Slider

അവസ്ഥാന്തരം കഥ (ഭാഗം രണ്ട് ) കഥോദയം മത്സരം - 1

0
Image may contain: 1 person, smiling, beard and closeup



അവസ്ഥാന്തരം കഥ (ഭാഗം രണ്ട് )  കഥോദയം മത്സരം - 1
അന്നു രാത്രിയിൽ പണിക്കരുടെ കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജയുണ്ടായിരുന്നു, വീട്ടിൽ മൂന്നു രാത്രികളിൽ ഭജനയും നാലാം ദിവസം ക്ഷേത്രത്തിൽ സത്യനാരായണപൂജയും വഴിപാടുകളും. അതിനുശേഷം ബന്ധുമിത്രാദികൾക്കും സമൂഹത്തിലെ ഉയർന്നജാതിയിലുള്ളവർക്കും പണിക്കരുടെ ഇഷ്ടക്കാർക്കുംവേണ്ടി സദ്യവട്ടങ്ങളും ഉണ്ടായിരുന്നു. കാര്യക്രമങ്ങൾ പണിക്കർ ഉദ്ദേശിച്ചതിലും ഭംഗിയായിത്തന്നെ നടന്നു. പിറ്റേന്നു രാവിലെ കുടുംബയോഗത്തിൽ മൂത്തമകൻ ബാലഗോപാലൻ എല്ലാവരും കേൾക്കെ പറഞ്ഞു.
"ഏതായാലും കാര്യങ്ങൾ ഭംഗിയായി നടന്നു. ഇനി അതിന്‍റെ പരാതിയൊന്നും ആർക്കുമൊണ്ടാവില്ല.. വന്നോരെല്ലാരും വളരെ സന്തോഷത്തോടാണ് തിര്ച്ചു പോയത്. പക്ഷേ, യിനിയിങ്ങ്നെ പരിപാടികൾ നമ്മള് നട്ത്തേണ്ട കാര്യൊണ്ടോ? യെന്തോരം പൈസ്യാണ് വെറുതെ ചെലവായിപ്പോണേ..? അതെല്ലാം നമ്മ്ടെ മക്കളു തിന്നേണ്ടതല്ലേ..? ഓർക്കുംമ്പോ സഹിക്ക്ണില്ലാ. ചുമ്മാ കൊടങ്കമ്ത്തി വെള്ളം പാരുന്നപോലന്യേ. അച്ഛനിത്ന്റെ വല്ലാവ്ശ്യണ്ടോ.. ചുമ്മാ നാട്ടാരെ തീറ്റിക്കാൻ? ഞങ്ങ്ളോടൊര് വാക്കു നേരത്തെ പർഞ്ഞിരുന്നേൽ..?"
അർദ്ധോക്തിയില്‍ നിറുത്തിയിട്ട്, അയാൾ അനിയന്‍റെയും അളിയന്‍റെയും മുഖത്തേക്കു നോക്കി കണ്ണുകൊണ്ട് ആഗ്യം കാണിച്ചു ഇത്രേം പോരേ എന്നയർത്ഥത്തിൽ.
"യിനിയാർക്കെന്തെങ്കിലും പർയാനൊണ്ടെങ്കില് വേഗം പർഞ്ഞോണം? പിന്നെ യെനിക്കൊന്നും പറയാമ്പറ്റീലാന്നു പർയുന്നത് ഞാങ്കേക്കര്ത്. കേട്ടാൽ.."
മൂത്തമകന്‍റെ സംസാരം കേട്ടിരുന്ന പണിക്കർ എല്ലാവരോടുമായി പറഞ്ഞു. ആരും ഒരക്ഷരവും മിണ്ടിയില്ല. പകരം മുഖത്തോടു മുഖംനോക്കി നിങ്ങൾ പറയുക എന്ന ധ്വനിയോടെ കണ്ണുകൾകൊണ്ട് സംസാരിക്കുന്നത് അയാൾ കണ്ടു. സാധാരണഗതിയിൽ ദേഷ്യം വരേണ്ടതാണെങ്കിലും സംയമനം പാലിക്കാനാണയാൾക്കു തോന്നിയത്. പണിക്കരുടെ മൗനം മക്കളെ അത്ഭുതപ്പെടുത്തിയിരുന്നു. അതിന്‍റെ ധൈര്യത്തിൽ രണ്ടാമത്തെ മകൻ സുകേശൻ പറഞ്ഞു.
"യെനിക്കും ചെല്ത് പർയാനൊണ്ട്. കൊറെയായി പറയണ്ന്നു വിചാരിച്ചിട്ട്. പിന്നെ അച്ഛനല്ലേന്നോർത്താ മിണ്ടാതിരുന്നത്.."
സുകേശൻ എല്ലാവരും കേൾക്കെപ്പറഞ്ഞു.
തന്‍റെ ഭാര്യയ്ക്കും അവളുടെ കുടുംബക്കാർക്കും തന്നെ പരമപുച്ഛമാണെന്ന് അയാൾക്കറിയാം. അവർ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് പല പ്രാവശ്യവും കേട്ടതാണ്.
"നിങ്ങക്ക് സ്വന്തച്ഛന്‍റെ മൊകത്തു നോക്കി ആണുങ്ങളെപ്പോലേ 'കമാ'ന്നൊരക്ഷരം മിണ്ടാനൊള്ള ധൈര്യമുണ്ടോ മനുഷ്യാ..?”
എന്നുപറഞ്ഞു കളിയാക്കാനേ തന്‍റെ ഭാര്യക്കു നേരമുള്ളൂ. ഇന്ന് അങ്ങനെയല്ലെന്ന് തനിക്ക് കാണിച്ചുകൊടുക്കണം. ചിലപ്പോൾ പിന്നെ അവസരം കിട്ടുകയില്ല. അവരുടെ മുന്നിൽ തലയുയർത്തിനില്ക്കണമെങ്കിൽ ഇവിടെ തന്‍റെ ശബ്ദം ഉയരണമെന്ന് തീരുമാനിച്ച് പണിക്കരുടെ നേരേ നോക്കി. പറയേണ്ട കാര്യങ്ങൾ ആലോചിക്കുന്നതിനിടയിൽ, തന്‍റെ പ്രകടനത്തിന്‍റെ പ്രതികരണമറിയാൻ അയാൾ തന്‍റെ ഭാര്യയെ നോക്കി. അവൾ അയാളെ ശ്രദ്ധിക്കാതെ തനിക്ക് ഇതിലൊന്നും കാര്യമില്ലെന്നമട്ടിൽ അലക്ഷ്യമായ് പുറത്തേക്കു നോക്കിയിരിക്കുന്നു.
അവൾ പണ്ടും അങ്ങനെയാണ്. ആളുകളുടെ മുന്നിൽ ഭർത്താവിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭാര്യയായി അഭിനയിക്കും. പോരാത്തതിന് പണിക്കരുടെ മരുമക്കളിൽ ഏറ്റവും സമ്പത്ത് ഉള്ളതും അവൾക്കാണ്. പണിക്കരുടെ കുടുംബത്തെക്കാൾ സാമ്പത്തികം കൂടുതലുള്ളവനാണ് പി. ഡബ്ളിയു. ഡി. ഫസ്റ്റ്ക്ലാസ്കോൺട്രാക്ടറായ ഗോവിന്ദകൈമൾ. രണ്ടു പെൺമക്കളിൽ, മൂത്തമകളായ കാർത്തികയെ പണിക്കരുടെ മകനെക്കൊണ്ട് വിവാഹംകഴിപ്പിച്ചതിലും അയാൾക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു.
തന്‍റെ മക്കളെ പഠിപ്പിച്ച് ഡോക്ടറും, എഞ്ചിനീയറും ആക്കണമെന്നായിരുന്നു കൈമളിന്‍റെ ആഗ്രഹം. പഠിക്കാൻ മിടുക്കിയായ ഇളയമകൾ നിർമ്മല, ഡോക്ടറായെങ്കിലും മൂത്തമകൾ പഠനത്തിൽ പിന്നാക്കം പോയതിൽ അയാൾക്ക് ഭയങ്കര വിഷമമായിരുന്നു. മൂത്തമകളെ ഒരു എഞ്ചിനീയർ ആക്കണമെന്നു കരുതിയതാണ്. പക്ഷേ, പഠിക്കാൻ മണ്ടിയായിരുന്ന കാർത്തിക പ്രതീക്ഷകളെ തകർത്തുകൊണ്ട് പത്താംതരത്തിൽ തോറ്റുപോയി. മൂന്നു തവണ പത്താംതരമെന്ന കടമ്പ കടക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അതുകൊണ്ട് നിരാശനാകാതെ പണിക്കരുടെ മകനെ വാസുദേവപ്പണിക്കർ ചോദിച്ചതിലധികം സ്ത്രീധനം നല്കിയാണ് തന്‍റെ മരുമകനാക്കിയത്.
ഗവർമെന്റിലെ ഉന്നതരുമായും വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുമായുമുള്ള നല്ല ബന്ധങ്ങൾ അയാളുടെ മരുമകനിലുള്ള സ്വാധീനശക്തി വളർത്തി.
പലകാര്യങ്ങൾക്കും മരുമകന്‍റെ അധികാരം അയാൾ ദുർവിനിയോഗം ചെയ്തിരുന്നു. കൈമളിലെ കണിശക്കാരനായ കോൺട്രാക്ടറുടെ കച്ചവടതന്ത്രങ്ങളും എഞ്ചിനീയറുടെ ബുദ്ധിയും ചേർന്നപ്പോൾ അയാളുടെ നിർമ്മാണക്കമ്പനി ലാഭത്തിൽനിന്നും ലാഭത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. അവരുടെ കൺസ്ട്രക്ഷൻ സ്ഥാപനമായ കാർത്തിക ബിൽഡേർസ് ആൻഡ് റിയൽ എസ്‌റ്റേറ്റ് കൈമളിന്‍റെയും കാർത്തികയുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അത് അയാളെ മരുമകന്‍റെ മുകളിലുള്ള പിടിമുറുക്കാൻ സഹായിച്ചു. പക്ഷേ, അവസാനം ഭാര്യവഴി ഈ സ്വത്തുവകകൾ തന്‍റെ കൈകളിൽ എത്തിച്ചേരും എന്നതിനാലാണ് അപമാനങ്ങൾ സഹിച്ചും ഭർത്താവുദ്യോഗസ്ഥന്‍റെ വേഷം അയാൾ ഭംഗിയായി ചെയ്തിരുന്നത്. കാർത്തികയ്ക്ക് താനെന്തുപറഞ്ഞാലും അനുസരിക്കുന്ന ഭർത്താവിനെയാണ് വേണ്ടിയിരുന്നത്. പണിക്കരെ ഭയമായിരുന്നെങ്കിലും അയാളുടെ പ്രവർത്തികളിൽ എതിരു പറയാതിരിക്കുന്ന, എന്തുപറഞ്ഞാലും അതുപോലേ ചെയ്യുന്ന ഭർത്താവിനെ കഴിവുകെട്ടവനെന്നു പറഞ്ഞാണ് അവൾ പരിഹസിച്ചിരുന്നത്. അത് പിന്നീട് പുച്ഛമായി കലാശിച്ചു. എങ്കിലും നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന നാലേക്കർ സ്ഥലത്തിലും സ്കൂൾകെട്ടിടത്തിലും അവൾക്കും നോട്ടമുണ്ട്. അതു കിട്ടുകയാണെങ്കിൽ പ്ലോട്ടായിത്തിരിച്ച് അവിടെ വലിയ അപ്പാർട്ട്മെന്റുകൾ പണിയണമെന്നാണ് കൈമളുടെ ആഗ്രഹം. എങ്ങനെയെങ്കിലും അത് തന്‍റെ മരുമകന്‍റെ വീതത്തിൽ വരുത്തുവാൻ മകളെ ഏല്പിച്ചിരിക്കുവാണ്. പണത്തിന് പണം, പകരം ഭൂമിയാണെങ്കിൽ അതും. എന്തും നല്കാൻ തയ്യാറായിത്തന്നെയാണ് വന്നിരിക്കുന്നത്. തന്‍റെ ഭർത്താവിന് കിട്ടിയില്ലെങ്കിൽ പൊന്നുംവില കൊടുക്കാനും തയ്യാറാണെന്ന് പറയാൻ ഭർത്താവിനെ പറഞ്ഞുപഠിപ്പിച്ചിട്ടാണ് ഈ കുടുംബയോഗത്തിലേക്കുള്ള വരവ്.
"അച്ഛ്നർയാലോ.. ഞങ്ങ്ള് മക്ക്ളിത്രേം വല്തായി കല്യാണോം കഴ്ച്ച് ഞങ്ങ്ടെ തല്ക്കൊപ്പം വളർന്ന മക്ക്ളൊണ്ട്. ന്നിട്ടും ആ നെല്ക്ക് ഞങ്ങ്ളെ ഇതുവരെ നിങ്ങ്ള് കണ്ടീക്ക്ണാ. പൂർണേന്‍റെ മക്ളെ കെട്ട്ച്ചുവിടാനായീക്ക്ണ്. അയ്നർത്ഥം നിങ്ങ്ള് മുതുമുത്തച്ഛ്നാകാറായ്ക്ക്ണ്. യിന്യെങ്കിലും ഞങ്ങക്ക് തരാനൊള്ളതെന്താന്ന്ച്ചാൽ തന്ന് നിങ്ങക്കീ വയ്സാങ്കാല്ത്ത് മൻസ്സമാധാനത്തോടെ കര്യോഗത്തിലുംകൂടി ഞങ്ങ്ടെ മക്ക്ളേം നോക്കി വീട്ട്ലിര്ന്നാപ്പോരെ..?"
അയാൾ പറയുന്നത് നിറുത്തി, തന്‍റെ സഹോദരങ്ങളെ നോക്കി. ആരുമൊന്നും മിണ്ടുന്നില്ല. എങ്കിലും അവരുടെ മുഖത്ത് ആശ്ചര്യം നിഴലിക്കുന്നത് കണ്ടു. ആദ്യമായിട്ടാണ് താൻ അച്ഛന്‍റെ നേരേനിന്ന് ഇത്രയും സംസാരിക്കുന്നത്. പണിക്കർ ഒന്നും മിണ്ടിയില്ല. അയാളെ നോക്കി ഇത്രമാത്രം പറഞ്ഞു.
"കഴ്ഞ്ഞോ...? നെന്ക്ക് പർയാനൊള്ള്ത് മുഴ്വൻ? യില്ലെങ്കീ മുഴ്വനും പർഞ്ഞ് തീർക്ക്.."
സുകേശൻ ഒന്നും മിണ്ടിയില്ല.
"യിനി ഡാക്ട്ടർസാർക്കെന്തെങ്കിലും പർയാനെണ്ടെങ്കില് വേഗം പർഞ്ഞോ? യെല്ലാർക്കും പർയാനൊള്ള്ത് കേട്ടിട്ട് മർപടി ഒര്മിച്ച് പർയാം.."
ഇളയമകൻ, ഡോക്ടർ പാർത്ഥസാരഥിയെ നോക്കിക്കൊണ്ട് പണിക്കർ പറഞ്ഞു.
"കുട്ട്യേട്ടൻ പർഞ്ഞത് ശര്യല്ലേച്ഛാ.. ഞങ്ങക്ക് കുട്മ്ത്തിലെ സ്വത്ത് വീതം വച്ച്തര്ണം. യെന്നായാലും തര്ണ്ടതല്ലേ..? യിച്ചിരി താമ്സിച്ചാലും കൊഴ്പ്പെല്ല. അവ്രോര്ക്ക് അവ്രോര്ടെ കാര്യം നോക്കാലോ..? ഞാനേതായാലും കോഴ്ക്കോട്വിട്ട് ഇങ്ങ്ട് വര്ണില്ല. യെന്ക്ക് പ്രാക്ടീസ്ന് അവ്ടെയാണ് നല്ല്ത്. യെത്രേം പെട്ട്ന്ന് അത്നൊള്ളേർപ്പാട് ചെയ്ണം ന്നാ ന്‍റെഭിപ്രായം."
"യെല്ലാവരും പർഞ്ഞ് കഴ്ഞ്ഞോ..? യിന്യാർക്കെങ്കിലും യെന്തെങ്കിലും ചോയ്ക്കാനോ, പർയാനോണ്ടെങ്കില് വേകം പർഞ്ഞ് തീർക്കിൻ..?"
ഒന്നു നിറുത്തി, എല്ലാ മുഖങ്ങളിലേക്കും നോക്കി പണിക്കർ. ആരും ഒന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ അയാൾ തന്‍റെ ഭാര്യയുടെ മുഖത്തു നോക്കി ചോദിച്ചു.
"യെന്‍റെ ധർമ്മപത്നിക്കെന്തെങ്കിലും പർയാനൊണ്ടെങ്കീ യിപ്പം പർഞ്ഞോ..? യിന്യെന്ക്ക് ചോയ്ക്കാനും പർയാനുമൊള്ള സമ്യോല്ല. യിത്കഴ്ഞ്ഞാപ്പ്ന്നെ ആര്ടേം ചീറ്റ്ലും മുർകലും ഞഞ്ഞാപിഞ്ഞ വർത്താനങ്ങ്ളും കൊതിക്കെർവും കേക്ക്ണെന്ക്കിഷ്ട്ല്ലാ.."
മക്കളുടെയും ഭർത്താവിന്‍റെയും വാക്കുകൾകേട്ട് മിണ്ടാതിരുന്ന കാർത്ത്യാനിയമ്മ പെട്ടെന്നു പറഞ്ഞു.
"അതെന്ത്ന്.. ങ്ങക്ക് സമ്യോല്ലാത്തേ..? ചാകാൻ പോക്വാ..? കാല്ന്പോലും മേലാനെ പേട്യല്ലേ?! പിന്നെങ്ങ്നെ ങ്ങ്ളെ കൊണ്ടോം മേലാട്ട്. അവ്ടെ ചെന്നാല് ഓരോടും ത്രനേരം കൂട്ട്വന്നേന്‍റെ കൂലി ചോയ്ക്കൂലെ നിങ്ങള്? അതോണ്ട് ഇങ്ങ്ള് പെട്ട്ന്ന് ചാകൂന്ന പേടിവേണ്ടാ. ചെയ്ത ദുഷ്ടതര്ത്ത്ന് അന്വവിക്കാണ്ട് ചത്താല് മോളിലോര്ത്തൻ യീശ്വരൻ യെന്നപേരില് ഇര്ക്കുന്ന്ത് വെർത്യാവേലേ..?!"
ഒരു നിശബ്ദത അവിടെ പരന്നു. മക്കളെല്ലാവരും അത്ഭുതത്തോടെ അമ്മയെ നോക്കി. അവരുടെ ശബ്ദം ഉയർന്നുകേൾക്കുന്നത് തങ്ങളുടെ ജീവിതത്തിൽ ആദ്യമാണല്ലോ എന്നോർത്തുപോയി.
അവർ ഒരു കൂസലുമില്ലാതെ ഭർത്താവിനെ നോക്കി. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച അവർ കേട്ടത് പൊട്ടിച്ചിരിയായിരുന്നു.
"ഹ ഹ ഹ.. ബേഷ്. പൂമട്ത്ത് വാസ്ദേവപ്പണിക്കര്ടെ ബാര്യെന്നാലിങ്ങ്നന്നെ വേണം. യിപ്പ്ളാണ് നീ ശെര്ക്കും ന്‍റെ ബാര്യായ്ത്. ഞാമ്മര്ച്ചാലും പൂമട്ത്ത് കാര്ണോത്ത്യായ് ഓരാളൊണ്ടേലോ.. അത് മതി. സന്തോഷം.."
മറുപടി പറയാൻമുതിർന്ന കാർത്ത്യാനിയമ്മ പെട്ടന്ന് സങ്കടപ്പെട്ട് ഏങ്ങലടിച്ചുകരഞ്ഞു.
"യെന്ക്കല്പം പർയാനൊണ്ട്. ഞാനമ്മ്ടെ സ്ക്കൂളില് പടിപ്പിക്ക്ണത് യെല്ലാർക്കും അർയാലോ? അതോണ്ട് സ്വത്ത് വീതം വെയ്ക്കുമ്പോ അതെന്ക്ക്വേണം; ആ സ്ക്കൂള്. ഞാനൊര് മോളല്ലേയൊള്ള്. യ്ക്കത് മാത്രം മതി."
അന്നപൂർണ്ണ രണ്ടും കല്പിച്ച് പറഞ്ഞു.
സുകേശന്‍റെ അടുത്തിരുന്ന ഭാര്യ, കൈമുട്ടുകൊണ്ട് ആരും കാണാതെ അയാളെ തോണ്ടി എന്തെങ്കിലും പറയണമെന്ന അർത്ഥത്തിൽ.
"അതെങ്ങ്നെ ശര്യാവും? പട്പ്പിക്കുന്നേന് നിന്ക്ക് മാസാമാസം ശമ്പ്ളം കിട്ട്ണൊണ്ടല്ലോ..?! അല്ലാതെ ചാമയ്ക്കല്ലല്ലോ അന്‍റെ സേവ്നം? യെന്ക്കാ സ്ക്കൂള് മത്യല്ലോ..?"
"കുട്ടേട്ട്നെന്തിന്‍റെ കൊർവാ..? ഗെവ്ർമെന്റു ജോല്യൊണ്ടല്ലോ..? യെന്ക്കങ്ങ്നാണോ..?"
"യെനിക്കങ്ങ്നെ മന്സ്ലായില്ലാ.. അങ്ങ്നെ ഒരാക്ക് മാത്രം കൊട്ത്താമത്യോന്ന് അച്ഛൻ തീര്മാന്ക്കടട്ടെ. നീയൊരാള് മാത്രല്ലിവ്ടെ. വേറേം മൂന്ന്പേരൊണ്ട്.."
"അതല്ലല്ലോ..? കുട്ട്യേട്ടൻ സ്വത്തും മൊത്ലുള്ള കുട്മത്തീന്ന് യെട്ത്താ പൊന്താത്ത്റോം പൊന്നും പണോം സ്ത്രീധനോം മേങ്ങ്യല്ലേ കെട്ടീത്..? യേട്ത്തീടെ പേര്ല് വല്യ കമ്പ്നീംമൊണ്ട്. യെന്ക്കെന്തൊണ്ട്? കടോം കട്ത്തിന്‍റെ കൂടും. ഒള്ളെത് രണ്ട് പെങ്കുട്ട്യോളും. അത്ങ്ങളാച്ചാ ന്‍റെ നെറോം! യേതെങ്ക്ലൊര്ത്തന്‍റെ കൈയ്യിപ്പിടിച്ചേല്പിക്കണേ കർത്തപെങ്കുട്ട്യോൾക്ക് യെന്തോരും പൊന്നും പണ്ടോം പണോം കൊട്ത്താലാ കൊള്ളാവുന്ന കുട്മത്തീന്ന് ചെർക്കമ്മാരെ കിട്ടൂ.. അങ്ങ്നെ യേതേലുമൊര്ത്തന്‍റെ കൂടെ വിടാമ്പറ്റ്വോ..? ആകെ ഒര് പ്രതീക്ഷ്യാണ് മ്മടെ സ്ക്കൂള്. അത്ന്ന്ന്‍റെ പൊന്നാങ്ങ്ളമാർ തട്സം നിന്നാൽ ഞാനൂന്‍റെ മക്ക്ളും കെട്ടിത്തൂങ്ങ്വേളള്.."
പറഞ്ഞുതീർന്നതും അവർ അടുത്തിരുന്ന തന്‍റെ മക്കളെ ചേർത്തുപിടിച്ച് ഏങ്ങലടിച്ച് കരഞ്ഞു. കൂടെ മക്കളും. ഒന്നും പറയുവാനാകാതെ ഭർത്താവ് രാമചന്ദ്രൻനായർ അവിടെനിന്നും എണീറ്റുപോയി. ഇനിയെന്തുചെയ്യും എന്ന മട്ടിൽ സുകേശൻ ഭാര്യയെ നോക്കി. അവളും ഒന്നും പറയുവാനാവാതെ അയാളെയും. അവൾക്ക് എല്ലാം മനസ്സിലായി. നാത്തൂൻ തങ്ങളുടെ മർമ്മത്താണ് പിടിച്ചതെന്ന്. കാരണം അവളും അല്പം നിറക്കുറവുള്ളവളാണ്. പണ്ട് തന്‍റെ അച്ഛൻ തനിക്ക് ഭർത്താവിനെ വാങ്ങിതന്നതും ഇങ്ങനെയാണല്ലോ? എല്ലാം ചരിത്രത്തിന്‍റെ ആവർത്തനം മാത്രം. കഥാപാത്രങ്ങൾക്ക് ഒട്ടും മാറ്റമില്ലെന്നവൾക്ക് തോന്നി. തന്‍റെ അച്ഛന്‍റെ സ്ഥാനത്ത് അളിയൻ രാമചന്ദ്രൻനായർ എന്ന വ്യത്യാസം മാത്രം. അടുത്തിരുന്ന മക്കളെ നോക്കിയപ്പോൾ അവർക്ക് തന്‍റെ നിറമല്ലാത്തതിൽ കാർത്തികയ്ക്ക് അല്പം മനസമാധാനവും തോന്നി.
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന അവസ്ഥയിൽത്തന്നെയായിരുന്നു വാസുദേവപ്പണിക്കർ. തന്‍റെ അടുത്തുവച്ചിരുന്ന മരത്തിന്‍റെ ഡെപ്പി തുറന്ന് അതിനുള്ളിൽനിന്നും അല്പം ഇരട്ടിമധുരം എടുത്ത് വായിലിട്ടുചവച്ചു. അത് ഒരു ശീലമാണ്. ദീർഘമായി സംസാരിക്കാൻ തുടങ്ങുന്നതിനുമുമ്പ് ചെയ്യുന്ന കാര്യം. ഏകദേശം അഞ്ച് മിനിറ്റോളം ആരും ഒന്നും പറഞ്ഞില്ല. പണിക്കർ മെല്ലേ നാക്കുകൊണ്ട് പല്ലുകൾക്കു മുകളിൽ ഒരു വൃത്തം വരച്ചു. പിന്നെ പറഞ്ഞുതുടങ്ങി.
"യെല്ലാവ്രും അവരോര്ടെ കാര്യങ്ങ്ള് പർഞ്ഞ് കഴ്ഞ്ഞോ..? യെങ്കീ.. മക്ക്ള് കേക്കാൻ ഞാങ്കൊർച്ച് കാര്യങ്ങ്ളങ്ങ് പർയാം. ഇവ്ടെ മക്ക്ളെല്ലാവ്രും അവ്രവര്‍ക്ക് കിട്ടണ്ട സ്വത്ത്നെക്കുർച്ചോര്‍ത്താണ് വേവ്ലാതി. നല്ല കാര്യം. അത്വേണം. അച്ഛന്‍റെ സ്വത്തല്ലാതെ നാട്ടാര്ടെ സ്വത്ത്ന് അവ്കാശം പർയാൻ പറ്റ്വോ..?!"
"അല്ലച്ഛാ... അത്. പിന്നെ നാട്ട്നട്പ്പല്ലേ...?"
ബാലഗോപാലൻ ഇടയിൽക്കയറി പറഞ്ഞു.
"ഞാമ്പർയുമ്പോ.. യെട്യ്ക്ക് കേറി പറേന്ന്ത് യെന്ക്കിഷ്ടല്ല. അർയാലോ നിങ്ങക്ക്..? ഞാമ്പർഞ്ഞ് കഴ്ഞ്ഞ് നിങ്ങക്കൊള്ള സമ്യംതരും. മൻസ്ലായോ..?"
ആരും ഒന്നും മിണ്ടിയില്ല. പണിക്കർ തുടർന്നു.
"യിത്രേങ്കാലായി നിങ്ങ്ള് മക്ക്ളെല്ലാം ജോലിചെയ്യുന്നു. അതീ സർക്കാര്ജോലീം, ബേങ്ക്ജോലീം, സ്ക്കൂളീപ്പണീം യെല്ലാം ചെയ്യുമ്പോ.. നിങ്ങ്ള്ക്ക് നല്ലൊര് തൊക ശമ്പ്ളായി കിട്ട്ണൊണ്ട്ല്ലോ? അതീന്ന് മാസാമാസം നിങ്ങ്ളെത്ര മക്ക്ള് ദാ.. ച്ഛാ.. യീമാസ്ത്തെന്‍റെ ശമ്പ്ളെന്നു പർഞ്ഞ് ന്‍റെ കൈയീത്തന്നെട്ടൊണ്ട്..? അല്ലേ വേണ്ട, ദാ..യിര്ക്ക്ണ നിങ്ങ്ടമ്മേന്റട്ത്ത് കൊട്ത്ത്ട്ടുണ്ട്..? ഒന്ന് പർഞ്ഞേ ഞാങ്കേക്കട്ടേ..?"
മക്കളുടെ ഇടയ്ക്കിരിക്കുന്ന കാർത്ത്യായനിയമ്മയെ ചൂണ്ടിക്കാട്ടിയാണ് പണിക്കർ പറഞ്ഞത്. ആരും ഒന്നും പറയുന്നില്ല. നാവിറങ്ങിപ്പോയപോലേ ഇരുന്നുപോയി മക്കൾ. പണിക്കർ പറഞ്ഞപ്പോഴാണ് അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് അവർ ചിന്തിക്കുന്ന്തുതന്നെ. കാർത്ത്യാനിയമ്മ ആദ്യമായിട്ട് കാണുന്നപോലേ പണിക്കരെ നോക്കി; വിശ്വസിക്കാനാവാതെ.
"മൂത്തവ്ന് ജോലി കിട്ട്യപ്പോ.. ഞാനോർത്ത്, കിട്ടീലാ. രണ്ടാമത്ത്വന് കിട്ടീപ്പ്ഴും ഞാനാശിച്ച്. യെന്ക്കല്ല, നിങ്ങ്ടമ്മക്കൊര് സാരി! പോട്ടേ.. ഒര് നേര്യതെങ്കിലും ആദ്യത്തെ ശമ്പ്ളങ്കൊണ്ട് മേങ്ങിക്കൊടുക്കൂന്ന്. അത്വെണ്ടായീലാ. അവ്ള്ക്കൊണ്ടാകൂലോ അങ്ങ്നൊര് പൂതി..?"
തന്‍റെ ഭർത്താവിന്‍റെ വാക്കുകൾ കാർത്ത്യായനിയമ്മയുടെ ഹൃദയത്തെ വേദനിപ്പിച്ചു. താനെത്രമാത്രം ആഗ്രഹിച്ച കാര്യമാണ് ഭർത്താവ് പറയുന്നതെന്ന്.
"വല്യ ഡോട്ട്രായി ഒര്ത്തൻ കോഴ്ക്കോട് പോയ്ട്ടെന്തായ്..? ഒര് നാര്ങ്ങാമുട്ടായി മേങ്ങി തന്നോന്ക്ക്..? വേണ്ടാ സ്വന്തമ്മക്ക് തല്വേദ്ന വന്നാ തിന്നാനൊള്ള ഒര് ഗുള്ക തന്നിട്ടൊണ്ടോ നീയിപ്പ്ഴും? തല്വേദ്ന വന്നാല് പണിക്കാരി വാസന്ത്യോട്ണം അട്ത്തൊള്ള പീട്യേലേക്ക്. യെന്ത്നാ...? അമൃതാഞ്ചൻ മേങ്ങാൻ..!"
തന്‍റെ ഇളയമകന്‍റെ നേരേ വിരൽ ചൂണ്ടിക്കൊണ്ടാണ് പണിക്കർ അത് പറഞ്ഞത്.
ഡോക്ടർ പാർത്ഥസാരഥി ഒന്നും പറയാനാവാതെ മുഖം കുനിച്ചു. കാർത്തികയുടെ അടുത്തിരുന്ന അയാളുടെ ഭാര്യയുടെ മുഖം വിളറിപ്പോയിരുന്നു.
"പിന്ന്യൊരു മക്ളൊണ്ട്. ഉപ്പൊട്ട് കർപ്പൂരംവരെ മേങ്ങിക്കൊട്ത്താലും പൊന്നോണ്ട് പുള്ശ്ശേരി വെച്ചൊട്ത്താലും അവ്ള്ക്ക് തെക്യില്ല.. യെന്നാലും ഒന്നല്ലേയൊള്ള് ന്ന്ർത്തങ്ങ്ട് സഹിക്ക്ണ്.."
പറഞ്ഞുനിറുത്തി, പണിക്കർ കുറച്ചുകൂടി ഇരട്ടിമധുരം വായിലിട്ടുചവച്ചിറക്കി.
ആരും മിണ്ടുന്നില്ല. പക്ഷേ, അന്നപൂർണ്ണ അമ്മയോട് പറഞ്ഞു.
"കേട്ട്ല്ലേമ്മേ.. അച്ഛമ്പർഞ്ഞേ.. യെന്ക്കൊന്നും തെക്യില്ലാന്ന്..?"
"അച്ഛമ്പർഞ്ഞേലൊര് തെറ്റൂല്ലാ.. നെന്‍റെ സൊവാവം എന്ക്കും പിട്ക്കണ്ല്ല. യെന്ത്നും ഒരട്ക്കോത്ക്കോം വേണ്ടന്ന്യാ.. അത്പ്പം മക്നായാലും, മക്ളായാലും വേറാരായാലും അത് വേണ്ടത്ന്യാ.."
അമ്മയുടെ വാക്കുകൾ കേട്ട അന്നപൂർണ്ണ വിശ്വാസം വരാതെ അവരെ ഒരു വിചിത്രജീവിയെ കാണുന്നതുപോലേ നോക്കി. അമ്മ തന്നെ പിന്തുണയ്ക്കുമെന്നാണവൾ കരുതിയിരുന്നത്. തന്‍റെ ഭാര്യയുടെ പ്രതികരണം പണിക്കരേയും അത്ഭുതപ്പെടുത്തി. മകളുടെ ചിന്തകൾ തന്നെയായിരുന്നു അച്ഛനും.
"അപ്പോ ഞാന്‍ മക്ക്ളെല്ലാർക്കുങ്കൂടി കാശൊത്ത്രി മൊട്ക്കീക്ക്ണ്. ആവ്ശോണ്ടേ ഇനീം മൊട്ക്കും. അയ്നൊര് മട്യൂല്ല. അങ്ങ്നൊള്ള സമ്യത്ത്ങ്ങ്ള് ചോയ്ച്ച് ബുത്തിമുട്ട്വേം മാണ്ടാ. ന്‍റെ കഴ്ത്തില് ശാസോണ്ടെങ്കീ അതെന്‍റെ മക്കക്ക് കിട്ട്യിര്ക്കും. അത് യീ വാസ്ദേവപ്പണിക്കര്ടെ വാക്കാ.."
"അച്ഛമ്മാര് മക്കള്ക്ക്വേണ്ടി പണം മൊട്ക്ക്ണത് പുത്യ കാര്യോന്നല്ല.. നാട്ട്നട്പ്പാ. അത്ങ്ങ്നെ ഓര്യിട്ട് പർയണ്ടാവ്ശോണ്ടോപ്പോ..?"
ബാലഗോപാലൻ അച്ഛനോട് ദേഷ്യത്തോടെ ചോദിച്ചു.
"അത്ന്നാണ് ഞാഞ്ചെയ്തേ... നീയെങ്ങ്നെയ ബേങ്ക് മാനേജ്റായ്ത്..? ഉറ്പ്യ അഞ്ച്ലക്ഷം ഡയ്റക്ടറ്ബോഡീ കൊട്ത്തില്ലേ..?”
“നെന്‍റെ അനിയൻ ഇഞ്ച്നീയർക്ക് സർക്കാറ് ജോലി കിട്ടാന് പീടബ്ലിയൂമന്ത്രീടെ പാർട്ട്യോഫീസ്ല് ഓനും ഞാനുമ്പോയി കൊട്ത്തത് ഒന്നും രണ്ട്വല്ല; റുപ്യായേഴ്ലക്ഷാ.. അറ്യോ നിന്ക്ക്..? കുട്മ്പത്തൊര് ഡാക്ക്ട്ടൊറൊണ്ടായ്ക്കാണാൻ പൊല്ച്ചെത് നിങ്ങക്കെല്ലാർക്കും മൊട്ക്ക്യേന്‍റെ രണ്ടെര്ട്ട്യീന്‍റെ മോളീലായീക്ക്ണ്!! ഇത്ത്രേം മൊട്ക്കീട്ടും ഞാനാരോടെങ്കിലും ഒര് നയാപൈസാ ചോയ്ച്ചോ..? അതോണ്ട് മക്ക്ളിപ്പ പോ.. സമ്യായാകുമ്പോ നിങ്ങക്കൊള്ളത് കിട്ടും".
സംസാരം നിറുത്തി, പണിക്കർ അവിടെനിന്നും എഴുന്നേറ്റുപോയി. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും മുഖം കടന്നൽ കുത്തിയപോലേ വീർത്തിരുന്നു. വന്നവർ എല്ലാവരും നിരാശരായി തിരിച്ചുപോയി.
-----------------------------
അന്നത്തെ കുടുംബയോഗത്തിനുശേഷം വാസുദേവപ്പണിക്കർ വളരെ അസ്വസ്ഥനായിത്തീർന്നു. എന്തൊക്കെയോ കണക്കുകൾ കൂട്ടലും കിഴിക്കലും നടത്തുന്നതും എന്തൊക്കെയോ പേപ്പറുകൾ തിരഞ്ഞ് ദേഷ്യപ്പെടുന്നതും കണ്ട് കാർത്ത്യാനിയമ്മ അത്ഭുതപ്പെട്ടു. ഇങ്ങനത്തെ കാഴ്ച പതിവില്ലാത്തതാണ്. ഉച്ചയ്ക്ക് ഊണ് കഴിക്കാനിരുന്നപ്പോൾ പണിക്കർ ഭാര്യയോട് ചോദിച്ചു;
"നീ കഴ്ച്ചോ..?"
കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി കേൾക്കാൻ കൊതിച്ച വാക്ക്. അവർ ഒന്നും പറയാതെ നിന്നു.
"ന്നാ.. യിര്ക്ക്. യിന്നൊര്മിച്ച് കഴ്ക്കാം. ഞാവെള്മ്പിത്തരാം. യിവ്ടെ വന്നിര്ക്ക്."
ആ ഒറ്റവാക്കിൽ അറിയാതെ, മനസ്സില്‍ അവർ ഒരു നവവധുവായി മാറി. പെട്ടെന്ന് അവരുടെ മുഖത്ത് രക്തമിരച്ചുകയറി. നാണത്തോടെ അവർ പറഞ്ഞു:
"ഞാമ്പിന്നെ കഴ്ച്ചോളാം.."
ഒന്നും പറയാതെ, ഭക്ഷണം പകുതി കഴിച്ച് പണിക്കർ എഴുന്നേറ്റു. കൈ കഴുകി തന്‍റെ കിടപ്പുമുറിയിലേക്കുപോയി. മുന്നിൽ നടക്കുന്ന കാഴ്ചകൾ കണ്ട് വിശ്വസിക്കനാവാതെ അവർ തന്‍റെ കവിളിൽ നുള്ളിനോക്കി; യാഥാർഥ്യംതന്നെ. തന്‍റെ വിവാഹം കഴിഞ്ഞ് വീട്ടിൽനിന്നും ഇറങ്ങുമ്പോൾ അമ്മ പറഞ്ഞത് ഓർമ്മവന്നു.
“കാർത്തൂ.. യിന്നുമൊതല് ന്‍റെ കുട്ട്യീടെ മര്ണംവരെ ഓന്‍റെ കുട്മത്താ.. നെന്‍റെ ജീവ്തം. യെത്ര കഷ്ടാണ്ങ്കിലും ജീവനങ്ങ്പോയാലും ഓനെ വിട്ടിങ്ങ്ട് വരല്ല്. നെന്ക്ക് താഴ്യെ മൂന്നെണ്ണാന്നൊള്ള കാര്യം ഓർമ്വേണം. അത്ങ്ങ്ളേം ആര്ടെങ്കിലും കൈയ്യിപ്പിട്ച്ചേല്പിക്ക്ണം”.
“മൂത്തകുട്ടി കെട്ട്പൊട്ടിച്ച് തിര്ച്ചെത്തീന്നെങ്ങാനും നാട്ടാരർഞ്ഞാ.. അത്ങ്ങക്ക് പുടവ കൊട്ക്കാൻ നല്ല തർവാട്ടീന്നാര്വാവരും? അത് മർക്കര്തെന്‍റെ കുട്ടീ.."
എല്ലാം കേട്ട് കണ്ണീരോടെ തലയാട്ടിയപ്പോൾ പിന്നെയും വന്നു ഉപദേശം.
"ഭർത്താവെന്തെങ്കിലും കഴ്ച്ചേന്ശേഷേ ഭാര്യെന്തെങ്കിലും കഴ്ക്കാമ്പാടൊള്ള്. ഓന്‍റെ പാത്രത്തില് വാക്കി വന്ന്ത് നെന്ക്കൊള്ള്താ. യെച്ച്ലെന്ന് കര്താത്വെണം ന്‍റെ മോളത് കഴ്ക്കാൻ.."
കഴിഞ്ഞകാലങ്ങളത്രയും താനത് അക്ഷരംപ്രതി പാലിച്ചുവന്നു. പക്ഷേ ഭർത്താവ് കഴിച്ചതിന്‍റെ ബാക്കി ഭക്ഷണം കഴിക്കാൻ നാല്പത്തഞ്ച് വർഷം കാത്തിരിക്കേണ്ടിവന്നു. അവർ ആ ഭക്ഷണം ആർത്തിയോടെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ പണിക്കർ എവിടേക്കോ യാത്ര പോകാനുള്ള തയ്യാറെടുപ്പിൽ അങ്ങോട്ടു വന്നു.
"കാർത്തൂ.. ഞാനാ ഗോപിനാതൻവക്കീല്നൊന്ന് കണ്ടിട്ട്വരാം. കൊർച്ച് കാര്യങ്ങ്ളേല്പിക്ക്ണം."
അവർ, വിഴുങ്ങിയ ഭക്ഷണം ഇറക്കുവാനാവാതെ സ്തംഭിച്ചിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ഊട്ടുമുറിയുടെ വാതിലും ചാരിനിന്നിരുന്ന വാസന്തി താൻ കാണുന്നതും കേൾക്കുന്നതും സ്വപ്നമാണോ എന്നറിയാതെ അത്ഭുതപ്പെട്ടുപോയി. തന്‍റെ അച്ഛനും അമ്മയും മാത്രമാണ് തന്നെ ഇങ്ങനെ വിളിക്കാറുള്ളു. തനിക്കും ഇങ്ങനെ വിളിച്ചുകേൾക്കുന്നതാണ് ഇഷ്ടവും.
തന്‍റെ ഭർത്താവും ഇങ്ങനെ വിളിച്ചിരുന്നെങ്കിലെന്ന് ആശിച്ചിരുന്നു. പക്ഷേ, വിവാഹം കഴിഞ്ഞ് ഈ കുടുംബത്തിലെത്തിയപ്പോൾ എല്ലാ പ്രതീക്ഷകളും തകിടംമറിഞ്ഞു. വലിയൊരു വീട്ടിൽ താനൊറ്റയ്ക്ക്. അങ്ങനെ തനിക്ക് കൂട്ടായി എത്തിയതാണ് വാസന്തിയുടെ ഭർത്താവിന്‍റെ അമ്മയായ ഗോമതി. അവരുടെ മരണശേഷമാണ് വാസന്തി ഇവിടെ ജോലിക്ക് നിന്നത്. മക്കളില്ലാത്ത അവർ ഭർത്താവിന്‍റെ മരണശേഷം ഇവിടെത്തന്നെ സ്ഥിരതാമസമാക്കി. ഇപ്പോൾ ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. തന്‍റെ സുഖത്തിലും ദു:ഖത്തിലും അവർ മാത്രമായിരുന്നു തുണ. എങ്കിലും പണിക്കരുടെ ഈ മാറ്റം പുതിയൊരു തുടക്കമായി അവർ കരുതി.
വീണ്ടും മാറ്റങ്ങൾ വന്നുതുടങ്ങിയെന്ന് തോന്നിക്കുംവിധമായിരുന്നു. പിന്നീടുള്ള രണ്ടു മൂന്ന് ദിവസങ്ങളിലെ പണിക്കരുടെ പെരുമാറ്റം. താൻ അകന്നുകഴിഞ്ഞിരുന്ന തന്‍റെ കാഞ്ഞങ്ങാടുള്ള തറവാട്ടിൽ പോകണമെന്നും എല്ലാവരേയും കണ്ട് സംസാരിക്കണമെന്നും പറഞ്ഞ് തന്നേയും കൂട്ടി പോയതും കാർത്ത്യാനിയമ്മയ്ക്ക് പുതിയ അനുഭവമായി. ആദ്യമായാണ് താൻ ഭർത്താവിന്‍റെ തറവാട്ടിൽ വിരുന്നുകാരിയായി പോയത്. തിരിച്ചുവരുമ്പോൾ കാഞ്ഞങ്ങാടിലെ പ്രശസ്തമായ ജൗളിക്കടയിൽക്കയറി തനിക്കും വാസന്തിക്കും പുതിയ വസ്ത്രങ്ങൾ വാങ്ങിയതും കാർത്യാനിയമ്മയ്ക്ക് മറക്കാനാവാത്ത അനുഭവമായി. തന്‍റെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നത് പണിക്കരും ആസ്വദിക്കാൻ തുടങ്ങി. വല്ലാത്ത സന്തോഷം തോന്നി.
"കാർത്തൂ.. യെന്ക്കിന്നൊരെടംവരെ പോയാലോന്നൊര് പൂതി. വേണേച്ചാൽ കൂടെ നീയ്യും പോന്നോള്.. ഉച്ച്യൂണവ്ട്ന്നാക്കാം.. കൊർച്ചീസായി മന്സ് പറേണ്തവ്ടെ പോണോന്ന്.."
പ്രഭാതഭക്ഷണം കഴിക്കുമ്പോൾ പണിക്കർ ഭാര്യയോട് പറഞ്ഞു.
അവർ തിരിഞ്ഞ് വാസന്തിയെ നോക്കിയപ്പോൾ, അവർ പൊയ്ക്കോളൂ എന്നർത്ഥത്തിൽ കണ്ണുകാണിച്ചതുകണ്ട് തലയാട്ടിക്കൊണ്ട് അവർ പണിക്കരോട് പറഞ്ഞു:
"ശരി... ഞാമ്പോയൊന്ന് മേലുകഴ്കി വേകമ്പരാം.."
അവർ കുളിമുറിയിലേക്കോടി. പെട്ടെന്ന് മേലുകഴുകി വസ്ത്രംമാറി വന്നു. ആ സമയത്തിനുള്ളിൽ പണിക്കർ വിളിച്ചുപറഞ്ഞതനുസരിച്ച് ഒരു ടാക്സികാർ വന്നു.
"നേരേ കാഞ്ഞങ്ങാട്ട്ക്ക് വിട്ടോ.."
ഒരു മണിക്കൂറിനുള്ളിൽ അവർ അവിടെയെത്തി.
"ഡാ.. രാജ്വേ.. ഇവ്ടെത്തെ ചന്തേലെ യേറ്റോം വല്യകടേമുന്നില് വണ്ടി നിർത്താ. കൊർച്ച് സാമാനങ്ങൾ മേങ്ങ്യീട്ട് പൂവാം."
അയാൾ പണിക്കർ പറഞ്ഞതുപോലേ ചെയ്തു. ഒരു ടെംപോ നിറയെ അരിയും പച്ചക്കറികളും തേങ്ങയും തുടങ്ങി ഒരു വമ്പൻ സദ്യയ്ക്ക് വേണ്ടതിലധികം സാധനങ്ങൾ വാങ്ങിനിറച്ചിട്ട് ഡ്രൈവറോട് പറഞ്ഞു.
"ഇവ്ട്യൊള്ള യേറ്റോം വല്യാനാതാസ്രംമ്ത്തേക്ക് വിട്ടോ.."
കേട്ടത് വിശ്വാസം വരാതെ ടാക്സിഡ്രൈവറും കാർത്ത്യായനിയമ്മയും സ്തംഭിച്ചുപോയി. ഒന്നും സംഭവിക്കാത്തതുപോലേ പണിക്കർ കാറിന്‍റെ മുൻസീറ്റിലിരുന്നു. ഉച്ചയ്ക്ക് അനാഥാലയത്തിലെ അന്തേവാസികൾക്കും കുട്ടികൾക്കുമൊപ്പം അവർ ഭക്ഷണം കഴിച്ചു. തിരിച്ചുപോകാന്നേരം അനാഥാലയത്തിന്‍റെ നടത്തിപ്പുകാരുമായി പണിക്കർ സംസാരിച്ചു. കുറച്ച് രൂപ നല്കിക്കൊണ്ട് പറഞ്ഞു.
"ഒര്മാസ്ത്തേക്കൊള്ള സാമാന്ങ്ങൾ മുഴ്വനൊണ്ട് വണ്ടീല്. യിത് പോര്ങ്കില് കൊർച്ച് കാശുംവെച്ചോ. യെല്ലാർക്കും വയ്റ് നെർച്ചുണ്ണാന്‍ ന്‍റെ വക്യായ് ഇരിക്കട്ടേ.."
യാത്രപറയുമ്പോൾ നടത്തിപ്പുകാരുടെയും കാർത്ത്യാനിയമ്മയുടെയും കണ്ണു നിറഞ്ഞുപോയി.
അന്ന്, രാത്രിയിൽ വാസുദേവപ്പണിക്കർ ഉറങ്ങുമ്പോൾ സമയം പതിനൊന്നുമണികഴിഞ്ഞിരുന്നു. ഇത്രയും താമസിക്കുന്നത് പതിവില്ലാത്തതാണ്. വല്ലാത്തൊരു ശാന്തതയും സമാധാനവും തോന്നി. ഇതുവരെ താൻ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന്. പകൽ നടന്നകാര്യങ്ങൾ ഓർമ്മയിലെത്തി. അതിൽ അയാൾക്ക് യാതൊരുവിധ കുറ്റബോധവും തോന്നിയില്ല. ഇത്രനാളും ചെയ്തതിന്‍റെ പരിഹാരമായിക്കരുതി മനസ്സ് സന്തോഷിച്ചു. തനിക്കെന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിച്ചു. ഇത്രയുംകാലം താൻ നേടിയെടുത്ത സമ്പത്തും ആഭിജാത്യവും തനിക്കെന്ത് നേടിത്തന്നു എന്ന ചിന്തയിൽ കണ്ണുകളടച്ചു. അല്പസമയത്തിനുള്ളിൽ അയാൾ ഗാഢനിദ്രയിലേക്ക് വഴുതിവീണുകൊണ്ടിരിക്കുമ്പോൾ മനോഹരമായ ഒരു സ്വപ്നത്തിലേക്ക് ഉപബോധമനസ്സ് അയാളെ കൂട്ടിക്കൊണ്ടുപോയി. ആ അർദ്ധബോധാവസ്ഥയിലും തനിക്കു ചുറ്റിലും ഒരു പ്രകാശവലയം രൂപപ്പെടുന്നതായി തോന്നി. അത് തന്‍റെ കട്ടിലിനു ചുറ്റും വ്യാപിക്കുന്നതായി അനുഭവപ്പെട്ടു. വെളുത്തവസ്ത്രം ധരിച്ച ഒരാൾ തന്‍റെ കയ്യിൽപ്പിടിച്ച് എഴുന്നേല്പിക്കുന്നതായി തോന്നി. കട്ടിലിന്‍റെ ക്രാസയിൽ അമർത്തിപ്പിടിച്ചു കിടക്കാൻ നോക്കിയപ്പോൾ തന്‍റെ കാലുകൾക്കടിയിൽ വേറെ രണ്ട് കാലുകൾ!! ഇതെങ്ങനെ സംഭവിച്ചെന്നറിയാൻ കഴുത്തു പൊക്കിനോക്കിയപ്പോൾ മനസ്സിലായി അരയ്ക്കു കീഴ്പ്പോട്ട് തനിക്ക് ഭാരം നഷ്ടപ്പെട്ടിരിക്കുന്നു.. കാലുകൾ കുടഞ്ഞു നോക്കി; ഇളകുന്നുണ്ട്. പക്ഷേ, പുതച്ചിരുന്ന കമ്പിളിപുതപ്പിനുള്ളിൽ തന്‍റെ കാലുകൾ അനങ്ങാതെ കിടക്കുന്നു. വീണ്ടും ഇളക്കിനോക്കി. ഇളകുന്ന കാലുകൾ ഭാരമില്ലാത്ത വെള്ളവസ്ത്രംകൊണ്ട് മൂടിയിരിക്കുന്നു. ആ വസ്ത്രം പതിയെപ്പതിയെ തന്‍റെ ശരീരത്തെയാകെ മൂടിക്കൊണ്ട് മുകളിലേക്ക് കയറിവരുമ്പോൾ താനൊരു പഞ്ഞിക്കെട്ട്പോലേ ഉയരുന്നതുകണ്ട് അയാൾ താഴേക്കുനോക്കി. തന്‍റെ പുതിയശരീരത്തിനടിയിൽ തന്‍റെ പഴയ കറുത്തദേഹം കണ്ടു. അപ്പോൾ ഭയങ്കര സന്തോഷം തോന്നി. തനിക്ക് പുതിയൊരു ദേഹം സ്വന്തമായിരിക്കുന്നു. ചെറുപ്പത്തിലും മുതിർന്നപ്പോഴും ആഗ്രഹിച്ചിരുന്നു തനിക്ക് കുറച്ചു വെളുത്തനിറം ഉണ്ടായിരുന്നെങ്കിലെന്ന്. പിന്നെ സമാധാനിച്ചിരുന്നത് ഈ കറുത്തനിറം തന്ന അവഹേളനങ്ങളും വാശിയുമാണ് തന്നെ ഇപ്പോൾ എല്ലാവരും ബഹുമാനിക്കുന്ന വാസുദേവപ്പണിക്കരാക്കിയത്. അടിയിൽക്കാണുന്ന പഴയദേഹത്തെ നോക്കിയപ്പോൾ വിഷമം തോന്നി. ഇത്രയുംകാലം താനായിരുന്ന ഈ ശരീരം ഉപേക്ഷിക്കുന്ന കാര്യമമോത്തപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സങ്കടം മിഴി നിറച്ചുകൊണ്ട് ചെന്നിയിലൂടൊഴുകി. അത്ഭുതം തന്‍റെ പഴയദേഹത്തിന്‍റെ ഒരു കണ്ണിലൂടെ മാത്രം കണ്ണീരൊഴുകുന്നു. തന്‍റെ പുതിയ ശരീരം പൂർണ്ണമായി ഭാരമില്ലാത്ത വെള്ളവസ്ത്രത്താൽ മൂടിയിരിക്കുന്നു. കണ്ണീരൊഴുക്കു നിലച്ചപ്പോൾ പണിക്കർ തന്‍റെ പഴയ ദേഹത്തെ പൂർണ്ണമായും ഉപേക്ഷിച്ചു. അപ്പോൾ അയാളിലെ അവസ്ഥാന്തരം പൂർണ്ണമായി.
(തുടർച്ച)
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo