Slider

അവസ്ഥാന്തരം കഥോദയം മത്സരം - 1 ഭാഗം ഒന്ന്

0
Image may contain: 1 person, smiling, beard and closeup
അവസ്ഥാന്തരം   കഥോദയം മത്സരം - 1 ഭാഗം ഒന്ന്

"യെന്തോന്നാടീ ഒര്മ്പെട്ടോളേ.. യീ ക്കാണ്ക്കെണ്ത്?”
“നെന്‍റെ തന്തേടെ തറവാട്ടീന്നു കൊണ്ടോന്നാണോന്ന് യേദ്ധ്യാനീ? വാരിക്കോരിക്കൊട്ക്കാനും സല്ക്കരിക്കാനും വെള്മ്പിക്കൊട്ത്തൂട്ടാനും പറ്റ്യ ജാതിക്ള്. ത്ഫൂ.. സമ്ദായം പൊര്‍ത്താക്ക്യ യിജ്ജാതി നായ്ന്‍റെ മക്ക്ളെക്കെ പട്യിക്ക് പൊർത്തിര്ത്തണം. ന്‍റെ അട്ച്ചേന്റകത്ത് കേറ്റ്യേക്കര്ത് ഒറ്റെണ്ണത്ത്നേം. വന്നിര്ക്കുന്നു വെട്ടിവിഴ്ങ്ങാൻ. അലവലാതികള്."
വിളമ്പാന്‍ നീട്ടിയ ചിരട്ടത്തവിയില്‍ തൊഴിച്ചുകൊണ്ടാണ് വാസുദേവപ്പണിക്കര്‍ അലറിയത്. കാര്‍ത്ത്യായനിയമ്മ കിടുങ്ങിപ്പോയി.
"ദേവ്യേ.. കാല്മാട്‌നിതും കണ്ടുപിട്ച്ചോ..?"
അറിയാതെ അവർ പറഞ്ഞു പോയി.
"യെന്താടീ.. ഒര്മ്പെട്ടോളേ.. പ്പം പർഞ്ഞേ..? ഒന്നൂടെ പർയെടീ..?"
എന്തുപറയണമെന്നറിയാതെ അവർ നാവിറങ്ങിപ്പോയപോലേ തരിച്ചുനില്ക്കുമ്പോൾ, തൊഴിയേറ്റ ചിരട്ടത്തവി മുറ്റത്തു ചെന്നുവീണ ശബ്ദം കേട്ടു.
"ഞാമ്പർമ്പിപ്പോയ് തിര്ച്ച്വര്മ്പോഴേക്കും ഇവ്ടെ അട്ച്ച്വാരി ചാണോം മെഴ്കി പുണ്യാഹം തള്ച്ചേക്ക്ണം. ഇല്ലേ നെന്‍റെ പള്ളയ്ക്കാര്ക്കും തൊഴി കൊളള്ണത്. മൻസ്സിലായോടി അർവാണ്ച്ചീ...?"
ഏതോ ഗുഹയിൽനിന്നും മുഴങ്ങുന്ന മുരൾച്ചപോലേ പണിക്കരുടെ ഗർജ്ജനം കേട്ട് രണ്ടു കൈകൾകൊണ്ടും ചെവികൾ പൊത്തി ഭയന്ന് കണ്ണടച്ചുനിന്ന കാര്‍ത്ത്യായനിയമ്മ തലപൊക്കിനോക്കുമ്പോൾ, സ്വർണ്ണംകെട്ടിയ ഊന്നുവടി കറക്കിക്കൊണ്ട് തോട്ടത്തിലൂടെ വേലക്കാരെ ശകാരിച്ചുകൊണ്ട് നടന്നകലുന്ന ഭർത്താവിനെയാണ് കണ്ടത്.
അപമാനഭാരംകൊണ്ട് അവരുടെ ശിരസ്സു കുനിഞ്ഞുപോയിരുന്നു. മുന്നിലിരിക്കുന്നവളുടെ കാല്ച്ചുവട്ടിലേക്ക് താനൊരു കടുകുമണിയോളം ചെറുതായതായി തോന്നി. അറിയാതെ കണ്ണുകളിൽ ക്രോധം ഇരച്ചുകയറിയെങ്കിലും പ്രതികരിക്കാനാവാതെ ആ വീട്ടമ്മ ദയനീയമായി മെല്ലേ മുഖമുയർത്തി നോക്കിയത്, ഭയത്തോടെ പാത്രം നീട്ടിപ്പിടിച്ചുകൊണ്ട് തറയിൽ ചമ്രംപടിഞ്ഞിരിക്കുന്ന സീതാലക്ഷ്മിയെയാണ്. ഒന്നും മിണ്ടാനാവാതെ അവൾ ഇരുന്നിടത്തുനിന്നും വീർത്തുന്തിയ അടിവയറിൽ ഇടതുകൈ താങ്ങി, വലതുകൈ നിലത്തൂന്നിക്കൊണ്ട് ആയാസപ്പെട്ട് മെല്ലേ എണീറ്റു. നിറമിഴികളിൽനിന്നും കണ്ണുനീർത്തുള്ളികൾ ഒഴുകിവീണ് ചാണകംമെഴുകിയ മുറ്റത്ത് അലിഞ്ഞുചേർന്നു. നിശബ്ദയായി കരഞ്ഞുകൊണ്ട്, പതിയെപ്പതിയെ ചുടലക്കാട് ലക്ഷ്യമാക്കി നടന്നുനീങ്ങി. അവൾ പോകുന്നതു നോക്കിനിന്നിരുന്ന കാർത്ത്യാനിയമ്മ തെക്കോട്ടു തിരിഞ്ഞ് രണ്ട് കൈകളും തലയുടെ പുറകിൽക്കെട്ടി തന്‍റെ ഭർത്താവിനെ പ്രാകി.
"ദുഷ്ടൻ. കാലമാടൻ. വെള്ളങ്കുടിച്ചു ചാകൂലാ. യീ ചെയ്തത്നൊക്കെ അന്ഭവിക്കാണ്ട്. പുഴ്ത്ത് ചാകത്തെയൊള്ള്. നോക്കിക്കോ.. ഒര് വയറ്റുകാണിപ്പെണ്ണിന് കൊർച്ച് കഞ്ഞികൊട്ത്താ.. കലവറ കാലിയാവൂത്രേ!! യെന്‍റെ പരദെയ്‌വങ്ങ്ളേ... ആര് ചെയ്ത പാപാണോ ന്നെ ഇങ്ങ്നൊര് മുത്കാലന്റൊപ്പം കെട്ടിയെട്പ്പിച്ചത്. സൂർതക്ഷയം അല്ലാതെന്ത് പറ്യാനാ!"
പിറുപിറുത്തുകൊണ്ടവർ അടുക്കളയിലേക്ക് കയറിപ്പോയി. ഒരു മൂലയിൽ ചാരിവച്ചിരുന്ന ഈർക്കിലിച്ചൂലെടുത്ത് നിലത്തുവീണ് ചിതറിക്കിടന്ന വറ്റുകൾ അടിച്ചുകൂട്ടി പുറത്തുവച്ചിരിക്കുന്ന കാടിവെള്ളപ്പാത്രത്തിലിട്ടു. ഭിത്തിയിൽ ആണിയടിച്ചുതൂക്കിയിരുന്ന മുറങ്ങളിലൊന്ന് എടുത്തുകൊണ്ട് അടുത്തുള്ള തൊഴുത്തിൽപ്പോയി ചാണകം വാരിക്കൊണ്ടുവന്ന്, തറ മെഴുകി പുണ്യാഹം തളിച്ചു. ഇല്ലെങ്കിൽ തിരിച്ചുവരുമ്പോൾ, തന്‍റെ ഭർത്താവ് ഉറഞ്ഞുതുള്ളുമെന്നവർക്കറിയാം. മർദ്ദനം മാത്രമല്ല; ജന്മംതന്നവരും പിന്നെ, കഴിഞ്ഞ നാലുതലമുറകൾവരെയുള്ളവരും പഴികേൾക്കേണ്ടിവരും. എന്തൊരു ജന്മമാണ് ഇത്? “ആര് ചെയ്ത പാപത്തിന്‍റെ ഫലമാണെന്റീശ്വരാ...” ആ സാധുസ്ത്രീ മനസ്സില്‍പ്പറഞ്ഞുകൊണ്ട് പുരയ്ക്കകത്തേക്കു കയറിപ്പോയി.
പൂമഠംതറവാട്ടിലെ കാരണവരാണ് വാസുദേവപ്പണിക്കർ. പണ്ടുകാലത്ത് ഏക്കർക്കണക്കിന് നിലങ്ങളും പാടങ്ങളും ആനയും അമ്പാരിയുള്ള തറവാടായിരുന്നു പൂമഠം. തുളുനാട് രാജകുടുംബത്തിൽനിന്നും മേലാൻപട്ടം കിട്ടിയ കുടുംബമായിരുന്നെങ്കിലും മാറിമാറിവന്ന തറവാട്ടുകാരണവന്മാരുടെ ധാരാളിത്തം കാരണം തറവാട് ക്ഷയിക്കുകയും സ്വത്തുക്കൾ അന്യാധീനപ്പെടുകയും ചെയ്തു. തറവാട്ടുസ്വത്തിൽനിന്നും തന്‍റെ വീതം ചോദിച്ചതിന് വാസുദേവപ്പണിക്കരെ വീട്ടിൽനിന്നും ചവിട്ടിപ്പുറത്താക്കി അച്ഛൻ ഗംഗാധരപ്പണിക്കർ. രണ്ടു ഭാര്യമാരുണ്ടായിരുന്ന ഗംഗാധരപ്പണിക്കർക്ക് കറുത്തവനായ മൂത്തമകന്‍റെ പിതൃത്വത്തിൽ സംശയം തോന്നിയതായിരുന്നു കാരണം. വെളുത്ത തനിക്ക് കറുത്തമകനോ എന്നതായിരുന്നു ചിന്ത. ആദ്യഭാര്യയായ ശാരദയ്ക്ക് അതിനാൽ കൊടിയ പീഡനം ഏല്ക്കേണ്ടിവന്നു. അവരോടുള്ള വാശിതീർക്കാൻ അവർ ജീവിച്ചിരിക്കുമ്പോൾത്തന്നെ വേറൊരു വിവാഹം കഴിച്ചു. അവരുടെ അനുജത്തിയായ ഗോമതിയെ കഴിപ്പിച്ചെന്നു പറയുന്നതായിരുന്നു ശരി. വേറൊരു വിവാഹത്തിലൂടെ അന്യകുടുംബത്തിലെ ഒരു പെണ്ണ് കയറിവന്നാൽ തന്‍റെ മൂത്ത മകളുടെ ഗതിയെന്താകുമെന്നു ചിന്തിച്ച ശാരദയുടെ അമ്മയുടെ ബുദ്ധിയായിരുന്നു അനുജത്തിയെക്കൂടി പണിക്കർക്കു വിവാഹം കഴിച്ചുകൊടുക്കാൻ. ആ ബന്ധത്തിൽ പണിക്കർക്ക് അഞ്ച് മക്കൾ പിറന്നു; മൂന്ന് പെണ്ണും രണ്ടാണും. അവരുടെ എല്ലാക്കാര്യത്തിലും ശ്രദ്ധചെലുത്തിയ ഗംഗാധരപ്പണിക്കർ, മൂത്തമകനെ അകറ്റിനിറുത്തി. കൗമാരക്കാരനായിരുന്ന വാസുദേവപ്പണിക്കർ വളർന്നത് ആട്ടും തുപ്പും പരിഹാസങ്ങളുമേറ്റുകൊണ്ടാണ്. അതയാളെ ക്രൂരനാക്കി മാറ്റിയെന്നതാണ് സത്യം. ഒരിക്കൽ ധൈര്യം സംഭരിച്ച് തന്‍റെ വീതം സ്വത്ത് ആവശ്യപ്പെട്ടതിന് പിടിച്ചുകെട്ടി മർദ്ദിക്കുകയും തറവാട്ടിൽനിന്നും പുറത്താക്കുകയും ചെയ്തു. അന്ന് അവിടത്തെ തറവാട്ടുപടിയിലടിച്ച് സത്യം ചെയ്തതാണ് അയാൾ. ഈ തറവാടിനെക്കാളും വലിയ വീട് സ്വന്തമാക്കിയിട്ടേ ഈ തറവാടിന്‍റെ പടി ചവിട്ടൂ എന്ന്. അങ്ങനെ കാഞ്ഞങ്ങാട് വിട്ട് ഹൊസ്ദുർഗിലെത്തി. മരംവെട്ടുകാരനായി ജീവിതം തുടങ്ങിയ പണിക്കർ, ഇഛാശക്തികൊണ്ട് പടിപടിയായി ഉയർന്ന് ധാരാളം സമ്പാദിച്ചുകൂട്ടി. പലിശയ്ക്കു പണം കൊടുത്തുതുടങ്ങി. വെട്ടിപ്പിടിച്ച്, വെട്ടിപ്പിടിച്ച് പൂമഠംതറവാടിനെ വിലയ്ക്കു വാങ്ങുന്നതുവരെയെത്തി. അപ്പൻ വില്ക്കുന്നത് വേറെ ആൾക്കാരിലൂടെ മകൻ സ്വന്തമാക്കി, ഇന്ന് തറവാട്ടുവസ്തുവകകളുടെ ഏറിയപങ്കും വാസുദേവപ്പണിക്കരുടെ കൈകളിലാണ്. ജീവിതത്തിൽ പിശുക്കനായതും അങ്ങനെയാണ്. സമ്പത്ത് ക്ഷയിച്ച തറവാട്ടുകാരിയായ കാർത്ത്യായനിയമ്മയെ വിവാഹം ചെയ്തു. അവർക്ക് നാലുമക്കൾ; മൂന്നാണും ഒരു പെണ്ണും. അവർ എല്ലാവിധ ജീവിതസൗകര്യങ്ങളോടുംകൂടി കാഞ്ഞങ്ങാട് താമസിക്കുന്നു. മൂത്തമകൻ ബാലഗോപാലൻ, കാനറാബാങ്കിന്‍റെ ചെറുവത്തൂർശാഖയുടെ മാനേജരാണ്. രണ്ടാമൻ, പി. ഡബ്ലിയു. ഡി. എഞ്ചിനീയറായ സുകേശനും. മൂന്നാമത് അന്നപൂർണ്ണ. പണിക്കരുടെതന്നെ ഉടമസ്ഥതയിലുള്ള പൂമഠം ഹയർസെക്കൻഡറിസ്ക്കൂളിലെ പ്രധാനയദ്ധ്യാപികയാണ്. അവരുടെ ഭർത്താവ് സ്വകാര്യപണമിടപാടുകൾ നടത്തുന്ന രാമചന്ദ്രൻനായർ. ഇളയവൻ ഡോക്ടറായ പാർത്ഥസാരഥിയും. അയാൾ കുടുംബസമേതം കോഴിക്കോട് താമസിക്കുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയും ഡോക്ടർ. മീനാക്ഷി എന്നാണ് പേര്.

ഇത്രയൊക്കെ സമ്പാദിച്ചിട്ടും വാസുദേവപ്പണിക്കർ, ഹൊസ്ദുർഗിലെ സ്വത്തൊന്നും മക്കൾക്ക് വീതംവച്ച് നല്കിയിട്ടില്ല. അതിന്‍റെ എല്ലാ വിദ്വേഷങ്ങളും അവർക്കുണ്ട്. എങ്കിലും തന്‍റെ തറവാടായ പൂമഠംകുടുംബവീട്ടിലെ വസ്തുവകകളിൽനിന്ന് പലപ്പോഴായി താൻ വിലകൊടുത്തു വാങ്ങിയിട്ട പന്ത്രണ്ട് ഏക്കര്‍ ഭൂമി, തന്‍റെ നാലു മക്കൾക്കും തുല്യമായി നല്കിയിട്ടുണ്ട്. പക്ഷേ, അതിന്‍റെ ആധാരം തന്‍റെ ഭാര്യയുടെ പേരിലാണ് പണിക്കർ രജിസ്റ്റർചെയ്തിരിക്കുന്നത്. ഭാര്യയുടെ മരണശേഷം അത് മക്കളിൽ ചെന്നുചേരും. അവിടെയാണ്, മക്കളിൽ രണ്ട് പേർ - മൂത്തമകനും മകളും - താമസിക്കുന്നത്. എങ്കിലും, മകൾ അന്നപൂർണ്ണ ഓരോരോ ആവശ്യങ്ങൾ നിറവേറ്റാൻ കരഞ്ഞും ഇല്ലായ്മപറഞ്ഞും ഹൊസ്ദുർഗിൽവന്ന് തന്‍റെ കാര്യങ്ങൾ നേടിയെടുക്കാൻ മിടുക്കിയാണ്. എല്ലാമറിയാമെങ്കിലും മകളോടുള്ള ഇഷ്ടംകൊണ്ട് പണിക്കർ അവളുടെ ആഗ്രഹങ്ങൾ മനസ്സറിഞ്ഞ് സാധിച്ചുകൊടുക്കാറുണ്ട്. എങ്കിലും അത്യാഗ്രഹിയായ ഭർത്താവിന്‍റെ വാക്കുകളിൽ ഉത്തേജിതയായി ഓരോ ആവശ്യങ്ങൾ പറഞ്ഞ് അവൾ വീണ്ടും വരും. ഇതറിയുന്ന ആൺമക്കൾക്ക് പെങ്ങളോടും അളിയനോടും നല്ല ദേഷ്യവുമുണ്ട്. അച്ഛന്‍റെ സ്വഭാവം അറിയുന്നതുകൊണ്ട് അവർ പരസ്യമായി പ്രതികരിക്കുന്നില്ല എന്നു മാത്രം. അതുകൊണ്ട്, ഹൊസ്ദുർഗിലെ തറവാട്സ്വത്തിന്‍റെ ഭാഗം കിട്ടണമെന്നാണ് അവരുടെ ആഗ്രഹം. അതിനായി, അവർ ആൺമക്കളെല്ലാവരും ഒരുമിച്ച് ചോദിക്കണമെന്നു തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ, അച്ഛനോട് ആരു സംസാരിക്കുമെന്നുള്ളതിൽ അവർക്കു തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. പെങ്ങളോട് സൂചിപ്പിച്ചപ്പോൾ, അവൾ സൂത്രത്തിൽ ഒഴിവായി. കാരണം, അച്ഛനെ പിണക്കിയാൽ ഇപ്പോൾ കിട്ടുന്നതുകൂടി നിന്നുപോകുമെന്നും അച്ഛനോട് പറ്റിക്കൂടി നില്ക്കാനുമായിരുന്നു അവളുടെ ഭർത്താവിന്‍റെ ഉപദേശം. മാത്രവുമല്ല, ആങ്ങളമാരെ പണിക്കരുമായി തെറ്റിച്ചാൽ അത് തങ്ങൾക്കു ഗുണംചെയ്യുമെന്നും. ഓരോരുത്തർക്കും മനസ്സിൽ പലപല കണക്കുകൂട്ടലുകളുമുണ്ടെങ്കിലും എല്ലാരുവടേയും കണ്ണ് നഗരത്തിന്‍റെ ഹൃദയഭാഗത്ത് നാലേക്കറിൽ സ്ഥിതിചെയ്യുന്ന പൂമഠം ഹൈസ്ക്കൂൾ തന്നെ. അതിന്‍റെ അപ്ഗ്രേഡിനായി പണിക്കർ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പരമപിശുക്കനായ വാസുദേവപ്പണിക്കർ പേരിനും പ്രശസ്തിക്കുംവേണ്ടി എന്തുംചെയ്യുന്ന കൂട്ടത്തിലാണ്. നാട്ടിൽ നടക്കുന്ന ഏതു നല്ല കാര്യങ്ങൾക്കും പണിക്കർ മുമ്പിലുണ്ടാവും. മുൻനിരയിൽ സ്ഥാനം കിട്ടണമെന്നു മാത്രം.
ഈ അടുത്തകാലത്താണ് സീതാലക്ഷ്മിയും ഭർത്താവ് രാമുവും പണിക്കരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍റെ അടുത്തായി സ്ഥിതിചെയ്യുന്ന ചുടലക്കാടിന്‍റെയുള്ളിൽ കുടിലുകെട്ടി താമസമാരംഭിക്കുന്നത്. മൂന്നുചുറ്റും പണിക്കരുടെ പട്ടയസ്ഥലമാണെങ്കിലും ചുടലക്കാടിന് ആരും അവകാശികളില്ല. കാലാകാലങ്ങളായി അവിടെ ശവങ്ങൾ മറവുചെയ്യുകയും ദഹിപ്പിക്കാറുമുണ്ട്. ഇത് തന്‍റെ കൈവശഭൂമിയാണെന്നാണ് പണിക്കർ പറയുന്നത്. അദ്ദേഹത്തെ എതിർത്ത് ആരും സംസാരിക്കാറുമില്ല. ചുടലക്കാട്ടിലെത്തുന്ന മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് പാരമ്പര്യമായി രാമുവിന്‍റെ വീട്ടുകാരായിരുന്നു. താഴ്ന്നജാതിക്കാരനായ രാമു തീയ്യ സമുദായത്തിൽപ്പെട്ട സീതാലക്ഷ്മിയുമായി പ്രണയത്തിലാകുകയും ഇരുസമുദായത്തിന്‍റെയും എതിർപ്പുകളെ മറികടന്ന് അവളെ വിവാഹം കഴിക്കുകയുംചെയ്തു. രണ്ടുപേരെയും അവരുടെ സമുദായങ്ങൾ പടിയടച്ച് പിണ്ഡംവച്ചു. ആശ്രയം നഷ്ട്ടപ്പെട്ട രാമു ചുടലക്കാട്ടില്‍ കുടിലുകെട്ടി താമസം തുടങ്ങി. രായിക്കുരാമാനം നടന്ന കാര്യമായതുകൊണ്ട് പണിക്കർ താമസിച്ചാണ് വിവരങ്ങളറിഞ്ഞത്. ചാടിത്തുള്ളിയെത്തിയ പണിക്കർ, രാമു വാടക കൊടുക്കാമെന്നു സമ്മതിച്ചപ്പോൾ അനുമതി നല്കി. ഇതിലും പണിക്കരുടെ കുശാഗ്രബുദ്ധി പ്രവർത്തിച്ചു. പകൽവെട്ടത്തുപോലും മനുഷ്യർ നടക്കാൻ ഭയക്കുന്ന ചുടലക്കാട്ടിൽ ആൾത്താമസം തുടങ്ങിയാൽ ജനസഞ്ചാരം കൂടുമെന്നും, രാമുവിനെക്കൊണ്ടുതന്നെ അവിടെയുള്ള കാട് വെട്ടിത്തെളിപ്പിക്കാമെന്നും പണിക്കർ മനക്കണക്കുകൂട്ടിയിരുന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ രാമുവിന്‍റെ ഭാര്യ ഗർഭിണിയായി. സമുദായങ്ങൾ വിലക്കുകല്പിച്ച രാമു, തൊഴിൽ കിട്ടാതെ വലഞ്ഞു. കാലംതെറ്റിയെത്തിയ മഴക്കാലമായിരുന്നു കാരണം. അടമഴയായതുകൊണ്ട് ജോലിക്ക് ആരും വിളിക്കാതെയായി. മരണങ്ങൾ നടക്കാത്തതുകൊണ്ട് ചുടലക്കാടു തേടി ആരും വരാതെയുമായി.
അന്ന് പണിയന്വേഷിച്ചുപോയ രാമുവിനെ കാത്തിരുന്ന് മടുത്തപ്പോൾ വിശപ്പു സഹിക്കാതെ അല്പം കഞ്ഞിവെള്ളംതേടി പണിക്കരുടെ വീട്ടിൽ ചെന്നതായിരുന്നു സീതാലക്ഷ്മി. അപ്പോഴാണ് ഉച്ഛനീചത്വം ഉള്ളിൽ വച്ചുപുലർത്തുന്ന പണിക്കർ താണ്ഡവമാടിയത്.
അമ്മയ്ക്ക് വിശന്നിട്ടോ അതോ അമ്മയിൽനിന്നും തനിക്കു കിട്ടിക്കൊണ്ടിരുന്നതിൽ കുറവു വന്നിട്ടോ എന്തോ, അവളുടെ വയറ്റിൽക്കിടന്ന കുഞ്ഞ് കുതിച്ചുചാടി. ആ സുഖമുള്ള വേദനയിൽ അവൾ പുളഞ്ഞുപോയി. ഒരു മാത്ര നടത്തം നിറുത്തി, അവൾ രണ്ടു കൈകൾകൊണ്ടും വയറിൽ അമർത്തിപ്പിടിച്ച്, തറയിലേക്ക് മെല്ലേ അമർന്നിരുന്നു. വിശപ്പുകാരണം കണ്ണുകൾക്ക് മന്ദത അനുഭവപ്പെടാൻ തുടങ്ങി. ആ നിമിഷം അവളുടെ മനസ്സിൽ വന്ന ചിന്തകള്‍ക്ക് ശക്തിയുണ്ടായിരുന്നെങ്കിൽ വാസുദേവപ്പണിക്കർ ആ ശാപമേറ്റ് ഭസ്മമായേനേ. എങ്കിലും അവൾ വിശപ്പിനോട് പൊരുതിക്കൊണ്ട് എഴുന്നേറ്റുനടന്നു. കുടിലിന്‍റെ ഉമ്മറത്ത് ചെന്നുകയറിയതുമാത്രമേ ഓർമ്മയുള്ളു, അവള്‍ വീണുപോയി.
നടന്നുക്ഷീണിച്ച് വിയര്‍ത്തുകുളിച്ച് എവിടെന്നോ കിട്ടിയ കുറച്ച് റേഷനരിയുമായി രാമു തിരിച്ചെത്തുമ്പോള്‍, സീതാലക്ഷ്മി തളര്‍ന്നുമയങ്ങുകയായിരുന്നു. ചാണകംമെഴുകിയ തറയിൽ അവളുടെ അടുത്തിരുന്നുകൊണ്ട് രാമു ആ മുഖത്തേക്കു നോക്കി. വിളറിയമുഖവും കുഴിഞ്ഞ കണ്ണുകളും എണ്ണമയം തൊട്ടുതീണ്ടാത്ത തലമുടിയും കണ്ടപ്പോൾ അവന് അഗാധമായ ദുഃഖമുണ്ടായി. എങ്ങനെ ജീവിച്ച പെണ്ണായിരുന്നു. കൂലിപ്പണിക്കാരന്‍റെ മകളായിരുന്നെങ്കിലും പട്ടിണി അനുഭവിച്ചിട്ടില്ലായിരുന്നു. തന്‍റെ മരണംവരെ പൊന്നുപോലേ കാത്തോളാമെന്ന് വാഗ്ദാനം ചെയ്തവനാണ്. എന്നിട്ടും വയറുനിറച്ച് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ സാധിച്ചിട്ടില്ല. അവന് തന്നോടുതന്നെ വെറുപ്പുതോന്നി. ശ്വാസമെടുക്കുമ്പോൾ ഉയർന്നുതാഴുന്ന നിറവയർ നോക്കിയവൻ നെടുവീർപ്പിട്ടു. അവളെയുണർത്താതെ അരിയുമായി കുടിലിനകത്തേക്കു കയറി ചാരം മൂടിക്കിടന്ന അടുപ്പിൽ തീ പിടിപ്പിച്ചു. ഒരു കലത്തിൽ വെള്ളംവെച്ച്, കൊണ്ടുവന്ന അരിയുടെ പകുതി കഴുകിയിട്ടു. കലം ഒരു പാത്രകൊണ്ടു മൂടി പുറത്തേക്കിറങ്ങി, ചുടലക്കാടിന്‍റെ അതിരിൽ നില്ക്കുന്ന മരങ്ങളുടെ ചുവട്ടിൽ വീണുകിടക്കുന്ന ഉണക്കക്കമ്പുകൾ പെറുക്കിയെടുത്തു. ഒരു കാട്ടുവള്ളി പറിച്ച് നിലത്തിരുന്നു കെട്ടുമ്പോഴാണ് തോട്ടത്തിൽ പതിവുള്ള റോന്ത്ചുറ്റലും കഴിഞ്ഞ് വാസുദേവപ്പണിക്കർ ആവഴി വന്നത്. രാമുവിനെ കണ്ടപ്പോൾ ഒന്ന് ഉറക്കെ ചുമച്ചു പണിക്കർ. തിരിഞ്ഞുനോക്കിയ രാമു അദ്ദേഹത്തിനെ കണ്ടപ്പോൾ ഭയഭക്തിബഹുമാനത്തോടെ ഉടുമുണ്ടിന്‍റെ മടക്കിക്കുത്തഴിച്ചിട്ട് എഴുന്നേറ്റുകൊണ്ട് പറഞ്ഞു;
"മേലാനേ..."
"ഹു... ങ്..."
അയാൾ അവന്‍റെ വിളി ബോധിച്ചമട്ടിൽ നീട്ടി മൂളി.
"എന്താ രാമ്വേ... നെന്നെയാ വഴിക്കൊന്നും കാണാത്തേ...? ആഴ്ച്ച രണ്ട് കഴ്ഞ്ഞല്ലോ..? എല്ലായാഴ്ച്ചേം ചന്തേപോണേന്റുമ്പേ ചില്വാനെത്തിക്കാന്നു പർഞ്ഞാര്ന്നില്ലേ...?"
രാമു തലചൊറിഞ്ഞുകൊണ്ട് നിശബ്ദനായി നിന്നു. പണിക്കരുടെ ശബ്ദമുയർന്നു.
"വാട്കപ്പൈസ തന്നില്ലെങ്കി.. രണ്ടിനേം ഞാനവിട്ന്നു തല്ല്യേർക്കും. പണിക്കരോടാ കളിക്കുന്നതെന്നർയാലോ.. നായിന്‍റെ മോനേ...?"
ചുടുകാടിൽ കുടിലുകെട്ടി താമസിക്കുന്നതിന് വാടക കൊടുക്കാമെന്നു സമ്മതിച്ചതാണ്. രണ്ടാഴ്ചയായി ആരും മരണപ്പെട്ടുമില്ല, പണിക്കും വിളിച്ചിട്ടില്ല. അതുകൊണ്ട് വാടക ഇതുവരെ കൊടുത്തിട്ടില്ല. മാസംതോറും കൊടുക്കാമെന്നു പറഞ്ഞതാണ് താൻ. പക്ഷേ, അതിന് നിനക്കു കഴിഞ്ഞില്ലെങ്കിലോ എന്നുപറഞ്ഞ് പണിക്കരുതന്നെയാണ് ആഴ്ച്ച അവസാനമുള്ള ചന്തദിവസം വാടക തന്നാൽ മതിയെന്നു പറഞ്ഞത്.
"തരാം മേലാനേ... ഓള്ക്ക് പള്ളേലൊണ്ടായിര്ക്കുന്നോണ്ട് ആശൂത്രില് കൊറെ പൈസ ചെലവായി. കൊറെയായിട്ടാരും മര്ച്ചീക്ക്ണില്ല മ്മടെ നാട്ടീ. ന്നെയാരും പണിക്കും വിള്ക്കൂലാ അതോണ്ടാ.. രണ്ടീസം കയ്യുമ്പോ യെത്തിക്കാം. ഒരു തൊഴ്ലില്ലാതെ യേടെന്നെട്ക്കാനാ ചില്വാൻ..."
ഒന്നു നിറുത്തിയിട്ട് വീണ്ടും തുടർന്നു.
"യിവ്ടെ ഹൊസ്തുർക്കില് മേലാന്‍റെ കേറോപ്പില് യേടെന്നെങ്കിലും രണ്ടൂന്നീസ്ത്തെ നയിപ്പ് കിട്ട്യാൽ യ്ക്കൊരു സമാതാനായേനേ..."
അല്പനേരം ചിന്താമഗ്നനായി നിന്ന പണിക്കർ പറഞ്ഞു.
"ഞാനൊന്ന് കരക്കാരോട് സംസാരിക്കട്ടെ. ഏതായാലും ഇയ് നാളെ കള്ത്തിലേക്ക് വാ.. പൊലർച്ചെ.."
മറുപടി കേൾക്കാൻ നില്ക്കാതെ, അയാൾ വടിയും കറക്കി നടന്നുതുടങ്ങി. രാമു വിറകുംചുമന്ന് കുടിയിലേക്കും.
....................
രാമു വിറകുംകൊണ്ട് വീട്ടിലെത്തുമ്പോഴും സീതാലക്ഷ്മി നല്ല മയക്കത്തിൽത്തന്നെയായിരുന്നു. വിറക് താഴേ വീണ ശബ്ദംകേട്ട് അവൾ ഞെട്ടിയുണർന്നു. എഴുന്നേൽക്കാൻ പാടുപെടുന്ന അവളുടെ അടുത്തേക്കുചെന്ന് തന്‍റെ വലതുകൈ നീട്ടി. വളരെ ബുദ്ധിമുട്ടി അവന്‍റെ കൈയില്‍ത്തൂങ്ങി അവൾ എണീറ്റു. അവനോട് ചേർന്നുനിന്നുകൊണ്ട് പതിഞ്ഞശബ്ദത്തിൽ പറഞ്ഞു.
"എനിക്കു വെശ്ക്കണ് രാമേട്ടാ.. വയ്റ്റിക്കെട്ക്ക്ണ കുഞ്ഞ്ന് യെന്തെങ്കിലും തിന്നാൻ കൊട്ത്താലേ പെറുമ്പോ തുട്ത്തിര്ക്യോളൂ.. അല്ലേലേ... നരന്ത് കുഞ്ഞാകും ഇങ്ങ്ളെപ്പോലെ...."
ഇഷ്ടികകെട്ടിയ അരഭിത്തിയിൽ അവളെയിരുത്തിയിട്ട്, അവൻ മെല്ലേ അടുപ്പിനരികിലേക്കുചെന്നു. കലത്തിൽനിന്നും വെന്ത് വെള്ളംകെട്ടി കട്ടപിടിച്ച റേഷനരിക്കഞ്ഞിയുടെ മനംമടുപ്പിക്കുന്ന മണം അവന്‍റെ മൂക്കിനുളളിലേക്ക് ഇരച്ചുകയറി. അടുത്തിരുന്ന പ്ലാസ്റ്റിക്ക്കുടത്തിൽനിന്നും വെള്ളം പകർന്ന്, അവൻ കഞ്ഞിക്കലത്തിലേക്കൊഴിച്ചു. ചിരട്ടത്തവികൊണ്ടിളക്കി അടുപ്പിൽനിന്നും ഇറക്കിവെച്ചു. മുറ്റത്തേക്കിറങ്ങിച്ചെന്ന് പഴുത്ത കാന്താരിമുളക് പറിച്ചുകൊണ്ടുവന്ന്, ഉപ്പുംകൂട്ടി ചാലിച്ച്, രണ്ട് സ്റ്റീൽപാത്രങ്ങളിലേക്ക് കഞ്ഞി വിളമ്പിവെച്ചിട്ട് അവളെ വിളിച്ചു. അവർ രണ്ടുപേരും ഒരുമിച്ചിരുന്നു കഞ്ഞി കുടിച്ചു.
അപ്പോൾ രാമുവാണ് തുടക്കമിട്ടത്.
"സീതൂ... പണിക്കര്മേലാൻ നാളെ ന്നോടങ്ങ്ട് ചെല്ലാമ്പർഞ്ഞട്ടൊണ്ട്ടീ.. ചെല്പ്പോ തെങ്ങേക്കേറാനാര്ക്കും. അങ്ങ്നെങ്കീ രണ്ടൂന്ന് യെളന്നീര് കിട്ടാതിര്ക്കില്ല. ന്‍റെ സീതൂന്‍റെ വയറ്റിക്കെടക്കണ തമ്പ്രാട്ടി തുട്ത്ത് വളര്ട്ടേല്ലേ..?"
അവൻ പറഞ്ഞത് കേൾക്കെ, അവളുടെ മുഖത്ത് നാണം വിരിഞ്ഞു. മെല്ലേ അവൾ തന്‍റെ നിറവയർ തലോടി, സ്നേഹപൂർവ്വം അവന്‍റെ മുഖത്തേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ട് കഞ്ഞി കുടിച്ചുകൊണ്ടിരിരുന്നു.
………………………………………
രാവിലെ പൂമഠത്തിന്‍റെ മുറ്റത്തെ പ്ലാവിൻചുവട്ടിൽ എത്തിയ രാമു, പണിക്കരുടെ വരവും കാത്തുനില്പായി. പതിവുള്ള കുളിക്കായി എണ്ണയും തേച്ചുളള നടപ്പിലായിരുന്നു പണിക്കർ. വീടിനു ചുറ്റും അഞ്ചാറുതവണ നടക്കുന്നത് ഒരു ശീലമായിരുന്നു അയാൾക്ക്. കുളിമുറിയിലേക്ക് പോകുംമുമ്പ് അയാൾ വിളിച്ചുപറഞ്ഞു.
"ഡാ... രാമ്വേ... നീയാ പൊരേടെ ചുറ്റുംകാണുന്ന കാടും പള്ളേം കച്ച്റേം കൊയ്ത് വെടിപ്പാക്കീട്ണം. കുടുംബക്ഷേത്രത്തിലൊരു പൂജ്യൊണ്ട് രാത്രീല്. മക്കളും ഓര്ടെ കൂട്ടക്കാരൊക്കെ ചെല്പോന്ന് വരും.
“ന്നാ പൊരേടെ ചുറ്റുവട്ടത്തൊക്കെ ഒര് വെട്ടോം വെളിച്ചോം കേറട്ടേ.. ന്താ. വാക്ക്യെല്ലാം പിന്നെപ്പർയാം..”
“നീയ്യ് അടുക്കളപ്പൊറത്തെങ്ങാനുംപോയി വല്ല പുഴ്ക്കോ കഞ്ഞ്യോ എന്താന്നുവച്ചാ മേങ്ങിക്കഴിക്ക്.."
"ങ്ങേ..!!"
കേട്ടത് വിശ്വാസംവരാതെ രാമു തലയുയർത്തി നോക്കുമ്പോഴേക്കും പണിക്കർ അകത്തേക്കുപോയിരുന്നു. അവൻ പ്ലാവിന്‍റെ മുകളിലേക്കും ചുറ്റിലും നോക്കിക്കൊണ്ട് പിറുപിറുത്തു.
"ന്‍റെ ദെയ്വേ... ന്നു കാക്ക മല്ന്നു പറക്ക്വാ..!! പണിക്കുമുന്നേ പൂമട്ത്തീന്ന് തിന്നാൻകിട്ട്വോ..! ആര് ചാകാനാ.. ന്‍റെ ദേവ്യേ..."
രാമു അടുക്കളയുടെ പുറകുഭാഗത്ത് ചെന്നപ്പോൾ വേലക്കാരി വാസന്തിയക്കൻ കഞ്ഞിയും കപ്പപ്പുഴുക്കും വിളമ്പിവച്ചു കാത്തിരിക്കുന്നുണ്ടായിരുന്നു. വിശപ്പുണ്ടായിരുന്നെങ്കിലും കുറച്ച് കഴിച്ചപ്പോൾത്തന്നെ അവൻ ഭക്ഷണം കഴിക്കുന്നതു നിറുത്തി ആലോചിക്കുന്നതുകണ്ട് വേലക്കാരി ചോദിച്ചു;
"എന്താ രാമ്വേ... ഒരാലോച്ന. സീതേക്കുർച്ചാണോ..?"
മറുപടി പറയാതെ അവനൊന്നു പുഞ്ചിരിച്ചതേയുള്ളു.
അവന്‍റെ ചിരിയുടെ അർത്ഥം മനസ്സിലാക്കിയ അവർ പറഞ്ഞു:
"സാരോല്യ രാമ്വേ... യ്യ് വെഷ്മിക്കണ്ട. പൈക്ക്ളെ മാറ്റിക്കെട്ടാൻ പോമ്പോ... പണിക്കരദ്ദ്യേം കാണാതെ ഓക്കും കൊർച്ച് കൊണ്ടെക്കൊടുക്കാം. വയറ്റ്ക്കണ്ണിപെണ്ണുങ്ങക്ക് പുഴ്ക്കിനും കഞ്ഞിക്കും കൊതി കൂടും. നെന്ക്ക് തന്നത് യ്യ് കഴ്ച്ചോ. നയിക്കാനൊള്ള്തല്ലേ..?"
അവരുടെ വാക്കു കേട്ടപ്പോൾ അവന് സന്തോഷമായി. വേഗം ഭക്ഷണം കഴിച്ചുതീർത്ത്, തന്‍റെ പണി ചെയ്യാൻ തുടങ്ങി.
അന്ന് അന്തിയോളം പണിയുണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ കൂലിക്കുവേണ്ടി കാത്തുനിന്ന അവനോട് പണിക്കർ പറഞ്ഞതുകേട്ട് രാമുവിന്‍റെ നെഞ്ച് തകർന്നു.
"മൂന്നേരം മൂക്കുമുട്ടേ വെട്ടി വിഴ്ങ്ങീലേ യ്യ്. അതന്നെ ധാരാളം. പിന്നെ.. ചൊടലക്കാട്ടികെട്ക്കുന്നേന്‍റെ വാട്കേം കൊറെ തരാനൊണ്ടല്ലോ..? ഞാനത്ങ്ങ്ട് നെന്‍റെ കൂലീല് വരവ് വെച്ചേക്ക്ണ്."
"മേലാനേ.. ങ്ങ്ള്‌ പൊളള്പറേല്ലേ.. ന്‍റെ സീതേങ്കൊണ്ട് ആശൂത്രി പോവാനാ. ന്നെ രണ്ട് മേട്യാലും സങ്കെടല്ലെനിക്ക്. വേറെ ഗെതീംല്ല്യാ.. നിങ്ങള് ചതിക്കല്ലീ.."
കുഞ്ഞുകുട്ടികളെപ്പോലേ, രാമു പൊട്ടിക്കരഞ്ഞു. അതുകണ്ടുനിന്ന കാർത്ത്യായനിയമ്മ സങ്കടം സഹിക്കാൻ കഴിയാതെ സാരിതുമ്പ് വായിൽത്തിരുകി കരഞ്ഞുകൊണ്ട് വീടിന്‍റെ അകത്തേക്ക് കയറിപ്പോയി. വേലക്കാരി പിറുപിറുത്തുകൊണ്ട് അവരുടെ പിന്നാലേയും. കോപംപൂണ്ട രാമു, പണിക്കരെ ശപിച്ചുകൊണ്ടാണ് പറഞ്ഞത്:
"ന്നെപ്പോല്ത്തെ സാധുക്ക്ടെ പിച്ചച്ചട്ടീല് കൈയ്യിട്ടുവാരീട്ട് മേലാന്‍റെ പള്ള നെർയുവാണേ.. നെർയട്ടേ. ങ്ങളൊന്നും ചാക്മ്പോ കണ്ണട്യൂലാ. തൊള്ളി വെള്ളോർങ്ങാതെ തൊള്ള പുഴ്ത്ത് ചാകത്തേയൊള്ള്. അന്‍റെ ചവ്ത്തെ മണ്ണുംങ്കൂടിത്തിന്നൂലാ. അന്നെ ചൊടലക്കാട്ടില് ചുടാൻ കൊണ്ടന്നാ ന്‍റെ കൊക്കിന് ജീവ്നൊണ്ടെങ്കീ ഒര് നായ്ന്‍റെ മക്ക്ളേക്കൊണ്ടും അന്നെ ഞാൻ ചുടീക്കൂല. നോക്കിക്കോളീ. അന്ക്ക് കൊള്ളിവെക്ക്ണത് ഞാനാ, ഞാന്‍. പ്ഫൂ.. ഒരട്പ്പിലെ മേലാൻ.."
ദേഷ്യംവന്ന വാസുദേവപ്പണിക്കർ അവിടെനിന്ന പണിക്കാരുടെ നേരേ നോക്കിയലറി.
"അട്ച്ചോട്ക്കിനെടാ.. യീ.. നായ്ന്റെ മോനേ.."
ഉത്തരവു കിട്ടേണ്ട താമസം, അയാളുടെ മറ്റു പണിക്കാർചേർന്ന് അവനെ ക്രൂരമായി മർദ്ദിച്ചു. നിലവിളിയും അട്ടഹാസവും അവിടെ മുഴങ്ങി. അവസാനം ഒരു പഴന്തുണിക്കെട്ടുപോലേ രാമു ആ വീടിന്‍റെ മുറ്റത്ത് ബോധരഹിതനായിക്കിടന്നു. ഇതെല്ലാം ആസ്വദിച്ചുകൊണ്ട് പടിപ്പുരയ്ക്കകത്ത് കയറിയ പണിക്കർ ഒരു മാത്ര തറഞ്ഞുനിന്നുപോയി. തന്‍റെ ഭാര്യ തെക്കോട്ടു തിരിഞ്ഞ്നിന്നുകൊണ്ട് തന്നെ പ്രാകുന്നു.
"ന്‍റെ ദേവ്യേ.. യീ കാല്മാടന്‍റെ തലേല് യിട്ത്തീവീഴ്ണേ.. യെന്തോരുമ്പേര് വണ്ടികേറി ചാകുന്നേ.. ഇയാടെ നെഞ്ചത്തൊര് വണ്ടീം കേറുന്നില്ലല്ലോ..?! യിതൊന്നും കാണിക്കാണ്ടെ ന്നേങ്കൂടിയങ്ങോട്ട് വിള്ക്കണേ..”
“യിങ്ങ്നൊരു നര്കാസുര്ന്റൂടെ ജീവ്ക്കുന്നേക്കാ പേതം തീവണ്ടിക്കു തലവെക്കുന്നാല്ലോ.. ന്‍റെ ദൈയ്വങ്ങ്ളേ.."
"ന്നാപ്പോയി. ചാക്ടി ചൂലേ.. തീറ്റിയിവ്ടേം കൂറവ്ടേം. ദദ് വേണ്ടാ. നീയ്യ് പോയാ.. നെന്നെക്കാ പ്രായം കൊർഞ്ഞ ഒമ്പതെണ്ണത്തിനെ കൊണ്ടരും യീ പണിക്കർ. കളി എന്നോട് വേണ്ട. നെന്റപ്പ്നെ വിറ്റ കായ് ന്‍റെട്ത്തൊണ്ട്. പിന്ന്യാ നീ.."
"അല്ലേലും നിങ്ങക്ക് വാല്യക്കാര് പെമ്പിള്ളേരെ കാണുമ്പോ യെള്ക്കം കൊറെ കൂട്തലല്ലേ..? യിന്നൂന്നലേം തൊട്ങ്ങീതല്ലല്ലോ..? കാലംങ്കൊറെയായ് ഞാങ്കാണ്ന്നല്ലേ..? മക്ക്ളും മക്ക്ടെ മക്ക്ളായ്ട്ടും കെളവന്‍റെ കഴ്പ്പും പൂതീം തീര്ണില്ല. യേതായാലും പോത്ത്പോല്ത്തെ ആമക്ക്ളൊണ്ടല്ലോ യിങ്ങ്ട് വര്ട്ടേ. തള്ളേടെ അടിയന്ത്രം വേണോ അപ്പന്‍റെ രണ്ടാങ്കെട്ട് വേണോന്ന് അറ്ഞ്ഞട്ട്ന്നെ കാര്യം."
എന്തോ തെറി പറയാൻ തുടങ്ങിയ പണിക്കർ, വീടിന്‍റെ മുറ്റത്തേക്കു വാഹനങ്ങൾ വരുന്നത്കണ്ട്‌ അങ്ങോട്ടുപോയി. കോപമടക്കാതെ കാർത്ത്യാനിയമ്മ വിളിച്ചുപറഞ്ഞു.
"നൂറായുസ്സാ. നെങ്ങ്ടെ മക്കക്ക്. യെത്ത്യ കണ്ടില്ലേ..? ഒന്ന്ങ്കീ ഞാന്‍.. ല്ലെങ്കീ നിങ്ങ്ള്. മട്ത്തു. നിങ്ങ്ടെ കൂടൊള്ള പൊറ്തി. ഒരീസം മുമ്പേ പോയ്ങ്കി, അദന്നെ നല്ലെത്. സൊര്യം കിട്ടൂലോ.."
അത്രയും ദേഷ്യംപിടിച്ച് അവരെ ആദ്യം കാണുകയായിരുന്നു പണിക്കർ. എങ്കിലും മറുപടി പറയാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
"ഗ്രെഹ്ണ സമ്യത്ത് ഞാഞ്ഞളും വെഷഞ്ചീറ്റൂന്നാ കാരണോമ്മാര് പറേന്നേ..”
മകളും മരുമകനും തന്‍റെ ആൺമക്കളും കുടുംബവും എല്ലാവരും ഒരുമിച്ചെത്തിയതുകണ്ട് പണിക്കരുടെ നെറ്റിചുളിഞ്ഞു.
"ന്താപ്പം കീരീം പാമ്പും ഒര്മിച്ചെത്ത്യേ? ഹാവൂ.. ആര് ചാകാനാ. കലികാലം വന്നാൽ വേലീലിര്ക്ക്ണ പാമ്പും കൊതത്തിൽ കൊത്തൂന്നാ ഹൊസ്ദുർഗ്ഗാര് പറേണ്ത്!"
ആൺമക്കളും മകളും തമ്മിൽ രമ്യതയിലല്ലെന്ന് പണിക്കർക്കറിയാം. അതുകൊണ്ടാണ് അയാളങ്ങനെ പറഞ്ഞത്. അയാൾ മക്കളെ ആകമാനം ഒന്നുനോക്കി. എല്ലാരുടേയും മുഖങ്ങളിൽ ഒരേഭാവം. എങ്കിലും തന്‍റെ മകളുടെ മുഖത്ത് ഒരു ദൃഢനിശ്ചയം ഉണ്ടെന്നത് അയാളുടെ കൂർമ്മബുദ്ധി കണ്ടുപിടിച്ചു.
വണ്ടികൾ മുറ്റത്തിന്‍റെ ഒരുവശത്ത് അടുത്തടുത്തായി ഒതുക്കിനിർത്തിയിട്ട്, നടുമുറ്റത്തേക്കെത്തിയ അവർ അവിടെ അനക്കമില്ലാതെ കിടക്കുന്ന ശരീരം കണ്ട് ഞെട്ടിപ്പോയി.
"മ്മടെ രാമ്വല്ലേ.. യീ കെട്ക്കുന്നേ..? ന്താവ്ടെ നട്ന്നേ..? ആരാ യീ ചതി ചെയ്തേ..? കൊർച്ച് വെള്ളങ്കൊണ്ടന്നേ.. വേകം വേകം. ഓനെന്തെങ്കിലും പറ്റ്യാ.. പ്രശ്നാ.. ദ് കേസ് വേറെയാ.."
പണിക്കരുടെ മരുമകൻ രാമചന്ദ്രൻനായർ രാമുവിനെ തിരിച്ചറിഞ്ഞുകൊണ്ട് പറഞ്ഞു. അവിടെ നിന്നിരുന്ന പണിക്കാരിൽ ഒരാൾ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്നു. അയാൾ അതു വാങ്ങി രാമുവിന്‍റെ മുഖത്തേക്കു കുടഞ്ഞു. ഒന്നു ഞെട്ടിയശേഷം അവൻ പതിയെ കണ്ണുതുറന്നു. തനിക്കു ചുറ്റും നില്ക്കുന്നവരെ നോക്കി.
"ന്താ.. ങ്ങക്കും കൈത്തര്പ്പൊണ്ടോ..? യെങ്കി വാ.. വന്നെന്നെ മേടിക്കോ.. ജീവനിനീം വാക്ക്യൊണ്ട്. ചത്തട്ടില്ല. ദേ കണ്ടില്ലേ.. ങ്ങള്? തച്ച് കൈ കൊയ്ഞ്ഞെങ്കീ.. അയ്നോടെ കൂട്ട്യെന്‍റെ കൂലി തന്നേര്.."
ഭയമില്ലാതെ നെഞ്ചത്ത് തട്ടിപ്പറഞ്ഞുകൊണ്ട് അവൻ വിതുമ്പി. വന്നവർക്ക് കാര്യങ്ങളെല്ലാം പറയാതെതന്നെ മനസ്സിലായി.
"അതൊന്നും വേണ്ട രാമ്വേ.. സാരോല്ല്യ.. ക്ഷെമിക്ക്. അന്‍റെ കൂലി ഞാന്തരാം. നീയാ വൈദ്യശാലേപ്പോയി യെന്തേലും കൊഴ്മ്പ് മേങ്ങി പൊര്ട്ടി പൊരേപ്പോയി വെള്ളഞ്ചൂടാക്കി കുള്ച്ചാലെല്ലാം ശര്യാകും. വേകം പൊയ്ക്കോ. ന്നാ.. നിന്‍റെ കൂലി.."
ഷർട്ടിന്‍റെ പോക്കറ്റിൽനിന്നും ഏതാനും നൂറ് രൂപയുടെ നോട്ടുകളെടുത്ത് അയാൾ അവന്‍റെ കൈകളിൽ വച്ചുകൊടുത്തു. അത് എണ്ണാൻ നില്ക്കാതെ രാമു അവിടെനിന്നും വേച്ചുവേച്ച് വീട്ടിലേക്ക് നടന്നു.
ആകെ ക്ഷീണിതനായി, പൊടിപുരണ്ട ദേഹവുമായി വീട്ടിലെത്തിയ രാമു വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഭാര്യയെക്കണ്ട് തന്‍റെ മുഖത്ത് സന്തോഷം വരുത്തിക്കൊണ്ടു പറഞ്ഞു.
"ദേണ്ടേ പൈസ കണ്ടോ..? പൂമട്ത്തെ മേലാൻ തന്നതാ. മ്മ്ടെ നാട്ടാര് മോലാനേ കുർച്ച് ഓരോന്ന് വെറ്തെ പറേന്നതാ.. മേലാൻ നല്ല മനസൊള്ളോനാടീ.."
കൈയ്യിലിരുന്ന പണം ഭാര്യയെ കാണിച്ചുകൊണ്ട് ദുഃഖം ഉള്ളിലൊതുക്കി, പുറമെ സന്തോഷം അഭിനയിച്ചുകൊണ്ട് പറഞ്ഞുചിരിക്കുമ്പോൾ അയാളുടെ അണപ്പല്ലുകൾ കോപത്താൽ ഞെരിയുന്നുണ്ടായിരുന്നു.
"ശെര്യാ. ഇന്നേ.. ഒരല്പുതോണ്ടായി. അവ്ടെത്തെ വേലക്കാരി വാസന്തിയക്കൻ കൊറെ പുഴ്ക്കും കഞ്ഞീംങ്കൊണ്ടെത്തന്നാരുന്ന്. അതോണ്ട് ഞാനിന്ന് പള്ള നെറേ തിന്ന്. ഉച്ച്യായപ്പോ യിര്ക്ക്യാനും മേല കെട്ക്കാനും മേലാതായി. വയറ്റിക്കെട്ക്ക്ണ കുഞ്ഞ്നും ശാസംമുട്ടീന്നാ തോന്നണേ. എന്താര്ന്ന് ചവ്ട്ടും തൊഴീം.. യിവൻ കുട്ടപ്പ്നാന്നാ തോന്ന്ണേ..!!"
ഒരുപാട് നാളുകൾക്കുശേഷം അവളുടെ മുഖത്തുണ്ടായ സന്തോഷം കണ്ടപ്പോൾ കുറച്ചുനേരത്തേക്ക് അവന്‍ ശരീരവേദന മറന്ന് ചിരിച്ചുകൊണ്ടുപറഞ്ഞു.
"നാളമ്മക്ക് ആശൂത്രിവരെ ഒന്നു പൂയിവന്നാലോ സീതൂ..? കൊറേയായില്ലേ മ്മള് ഡോട്ടറെ കണ്ടിട്ട്? പിന്നെ ആവശ്യോള്ളന്തേലും സമാനങ്ങൾ മേങ്ങാലോ. യിനീപ്പം ഒര്ണ്ണംങ്കൂടി കൂട്ടിന് വരൂലോ. അപ്പോമ്മള്ക്ക് രണ്ടാള്ക്കും പൂവാൻ പറ്റ്വോ..?"
അത് കേട്ടപ്പോൾ അവൾക്ക് സംശയമായി.
"യെല്ലാം ആവശോള്ള്തല്ലേ? മാങ്ങ്ണെന്നച്ചാൽ നെർയ്യെണ്ട്. അല്ലാ, യെന്തേയ്നുപ്പം രണ്ടാള്ക്കും പോയാ..? ങ്ങ്ടെ കുടുമത്തീന്നാരും വരൂലാ. ന്‍റെ കുടുമ്മത്തീന്നും ങ്ങേഹേ. മ്മക്ക് രണ്ടുപേര്ക്കും മ്മള്ല്ലാതെ വേറാരേലുവൊണ്ടോ കൂട്ടക്കാരായിട്ട്..? മ്മക്കങ്ങ്നെ ആര്ടെ കൂട്ടും വേണ്ടാന്ന്യേ. മ്മക്കിവ്ടെ അന്തസ്സായി ജീവിക്ക്ണം. ജീവിച്ച് കാട്ട്ണം. ന്‍റെ വാശ്യാത്."
അവളുടെ മുഖഭാവം മാറിവന്നത് കണ്ടപ്പോൾ അവന് ആ വേദനയ്ക്കിടയിലും ചിരിവന്നു. താൻ പറഞ്ഞതിവൾക്ക് മനസ്സിലായില്ലെന്നു തോന്നുന്നു എന്ന ചിന്തയിൽ മെല്ലേ പുഞ്ചിരിച്ചുകൊണ്ടവളുടെ നിറവയറിൽ തലോടിക്കൊണ്ടു പറഞ്ഞു.
"ന്‍റെ പൊട്ടിക്കാള്യേ.. ഇയ്യ്ന്നെ ചിർപ്പിച്ച് കൊല്ലല്ലേടീ. ഞാമ്പർഞ്ഞത് വേറ്യാരേല്മല്ലെടി. മ്മ്ടെ കുഞ്ഞ് വര്ന്ന കാര്യാ. മൻസ്സിലായോ..?"
അവൾ നാണിച്ച് കണ്ണുകൾ പൊത്തിക്കൊണ്ട് അവന്‍റെ മാറിൽ തലചേർത്തുവച്ചു.
"ഞാമ്പോയി മേലു കഴ്കിട്ടു വരാട്ടോ.."
അവൻ അല്പമകലെയുള്ള കൈത്തോടിന്‍റെ കരിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു:
"യിനീപ്പം അവ്ടെ പൂവണ്ട. നയ്ച്ചിട്ടു വന്നല്ലേ. ഇവ്ടെ വെള്ളമനത്തിക്കുളിക്ക്. ഷീണമ്പോട്ടേ. ഒരിച്ചിരി നിക്ക്വാണെ ഞാന്‍ വെള്ളമനത്തിത്തരാം.."
അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൻ തടഞ്ഞു.
"പഷ്ട്. ഒര്ത്തിക്കിവ്ടെ തന്നെ ന്ടക്കാമ്പറ്റണില്ല. പ്പ്ഴാ.. വെള്ളമനത്താമ്പോണ്ത്. അവ്ടെയെങ്ങാനും അനങ്ങാതിര്ക്ക്. ചുമ്മായെന്‍റെ കൊച്ചിനെ ബുത്തിമുട്ടിക്കാണ്ട്. ഞാനനത്തിക്കോളാം യ്ക്കൊള്ള വെള്ളം.."
അവളെ സ്നേഹത്തോടെ വഴക്കുപറഞ്ഞുകൊണ്ടവൻ വെള്ളം ചൂടാക്കി കുളിക്കുവാൻ പോയി.
(തുടർച്ച)
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo