഷാത്കാരത്തിന് തിരശ്ശീല വീഴും....... പെട്ടന്നവൾ കഴുത്തിന് നേരെ നീണ്ടകത്തിമുനയെ തട്ടിയെറിഞ്ഞ് ചാടിയെഴുന്നേറ്റു.
" ഇല്ല, ഇത് ഞാൻ സമ്മതിക്കില്ല... താലി എന്നത് ഇങ്ങനെ ആചാരങ്ങളുടെ പേരിൽ പൊട്ടിച്ചെറിയപ്പെടാനുള്ളതല്ല മരണം വരെ കൂടെയുണ്ടാവണമെന്ന് ഒരു സ്ത്രീ ആഗ്രഹിക്കുന്ന ഒന്നാണ്..... മാതംഗിയുടെ വാക്കുകളിൽ അവിടമാകെ സ്തംഭിച്ചു...
"കാലങ്ങളായുള്ള അനുഷ്ഠാനമാണിത് വെറുതെ പുലമ്പാതെ അനുസരിക്കൂ..."പൂജാരിയുടെ വാക്കുകൾക്ക് അവൾ ചെവി കൊടുത്തില്ല.
" എന്തിന് വേണ്ടി നടത്തുന്നതാണിത്, കേവലമൊരു കഥയുടെ പേരിൽ നടക്കുന്ന അനുഷ്ഠാനം മാത്രം അല്ലേ? വൈധവ്യം കൽപ്പിച്ച് നൽകുന്ന ദൈവം........ സുമംഗലിയാക്കിയവൻ മരിച്ചുവെന്ന് സങ്കൽപ്പിച്ച് സ്ത്രീ വിധവക്കോലം കെട്ടണം, നിറങ്ങളും ആഘോഷങ്ങളും മറ്റു ജീവിതത്തിൽ നിന്നുമെല്ലാം ഒറ്റപ്പെട്ട് കഴിയണം...... ഈ വിധി നൽകിയ വന് നിമിഷങ്ങൾ തോറും മാറ്റിയുടുക്കപ്പെടുന്ന പട്ടാടകളും അഭിഷേകങ്ങളും വിശേഷ പൂജയും.... മരിച്ചയാൾക്ക് അതിന്റെ ആവശ്യമുണ്ടോ?....
"നിനക്ക് ഭ്രാന്താണ്... ദൈവത്തെ നിന്ദിക്കുവാൻ മനസ്ഥിരതയില്ലാത്ത വർക്കേ കഴിയൂ..... വിശ്വാസമെന്ന കപടതയൊളിപ്പിച്ചവർ ശബ്ദുയർത്തി...... അല്ലെങ്കിൽത്തന്നെ നീയൊക്കെ എങ്ങനെയാണ് സ്ത്രീയാവുക.... രണ്ടും കെട്ട നപുംസകങ്ങൾ... പുച്ഛത്തോടെയുള്ള പറച്ചിലിൽ ആർത്തുചിരികൾ മുഴങ്ങി.
" നപുംസകങ്ങൾ, നപുംസകങ്ങൾ..... അവരെന്താ മനുഷ്യരല്ലെന്നുണ്ടോ.... നിങ്ങൾക്കോരോരുത്തർക്കുമുള്ളതേ അവരിലും ഉള്ളൂ.. സിരകളിലോടുന്ന രക്തവും, വികാരങ്ങളും വിചാരങ്ങളും എല്ലാം നിങ്ങളിൽ നിന്ന് വ്യത്യസ്തമല്ല.... ഉറങ്ങുന്നതും ഉണരുന്നതും ചിരിക്കുന്നതും കരയുന്നതും കഴിക്കുന്നതും എന്തിനേറെ പാതിരാത്രിയിൽ ശരീരത്തിന്റെ ആർത്തി തീർക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവന്റെ ആസക്തിയും വരെ നിങ്ങളിലുള്ളത് പോലെ തന്നെയാണ്....... ഞങ്ങൾക്കുമുണ്ട് ആ ഗ്രഹങ്ങൾ..... കാണുമ്പോൾ ആട്ടിപ്പായിക്കാതെ സഹാനുഭൂതിയോടെയുള്ള ഒരു നോട്ടം, രണ്ടും കെട്ടവരെന്ന് മുദ്രകുത്തിയുള്ള പടിയിറക്കത്തിൽ നിന്നൊരു മോചനം അതിലുപരി സ്ത്രീയെന്ന പരിഗണന നൽകി ഞങ്ങളുടെ മോഹങ്ങൾക്കും വില കൽപ്പിക്കാനുള്ള മനസ്സ്.... അത്രയേ ആവശ്യമുള്ളൂ.....
വിവാഹം കഴിക്കാനും മക്കളെ വളർത്താനും സ്ത്രീയെന്ന പൂർണ്ണത നേടാനുമെല്ലാം കൊതിക്കുന്നവരാഞങ്ങളിലോരോരുത്തരും..... സ്നേഹം നടിച്ച് അടുത്തുകൂടുന്നവർക്കാവശ്യം ശരീരം മാത്രമാണെന്ന് മനസ്സിലാക്കിയും കൂടെ കൂട്ടുന്നത് കുറച്ച് നാളെങ്കിലും സ്നേഹിക്കപ്പെടാനുള്ള മോഹം കൊണ്ടാണ്....
ഇന്നിപ്പോൾ നിങ്ങൾ ഇല്ലാതാക്കുന്നതും അതൊക്കെ തന്നെയാണ്..... നിങ്ങൾക്കെന്ത് നേടാനാണുള്ളത് യാതൊന്നുമില്ല... പക്ഷേ ഞങ്ങൾക്കോ നേട്ടമല്ല നഷ്ടങ്ങളാണുള്ളത്..... ഒരൊറ്റ ദിവസത്തെ സന്തോഷം മാത്രം വിധിക്കപ്പെട്ട ഞങ്ങൾക്ക് ഈ ദിനമാണ് ആശ്വാസം അതിനെ ഇല്ലാതാക്കാതെ ജന്മം ആ സന്തോഷം ഞങ്ങൾക്കായി നൽകിക്കൂടെ..... ഓർത്തു നോക്കൂ..... നാളെ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കും ഇതേ അവസ്ഥ വരുന്നത്, അവരെ ഒറ്റപ്പെടുത്തുന്നത്.... സന്തോഷങ്ങളെ ഇല്ലാതാക്കുന്നത്..... നിങ്ങൾക്ക് സഹിക്കാൻ കഴിയുമോ.... മറ്റൊന്നും ആവശ്യപ്പെടുന്നില്ല, ആർക്കുമൊരു ബാധ്യതയാവാതെ ലഭിക്കുന്ന ഈ മംഗല്യം.... അത് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ...... "കൈകൂപ്പി നിന്ന് മാതംഗി പറയുമ്പോൾ ആർത്തനാദങ്ങൾ തേങ്ങലുകൾക്ക് വഴി മാറിയിരുന്നു ...
നിശബ്ദത നീണ്ട നിമിഷങ്ങളെ ഞെരിച്ചമർത്തി കൈയ്യിലുള്ള ചരടുകൾ അവർക്കായിത്തന്നെ നീട്ടവേ ആ പൂജാരിയുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് തിരുത്തിയെഴുതപ്പെട്ട ഒരു കൂട്ടം ജന്മങ്ങളെ ചേർത്തു പിടിക്കുവാനുള്ള മനസ്സായിരുന്നു..... ആരവങ്ങളോടെ തനിക്കു ചുറ്റും നൃത്തം ചെയ്യുന്ന തന്റെ പ്രിയപ്പെട്ടവരെ നോക്കി മാതംഗിയ്ക്ക്ഒന്നേ പറയുവാനുണ്ടായിരുന്നുള്ളൂ.....
" ഇത് തുടക്കം മാത്രമാണ്, എന്നിലൂടെ യത് നമ്മുടെ മറ്റ് സഹോദരങ്ങൾ ഏറ്റെടുക്കും... സമൂഹത്തിലെ കാഴ്ചപ്പാടുകളും നിയമങ്ങളും മാറ്റിയെഴുതപ്പെടും, നാം ആഗ്രഹിച്ച ജീവിതവും സ്വാതന്ത്ര്യവും നമ്മുടെ കൈയ്യെത്തുന്ന ദൂരം വിദൂരമല്ല......."

By:Dhanya Shamjith
1
( Hide )
  1. തിരുത്തി എഴുതപ്പെട്ട ഒരു കൂട്ടം ജന്മങ്ങളെ ചേർത്തു പിടിക്കുന്ന ഈ രചന വളരെ ഉന്നത നിലവാരം പുലർത്തി. വല്ലാത്തൊരു നൊമ്പരം ഹൃദയത്തിലുടക്കുന്നു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo