Slider

എന്റെ ലാബനുഭവങ്ങൾ

0
Image may contain: Deepthi Prasanth

''ലാബ്'' എന്ന് പറയുമ്പോൾ ''രക്തം, കഫം, മലം,മൂത്രം'' എന്നിവ പരിശോധിക്കുന്ന ലാബായിരിക്കും എല്ലാവരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുക. പക്ഷെ ആ ലാബല്ല ഈ ലാബ്. എൻജിനിയറിംഗ് പഠനകാലത്തെ പ്രാക്ടിക്കൽ ചെയ്യുന്ന സ്ഥലത്തിന്റെ ഓമനപ്പേരാണ് ''ലാബ്''.
ഒന്നാം വർഷം എൻജിനിയറിംഗിന് നമ്മൾ ഏത് ബ്രാഞ്ചായിരുന്നാലും ഒരേ വിഷയങ്ങൾ തന്നെയാണ് പഠിക്കാൻ. പ്രാക്ടിക്കലായി സിവിൽ ലാബ്, മെക്കാനിക്കൽ ലാബ് പിന്നെ ഇലക്ട്രിക്കൽ ലാബും.
സിവിൽ ലാബും ഇലക്ട്രിക്കൽ ലാബും നമ്മൾ ഒറ്റക്കല്ല ചെയ്യുന്നത്. അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പായി തിരിക്കും. സ്ക്വാഡ് എന്നാണതിന്റെ പേര്. എന്റെ സ്ക്വാഡിൽ വരുൺ, വിപിൻ, അഞ്ചന, അശ്വതി പിന്നെ ഞാനും.
ആൺകുട്ടികളുടെ കൂടെ ഗ്രൂപ്പായാൽ ഒരു പ്രശ്നമുണ്ട്. അവർക്ക് നല്ല സ്പീഡായിരിക്കും. നമ്മൾ പയ്യെ മനസിലാക്കി വരുമ്പോളേക്കും അവർ ചെയ്ത് തീർന്നു കാണും.
സിവിൽ ലാബിൽ ഏതെക്കൊയോ രീതികളിൽ മതിലുകൾ കെട്ടാൻ ഇഷ്ടിക അടുക്കുക, പിന്നെ സ്ഥലത്തിന്റെ അളവൊക്കെയെടുത്ത് സർവേ നടത്തുക ഇവയൊക്കെയാണ് ചെയ്യേണ്ടത്.
എല്ലാം വരുണും വിപിനും കൂടെ പെട്ടെന്ന് ചെയ്യും. സിവിൽ സർവേയിങ്ങിന്റെ ഭാഗമായി ഒരു ട്രിപോഡിൽ അളവെടുക്കാനുള്ള തിയോഡലൈറ്റ് എന്ന ഉപകരണം വെച്ച് നോക്കണം. എന്റെ സ്ക്വാഡിൽ എല്ലാർക്കും നല്ല പൊക്കമാ, ഞാൻ മാത്രമേ ഉള്ളു ഒരു ചോട്ടാ. പിന്നെ അളവെല്ലാം എടുക്കുന്നത് വരുണും. 🙄
ഒരു വട്ടമെങ്കിലും അതിന്റെ ഉള്ളിൽ കൂടിയുള്ള കാഴ്ച എന്താന്ന് അറിയാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് ഞാൻ പോയി എവിടുന്നോ 2 ഇഷ്ടിക ഒക്കെ എടുത്ത് കൊണ്ട് വന്നു, കയറി നിന്ന് നോക്കാനായി. അപ്പോളേക്കും വരുൺ എല്ലാം കഴിഞ്ഞ് ഉപകരണങ്ങൾ ഒക്കെ തിരിച്ച് കൊടുത്തായിരുന്നു. എന്നിട്ട് പറയാ " അതിൽ കൂടെ കാണാൻ മാത്രം ഒന്നുമില്ലെന്ന്!" അവന്റെ ഒരു അഹങ്കാരം !
അങ്ങനെ ഇലക്ട്രിക്കൽ ലാബിലും സിവിൽ ലാബിലും എനിക്ക് വലിയ റോൾ ഇല്ലായിരുന്നു. വരുണും വിപിനുമൊക്കെ കഷ്ടപെട്ട് ഒരോന്ന് ചെയ്യുമ്പോൾ ഞാൻ മാറി നിന്ന് എന്റെ സർഗാത്മ കഴിവുകളായ വായ് നോട്ടം, കർണഘടോരമായ ഗാനാലാപാനം , പരദൂഷണം എന്നിവ നടത്തി പോന്നു.
പക്ഷെ മെക്കാനിക്കൽ ലാബിൽ കഥ മാറി. എല്ലാവരും ഒറ്റക്കൊറ്റക്ക് ചെയ്യണം. മരപ്പണി, കളിമണ്ണ് നനച്ച് കുഴച്ച് ഇടിച്ച് എന്തൊക്കെയോ രൂപങ്ങൾ ഉണ്ടാക്കുക( ഇടിയും കുഴയും നനയും ശരിയല്ലെങ്കിൽ രൂപം പൊട്ടി പോകും ) കർത്താവേ എന്റെ ഈ വർണനകൾ കേട്ട് യൂണിവേഴ്സിറ്റി എന്റെ ബിരുധം തിരിച്ചെടുക്കുമോ ആവോ.
ഇതിലും ഭീകരമായിരുന്നു ''സ്മിതി" എന്ന ലാബ്. നമുക്കൊരു സിലണ്ടറിക്കൽ ആകൃതിയിലുള്ള ഒരു ദണ്ഡ് തരും. അത് തീയിലിട്ട് പഴുപ്പിച്ചിട്ട് എടുത്താൽ പൊങ്ങാത്ത ഒരു ഇരുമ്പ് ചുറ്റിക കൊണ്ട് അടിച്ച് പരത്തി ചതുരമാക്കണം. പിന്നെ അതിനെ പിന്നേം അടിച്ച് ബോൾട് പോലെയാക്കണം.
ആൺ പിള്ളേരൊക്കെ ഒറ്റയടിക്ക് ചതുരവും ബോൾടും ഒക്കെയാക്കും. ഞങ്ങൾ ഒക്കെ അടിച്ചാൽ അതിനൊരു കുലുക്കവുമില്ല. അവസാനം എന്റെ ഇരുമ്പ് കമ്പി മാനസ ഹോൾഡർ കൊണ്ട് പിടിക്കുക ഞാൻ ചുറ്റിക കൊണ്ട് ആഞടിക്കുക അങ്ങനെയൊക്കെ ചെയ്തിട്ടും നോ രക്ഷ. അവസാനം പാവം തോന്നി ഞങ്ങളുട ക്ലാസിലെ ആൺ പിള്ളേർ വന്നു അടിച്ചു പരത്തി തന്നു . എന്റെ സിലിണ്ടർ അടിച്ചു പരത്തി ചുരുക്കി ബോൾട്ടാക്കി തന്ന ടോണിയോട് എനിക്കൊടുക്കത്തെ ആരാധന ആയിരുന്നു ആയിടക്ക് ... ആ.. അതൊക്കെ ഒരു കാലം... സോറി! ഒരു നിമിഷം വിഷയത്തിൽ നിന്നും വഴിമാറി പോയി..
അങ്ങനെ ഇത്തരം പരാക്രമങ്ങൾ കഴിഞ്ഞ് ഹോസ്റ്റലിൽ എത്തുമ്പോൾ നല്ല പുറം വേദന ആയിരിക്കും.
ഒന്നാം വർഷം ലാബുകൾക്ക് യൂണിവേഴ്സിറ്റി പരീക്ഷ ഇല്ലാത്തത് കൊണ്ട് രക്ഷപെട്ട് പോയി. പക്ഷെ പിന്നീടുള്ള എല്ലാ സെമസ്റ്ററും യൂണിവേഴ്സിറ്റിക്ക് ലാബ് എക്സാം കൂടെ കാണും.
ലാബ് എക്സാം എല്ലാവരുടേയും പേടി സ്വപ്നം ആയിരുന്നു. കാരണം അതിൽ ഭാഗ്യത്തിന്റെ സ്വാധീനം വളരെ വലുതാണ്. നമ്മൾ തന്നെ നറുക്കെടുത്താണ് ഏത് ചെയ്യണം എന്ന് തിരുമാനിക്കുന്നത് . എല്ലാം പഠിച്ച് ഒരെണ്ണം മാത്രം പഠിക്കാതെ വിട്ടാലും , അതാണ് നമ്മൾ നറുക്കെടുക്കുന്നതെങ്കിൽ തീർന്നില്ലേ?
നാലാം സെമസ്റ്ററിലും ഞങ്ങൾക്ക് മെക്കാനിക്കൽ ലാബുണ്ടായിരുന്നു. എക്സാം ഒന്നേ ഉള്ളു പക്ഷെ ലാബ് രണ്ടെണ്ണം ഉണ്ട് ''ഹൈഡ്രോ ലിക്സും
ഹീറ്റ് എൻജിനും ''. ആദ്യം നമ്മൾ ഇതിൽ എന്ത് വേണമെന്ന് നറുക്കെടുക്കണം. എന്നിട്ട് ഏത് എക്സ്പിരിമെന്റ് ആണെന്ന് അടുത്ത നറുക്കെടുപ്പിലേ കിട്ടൂ.
ഈ ഹൈഡ്രോലിക്സിനും ഹീറ്റ് എൻജിനും ഒരു പാട് പഠിക്കാനുണ്ട്. ആ സമയത്ത് ഞങ്ങൾ വചനപ്പെട്ടിയിൽ നിന്ന് "വചനം" എടുത്ത് നോക്കുന്ന പരിപാടിയുണ്ട്.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ലയന ഹൈഡ്രോലിക്സ് പഠിക്കാൻ പോകുന്നതിന് മുന്നേ വചനം എടുത്ത് നോക്കിയപ്പോൾ " നീ തെറ്റായ മാർഗത്തിലൂടെയാണ് പോകുന്നത് " എന്നോ മറ്റോ ഉള്ള ഒരു വചനം ആണ് കിട്ടിയത് . ലയന തളരാതെ പിന്നേയും ഹൈഡ്രോ ലിക്സ് പഠിച്ചു. കുറച്ച് കഴിഞ്ഞ് പിന്നേം വചനം എടുത്തപ്പോൾ ദാണ്ടെ പറയുന്നു " നീ വീണ്ടും വീണ്ടും തെറ്റിലേക്ക് പോകുന്നു '' എന്നോ മറ്റോ.
ഇത് കേട്ട് ഭയചകിത ആയ ലയന , ഹൈഡ്രോലിക്സ് റെക്കോഡ് അടച്ച് വെച്ച് ഹീറ്റ് എൻജിൻ പഠിക്കാൻ തുടങ്ങി. ഒന്നൂടെ വചനം എടുത്ത് നോക്കിയപ്പോൾ പറയാ " ഇതാ, നിന്റെ രക്ഷയുടെ തീരം എത്തി കഴിഞ്ഞു " എന്ന് . അപ്പൊ ലയന ഉറപ്പിച്ചു ഹീറ്റ് എൻജിൻ തന്നെയാവും നറുക്കിൽ കിട്ടുക എന്ന്. ഹൈഡ്രോലിക്സിനെ തഴഞ്ഞ് തകൃതിയായി ഹീറ്റ് എൻജിൻ പഠിപ്പ് തുടർന്നു. അവസാനം കിട്ടിയതോ ഹൈഡ്രോലിക്സും.🙆🙆🙆 പാവം എങ്ങനെയൊക്കെയോ പാസ് ആയി. എന്നാലും ആ വചനത്തിന്റെ ഒരോ കാര്യമേ.
അങ്ങനെ പല ലാബുകൾ കയറിയിറങ്ങി ഫൈനൽ ഇയർ ആയി...
ലാബ് എക്സാം സമയത്താണ് ഏറ്റവും കൂടുതൽ ടെൻഷനും പ്രാർത്ഥനയും നേർച്ചയും വഴിപാടുമൊക്കെ...
ഇലക്ട്രിക്കൽ ലാബിന് ജീൻസും കോളർ ഉള്ള ഷർട്ടും വേണം വേഷവിധാനം... പിന്നെ മുടി പുട്ടപ്പ് ചെയ്യണം... ഷൂവും സോക്സും വേണം ... പിന്നെ സർക്യൂട്ട് ഡയഗ്രം വരക്കാൻ പ്രോ സർക്കിൾ, സ്കെയിൽ, പെൻസിൽ മുതലായ ഉപകരണങ്ങൾ വേണം...
ഫൈനൽ ഇയർ ആയപ്പോളേക്കും പരസ്പര സഹകരണം അതിന്റെ ഉച്ചസ്ഥായിൽ എത്തിയാർന്നു... പ്രോ സർക്കിൾ, സ്കെയിൽ, ഷൂ, ജീൻസിലിടാനുള്ള ബെൽറ്റ് എന്ന് വേണ്ട മുടി പുട്ടപ്പ് ചെയ്യാനുള്ള ക്ലിപ്പ് പോലും രണ്ടാൾക്ക് ഒന്ന് എന്ന അനുപാതത്തിലെ ഉണ്ടാവൂ.... അത് തന്നെ ഒപ്പിക്കാനുള്ള ബുദ്ധിമുട്ട് അതനുഭവിച്ചവർക്കേ മനസിലാകൂ...
അതൊക്കെ ബുദ്ധിപരമായി നമ്മൾ പങ്ക് വെക്കും... ലാബ് എക്സാം എല്ലാവർക്കും ഒറ്റയടിക്കല്ല.. ബാച്ച് ബാച്ചായാണ്.... ആദ്യം കയറുന്നവർ ഇറങ്ങിവരാൻ വേണ്ടി രണ്ടാമത് കേറുന്നവർ അഴിച്ചിട്ട മുടിയും സ്ലിപ്പർ ചെരുപ്പിട്ട പാദങ്ങളും ബെൽറ്റിടാത്ത ജീൻസും കയ്യിൽ യാതൊരു വിധ ഉപകരണങ്ങളും ഇല്ലാതെ ഒരു കള്ളിയങ്കാട്ട് നീലിയെ പോലെ കാത്ത് നിൽക്കും...
ആദ്യം കയറിയ ആൾ ഇറങ്ങുമ്പോൾ കാത്ത് നിന്നയാൾക്ക് കാർബൺ വജ്രമാകുന്ന പോലത്തെ പരിണാമമാണ് നടക്കുക... മുടി പുട്ടപ്പ് ചെയ്ത്, ഷൂവും ബെൽറ്റും ഇട്ട് സർവ്വ ഉപകരണങ്ങളുമായി ഇവൾ തന്നെയാണോ നേരത്തെ കണ്ടവൾ എന്ന് വർണ്ണ്യത്തിൽ ആശങ്കയുണ്ടാക്കി അവൾ അകത്തേക്ക് പോകുന്നു .... ഇതിന്റെ വിപരീത പ്രതിഭാസം അനുഭവിച്ച് അകത്ത് നിന്ന് പുറത്തു വന്നവളും!
ഇനി അകത്ത് കേറി കഴിഞ്ഞാൽ സർക്യൂട്ട് ഡയഗ്രം വരക്കണം കിട്ടുന്ന എക്സിപിരിമെന്റിന്റെ.... അതു കഴിഞ്ഞ് Proceed കിട്ടിയാൽ നമ്മൾ പോയി കണക്ഷൻ ചെയ്യണം....
എനിക്കാണേൽ സർക്യൂട്ട് ഡയഗ്രം വരക്കാൻ മാത്രേ അറിയൂ.... അതിന് കാണാപ്പാഠം പഠിച്ചാൽ മതിയല്ലോ .... പക്ഷെ കണകഷൻ കൊടുത്താൽ ഒരു പൊട്ടിത്തെറി ഉറപ്പാണ്.....
അങ്ങനെ proceed പെട്ടന്ന് തന്നെ കിട്ടി ഞാൻ കണക്ഷൻ കൊടുത്തു... പവർ കൊടുത്താൽ ഉണ്ടാകുന്ന പൊട്ടിത്തെറി ഓർത്ത് കയ്യും കാലും വിറക്കാൻ തുടങ്ങി... അങ്ങനെ സംഭവിച്ചാൽ സപ്ലി ഉറപ്പാണ്..
ഞാൻ എല്ലാ ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി... ആദ്യം ഓഫർ ചെയ്തിരുന്ന പത്ത് രൂപ നേർച്ച കുത്തനെ നൂറ് രൂപയാക്കി ഉയർത്തി... ദൈവമേ കാത്തോളണേ എന്ന് പ്രാർത്ഥിച്ചും കൊണ്ട് പവർ ഓൺ ആക്കാൻ പോയതും ഒരു പൊട്ടിത്തെറി...
ഈശ്വരാ , പവർ ഓണാക്കുന്നതിന് മുന്നേ പൊട്ടിത്തെറിയോ എന്നാലോചിച്ച് പണ്ടാരമടങ്ങി നിൽക്കുമ്പോളാണറിയുന്നത് പവർ കൊടുത്ത ഹതഭാഗ്യൻ വേറെ ആരോ ആണെന്നും അത് മൂലം മൊത്തം പവർ പോയന്നും .... എന്റെ പ്രാർത്ഥനയുടെ ഒരു ശക്തി നോക്കണെ....
പിന്നീട് ലാബ് എക്സാമിനർ അവിടെ ചെയ്ത് കൊണ്ടിരുന്ന ബാക്കി ഉള്ളവർക്ക് വാല്യൂസ് തന്നു ... കാൽക്കുലേഷൻസ് അറിയാവുന്നോണ്ട് പിന്നെ സിമ്പിൾ ആയിരുന്നു....
ഇങ്ങനെ എല്ലാ ലാബ് എക്സാമുകൾക്കും ദൈവത്തിന്റെ അപാരമായ അത്ഭുത പ്രകടനങ്ങൾ കാരണം ഞാൻ ശിക്കാരി ശംഭുവിനെ പോലെ അബദ്ധങ്ങൾ ചെയ്താലും അവസാനം വിജയശ്രീ ലാളിതയായി പുറത്തു വന്നു ..
അങ്ങനെയെത്രയെത്ര ലാബോർമകൾ...അവിടുത്തെ വാചകമടിയും അന്താക്ഷരിയും പരദൂഷണം പറച്ചിലും എക്സാം സമയത്തെ ടെൻഷനുകളും എല്ലാം ഇന്നലെയെന്ന പോലെ ഓർക്കുന്നു ...നിലയ്ക്കാത്ത ഓളങ്ങൾ പോലെ മരിക്കാത്ത ഓർമകൾ!

DeepthiPrasanth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo