Slider

മതിലകം ( ചെറുകഥ )

0
Image may contain: 1 person, closeup

2018 മാർച്ച് 21. സമയം 6.30 pm. മുൻപിലെ വഴിയുടെ വീതി കുറഞ്ഞു വന്നു.
കഷ്ട്ടിച്ചു ഒരു വാഹനത്തിന് മാത്രം പോകാനുള്ള വഴിയേ ഉള്ളു. ഇരു വശവും ചെങ്കല്ല് വെട്ടി യുണ്ടാക്കിയ വഴി മുന്നോട്ട് നീണ്ട് കിടക്കുന്നു. ഉയർന്നു നിൽക്കുന്ന മതിലുപോലെ ഇരു വശവും ചെങ്കൽ ഭിത്തികൾ. അതിൽ വള്ളിപോലെ പടർന്ന കാട്ടുചെടികൾ വളർന്ന് ഇരുവശത്ത് നിന്നും ഇഴചേർന്ന് കിടക്കുന്നു.ഞാൻ വണ്ടി മുന്നോട്ടെടുത്തു. വാഹനത്തിന്റെ വെളിച്ചം തുരങ്കം പോലുള്ള ആ വഴിയുടെ ഇരുൾ കീറി മുറിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. ഈ ഇരുൾ അവസാനിക്കുന്നതിന്റെ അവസാനം ഞാൻ തുടങ്ങി വെയ്ക്കുന്ന ഒരു ദൗത്യം എന്നെ കാത്തിരിക്കുന്നു.അതിന്റെ അവസാനം എന്താകും എന്നറിയില്ല. "മതിലകം " ദ്രവിച്ചു തുടങ്ങിയ ഒരു തടികൊണ്ടുള്ള ഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന ആ പേര് വാഹനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടു . ഞാൻ വണ്ടി നിർത്തി. തുരുമ്പെടുത്ത വലിയ ഇരുമ്പ്ഗേറ്റ് അടർന്ന് തുടങ്ങിയിരുന്നു. ആ ഗേറ്റിനു അപ്പുറം ഇരുളിന്റെ മൂടുപടം ധരിച്ചു കൊണ്ട് മതിലകം എന്ന ആ പഴയ ബംഗ്ളാവ് ഉയർന്ന് നിന്നു. ഞാൻ തുരുമ്പെടുത്ത ആ ഗേറ്റിന്റെ വാതിലിൽ ശക്തിയായി പതിയെ തള്ളി. ദീർഘമായ് ഞരക്കത്തോടെ അത് പതിയെ തുറന്നു. ഇരുട്ടിൽ നിന്ന് കറുത്ത പക്ഷികൾ വിചിത്രമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് എനിക്ക് ചുറ്റുമായി പറന്നുകൊണ്ട് അകന്നുപോയി. ഇരുട്ടിൽ മിന്നാമിന്നികൾ വട്ടം ചുറ്റുന്നുണ്ടായിരുന്നു. തണുപ്പ് കൂടി വരുന്നുണ്ടായിരുന്നു. ഞാൻ പതിയെ ബംഗ്ളാവിന്റെ മുറ്റത്തേക്ക് നടന്നു. " മിത്രൻ.. അരുത്... അവിടേക്ക് പോകരുത് " പിന്നിൽ നിന്നും ആരോ മന്ത്രിച്ചത് പോലെ. ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി, മനസിന്റെ തോന്നലാകാം. കയ്യിലെ ബാഗിൽ നിന്നും താക്കോൽ എടുത്തു പ്രധാന വാതിലിന്റെ മുന്നിലെത്തി. താക്കോലിന് തന്നെ നല്ല ഭാരമുണ്ട്. ഇണചേർന്ന് കിടക്കുന്ന രണ്ടു പാമ്പുകളെപ്പോലെ യായിരുന്നു ആ താക്കോൽ നിർമ്മിച്ചിരുന്നത്. ഞാൻ ടോർച്ചടിച്ചു വാതിലിലെ ലോക്കിന്റെ ദ്വാരം തിരഞ്ഞു. വാതിലിന് സമീപം താഴെ എന്തോ ചലിക്കുന്നത് പോലെ. ഇണചേർന്ന് പരസ്പര ഇഴപിരിഞ്ഞു കിടക്കുന്ന രണ്ടു കറുത്ത പാമ്പുകൾ ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ടു. എന്റെ കയ്യിലുരുന്ന താക്കോൽ എങ്ങനെയാണോ നിർമ്മിച്ചരുന്നത് അതുപോലെ തന്നെ. അവ ആ വാതിലിന് സമീപം ഇണചേർന്ന് നൃത്തം ചെയ്യുകയാണ്. ആ പാമ്പുകൾ എന്റെ പ്രവേശനം തടയുന്നത് പോലെ തോന്നി. ഉള്ളിൽ നിന്നെവിടെയോ ഭയത്തിന്റെ തണുപ്പ് അരിച്ചു കയറി. ഫോൺ ശബ്ദിച്ചു. ശിഖയാണ്. "മിത്രൻ നിനക്ക് കുഴപ്പമെന്തെങ്കിലും.... ?" അവളുടെ ശബ്ദത്തിൽ പേടിനിഴലിച്ചിരുന്നു. ഏയ് ഇതുവരെയില്ല, ഞാൻ അവളെ ആശ്വസിപ്പിച്ചു. "സൂക്ഷിക്കണം " അവൾ മുന്നറിയിപ്പ് തന്നു. കാര്യങ്ങൾ പറഞ്ഞു അവൾ ഫോൺ വെച്ചു. അപ്പോഴേക്കും ആ പാമ്പുകളെ കാണുന്നുണ്ടായിരുന്നില്ല. ചുറ്റും. അവ എന്റെ കൺമുന്നിൽ നിന്നും ഇരുട്ടിൽ ലയിച്ചുചേർന്നോ. ആ വലിയ വാതിലിൽ നിറയെ ചെറിയ ശില്പങ്ങൾ കൊത്തിവെച്ചരുന്നു. കറുത്ത നിറമുള്ള വാതിൽതടിയിലെ ആ ശില്പങ്ങൾ ചലിക്കുന്നത് പോലെ തോന്നി. താക്കോൽ വാതിലിന്റെ ലോക്കിന്റെ സുഷിരത്തിലേക്ക് ഇട്ടു പതിയെ തിരിച്ചു. ജീവൻ നഷ്ടപ്പെടുമ്പോൾ ആരോ ഭയപ്പെട്ട് കരയുന്നത് പോലെയുള്ള ഒരു ശബ്ദം ആ താക്കോൽ സുഷിരത്തിൽ നിന്നും പുറത്തേക്ക് വന്നു. ഞാൻ പെട്ടന്ന് പിന്നോട്ട് മാറി. നെഞ്ചിടിപ്പ് കൂടി വന്നു. അതിശീതത്തിലും വിയർക്കുന്നത് പോലെ. ധൈര്യം സംഭരിച്ചു വാതിലിൽ സർവ്വ ശക്തിയും ഉപയോഗിച്ചു തള്ളി. കനത്ത വാതിൽ പാളികൾ അകന്നു മാറി, വലിയ ശബ്ദത്തോടെ തുറന്നു. മുറ്റത്ത് ഉയർന്നു നിന്ന വലിയ കാഞ്ഞിരമരത്തിൽ നിന്നും വാവലുകൾ കൂട്ടത്തോടെ പറന്നു ചിതറി. ഞാൻ ബംഗ്ലാവിനുള്ളിലേക്ക് കയറി. വാതിൽ ഞാൻ ചേർത്തടച്ചു. പുറത്തു ആകാശത്ത് മിന്നൽപിണറുകൾ കാണുന്നുണ്ടായിരുന്നു. അവ ആകാശത്ത് നിന്നും പരസ്പരം ഇഴചേർന്ന് ഇണചേർന്ന് സർപ്പങ്ങളെ പോലെ ഭൂമിയെ സ്പർശിച്ചു.മഴ വലിയ ശബ്ദത്തോടെ പെയ്തു തുടങ്ങി. ബംഗ്ളവിലെ ആ വലിയ ഹാളിനുള്ളിൽ നിന്ന് കൊണ്ട് ഞാൻ ചുറ്റും നോക്കി. ഈട്ടിയിൽ തീർത്തു ഫർണ്ണീച്ചറുകൾ. സിഹാസനംതുല്ല്യമായ ഇരിപ്പിടങ്ങൾ. മാറാല പിടിച്ച ചുവരുകളിൽ മങ്ങിയ നിറമുള്ള അനേക വർഷങ്ങൾ പഴക്കമുള്ള എണ്ണഛായാ ചിത്രങ്ങൾ. ഓരോ വ്യക്തികളുടെ ചിത്രങ്ങളാണ്. സ്ത്രീകളുടെയും പുരുഷൻമാരുടെയുമുണ്ട്. രാജകീയ വേഷങ്ങൾ പോലെ തോന്നുന്നു ചിലരെ കണ്ടാൽ. പുറത്തു മഴക്കൊപ്പം കാറ്റും ശ്കതമായി. ഞാൻ ഓരോ ചിത്രങ്ങളിലേക്കും ടോർച്ചടിച്ചു കണ്ടു കൊണ്ടിരുന്നു. അത്തിലുൾപ്പെട്ട ഒരു ചിത്രം എന്റെ ശ്രദ്ധയാകർഷിച്ചു. എവിടെയോ കണ്ടുമറന്നപോലെ. പാരമ്പരാഗത വേഷമാണ്. ഒരു യുവാവിന്റെ ചിത്രമാണ്. ഒരു തരം പ്രത്യക തലപ്പാവ് ഒക്കെയുണ്ട്. പൊടി പിടിച്ചിരിക്കുന്നതിനാൽ മുഖം പൂർണ്ണമായും വ്യക്തമല്ല. ഒരു ഉയർന്ന ടേബിളിൽ കയറി നിന്ന് ഞാൻ എന്റെ കർചീഫ് കൊണ്ട് പൊടി തുടക്കാൻ കൈകൾ നീട്ടി. " മിത്രൻ... അരുത് അത് പാടില്ല ".ആരോ എന്റെ ചെവിയിൽ മന്ത്രിക്കുന്നത് പോലെ, ചുടു നിശ്വാസം എന്റെ കവിളിൽ തട്ടിയത് പോലെ... പിന്നെ ഒരു തേങ്ങൽ പോലെ. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. ആരെയും കണ്ടില്ല. നെഞ്ചിടിപ്പ് കൂടി. കർചീഫ് കൊണ്ട് ആ എണ്ണച്ഛായാ ചിത്രത്തിലെ പൊടിയും മാറാലയും തുടച്ചു. ചിത്രം വ്യക്തമായി. ഞാൻ അത്ഭുതപ്പെട്ടുപോയി. അത് എന്റെ ചിത്രമായിരുന്നു. അതെ ഞാനുമായി നല്ല സാമ്യം. ചിത്രത്തിലുള്ള ആളുടെ പേര് അതിൽ ഇങ്ങനെ എഴുതിയിരുന്നു. " മിത്രൻവേദചിത്രൻ., ജനനം 05-04-1214- മരണം 10 - 08-1249."
പുറത്ത് അപ്പോഴും പേമാരിയിൽ മതിലകം ബംഗ്ളാവിന്റെ ചുറ്റുമുള്ള വലിയ കാഞ്ഞിരമരങ്ങൾ കടപുഴകിവീഴുന്നുണ്ടായിരുന്നു.
പ്രമോദ് കൃഷ്ണൻ.
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo