
മോൾക്ക് പൂക്കൾ ഇഷ്ടമാണോ?'
'ആണല്ലോ..'
'ഈ മഞ്ഞ കോളാമ്പിപ്പൂക്കൾ മോൾക്ക് ഇഷ്ടായോ?'
'ഉം... വല്യ ഇഷ്ടായി...'
'അതെന്താ...?'
'Yellow is the symbol of happiness..'
കൃതിക അത് പറഞ്ഞു മെല്ലെ ചിരിച്ചു.
'മിടുക്കി... അപ്പോൾ വൈറ്റ്...?
'White is the symbol of peace...'
'ഓകെ... then red...'
'Red is the symbol of angy...'
അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി. അവൾ എന്തോ ഓർക്കുന്നതുപോലെ തോന്നി. അവളുടെ ശ്രദ്ധ മറ്റൊരു ദിശയിലേക്ക് നീങ്ങുന്നത് മനസ്സിലായപ്പോൾ ഫാദർ ക്ലെമന്റ് അവളുടെ അരികിലേക്ക് വന്നു. അവളുടെ അരികിൽ ഇരുന്നുകൊണ്ട് കൃതികയുടെ ഇരു ഷോൾഡറുകളിലും പിടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു;
'മോൾക്ക് ഇതൊക്കെ ആരാ പറഞ്ഞു തന്നത്?'
'അവൾ അല്പം വിഷാദം കലർന്ന സ്വരത്തിൽ പറഞ്ഞു;
'അച്ഛൻ...'
കൃതിക താഴെ മണ്ണിലേക്ക് നോക്കി ആ ബഞ്ചിൽ ഇരുന്നു.
'മോൾക്ക് അച്ഛനെ ഇഷ്ടമായിരുന്നോ?'
'ഉം... ഒത്തിരി ഇഷ്ടം ആയിരുന്നു..'
അവളുടെ ശബ്ദം ഇടറിയിരുന്നത് ഫാദർ ശ്രദ്ധിച്ചു.
അവളുടെ ശബ്ദം ഇടറിയിരുന്നത് ഫാദർ ശ്രദ്ധിച്ചു.
അവളോട് ഇനി എങ്ങനെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയും എന്നുള്ള ആശങ്കയിൽ ആയിരുന്നു അദ്ദേഹം.
എന്തായിരിക്കും ഈ കുട്ടിക്ക് സംഭവിച്ചത്? എങ്ങനെ ഇവൾ ഈ അനാഥമന്ദിരത്തിലെത്തി? ആരാണ് ഇവളെ ഇവിടെ ഉപേക്ഷിച്ച് പോയത്?
ഈ മൂന്നു ചോദ്യങ്ങൾ ഫാദറിന്റെ മനസ്സിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളായിതന്നെ അവശേഷിച്ചു.
ഫാദർ തന്റെ പോക്കറ്റിൽ നിന്നും ഒരു ചോക്ക്ലേറ്റ് എടുത്ത് അവൾക്ക് കൊടുത്തു. അവൾ ഫാദറിനെ നോക്കി മിണ്ടാതെ നിന്നപ്പോൾ അദ്ദേഹം പറഞ്ഞു;
'മോള് വാങ്ങിക്കൊ... '
അവൾ അത് വാങ്ങി...
'ഇനി മോള് പോയി കളിച്ചോ.. ഫാദർ നാളെ വരാം..'
'ഉം... ബൈ...'
അവൾ ഫാദറിനെ കൈവീശി റ്റാറ്റാ പറഞ്ഞ് അകലെയുള്ള കുട്ടികളുടെ അടുത്തേക്ക് ഓടിപ്പോകുന്നത് ഫാദർ അല്പസമയം നോക്കിനിന്നു.
തിരികെ താൻ താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചു.
കൃതിക. .
പത്ത് വയസ്സ് പ്രായം..
രണ്ടു ദിവസം മുമ്പാണ് ഫാദർ ക്ലെമന്റിന്റെ മേൽനോട്ടത്തിലുള്ള ആ ഓർഫനേജിന്റെ വാതിൽക്കൽ രണ്ടു കൈകളും കെട്ടിയിട്ട നിലയിലായി കാണപ്പെടുന്നത്.
പത്ത് വയസ്സ് പ്രായം..
രണ്ടു ദിവസം മുമ്പാണ് ഫാദർ ക്ലെമന്റിന്റെ മേൽനോട്ടത്തിലുള്ള ആ ഓർഫനേജിന്റെ വാതിൽക്കൽ രണ്ടു കൈകളും കെട്ടിയിട്ട നിലയിലായി കാണപ്പെടുന്നത്.
രാവിലെ മഠത്തിലെ അന്തേവാസികളായ സിസ്റ്റർ അനീറ്റയും ഫിലോമിനയുമാണ് അത് കണ്ടത്.
സ്ക്കൂളിനോട് ചേർന്ന് തന്നെയാണ് മഠവും അനാഥാലയവും പ്രവർത്തിക്കുന്നത്. ചുറ്റും മതിലുകൾ കെട്ടി മറച്ച കോമ്പൗണ്ട് ആയിരുന്നു. എന്നും ഗേറ്റ് സന്ധ്യയാകുന്നതോടെ അടച്ചുപൂട്ടുക പതിവാണ്.
സ്ക്കൂൾ അവധിയായതിനാൽ മഠത്തിൽ കുട്ടികൾ നാലോ അഞ്ചോ പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തികച്ചും അനാഥരും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കളുടെ കുട്ടികളും മാതാവോ പിതാവോ ഉപേക്ഷിച്ചവരും സ്വന്തമായി ഒരു വീടില്ലാത്തവരുടെ മക്കളും അവിടെ ഉണ്ടായിരുന്നു.
സ്ക്കൂൾ അവധിയായതിനാൽ പലരും അവരുടെ വീടുകളിൽ പോയിരുന്നു. ആരും സ്വന്തമായി ഇല്ലാത്ത അഞ്ച് പെൺകുട്ടികൾ ആയിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. അവരുടെ വീടും സ്ക്കൂളും കൂട്ടുകാരും അവരുടെ ലോകവും അതായിരുന്നു.
മഠത്തിന്റെ വരാന്തയിലുള്ള ഒരു തൂണിലായി വായിൽ കുറച്ചു തുണികൾ കുത്തിത്തിരുകി കൈകൾ മറ്റൊരു തുണികൊണ്ട് ബന്ധിച്ച് ആ തൂണിൽ തന്നെ കെട്ടിയ അവസ്ഥയിൽ ആയിരുന്നു കൃതികയെ സിസ്റ്റേഴ്സ് അവിടെ കണ്ടത്.
കണ്ടപാടേ..'കർത്താവേ' എന്ന് വിളിച്ചുകൊണ്ട് ആ സ്നേഹത്തിന്റെ മാലാഖമാരിൽ ഒരാളായ ഫിലോമിന സിസ്റ്റർ കൃതികയെ കെട്ടഴിച്ചു. സിസ്റ്റർ അനീറ്റ കൃതികയുടെ വായിലെ തുണി വലിച്ച് പുറത്തെടുത്തു.
തുണി പുറത്ത് എടുത്തതോടെ അവൾ അമ്മേയെന്ന് വിളിച്ചു കരയുവാൻ തുടങ്ങി. അവളെ ആശ്വസിപ്പിക്കുവാനായി സിസ്റ്റർ വല്ലാതെ പണിപെട്ടു. അവളുടെ അരികിലായി ഒരു സ്ക്കൂൾ ബാഗ് ഉണ്ടായിരുന്നു. സിസ്റ്റർ അത് തുറന്നു നോക്കി. അതിൽ കൃതികയുടെ വസ്ത്രങ്ങൾ ആയിരുന്നു. കൂടാതെ ഒരു ലെറ്ററും. സിസ്റ്റർ അത് തുറന്നു വായിച്ചു.
'ഇത് എന്റെ മോൾ കൃതിക. എനിക്ക് മറ്റു വഴികൾ ഒന്നും ഇല്ലാത്തതിനാലാണ് ഞാൻ എന്റെ മകളെ ഇവിടെ കൊണ്ടുവന്നത്. എന്നോടു പൊറുക്കണം. നിസ്സഹായയായ ഒരമ്മയാണ് ഞാൻ. എന്റെ മോൾക്ക് മറവിയാണ് പലപ്പോഴും. എന്നാൽ ചില സമയത്ത് എല്ലാം ഓർമ്മ വരും. ഇതേച്ചൊല്ലിയുള്ള വഴക്കാണ് എന്നും വീട്ടിൽ.
എന്റെ കുറ്റം മൂലമാണ് മകൾക്ക് ഇങ്ങനെ ഒരസുഖം വന്നത് എന്നാണ് അവളുടെ അച്ഛൻ പറയുന്നത്. അവരുടെ അച്ഛനേക്കാൾ നാലു വയസ്സ് കൂടുതലാണ് എനിക്ക്. അത് പറയാതെയാണ് ഞങ്ങൾ വിവാഹം കഴിച്ചത്..
മോൾക്ക് മൂന്നു മാസം പ്രായമുള്ളപ്പോൾ തന്നെ എന്തോ ചില വ്യത്യാസങ്ങൾ കാണപ്പെട്ടു.. വളർച്ചക്കുറവും ബുദ്ധി കുറവുള്ള കുട്ടികളുടെ രീതികളും ആയിരുന്നു തുടർന്ന് കണ്ടത്. അതോടെ ഞങ്ങളുടെ ജീവിതം താറുമാറായി. ആരോ അദ്ദേഹത്തോട് എനിക്ക് പ്രായം കൂടുതൽ ഉള്ളതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ധരിപ്പിച്ചു. അതോടെ വഴക്കും ഇടിയുമായിരുന്നു എനിക്ക്. എന്നും കുടിച്ചിട്ടല്ലാതെ അദ്ദേഹം വീട്ടിൽ വരാറില്ല.
വളരെ ദുരിതങ്ങൾ അനുഭവിച്ചാണ് ഞാൻ എന്റെ മകളെ ഇത്രയും വളർത്തിയത്. ചില സമയത്ത് മോൾക്ക് അദ്ദേഹം പലതും പറഞ്ഞു കൊടുത്തിരുന്നു. സ്നേഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പെട്ടെന്ന് മോള് അദ്ദേഹം പറഞ്ഞു കൊടുത്തത് മറന്നുപോയാൽ അദ്ദേഹത്തിന് കലി കയറിയതുപോലെയാണ്. പിന്നെ ഇടി മുഴുവൻ എനിക്കാണ്.
എനിക്ക് വേറെ ആരുമില്ല. മോളെ സ്ക്കൂളിൽ ചേർത്തിരുന്നു. പക്ഷേ പലരുടെയും പരിഹാസം സഹിക്കാതെ ഞാൻ മോളെ തിരികെ കൊണ്ടു പോന്നതാണ്. ഇനിയും എന്റെ മകളെ ആ വീട്ടിൽ കണ്ടുപോകരുതെന്നും കണ്ടാൽ കൊന്നുകിണറ്റിലെറിയും എന്നുമാണ് അച്ഛൻ പറയുന്നത്. എനിക്ക് വേറെ വഴിയില്ല. അതാണ് ഞാൻ ഇവളെ ഇവിടെ ഏല്പിക്കുന്നത്.
എന്നോട് പൊറുക്കണം. എന്നെ അന്വേഷിക്കരുത്. കൃതികയുടെ ഒരു കാര്യവും ആരോടും അറിയിക്കരുത്. അവളെ നോക്കണം. നാളെയോ മറ്റന്നാളോ എതെങ്കിലും ഒരു റെയിൽ പാളത്തിൽ എന്റെ ചിന്നിച്ചിതറിയ ശരീരാവശിഷ്‌ടങ്ങൾ കണ്ടതായി പത്രത്തിൽ വാർത്ത വന്നേക്കാം. എനിക്ക് മറ്റു വഴികളില്ല.... മാപ്പ്.
അമ്മ....കീർത്തി.
എഴുത്ത് വായിച്ച് സിസ്റ്റർ മുഖത്തോട് മുഖം നോക്കി. നിഷ്ക്കളങ്കമായ ആ ബാല്യത്തിൽ ദൈവത്തിന്റെ വികൃതികൾ മൂലം അനാഥമായ ആ ബാല്യത്തെ അവർ തങ്ങളിൽ ഒരാളാക്കി വളർത്തുവാൻ തീരുമാനിച്ചു.
ഫാദർ ക്ലെമന്റിന്റെ അരികിലേക്ക് ആ കുട്ടിയേയും കൂട്ടി അവർ ചെന്ന് വിവരങ്ങൾ അറിയിച്ചു. കീർത്തി എഴുതിയ കത്തും കാണിച്ചു കൊടുത്തു. അവിടത്തെ അന്തേവാസികളിൽ ഒരാളായി അവളും വളരട്ടെയെന്ന് ഫാദറും തീരുമാനിച്ചു.
അനാഥമായ മറ്റൊരു ബാല്യംകൂടി ആ അനാഥാലയത്തിലെയും അന്തേവാസിയായി.
വർഷങ്ങൾ ശരവേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു. മഠത്തിൽ ഉണ്ടായിരുന്ന കുട്ടികൾ പലരും സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചു പോയി. മഠത്തിലെ സിസ്റ്റേഴ്സ് പലരും പലയിടങ്ങളിലായി സ്ഥലം മാറിപ്പോയി. ഫിലോമിന സിസ്റ്റർ ആണ് ഇപ്പോൾ ആ മഠത്തിലെ മദർ സുപ്പീരിയർ. മഠത്തിലെ കുട്ടികളുടെ ഇൻചാർജ്ജ് മദറിനാണ്.
പഴയ കെട്ടിടങ്ങൾ ചിലതൊക്കെ പൊളിച്ചു മാറ്റി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിത് സ്ക്കൂൾ ക്ലാസ്സുകൾ പലതും മാറി. പക്ഷേ മഠവും അനാഥാലയവും ഈ പതിനഞ്ചു വർഷങ്ങൾക്ക് ശേഷവും പറയത്തക്ക യാതൊരു മാറ്റവുമില്ലാതെ തുടരുന്നു.
മുറ്റത്തെ പൂന്തോട്ടത്തിൽ ചെടികളും പൂക്കളും നിറഞ്ഞു. പഴയ തെച്ചിയും ചെമ്പരത്തിയും കോളാമ്പിയും നിന്നിരുന്ന ഇടങ്ങളിൽ ബോഗൺവില്ലയും കർട്ടൻപ്ലാന്റും ആന്തൂറിയവും വിവിധതരം റോസാച്ചെടികളും മറ്റനവധി പുതിയ താരങ്ങളും കൈയ്യടക്കി.
അങ്ങനെ അപ്രതീക്ഷിതമായി ഒരു ശനിയാഴ്ച പകൽ അപരിചിതയായ ഒരു സ്ത്രീ കടന്നു വന്നു. ശനിയാഴ്ച രാവിലെ മഠത്തിലെ കുട്ടികളുടെ രാവിലത്തെ ജോലി പൂന്തോട്ടം വൃത്തിയാക്കലും ചെടികൾ നനക്കലുമാണ്. ചെടികൾക്ക് വെള്ളമൊഴിക്കുന്ന കുട്ടികളിൽ ഒരാളാണ് അവരെ കണ്ടത്.
ക്ഷീണിച്ചു മെലിഞ്ഞ ഒരു സ്ത്രീ. പാറിപ്പറന്ന മുടിയിഴകൾ, കൈയിൽ ഒരു പഴയ ബാഗ്. ക്ഷീണംകൊണ്ട് തളർന്ന സ്വരത്തിൽ അവർ ചോദിച്ചു;
'എനിക്ക് സിസ്റ്ററെ ഒന്നു കാണണം.'
'ആ പുറത്ത് തൂക്കിയിട്ടിട്ടുള്ള മണി അടിച്ചാൽ മതി. സിസ്റ്റർ വരും. ഒരു കുട്ടി പറഞ്ഞു.
ആ സ്ത്രീ മെല്ലെ നടന്ന് ആ കുട്ടി കാണിച്ചുകൊടുത്ത മണിയിൽ കെട്ടിയ കയറിൽ പിടിച്ച് വലിക്കുവാൻ ശ്രമിക്കവേ കുഴഞ്ഞു താഴെ വീണു. ഇത് കണ്ട കുട്ടികൾ വേഗം വാതിൽ തുറന്ന് അകത്തേക്ക് പോയി ഒരു സിസ്റ്ററെ കൂട്ടി വേഗം വന്നു. വേഗം തന്നെ ഒരു കുപ്പി വെള്ളം എടുത്ത് വരാൻ സിസ്റ്റർ കുട്ടികളോട് പറഞ്ഞു. അല്പസമയത്തിനുള്ളിൽ തന്നെ വെള്ളം കൊണ്ടു വന്നു. സിസ്റ്റർ അല്പം വെള്ളം ആ സ്ത്രീയുടെ മുഖത്ത് തെളിച്ചു. കണ്ണുകൾ തുറക്കാതായപ്പോൾ അല്പംകൂടി വെള്ളം തെളിച്ച് അവരെ തട്ടിവിളിച്ചു.
പതുക്കെ ആ സ്ത്രീ കണ്ണു തുറന്നു. ചുറ്റും കൂടിയവരെയെല്ലാം അവർ ഒന്നു വീക്ഷിച്ചു.
'ദാ... ഈ വെള്ളം കുടിക്കൂ..'
സിസ്റ്റർ ആ കുപ്പി അവർക്ക് വായിലേക്ക് അല്പാല്പമായി പകർന്നു നൽകി. അല്പം കഴിഞ്ഞ് സിസ്റ്റർ ചോദിച്ചു;
'നിങ്ങൾ ആരാണ്? എന്തിനാണ് ഇവിടെ വന്നത്?'
എല്ലാവരുടേയും മുഖങ്ങളിലേക്ക് സൂക്ഷിച്ച് നോക്കി നിരാശകലർന്ന സ്വരത്തിൽ അവർ പറഞ്ഞു;
'ഞാൻ കുറെ ദൂരേന്ന് വരാണ്. നിക്ക് എന്റെ മോളെ കാണണം'.
ആശ്ചര്യത്തോടെ സിസ്റ്റർ ചോദിച്ചു;
'മോളോ? എന്താ കുട്ടീടെ പേര്?'
'പേര് കൃതിക...'
കുട്ടികളും സിസ്റ്ററും മുഖത്തോട് മുഖം നോക്കി.
'കൃതികയോ... ആ പേരിൽ ആരും ഇവിടെ ഇല്ലല്ലോ... '
'ഉണ്ട്... എനിക്കറിയാം... അവൾ ഇവിടെത്തന്നെ കാണും. സിസ്റ്റർ അവളെ എനിക്കൊന്ന് കാണിച്ചുതരുമോ..?'
ആ സ്ത്രീ കേണുതൊഴുത് പറഞ്ഞു. സിസ്റ്റർ പറഞ്ഞു;
'ഞാൻ മദറെ വിളിക്കാം. എന്റെ അറിവിൽ അങ്ങനെ ഒരു കുട്ടി ഇവിടെയില്ല. ഞാൻ വന്നിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. നിങ്ങൾ ഇവിടെ കയറിയിരിക്കൂ. ഞാൻ മദറിനോട് പറഞ്ഞിട്ടു വരാം.'
സിസ്റ്റർ അകത്തേക്ക് പോയ വഴിയേ നോക്കി അവർ അവിടെത്തന്നെ ഇരുന്നു. കുട്ടികൾ അവരുടെ ജോലിയിൽ വ്യാപൃതരായി. അല്പം കഴിഞ്ഞ് സിസ്റ്റർ മദർ ഫിലോമിനയുമായി അവിടെയെത്തി.
മദറിനെ കണ്ടപ്പോൾ തൊഴുകൈകളോടെ അവർ പറഞ്ഞു;
'മദർ എനിക്ക് എന്റെ മകളെ കാണണം. അവൾ ഇവിടെയുണ്ട്..... കൃതിക... അവളെ ഒന്ന് വിളിക്കുമോ മദർ...'
'മദർ ആ സ്ത്രീയെ സസൂക്ഷ്മം വീക്ഷിച്ചു. മദറിന് അധികം ആലോചിക്കേണ്ടതായി വന്നില്ല. കാരണം ആ അവശനിലയിലും കൃതികയുടെ രൂപസാദൃശ്യം അവരിൽ കാണാമായിരുന്നു.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പകൽ മദറിന്റെ മനോമുകുരത്തിൽ ഓടിയെത്തി. പക്ഷേ ആ ലെറ്ററിൽ പറഞ്ഞത്...
'നിങ്ങളുടെ പേരെന്താണ്? '
'ഞാൻ കീർത്തി.....'
മദർ ഒരിക്കൽക്കൂടി അവരെ നോക്കിക്കൊണ്ട് സിസ്റ്ററിനോട് എന്തോ പതുക്കെ പറഞ്ഞു. സിസ്റ്റർ അകത്തേക്ക് പോയി. കീർത്തി അപ്പോഴും തളർന്ന് ആ പഴയ തൂണിൽ ചാരി ഇരിക്കുകയായിരുന്നു. അല്പം കഴിഞ്ഞ് സിസ്റ്ററിനോടൊപ്പം മറ്റൊരു സിസ്റ്റർകൂടി വന്നു.
കീർത്തി ആ സിസ്റ്ററെ ആശ്ചര്യത്തോടെ നോക്കി.
അതെ.. തന്റെ മകൾ കൃതികതന്നെ... കർത്താവിന്റെ മണവാട്ടിയുടെ വേഷത്തിൽ. വെളുത്ത് മെലിഞ്ഞ് മാലാഖയേപ്പോലെ സുന്ദരിയായി തന്റെ മകൾ... പക്ഷേ..
കീർത്തി പൊട്ടിക്കരഞ്ഞുകൊണ്ട് കൃതികയുടെ കാൽക്കൽ വീണു...
കീർത്തി പൊട്ടിക്കരഞ്ഞുകൊണ്ട് കൃതികയുടെ കാൽക്കൽ വീണു...
'എന്റെ മോളേ... ഈ അമ്മയോട് ക്ഷമിക്ക് മോളേ.... ഞാൻ കാരണമല്ലേ എന്റെ മോൾക്ക് ഈ ഗതി വന്നത്...'
കീർത്തി തേങ്ങിക്കരഞ്ഞു.
പക്ഷേ കൃതിക... അതെ.... അവൾ ഇപ്പോൾ കർത്താവിന്റെ മണവാട്ടിയാണ്. പേര് റോസ്മേരി.. അതേ സ്ക്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ്....
സിസ്റ്റർ റോസ്മേരി ശിലകണക്കെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. വീണ്ടും വീണ്ടും കീർത്തി ക്ഷമ യാചിച്ചുകൊണ്ട് കരഞ്ഞു. കുറച്ചു കഴിഞ്ഞ് റോസ്മേരി പറഞ്ഞു;
'ഞാൻ കൃതികയല്ല... അവൾ പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി.... അവളുടെ അമ്മയും. ഞാൻ റോസ്മേരിയാണ്.. കർത്താവിന്റെ മണവാട്ടി. എന്റെ അമ്മയാണ് ഈ നില്ക്കുന്ന മദർ. അല്ലാതെ എങ്ങുനിന്നോ വന്ന നിങ്ങളല്ല.'
'മോളെ... അമ്മയോട് പൊറുക്ക് മോളെ. അമ്മയ്ക്ക് തെറ്റ് പറ്റിപ്പോയി...'
'തെറ്റോ.... നിങ്ങൾ ചെയ്തതാണ് ശരി. സ്വന്തം സുഖത്തിനുവേണ്ടി ഒരു കള്ളക്കഥയുണ്ടാക്കി സ്വന്തം മകളെ ഈ കാണുന്ന വലിയ മതിൽക്കെട്ടിനകത്താക്കി ബന്ധിച്ചു. ഒരു ചിത്രശലഭത്തേപ്പോലെ പാറിക്കളിക്കേണ്ട പ്രായത്തിൽ ആരോരുമില്ലാത്തവളായി ഈ അനാഥാലയത്തിൽ നടതള്ളി. എന്നിട്ട് ഒരു കെട്ടുകഥയും. പിന്നീട് ഇത്രയും കാലം അവൾ ചത്തോ ജീവിച്ചിരിക്കുന്നോ എന്ന് ഒരിക്കലെങ്കിലും നിങ്ങൾ അന്വേഷിച്ചുവോ?
എത്രയോ രാത്രികൾ ഞാൻ നിങ്ങളെയോർത്ത് കരഞ്ഞു! എത്രയോ തവണ ഈ വാതിലിനരികിൽ നിങ്ങളുടെ വിളി കേൾക്കാൻ കാത്തുനിന്നു..... ഇല്ല... അതൊന്നും നിങ്ങൾക്ക് മനസ്സിലാവില്ല. ഇപ്പോൾ ഞാൻ അതെല്ലാം മറന്നു. എന്റെ എല്ലാ സ്വപ്നങ്ങളും ഞാൻ ഉപേക്ഷിച്ചു. പക്ഷേ ഒരു കാര്യത്തിൽ എനിക്ക് നിങ്ങളോട് നന്ദിയുണ്ട്. .നിങ്ങൾ എന്നെ കഴുത്ത് ഞെരിച്ചു കൊല്ലാതിരുന്നതിൽ....
ഇനി ഒരിക്കലും നിങ്ങൾ എന്നെ കാണാൻ ഇങ്ങോട്ട് വരരുത്. ഞാൻ നിങ്ങളുടെ മകളല്ല... കർത്താവിന്റെ മണവാട്ടിയാണ്.'
റോസ്മേരി അത്രയും പറഞ്ഞ് തിരികെ അകത്തേക്ക് നടന്നു. കീർത്തി കുറ്റബോധത്തോടെ തലതാഴ്ത്തി കരഞ്ഞു.
അല്പം കഴിഞ്ഞ് കീർത്തി തന്റെ ബാഗുമെടുത്ത് മെല്ലെ എഴുന്നേറ്റു നടന്നു. പശ്ചാത്താപം നിറഞ്ഞ മനസ്സോടെ എങ്ങോട്ടെന്നില്ലാതെ....
***മണികണ്ഠൻ അണക്കത്തിൽ***
Copyright protected
02/5/2018.
02/5/2018.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക