
അന്ന് ഞാൻ പതിവിലും നേരത്തെ എണീറ്റു. അമ്മ ചോദിച്ചു "എന്ത് പറ്റി ൻറെ കുട്ടി ഇന്ന് നേരത്തെ ആണല്ലോ". ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു.. വടക്ക് ഭാഗത്തെ ചുമരിൽ തൂക്കിയിട്ട പഴേ അമൂല്യാ പാൽപ്പോടിയുടെ ടിന്നിൽ ഉള്ള ഉമിക്കരി എടുത്തു പല്ല് തേക്കാൻ ഇറങ്ങി. പതിവ് പോലെ തന്നെ ഒരു ഓലക്കീറ് എടുത്തു അച്ചന്റെ കയ്യിൽ കൊടുത്തു.. അച്ഛൻ ശ്രദ്ധയോടെ അതിലെ ഓല കളഞ്ഞു ഈർക്കിലി നെടുകെ പിളർന്നു നാക്ക് വടിക്കാനുള്ള നാച്ചുറൽ ടങ്ക് ക്ലീനർ ഉണ്ടാക്കി തന്നു. കിണറ്റുംകരയിലെ കല്ലിൽ വെച്ച സൈഡു പൊട്ടിയ അലുമിനിയം ബക്കറ്റിൽ നിന്നും വെള്ളം എടുത്തു വാ കഴുകി ഉള്ളിലേക്ക് ഓടി,. അമ്മ അവിടെ പാലുംവെള്ളം റെഡി ആക്കി വെച്ചിരുന്നു.. പുറത്ത് വന്നിരുന്നു ചിക്കിചിനക്കി നടക്കുന്ന കോഴികളെയും നോക്കി ചൂടാറ്റി അമ്മ തന്ന ആ പാലുംവെള്ളം അവസാന തുള്ളിയും വലിച്ചു കുടിച്ചു ഓടി..
"അമ്മെ... എനിക്ക് ന്റെ ഷർട്ട് ഒന്ന് ഇസ്തിരി ഇട്ടു തര്വോ??"
"ഞാൻ ആദ്യം നിനക്കുള്ള ചോറ് പാത്രതിലാക്കട്ടെ..എന്നിട്ട് ഇട്ടു തരാം.
എനിക്ക് അത്രേം ക്ഷമ ഇല്ല്യാരുന്നു. നേരെ അച്ഛന്റെ അടുത്തേക്ക്. "അച്ഛാ ഒന്ന് ഇസ്തിരിട്ട് തരൂ അച്ഛാ..."
"ഈ പേപ്പറോന്നു വായിക്കട്ടെ. ന്നിട്ട് ഇസ്തിരിയിടാം ട്ടോ".അച്ഛനും കയ്യൊഴിഞ്ഞു.
ക്ഷമ വളരെ കൂടുതലായ ഞാൻ ഓടിച്ചെന്നു തെക്കേ അറയിൽ നിന്നും കനമുള്ള ആ ഇസ്തിരി പെട്ടി താങ്ങി എടുത്തു കൊണ്ട് വന്നു. കുത്തിക്കൊടുക്കാൻ നോക്കുമ്പോഴേക്കും ഏട്ടൻ കണ്ടു..
"ദാ അമ്മെ ഉണ്ണി ഇസ്തിരിപ്പെട്ടി എടുക്കുന്നൂ"
പ്രത്യേകിച്ച് ഒരു പ്രയോജനോം ഇല്ലാത്ത ഒരു പരാതി...
"ഞാനീ ചെക്കനെണ്ടല്ലോ "
അമ്മ ഓടി വന്നു."അപ്പൊ ന്താ ഉണ്ണ്യേ പറഞ്ഞാ മനസ്സിലാവില്ലേ. ഷോക്കടിച്ചാലോ??"
എന്റെ കയ്യിൽ നിന്നും ഇസ്തിരിപ്പെട്ടി മേടിച്ചിട്ട് അമ്മ ചോദിച്ചു.
എന്റെ കയ്യിൽ നിന്നും ഇസ്തിരിപ്പെട്ടി മേടിച്ചിട്ട് അമ്മ ചോദിച്ചു.
"എന്ത് പറ്റി ഇന്ന് ഇസ്തിരി ഒക്കെ ഇട്ടു പോകാൻ തോന്നാൻ? അല്ല, നിന്റെ യൂണിഫോറം എവടെ? ഇന്ന് ബുധനാഴ്ച അല്ലല്ലോ കളറ് ഇടാൻ?"
കുറച്ചു ജാള്യതയോടെ ഞാൻ പറഞ്ഞു. "അതില്ലേ അമ്മെ.. ഇന്ന് ഉസ്ക്കൂളിൽ ഫോട്ടോ എടുക്കും. ഇന്ന് യൂണിഫോറം ഇല്ലെങ്കിലും ചീത്ത പറയില്ലാന്നു പറഞ്ഞു മാഷ്."
ൻറെ കണ്ണുകളിൽ അലയടിച്ച സന്തോഷം കണ്ടു അമ്മ പറഞ്ഞു.
" നിനക്കാ നീല ഷർട്ട് ഇട്ടൂടെ? അതിനു ഇതിനെക്കാൾ ചന്താ." അല്ലെങ്കിലും അമ്മ അങ്ങനെയ. ഞാൻ എടുക്കുന്ന ഷർട്ടിനെക്കാൾ അമ്മ പറയുന്ന ഷർട്ട് ആവും എപ്പോഴും നല്ലത്. ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴേക്കും അമ്മ നീല ഷർട്ട് പെട്ടകത്തിന്റെ ഉള്ളിൽ നിന്നും എടുത്തു ഇസ്തിരി ഇടാൻ തുടങ്ങി.ഞൻ കിണറ്റുകരയിലേക്ക് ഓടി. കുളിക്കാൻ. ശടപടെന്നു കുളീം തീർത്തു. അപ്പോഴേക്കും കഞ്ഞി വിളമ്പി വെച്ചിരുന്നു അമ്മ.
നെയ്യിട്ട കഞ്ഞിയും ഉപ്പുമാങ്ങയും. ചൂട് കഞ്ഞി ഊതി ഊതി കുടിക്കുമ്പോൾ 'അമ്മ പറഞ്ഞു "ഒന്ന് പതുക്കെ കുടിക്ക് ഉണ്ണ്യേ. സമയാവണേ ഉള്ളൂ.".
അമ്മേടെ വാക്കുകൾ കേൾക്കാതെ ഞാൻ ആ പരിപാടി തീർത്തു. പുറത്തു പോയി കയ്യും വായും കഴുകി അടുക്കളയിൽ എനിക്കുള്ള ചോറ് പാത്രം എടുത്തു തുടക്കുന്ന അമ്മയുടെ സാരിത്തുമ്പിൽ മുഖം തുടച്ചു. അപ്പോഴാ അമ്മ ൻറെ തല ശ്രദ്ധിച്ചത്. ചോറുപാത്രം അവിടെ വെച്ച് "ഒറ്റക്കുള്ള ഒരു കുളി കാരണം തലേം നേരെ തോർത്തില്ല..ജലദോഷം പിടിച്ചാ ഇവിടെ കിടക്കെ ണ്ടാവുള്ളൂ."' സാരിതുമ്പ് കൊണ്ട് തല തോർത്തുമ്പോൾ അമ്മ പറഞ്ഞു.
എന്റെ ചിന്ത സ്കൂളിലെ മുറ്റത്ത് രണ്ടു വരിയായി ഇട്ട ബഞ്ചിൽ കയറി നിന്ന് അറ്റെൻഷൻ മോഡിൽ നിന്ന് പുഞ്ചിരിച്ചു കൊണ്ട് എടുക്കുന്ന ഫോട്ടോയിൽ ആയിരുന്നു, കഴിഞ്ഞ വർഷം ഫോട്ടോ വാങ്ങാൻ പൈസ ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞതാ നാലാം ക്ലാസ്സിൽ എത്തട്ടെ. അപ്പൊ വാങ്ങാം എന്ന്..ഇത്തവണ എന്തായാലും ഫോട്ടോ കിട്ടും. തുവർത്തി തല മുടി അമ്മതന്നെ ചീവി നെറ്റിയിൽ വട്ടത്തിൽ ഒരു ചന്ദനക്കുറിയും തൊട്ടു തന്നു. കവിളിൽ പൌഡർ ഇട്ടു അമ്മയുടെ സാരികൊണ്ടു തന്നെ അതും തുടച് വൃത്തിയാക്കി. 'അമ്മ മുടി ചീവുന്നത് ബഹു രസാ. നീളൻ ചീർപ്പുകൊണ്ട് കൃത്യമായി ഒരു വര വരഞ്ഞു വരമ്പ് തീർത്ത് ചന്തത്തിൽ ചീകി തരും. എന്നിട്ട് താടിയിൽപ്പിടിച്ചു ഒരു നോട്ടം ഉണ്ട് എന്നിട്ട് ഷർട്ടിൽ ഒന്ന് തട്ടി യാത്രയാക്കും. (ഹൌ. ഞാൻ വളർന്നു ല്ലേ. ഇപ്പൊ അതൊക്കെ ഓർമ്മകളായി). അമ്മയോട് അമ്മെ പൂവ്വാ ന്നും പറഞ്ഞു ഒറ്റ ഓട്ടമാണ്. സ്കൂൾ വരെ.
അത്രേം നേരത്തെ അമ്മേടെ മിനുക്ക് പണിയൊക്കെ അവിടെ എത്തുമ്പോഴേക്കും വെറുതെയാവും. സ്കൂളിൽ എത്തുമ്പോഴേക്കും വിയർത്തു കുളിച്ചു ഒരു വഴിക്കായിട്ടുണ്ടാവും. ക്ലാസ്സിൽ എല്ലാവരും ഭയങ്കര ഉത്സാഹത്തിൽ. ഇതന്നെ കാരണം. ഫോട്ടോ എടുക്കാൻ ആള് വരും. ബെല്ലടിച്ചതും ഓരോ പീര്യെഡ് കഴിയണതും ഒന്നും അറിയുന്നെ ഇല്ല. എല്ലാ കണ്ണുകളും മനസ്സുകളും ഒരുപോലെ തിരയുന്നത് ഫൊട്ടൊഗ്രാഫറെ. ഗ്രൗണ്ടിൽ നിന്നും ഒരു കുഞ്ഞു ബഹളം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ആ സുന്ദര സന്തോഷ കാഴ്ച കണ്ടത്. ഡെസ്കും ബെഞ്ചും പിടിച്ചിടുന്ന മാഷന്മാർ. ഒരാൾ ഒരു ഭാഗത്ത് നിന്നും ഒരു വലിയ ബാഗ് എടുത്ത് അതിൽ നിന്നും ഒരു യന്ത്രം എടുക്കുന്നു. അപ്പൊ അതാണ് ക്യാമറ. ക്ലാസ്സിൽ ആകെ സന്തോഷത്തിന്റെ അലതല്ലൽ .
എല്ലാവരുടെയും നോട്ടം സ്‌കൂൾ മുറ്റത്തേക്കാണ്. ടീച്ചേർസ് ഓരോ ക്ലാസ്സുകളായി വാരി വരിയായി കൊണ്ട് പോകുന്നു. ഫോട്ടോ എടുക്കുന്നു. തിരിച്ചു വരി വരിയായി പോകുന്നു. അങ്ങിനെ ഞങ്ങളുടെ ഊഴം ആയി. പച്ച ഫ്രെയിം ഉള്ള ഒരു സ്ളേറ്റിൽ 4 B എന്ന് എഴുതി അതും പിടിച്ചു വരിവരിയായി ഞങ്ങളെയും കൊണ്ട് പോയി. മരം കൊണ്ട് ഉണ്ടാക്കിയ ഒരു കസേര നടുവിലായി മാഷക്ക് ഇരിക്കാൻ വെച്ചിരിക്കുന്നു അപ്പുറത്തും ഇപ്പുറത്തുമായി കുട്ടികളെ നിരത്തി ഇരുത്തി. പുറകിലായി നാല് ബെഞ്ചുകൾ നീളത്തിൽ ഇട്ടു. ആദ്യവരിയിൽ നിലത്തു ഇരിക്കുന്ന കുട്ടികൾ നടുവിൽ മാഷ്. പുറകിലെ ബെഞ്ചുകളിൽ കയറി നിന്ന് ബാക്കി ഉള്ളവർ. ഫോട്ടോയ്ക്ക് എങ്ങനെയാ പോസ് ചെയ്യുക എന്നൊന്നും അറിയാത്ത നിഷ്കളങ്ക ബാല്യം. ഞാൻ എത്തി വലിഞ്ഞു കൂട്ടുകാരെ ഒക്കെ നോക്കി. എല്ലാവരും എങ്ങനെയാ നിക്കുന്നെ. 'അമ്മ രാവിലെ വരമ്പ് തീർത്തു ചന്തത്തിൽ ചീകി തന്ന മുടി ഒക്കെ ഒരു കൈ കൊണ്ട് മാടി ഒതുക്കി. ഷർട്ട് നേരെയാക്കി കൈ കെട്ടി തല ഉയർത്തി നിന്നു ഞാൻ. ഫോട്ടോഗ്രാഫർ ഓരോരുത്തരെയും നോക്കി തല അങ്ങോട്ട് ചെരിക്കൂ നേരെ നിക്കൂ എന്നൊക്കെ പറയുന്നുണ്ട്. ക്യാമറയിലെക്ക് മാത്രം നേരെ നോക്കി നിന്നത് കൊണ്ട് എന്നോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. അങ്ങിനെ എല്ലാവരും ഇങ്ങോട്ട് നോക്കുക എന്ന ഒരു പ്രസ്ഥാവനയിൽ ഒരു വെളിച്ചം മിന്നി മാഞ്ഞു. അത് മാഞ്ഞതും മാഷ് എണീറ്റു പറഞ്ഞു. "ഇനി എല്ലാവരും വരിയായി ക്ലാസ്സിലേക്ക് പൊക്കോളൂ."
അങ്ങിനെ ആ ചടങ്ങ് കഴിഞ്ഞു. ചിരിച്ചും ചിരിക്കാതെയും ഇപ്പൊ ചിരിക്കും എന്ന ഭാവത്തിലും ഗൌരവത്തിലും എല്ലാം നിന്ന് എടുത്ത ആ ഫോട്ടോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായി പിന്നീടുള്ള ഓരോ ദിവസവും. എടുത്തോ പിടിച്ചോ എന്ന പ്രിന്റിംഗ് അല്ലല്ലോ അന്ന്. ഫിലിമും, ഡെവലപ്പിങും എല്ലാം കഴിഞ്ഞു വരുമ്പോ ഒരാഴ്ച ഒക്കെ കഴിയും. ഫോട്ടോ എങ്ങനുണ്ടാവും, ഞാൻ നന്നായിരിക്കുമോ. കഴിഞ്ഞ വർഷം ഫോട്ടോ വാങ്ങാൻ പറ്റിയില്ലെങ്കിലും ഒരുപാട് കെഞ്ചി ചോദിച്ചപ്പോൾ അമ്മയെ കാണിക്കാൻ വേണ്ടി ഒരു ദിവസം വീട്ടിൽ കൊണ്ട് പോവാൻ തന്നു ഷിബു. അന്ന് ഫോട്ടോയിൽ ഞാൻ ദെഷ്യപ്പെട്ടിരികണ പോലെ ഉണ്ട് എന്ന് അമ്മ പറഞ്ഞപ്പോ തീരുമാനിച്ചതാ. അടുത്ത വർഷത്തെ ഫോട്ടോയിൽ ചിരിച്ചു നിൽക്കും എന്ന്. ഇത്തവണ ചിരിച്ചിട്ടുണ്ടാവണേ ദേവീ.
ഇടക്കൊരു ദിവസം വന്നു മാഷ് ഫോട്ടോ വേണ്ടവരുടെ പേരൊക്കെ എഴുതിയെടുത്തു. തിക്കി തിരക്കി ചെന്നാ ഞാൻ പേര് കൊടുത്തെ. ഹോ. എന്തൊ ഒരു സമാധാനം. ഒരു വലിയ കാര്യം സാധിച്ച പോലെ. വൈകുന്നേരം വീട്ടിലേക്ക് ഓടിക്കയറുമ്പോ തന്നെ അമ്മയോട് പറഞ്ഞു."അമ്മെ, ഫോട്ടോയ്ക്ക് ഞാൻ പേര് കൊടുത്തു. മറ്റന്നാൾ കിട്ടും. പത്തു രൂപ വേണം നാളെ സ്കൂളിൽ പോകുമ്പോ." കിതച്ചു കൊണ്ടാണ് അത്രയും പറഞ്ഞോപ്പിച്ചത്. അമ്മ അടുത്ത് വന്നു ബാഗ് വാങ്ങി വെച്ചിട്ട് ഉള്ളിലേക്ക് നടന്നുകൊണ്ടു പറഞ്ഞു. "നീ അച്ഛനോട് പറഞ്ഞോ. എനിക്കറിയില്ല. കയ്യും കാലും കഴുകി വാ അമ്മ പാലുംവെള്ളവും ഇഡ്ഡലി ഉപ്പുമാവും എടുത്തു വെക്കാം. അത്രയും നാൾ കൊണ്ട് നടന്നിരുന്ന എന്റെ ആശക്ക് പെട്ടന്ന് ഒരു ചെറിയ ഭംഗം വന്നപോലെ തോന്നി. അച്ഛനോട് പറയാന്നു പറഞ്ഞാൽ അത് ലേശം പണിയാ. ഒരു ചെറിയ മടി. പണിയൊക്കെ കുറവാണ് ന്നു അമ്മയോട് പറയുന്നത് കേട്ടിരുന്നു. അച്ഛന്റെ കയ്യിൽ ചിലപ്പോ പൈസ ഉണ്ടായെന്നും വരില്ല. അങ്ങനെ ആണെങ്കിൽ അത് അച്ഛന് വല്യ വിഷമാവും. രാവില്ത്തെ ഇഡ്ഡലി കുത്തിപ്പൊരിച്ചു കടുകുക്കൊക്കെ ഇട്ടു സ്വാദിൽ ഉണ്ടാകുന്ന ഇഡ്ഡലി ഉപ്പുമാവ് സ്പൂൺ കൊണ്ട് കഴിക്കുമ്പോൾ ന്റെ മനസ്സിൽ നിറയെ ഫോട്ടോ ആയിരുന്നു.
ഒരു ദിവസം, ഇന്റർവെൽ സമയത്തു ഗ്രൗണ്ടിൽ കളിക്കുമ്പോൾ അന്ന് വന്ന ഫോട്ടോഗ്രാഫർ ഒരു കവറുമായി സ്കൂളിലേക്ക് വന്നു കയറുന്നത് കണ്ടു. കുട്ടികളെല്ലാം കൂടെ അയാളുടെ ചുറ്റും കൂടി. ഫോട്ടോ ഫോട്ടോ എന്ന് ആർത്തു വിളിച്ചുകൊണ്ട്. അയാള് കുറച്ചു കഷ്ട്ടപ്പെട്ടാ ഓഫീസ് റൂമിൽ കയറിച്ചെന്നത്. സ്റ്റെപ്പ് കയറിച്ചെന്നു തിരിഞ്ഞു നിന്ന് അയാള് എല്ലാരോടുമായി പറഞ്ഞു. "നിങ്ങളുടെ ഫോട്ടോ നാളെ മാഷ് തരും ട്ടോ. ആരും വിഷമിക്കണ്ട" ഹെഡ്മാഷ് ഇറങ്ങി വരുന്നത് കണ്ട ഞങ്ങൾ വേഗം ഗ്രൗണ്ടിലേക്ക് ഓടി. പിറ്റേ ദിവസം നടക്കുന്ന വർണ്ണസുരഭിലമായ എന്റെ അഭിലാഷമായ ഫോട്ടോയ്ക്ക് വേണ്ടിയുള്ള ആകാംഷയോടെ ഒരു കുഞ്ഞു മനസ്സ് ഉറങ്ങാൻ കിടന്നു.
അങ്ങിനെ ആ സുദിനം വന്നു. അമ്മ പറഞ്ഞപോലെ രാവിലെതന്നെ അച്ഛനോട് ചോദിക്കണം. പേടി ണ്ട്. ചോദിക്കണോ വേണ്ടയോ ന്നു. ചിലപ്പോ പൈസ ഇല്ലെങ്കിലോ ആകെ സങ്കടാവും. ന്തായാലും കുളി കഴിഞ്ഞു പതിവ് തേവാരങ്ങൾക്ക് ശേഷം മടിച്ചു മടിച്ചു അച്ഛന്റെ അടുത്തേക്ക് നടന്നു..
"അ.. അച്ഛാ.." വല്ലാത്ത ഒരു ഭയഭക്തി ബഹുമാനങ്ങളോടെ ഞാൻ വിളിച്ചു
"ഉം.. എന്തെ...?"
"അച്ഛൻ കുളിച്ചോ?"
"എന്ത് പറ്റി.. ഉണ്ണിക്ക് പതിവില്ലാത്ത ഒരു സ്നേഹം.. എന്തോ ആവശ്യം ഉണ്ടല്ലോ"
"അതില്ലേ അച്ഛാ, ഇന്ന്... "
" ഇന്നെന്താ.. സ്‌കൂളില്ലേ ഉണ്ണിക്ക്?"
"അച്ഛാ... ഇന്നാണ് സ്‌കൂളിൽ ഫോട്ടോ കിട്ടാ."
"ഫോട്ടോയോ.. എന്ത് ഫോട്ടോ?"
"അത്.. എല്ലാരും കൂടെ നിന്ന് എടുക്കില്ലേ.. ഉസ്ക്കൂളിൽ"
"ഗ്രൂപ്പ് ഫോട്ടോയോ.. അതിനെന്താ"
ചോദിച്ചാൽ ഉടനെ പൈസ എടുത്തു തരും എന്ന ശുഭപ്രതീക്ഷയിൽ നിന്ന ഞാൻ ഉള്ളൊന്നു പിടഞ്ഞു ചോദിച്ചു.
"അച്ഛനല്ലേ പറഞ്ഞെ ഈ പ്രാവശ്യം പൈസ തരാം ന്നു" അപ്പോഴേക്കും ഞാൻ കരഞ്ഞിരുന്നു.
ന്റെ കരഞ്ഞ മുഖം കണ്ടപ്പോൾ അച്ഛൻ ഒന്നലിഞ്ഞു. "അയ്യേ ഉസ്കൂളിൽ പോകുമ്പോ കരയാ? കണ്ടോ പൗഡർ ഒക്കെ ഇപ്പൊ പടർന്നില്ലേ"
സ്നേഹത്തോടെ ലുങ്കി കൊണ്ട് കണ്ണ് തുടച്ചു തന്ന കൈകൾ തട്ടി മാറ്റി "അച്ഛന് ഉണ്ണ്യേ ഒരു ഇഷ്ടവും ഇല്ല" എന്നും പറഞ്ഞു കൊണ്ട് ഞാൻ ഓടി.. പിന്നിൽ നിറയുന്ന ആ കണ്ണുകൾ കാണാതെ. തെക്കേ അറയിലെ കട്ടിലിലേക്ക് വീഴുമ്പോൾ ഞാൻ തകർന്നു കരയുകയായിരുന്നു. മോഹഭംഗത്തിന്റെ കരച്ചിൽ.. വാതിൽക്കൽ ഞാൻ. അച്ഛന്റെ കാൽപെരുമാറ്റം കേട്ടു. അച്ഛൻ ഷർട്ട് എടുക്കുന്നതും തപ്പുന്നതും കരച്ചിലിനിടയിലും ഞാൻ കണ്ടു. പ്രതീക്ഷയുടെ ഇത്തിരി നാളങ്ങൾ മുളച്ചെങ്കിലും, ഷർട്ട് തിരികെയിട്ട് അച്ഛന്റെ ആ മണം അകന്നു പോകുന്നത് ഞാൻ അറിഞ്ഞു.
അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. "അവൻ ഒരുപാട് ആഗ്രഹിച്ചതാ. എന്താ ഇപ്പൊ ചെയ്യാ. കുറച്ചു പഴയ പേപ്പർ ഉണ്ട്. അത് കൊടുത്താലോ".
അച്ഛൻ ഒന്നും മിണ്ടാതെ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു. ഷർട്ട് എടുത്തിട്ട് എന്റെ തലയിൽ ഒന്ന് തൊട്ടു. ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു.
വല്ലാത്ത ഒരു മാനസിക ഭാരത്തോടെ ഞാൻ സ്‌കൂളിലേക്ക് നടന്നു. എല്ലാവരും ഇന്ന് ഫോട്ടോ വാങ്ങും. ഞാൻ മാത്രം. കൂട്ടുകാരൊക്കെ കളിയാക്കും. കൊഴപ്പമില്ല. പാവം അച്ഛൻ. കൈ തട്ടി മാറ്റണ്ടായിരുന്നു. പൈസ ഇല്ലാഞ്ഞിട്ടല്ലേ. അച്ഛന് സങ്കടം ആയോ ആവോ.
ചിന്തകൾ കുഞ്ഞു തലയിൽ തേനീച്ചകൾ മൂളുന്ന പോലെ മൂളി. സ്‌കൂളിൽ എത്തിയത് ഞാൻ അറിഞ്ഞേ ഇല്ല. ബെല്ലടിച്ചു. അസംബ്ലിക്ക് ശേഷം ക്‌ളാസ്സ് തുടങ്ങി. ഞാൻ മാത്രം ചിന്താമഗ്നനായി ആകെ തലയും കുനിച്ചിരുന്നു. ആദ്യത്തെ പീര്യഡ് അങ്ങനെ പോയി. രണ്ടാമത്തെ പീര്യഡ് അജയന്മാഷ് വന്നു. കയ്യിൽ തിളക്കമുള്ള ഒരു കവർ. അതിലേക്കായി എല്ലാവരുടെയും നോട്ടം. സാധാരണ പരീക്ഷപ്പേപ്പർ കൊണ്ട് വരുമ്പോൾ ഉണ്ടാവുന്ന. ശ്ശ് ശ് ശ് ശ് ശ് മ്യൂസിക്ക് ഇത്തവണ ഉണ്ടായില്ല. സന്തോഷത്തിന്റെ ഒരു ശബ്ദം മാത്രം.
"ഫോട്ടോയ്ക്ക് പേര് തന്ന എല്ലാവരും എഴുന്നേറ്റ് നില്ക്കാ"
സ്വാഭാവികമായും സന്തോഷം ഉണ്ടാവേണ്ട നിമിഷം.. എഴുന്നേൽക്കാത്തവരുടെ കൂട്ടത്തിൽ പതിവ് പോലെ ഞാനും. മാഷ് ഓരോരുത്തരുടെ പേര് വിളിച്ചു. അവർ പോവുന്നു. ഫോട്ടോ വാങ്ങി സന്തോഷത്തോടെ വരുന്നു. അവസാനം വരെ എന്റെ പേര് വന്നില്ല. ഇനി രണ്ടു ഫോട്ടോ കൂടെ ഉള്ളൂ. സമാധാനത്തിൽ ഇരിക്കുമ്പോൾ ഇടിത്തീ വീഴുന്ന പോലെ എന്റെ പേരും. "ഉണ്ണികൃഷ്ണൻ" ഞാൻ മടിച്ചു മടിച്ചു എഴുന്നേറ്റ് നിന്നു. "ഓടി വാ. അപ്പൊ എന്താ എഴുന്നേറ്റ് നിൽക്കാഞ്ഞേ??". പെട്ടന്ന് ഒരു നിശബ്ദത പടർന്ന പോലെ. ഞാൻ ചുറ്റും ഒന്ന് നോക്കി. രാജേഷും ഷിബുവും എല്ലാം എന്നെ നോക്കുന്നു. എനിക്കാണെങ്കിൽ ചെറുതായി കരച്ചിൽ വരുന്നത് പോലെ. ഹേ അല്ല. ഞാൻ കരയുന്നുണ്ട്. സ്വതവേ ബഹളക്കാരനായ ഞാൻ മിണ്ടാതിരുന്നപ്പോ മാഷ്‌ക്കും തോന്നി എന്തോ പന്തികേട്.
കസേരയിൽന്നും നിന്നും എഴുന്നേറ്റ് മാഷ് വേഗം എന്റെ അടുത്തേക്ക് വന്നു. തോളിൽ പിടിച്ചു എന്നെയും കൂട്ടി പുറത്തേക്ക് നടന്നു. അപ്പോഴേക്കും ഞാൻ വിങ്ങിപ്പൊട്ടിയിട്ടുണ്ടായിരുന്നു. ഫോട്ടോ വാങ്ങാത്തത്തിൽ അല്ല, മാഷ് ചീത്ത പറയും എന്ന പേടിയും, അച്ഛന്റെ കൈ തട്ടിമാറ്റിയ ആ ഓർമ്മകളും കുറ്റബോധവും എല്ലാം കൂടെ ആയിരുന്നു അത്.
"എന്തിനാ ഉണ്ണി കരഞ്ഞേ?" ഒരു വല്യേട്ടന്റെ സ്നേഹത്തോടെ മാഷ് ചോദിച്ചു. കരച്ചിലിടയിൽ ഞാൻ കാര്യം പറഞ്ഞു. അച്ഛനോട് ചോദിച്ചതും അച്ഛന്റെ കൈ തട്ടി മാറ്റി ഓടിയതും എല്ലാം. മാഷ് എന്റെ തോളിൽ പിടിച്ചു താഴെ ഇരുന്നു. കവിളിൽ പടർന്ന കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു. "ഇതിനൊക്കെ കരയാ? അയ്യേ. മാഷ് തരാം ട്ടോ ഉണ്ണിക്ക് ഫോട്ടോ. പക്ഷെ അച്ഛനോട് ഇനി അങ്ങനെ ഒന്നും ചെയ്യരുത്. അച്ഛന് ഉണ്ണ്യേ കൊറേ ഇഷ്ടം ഉള്ളതുകൊണ്ടല്ലേ അച്ഛൻ അടുത്ത് വന്നത്. അപ്പൊ കൈ തട്ടി മാറ്റിയത് അച്ഛന് എത്ര സങ്കടം ആയിക്കാണും. വീട്ടിൽ പോയ ഉടനെ അച്ഛന് ഒരു ഉമ്മകൊടുക്കണം ട്ടോ"
കണ്ണ് തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു" വേണ്ട മാഷെ.. ഫോട്ടോ ഒന്നും എനിക്ക് വേണ്ട. ഞാൻ അച്ഛന്റെ സങ്കടം മാറ്റാം. ഇനി അങ്ങനെയൊന്നും ചെയ്യില്ല."
ഒരു നിമിഷം എന്തോ ആലോചിച്ചു കൊണ്ട് മാഷ് പറഞ്ഞു. "ശരി. എന്നാ ഇനി കരയാൻപാടില്ല. വാ.. ക്ളാസിലേക്ക്"
ഞങ്ങൾ രണ്ടു പേരും കൂടെ ക്ലസ്സിലേക്ക് കയറി. ബഹളമയമായ ക്ലാസ് ഒരു നിമിഷം ശാന്തിയിലമർന്നു. കുറ്റബോധം കൊണ്ട് നീറുന്ന മനസുമായി ഞാനും. ഷിബുവും രാജേഷും വന്നു എന്നോട് ചോദിച്ചു. "എന്തിനാ മാഷ് വിളിച്ചു കൊണ്ട് പോയെ? അടി തന്നോ". ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.
ഉച്ചക്ക് ഊണ് കഴിക്കാൻ വിട്ടപ്പോ, എപ്പോഴും പുറത്തു പോയി കളിച്ചു തിമിർക്കുന്ന ഞാൻ ഊണ് കഴിഞ്ഞു തിരിച്ചു ക്ലാസ്സിൽ തന്നെ ഇരുന്നു. സ്‌കൂൾ മുറ്റത്തു കുരുന്നുകളുടെ കളിചിരികൾ തകർക്കുമ്പോൾ കുഞ്ഞു മനസ്സിൽ നൊമ്പരം തളംകെട്ടി കിടക്കുകയായിരുന്നു.. അച്ഛൻ.. സ്‌കൂൾ വിടാറായി. ബെല്ലടിച്ചാലുടനെ വീട്ടിലേക്ക് ഓടിയെത്തി അച്ഛനെ കാണാൻ വെമ്പി നിൽക്കുന്ന മനസുമായി ഇരിക്കുകയായിരുന്നു ഞാൻ..
അവസാന പീര്യഡ് ക്ലാസ് നടക്കുമ്പോ ആരോ പുറത്തു വന്നു നിന്നു. ടീച്ചർ പുറത്തേക്ക് പോയി. ഉടനെ തന്നെ തിരിച്ചു വന്നു. "ഉണ്ണികൃഷ്ണൻ." എന്ന് വിളിച്ചു. ഏതോ ലോകത്തു ചിന്തയിലാണ്ട ഞാൻ പെട്ടന്ന് ചാടി എണീറ്റ് "ഹാജർ ടീച്ചർ" എന്ന് പറഞ്ഞു. ക്ലാസ്സിലെ എല്ലാവരും ഒരുമിച്ചു ചിരിച്ചു പോയി. ചിരിക്കിടയിൽ ടീച്ചർ പറഞ്ഞു. "ഉണ്ണികൃഷ്ണന്റെ അച്ഛൻ വന്നിട്ടുണ്ട് പുറത്തു, പോയി വരൂ". അച്ഛൻ എന്നവാക്ക് കേട്ടതും ഞാൻ ഓടി പുറത്തേക്ക്.. ക്ലാസ്സിന്റെ പുറത്തു വിയർത്തു കുളിച്ചു അച്ഛൻ നിൽക്കുന്നു. മുഖത്ത് നിറയെ ചിരിയുമായി. മുഷിഞ്ഞ ഷർട്ടിന്റെ ആദ്യത്തെ രണ്ടു മൂന്നു ബട്ടണുകൾ വിടർത്തിയിട്ട്, നിലത്തിഴയുന്ന ഡബിൾ മുണ്ടും ഉടുത്തു.. അച്ഛൻ.. എന്റെ അച്ഛൻ..
"ഉണ്ണീ വാ".. അച്ഛൻ വിളിച്ചു. ഞാൻ ഓടിച്ചെന്ന് അച്ഛാ ന്നു വിളിച്ചു കെട്ടിപ്പിടിച്ചു. പെട്ടന്ന് അച്ഛനെ കണ്ട സന്തോഷത്തിൽ കരഞ്ഞു പോയി ഞാൻ. മുടിയിൽ തലോടി കൊണ്ടു അച്ഛൻ ചോദിച്ചു. "അയ്യേ ഇനിയും സങ്കടം മാറീല്ലേ ഉണ്ണീടെ? അതോ ടീച്ചർ ചീത്ത പറഞ്ഞോ? അച്ഛൻ ചോദിക്കണോ" അടക്കാനാവാത്ത സങ്കടത്തോടെ ഞാൻ പറഞ്ഞു "ഇല്ലച്ഛാ. ആരും ചീത്ത പറഞ്ഞില്ല". " ഉം. കരയണ്ട ട്ടോ. വാ. എവിടുന്നാ ഫോട്ടോ കിട്ടാ? അച്ഛൻ അത് വാങ്ങാൻ വന്നതാ. ന്റ്റെ കുട്ടി വാ" തെല്ലൊരമ്പരപ്പിൽ വാക്കുകൾ പുറത്തേക്ക് വരാത്ത ഞാൻ സ്റ്റാഫ്‌റൂം ചൂണ്ടിക്കാണിച്ചു. എന്നെയും ചേർത്ത് പിടിച്ചു അച്ഛൻ. സ്റ്റാഫ് റൂമിലേക്ക് നടന്നു. അപ്പോഴും അച്ഛന്റെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.
സ്റ്റാഫ്‌റൂമിൽ അജയൻമാഷും രാമചന്ദ്രൻമാഷും ഉമ്മുസൽമ ടീച്ചറും സംസാരിച്ചു കൊണ്ടിരിക്കുന്നു. രാമചന്ദ്രൻ മാഷ് ഒരു ചൂരൽ വടി കയ്യിൽ പിടിച്ചു തിരിച്ചു കൊണ്ടിരിക്കുന്നു. അച്ഛനും ഞാനും കയറിച്ചെന്നു. സ്റ്റാഫ്‌റൂമിന് പുറത്തു ഞങ്ങളെ കണ്ട അജയന്മാഷ് വേഗം ഇറങ്ങി വന്നു. "ഇവന്റെ കരച്ചിൽ ഇനിയും മാറിയില്ലേ?" ഒരു ചെറിയ ചിരിയോടെ മാഷ് ചോദിച്ചു. കണ്ണീരു പടർന്ന കവിളിൽ ഒരു കുഞ്ഞു ചിരി വിടർന്നു.
"മാഷേ.. അച്ഛൻ.." വിക്കി വിക്കി ഞാൻ പറഞ്ഞു.
"എനിക്ക് കണ്ടപ്പോൾ മനസ്സിലായി" മാഷ് പറഞ്ഞു.
അച്ഛൻ വിയർത്തു ഒട്ടിയ പോക്കറ്റിൽ നിന്നും അഞ്ചു രൂപയുടെ നനഞ്ഞ രണ്ടു നോട്ടുകൾ എടുത്തു ചുളിവ് നിവർത്തി മാഷുടെ കയ്യിൽ കൊടുത്തു.
"രാവിലെ ഉണ്ണി പൈസ ചോദിച്ചപ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. അവനാകെ വിഷമിച്ച പോയത് സ്‌കൂളിലേക്ക്" വിളറിയ ചിരിയോടെ അച്ഛൻ പറഞ്ഞു.
"ഹഹഹ.. ഉണ്ണീടെ അച്ഛൻ വിഷമിക്കണ്ട. അവൻ എന്നോട് പറഞ്ഞു എല്ലാം. അവനുള്ള ഫോട്ടോ ഞാൻ മാറ്റി വെച്ചിട്ടുണ്ട്. ഞാൻ കൊടുത്തോളം. പൈസ ഉണ്ണീടെ അച്ഛൻ വെച്ചോളൂ." അജയന്മാഷ് പറഞ്ഞു.
"ഹേ. അത് കുഴപ്പല്ല മാഷേ.. ഇന്നലേം മിനിഞ്ഞാന്നും കൂലി കിട്ടിയിരുന്നില്ല. കിട്ടിയ കാശിനു വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങി. പിന്നെ ഇവന്റെ ഏട്ടന് പുസ്തകം വാങ്ങാൻ പൈസയും വേണമായിരുന്നു. അതാ പെട്ടന്ന് ഞാൻ" എന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് തെല്ലൊരു ജാള്യതയോടെ അച്ഛൻ പറഞ്ഞു.
പൈസ വാങ്ങി കയ്യിൽ പിടിച്ചു മാഷ് പറഞ്ഞു.. "കുട്ടികളുടെ മനസ്സ് അങ്ങനെയാണ്. ചെറിയ കാര്യങ്ങൾക്ക് ഒരുപാട് പ്രതീക്ഷകൾ വെച്ച് പുലർത്തും. ചെറിയ നിരാശകൾ വരെ അവർക്കു ചിലപ്പോ താങ്ങാൻ കഴിയില്ല" താടിയിൽ വിരലോടിച്ചു കൊണ്ട് മാഷ് തുടർന്നു. "ഉണ്ണി നല്ല കുട്ടിയാ. സ്‌കൂളിൽ പ്രസരിപ്പോടെ ഓടിച്ചാടി നടന്നു ക്ലാസ്സിൽ കുറുമ്പ് കാണിച്ചു നടക്കുന്ന അവന്റെ മുഖം ഒന്ന് മാറിയാൽ ഞങ്ങൾ ടീച്ചേർസ് പെട്ടന്ന് ശ്രദ്ധിക്കും." മാഷ് ഒന്ന് നിർത്തി. "ഉണ്ണി വരൂ" മാഷ് ഉള്ളിലേക്ക് നടന്നു. അച്ഛന്റെ മുഖത്തേക്ക് ഒന്നു നോക്കി ഞാൻ. ഇപ്പോൾ അച്ഛന്റെ മുഖത്ത് മാത്രമല്ല.. കണ്ണിലും വിയർപ്പുണ്ട്. അതോ അച്ഛൻ കരഞ്ഞതാണോ. ഹേയ്. ആവില്ല. മുതിർന്ന ആളുകൾ കരയോ.
അച്ഛൻ എന്റെ കയ്യിൽ പിടിച്ചു സ്റ്റാഫ് റൂമിലേക്ക് കയറി. അറ്റൻഡൻസ് രെജിസ്റ്ററുടെ അടുത്തു വെച്ച ഒരു ബ്രൗൺ കളർ കവർ എടുത്തു. ചിരിച്ചു കൊണ്ട് മാഷ് ഒന്ന് എന്നെ നോക്കി. എന്നിട്ട് അച്ഛന്റെ കൈയിൽ ഏൽപ്പിച്ചു, "ഇത് അച്ഛൻ തന്നെ മകന് കൊടുത്തേക്കു. ഒരു ചെറു പുഞ്ചിരിയോടെ മാഷ് പറഞ്ഞു. അച്ഛൻ എന്നെയൊന്നു നോക്കി.. എന്നിട്ട് താഴെ ഇരുന്നു. പതുക്കെ കവർ തുറന്നു. ആദ്യമായി ഫോട്ടോ കയ്യിൽ കിട്ടിയ സന്തോഷത്തിൽ ഞാനും...അച്ഛൻ കവറിൽ നിന്നു ഫോട്ടോ എടുത്തു എന്റെ കൈയിൽ വെച്ച് തന്നു. "സുന്ദരനായിട്ടുണ്ടല്ലോ അച്ഛന്റെ കുട്ടി" നെറുകയിൽ ഒരുമ്മ വെച്ചു കൊണ്ട് അച്ഛൻ പറഞ്ഞു. ഞാൻ ഫോട്ടോ വാങ്ങി കണ്ണ് നിറയെ നോക്കുകയായിരുന്നു. നിൽക്കുന്നവരിൽ വലതു നിന്ന് മൂന്നാമത് ക്യാമറയിലേക്ക് ഗൗരവത്തിൽ നോക്കി നിൽക്കുന്ന കുഞ്ഞു ഞാൻ.. ആദ്യ ചിത്രം.. മനോഹരം.. പക്ഷെ 'അമ്മ പറഞ്ഞ പോലെ ചിരിച്ചിട്ടില്ല
അപ്പോഴേക്കും സ്‌കൂൾ വിടാനുള്ള ബെൽ അടിച്ചു. മാഷോട് യാത്ര പറഞ്ഞു.ഞങ്ങൾ ഇറങ്ങി. "അച്ഛാ. ഞാൻ പോയി ബാഗ് എടുത്തിട്ട് വരാം" എന്ന് പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് ഓടി. ജനഗണമന ചൊല്ലുമ്പോഴും കയ്യിൽ മുറുകെ പിടിച്ച ആ കവറിൽ ഞാൻ അറിയുന്നുണ്ടായിരുന്നു അച്ഛന്റെ വിയർപ്പിൽ തിളങ്ങുന്ന ഒരു 9 വയസ്സുകാരന്റെ ആഹ്ലാദം. ഗ്രൗണ്ടിലേക്ക് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടു താഴേക്ക് നോക്കി മുണ്ടു താഴ്ത്തിയിട്ട് കൈകൾ കോർത്ത് പിടിച്ചു നിൽക്കുന്ന അച്ഛനെ..
ക്ലാസിൽ നിന്നിറങ്ങി അച്ഛന്റെ കൈ പിടിച്ചു കയ്യിൽ ഫോട്ടോയുടെ കവറുമായി ഞാൻ അഭിമാനത്തോടെ നടന്നു. മകന്റെ ആശ നിറവേറ്റിയ സന്തോഷത്തോടെ അച്ഛനും.
കുറിപ്പ്..
-------------
ഇഷ്ടമുള്ളപ്പോഴൊക്കെ സെൽഫികൾ എടുക്കാനും കണ്ണ് നിറയെ കാണാനും കഴിയുന്ന ഈ കാലത്തു ഒരു ഫോട്ടോയ്ക്ക് വേണ്ടി കണ്ണീർവാർത്ത ബാല്യങ്ങളുടെ കഥകൾ ചിതലരിക്കുന്നുണ്ടാവും.. രാവിലെ മുതൽ കഷ്ടപ്പെട്ട് പണിയെടുത്തു കൂലിയിൽ നിന്നും പത്തു രൂപ മാറ്റി വെച്ച് മകന്റെ സങ്കടം തീർക്കാൻ വെയിലിനെ തോൽപ്പിച്ചു സ്‌കൂളിലേക്ക് ഓടിയ അച്ഛൻ. വിയർപ്പുകൾ നട്ടു നനച്ച സ്വപ്‌നങ്ങൾ.. വിയർപ്പിൽ വളർന്ന ആഗ്രഹങ്ങൾ..
(Based on a true story)
---------------------------------
രഞ്ജിത്ത് മണ്ണാർക്കാട്
-------------
ഇഷ്ടമുള്ളപ്പോഴൊക്കെ സെൽഫികൾ എടുക്കാനും കണ്ണ് നിറയെ കാണാനും കഴിയുന്ന ഈ കാലത്തു ഒരു ഫോട്ടോയ്ക്ക് വേണ്ടി കണ്ണീർവാർത്ത ബാല്യങ്ങളുടെ കഥകൾ ചിതലരിക്കുന്നുണ്ടാവും.. രാവിലെ മുതൽ കഷ്ടപ്പെട്ട് പണിയെടുത്തു കൂലിയിൽ നിന്നും പത്തു രൂപ മാറ്റി വെച്ച് മകന്റെ സങ്കടം തീർക്കാൻ വെയിലിനെ തോൽപ്പിച്ചു സ്‌കൂളിലേക്ക് ഓടിയ അച്ഛൻ. വിയർപ്പുകൾ നട്ടു നനച്ച സ്വപ്‌നങ്ങൾ.. വിയർപ്പിൽ വളർന്ന ആഗ്രഹങ്ങൾ..
(Based on a true story)
---------------------------------
രഞ്ജിത്ത് മണ്ണാർക്കാട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക