
അപ്പോൾ അങ്കിളിൻ്റെ പേര് ' ഇബ്രാഹിം നാഷണൽ ഹൈ വേ' എന്നാണോ ?” അത് പറയുമ്പോൾ അവളുടെ നക്ഷത്രക്കണ്ണുകളിൽ കൗതുകം !..
ശീതൾ എൻ്റെ അയൽക്കാരി ആയിരുന്നു. എൻ്റെ അഞ്ചാം ക്ളാസുകാരിയായ ഹിന്ദി അദ്ധ്യാപിക ! ഗൾഫ് സ്വപ്നങ്ങളും പേറി ബോംബേ നഗരത്തിനു പുറത്ത്, ചിലവു കുറഞ്ഞ ഒരു ലോഡ്ജിൽ മുണ്ട് മുറുക്കി ഉടുത്ത്, എന്നോ വരാൻ പോകുന്ന വിസയുടെ വിളിയും കാത്തിരുന്നപ്പോൾ പരിചയപ്പെട്ടതാണ് അവളെ. ഇടക്കിടെ കറൻ്റ് പോകുന്ന ലോഡ്ജിലേക്ക് വേണ്ടി ഒരു കൂട് മെഴുകു തിരി വാങ്ങാൻ പോയതാണ്. പക്ഷേ മറാഠിയോട് എന്തു പറയും?.. ഒടുവിൽ ഒരു പാക്കറ്റ് 'കാൻ്റിൽ' തരാൻ ആവശ്യപ്പെട്ടു. അത് പക്ഷെ ക്ളിക്കായില്ല. ഹിന്ദി പഠിപ്പിച്ച ഭാരതി ടീച്ചറെ സങ്കടത്തോടെ ഓർത്തു.അപ്പോൾ പിന്നിൽ നിന്ന്.." ബത്തി ചാഹിയെ ബോലോ".., ഒരു കുഞ്ഞ് ഉപദേശം ! അത് പക്ഷെ എനിക്ക് തീരെ കുഞ്ഞായി തോന്നിയില്ല... എൻ്റെ 'ഹിന്ദി' അവിടെ ആരംഭിച്ചു!
'ശീതൾ'... അവൾ എൻ്റെ അയൽക്കാരൻ്റെ മകളാണ്. ചാന്ദ് എന്നാണ് അയാളുടെ പേര്.നഗരത്തിലെ നാഷണൽ ഹൈവേ ഓഫീസിൽ ദിവസക്കൂലിക്ക് അയാൾ ജോലി ചെയ്തിരുന്നു.ലോഡ്ജ് ഇരിക്കുന്ന കെട്ടിടത്തിലെ അതേനിലയിൽ സ്റ്റെയർ കെയ്സിനോട് ചേർന്നുള്ള ഒരു ചെറിയ മുറിയാണ് അവരുടെ വീട്.അവളെ കൂടാതെ ഒരനിയൻ,രാഹുലും അമ്മയും. അന്ന് ശീതൾ അഞ്ചാം ക്ളാസിലായിരുന്നു.പച്ചപ്പാവടയും വെള്ള ബ്ളൗസും. കയ്യിൽ പേജുകൾ മുറിഞ്ഞുതൂങ്ങുന്ന പുസ്തകക്കെട്ടും.. മുടി രണ്ടായി പിന്നിക്കെട്ടി, അനിയൻ രാഹുലിനോട് മറാഠിയിൽ എന്തോപറഞ്ഞ് എന്നും അവൾ സ്റ്റെപ്പുകൾ ഇറങ്ങുന്നത് ഞാൻ കാണാറുണ്ട്.
വൈകീട്ട് വന്നാൽ അവളുടെ ആദ്യജോലി വഴിയരികിലെ ചെറിയ പച്ചക്കറി മാർക്കറ്റിൽ നിന്ന് തുടങ്ങും.പിന്നീട് രാഹുലിനും അമ്മക്കും അന്നത്തെ സ്കൂൾ വിശേഷങ്ങൾ പറഞ്ഞ് കൊടുക്കും.ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം ഞങ്ങളും കേട്ടുകൊണ്ടിരുന്നു. ശനി ഞായർ ദിവസങ്ങളിൽ അവൾ രാഹുലിനെ കൂട്ടി സറ്റെയർ കെയ്സിൽ വന്നിരിക്കും. അവിടെയാണ് ഞങ്ങളുടെ ഹിന്ദി ക്ളാസുകൾ നടക്കുക. ചാന്ദും ഭാര്യയും ആദ്യം അവളെ വിലക്കി.കേരളത്തിൽ നിന്നും വരുന്നവരുടെ 'മര്യാദ'കളെ കുറിച്ച് അല്പം ഭയത്തോടെ എന്നെ ഓർമ്മിപ്പിക്കുകയും ചെയ്തു.പക്ഷേ, ക്രമേണ ഞങ്ങൾക്കിടയിൽ മഞ്ഞുരുകി. ഫലം എൻ്റെ 'ഹിന്ദി' വിശാലമായി!.
ഗൾഫിൽ യുദ്ധം തുടങ്ങുന്നത് അപ്പോഴാണ്. അനിശ്ചിതമായ ദിനങ്ങൾ! അവ മാസങ്ങളായി. എപ്പോഴോ ഒരിക്കൽ യുദ്ധം നിലച്ചു. വീണ്ടും കാത്തിരുപ്പ്. ഒടുവിൽ ആ വിളി വന്നു! തയ്യാറെടുക്കാൻ ഒന്നുമില്ലാതിരുന്നത് കൊണ്ട് ഞാൻ ആദ്യ ബാച്ചിൽ പുറപ്പെട്ടു. യാത്ര പറയാൻ ആകെയുള്ളത് ചാന്ദും കുടുംബവും. ശീതളിനോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. പാവം കുട്ടി. അവൾക്ക് ഞാൻ എന്ത് കൊടുക്കും? കയ്യിൽ ഒന്നുമില്ല.നീക്കിയിരിപ്പെല്ലാം ലോഡ്ജ് വാടകയും ഭക്ഷണവുമായി മാറിയിരുന്നു. അപ്പോഴാണ് ഓർത്തത്, വെക്കേഷന് വന്ന് പോയ നാട്ടുകാരൻ , ലോഡ്ജിൽ ഡോളർ മാറ്റിക്കൊടുത്തതിന് പകരമായി നൽകിയ പേന – ‘ഇംഗ്ളീഷ്’കാരെഴുതുന്ന 'ഷിഫേഴ്സ്' ! അതവളുടെ കയ്യിൽ വച്ചുകൊടുത്തിട്ട് ഞാൻ പറഞ്ഞു. അവിടെ ചെന്നാൽ ഞാൻ നിങ്ങൾക്കെഴുതും. മറുപടി ഇതു കൊണ്ടു വേണം എഴുതി അയക്കാൻ. അവൾ, പക്ഷേ ചെറിയൊരു വിതുമ്പലോടെ നിന്നു...
ഗൾഫിലെ ചൂട് എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല, കാരണം,കൂടുതൽ ചൂടുള്ള വാർത്തകൾ എനിക്കു വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു! ദിവസങ്ങൾ ചെറുതായി, മാസങ്ങളും വർഷങ്ങളും. ഇടക്കെപ്പളോ ഞാൻ ശീതളിനെഴുതി, തിരിച്ചെഴുതാൻ നാട്ടിലെ സ്റ്റാമ്പൊട്ടിച്ച കവറും വെച്ചിരുന്നു. പക്ഷെ , അത് തിരിച്ച് വന്നില്ല.
ആറു വർഷങ്ങൾക്ക് ശേഷം ആദ്യത്തെ അവധിയെടുത്തു. തിരിച്ചു വരും വഴി ഞാൻ പഴയ ലോഡ്ജ് ഇരുന്ന സ്ഥലത്തെത്തി.അവിടെ മൂന്ന് നിലകളിൽ ഒരു ഹോട്ടൽ ഇരിക്കുന്നു.പഴയ പച്ചക്കറി മാർക്കറ്റില്ല; ചായക്കടയും.
ശീതളിനെ കണ്ടെത്താനായില്ല.. വർഷങ്ങൾ ഇരുപത് കഴിഞ്ഞു.ഇന്നിപ്പോൾ ഇതെന്തിനോർത്തു? അതെ,.. ആ റിപ്പോർട്ട്,.. മഹാരാഷ്ട്രയിലെ ചേരികളിൽ ബഹുരാഷ്ട്ര മരുന്നുകമ്പനികൾ നടത്തുന്ന ഞെട്ടിക്കുന്ന പരീക്ഷണങ്ങളെ കുറിച്ച് പത്രത്തിൽ വന്ന റിപ്പോർട്ട്. വിവരങ്ങൾ ശേഖരിച്ച ഒരു ശീതൾ ചാന്ദിൻ്റെ അഭിമുഖമുൾപ്പെടെ.. ശീതൾ ചാന്ദ്! ഓർമ്മകളിലെ ആ കുഞ്ഞുമുഖം വീണ്ടും തെളിഞ്ഞു, ഇന്നലെ കണ്ടപോലെ.
പക്ഷെ, ഇത്, ഒരു പത്രമല്ലെ. ഇന്ത്യയിൽ എത്ര ശീതൾ ഉണ്ടാവും. പത്രത്തിൻ്റെ ഡൽഹി എഡിഷനുമായി ബന്ധപ്പെട്ടാൽ കാര്യങ്ങൾ അറിയാം. പക്ഷെ, അത് വേണോ. ആ കുടുംബം, പ്രത്യേകിച്ച് ആ കുഞ്ഞ് എന്നെ എപ്പൊഴേ മറന്നിരിക്കും.
ഫേസ്ബുക്കിലെ സർച്ച് ബാറിൽ ശീതൾ ചാന്ദ് എന്ന് ടൈപ് ചെയ്തത് ഒരു കൗതുകം മാത്രമായിരുന്നു. പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരുപാട് ശീതൾ ചാന്ദുമാർ പ്രത്യക്ഷപ്പെട്ടു.അതിൽ ഒന്നിൽ, മുഖത്തിനു പകരം ഒരു പേന ! അടിയിൽ നീലയും മുകളിൽ സിൽവർ ടോപ്പുമുള്ള ഒരു ഷിഫേഴ്സ്!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക