Slider

പിൻതുടർച്ച - കഥോദയം(1)

0

ഇരമ്പിയാർത്തു വന്ന പോലീസ് ജീപ്പ് സുകുവിന്റെ വീട്ടുമുറ്റത്ത് നിന്നു. അകത്ത് നിന്നും സുകുവിന്റെ ഭാര്യയും കുട്ടികളും അമ്മയും അനിയത്തിമാരും അമ്പരപ്പോടെ പുറത്തേക്ക് വന്നു ....
"സുകു ഇവിടില്ലേ ....?"
ഇൻസ്പക്ടറുടെ ചോദ്യം മയത്തിലായിരുന്നു.... സുകുവിന്റെ അമ്മ ഭവാനിയമ്മയ്ക്ക് പോലീസിന്റെ ഈ വരവ് പുത്തരിയല്ല.... ഭർത്താവ് മുമ്പ് നാട്ടിലെ പ്രിയപ്പെട്ട കള്ളനായിരുന്നു. പിന്നീട് കളവ് നിർത്തി പോലീസിനെ സഹായിക്കുന്ന പണിയായി ... ചീഞ്ഞളിഞ്ഞതും കത്തിക്കരിഞ്ഞതുമായ ശവശരീരങ്ങൾ എടുക്കുന്ന സാഹസിക വീരനായി .... പല തവണ പല ഏമാൻമാരും ഈ ഇറയത്ത് കാത്തു നിന്നിട്ടുണ്ട് .... അതൊരു കാലം....!
അങ്ങേര് പോയതിൽ പിന്നെ ഇത് ആദ്യമായിട്ടാ ഒരു പോലീസ് ജീപ്പ് വരുന്നത് ....
"ഉണ്ട് സാറേ ..... വിളിക്കാം.. "
സംശയത്തോടെ ഭാര്യ സുമതി അകത്തേക്ക് പോയി.
ഉറക്കച്ചടവോടെ സുകു ഇറങ്ങി വന്നു....
"എന്താ സാറേ കാര്യം....?"
"ചെറുവണ്ണൂരിൽ ഒരു കിണറ്റിൽ അമ്മയും കുഞ്ഞും കിടക്കുന്നു. ഇന്നേക്ക് മൂന്നായി.... പലരും വന്നു .... നടക്കുന്നില്ല.... നിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു. ... നീ ഒന്നു സഹായിക്കണം നല്ല പൈസ വാങ്ങിത്തരാം ... "
"എന്റെ സാറേ ആ പണിയ്ക്ക് ഞാനില്ല. അച്ഛ ൻ പോകുന്നതിനോടെ എനിക്ക് വെറുപ്പായിരുന്നു. .... ഒരു നശിച്ച പണിയാ അത് ...."
"സുകു നീ കരുതും പോലെയല്ല. ഇപ്പോൾ... നല്ല വരുമാനം ഉണ്ട്. .... ഈ പണിയ്ക്ക് ആരേയും കിട്ടാനില്ല..." ഇൻസ്പക്ടർ വളരെ പ്രതീക്ഷയോടെ അവന്റെ മുഖത്ത് നോക്കി....
കെട്ടിക്കാൻ പ്രായമായ രണ്ട് പെങ്ങൻമാർ ... ഇടിഞ്ഞു വീഴാറായ വീട്... തനിക്കാണെങ്കിൽ കാര്യമായ പണിയും ഇല്ല.... പക്ഷെ....?
പണ്ടുമുതലേ അച്ഛന്റെ ഈ പണി സുകുവിന് ഇഷ്ടമല്ലായിരുന്നു. .... ചീഞ്ഞളിഞ്ഞ ശവത്തിന്റെ ഗന്ധം.... അതായിരുന്നു അവന് അച്ഛന്റെ അടുത്തക്ക് ചെല്ലുമ്പോൾ അനുഭവപ്പെടാറ്..... കുടിച്ച് ബോധമില്ലാതെ വരുന്ന അച്ഛൻ .... അമ്മയുടെ കൈയിൽ കുറേ പണം കൊടുക്കും .... അമ്മ കിണറ്റിൽ നിന്നും കുറേ വെള്ളം കോരി അച്ഛന്റെ തല വഴി ഒഴിക്കും.... ശേഷം കോലായത്തിണ്ണിയിൽ ബോധം കെട്ടുറങ്ങും ....
"അവൻ വരും സാറേ....!"
ഭവാനിയമ്മയുടെ ഉത്തരം പെട്ടന്നായിരുന്നു.
"സുകു നീ പോടാ മോനേ. .... നമുക്ക് ജീവിക്കേണ്ടേ .... ഇവളുമാരെ വല്ലവന്റേയും കൂടെ പറഞ്ഞു വിടണ്ടെ .... "
അമ്മ അവനെ അകത്തേക്ക് വിളിച്ച് സ്നേഹത്തോടെ പറഞ്ഞു.
അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്ന് അവന് തോന്നി...
അച്ഛന്റെ പണിയായുധങ്ങൾ എടുത്ത് അവൻ ജീപ്പിൽ കയറി....
അവന്റെ കുട്ടികളുടെ മുഖത്ത് അവൻ സന്തോഷം കണ്ടു. .... സാഹസികനായ അച്ഛന്റെ മക്കൾ ... പോലീസ് ഓഫീസർമാരുടെ സുഹൃത്ത് .... ചെറുപ്പത്തിൽ അവനും തോന്നിയിരുന്നു. പതിയെ അവന് അച്ഛനെ വെറുപ്പായി.... തന്റെ മക്കളും തന്നെ വെറുക്കുമോ....
അനിയത്തിമാരുടെ മുഖങ്ങൾ പക്ഷെ അവന്റെ ആത്മവിശ്വാസം കൂട്ടി.
ജീപ്പ് ചെറുവണ്ണൂരിലെ വീട്ടുമുറ്റത്ത് നിന്നു....
പഴയ വീട് .... ചുറ്റും കാട് പിടിച്ചു കിടക്കുന്ന സ്ഥലം ... ആൾ താമസമില്ലാത്ത വീടായിരിക്കും..... പോലീസ് ജീപ്പ് കണ്ടതോടെ ജനങ്ങൾ കൂടാൻ തുടങ്ങി. .... കൂടുതൽ പോലീസ് വന്നു. .... കിണറിന് ചുറ്റും സംരക്ഷിത വലയം തീർത്തു....
വലിയ കിണർ ...ആഴവും ഒരുപാടുണ്ട് .... അകത്ത് നിറയേ കാട് പിടിച്ച് കിടക്കുന്നു....
പോലീസ് കിണറിനകത്ത് വെളിച്ചം എത്തിച്ചു..... അവ്യക്തമായി കാണാം ....
ഒരു സ്ത്രീയും കുഞ്ഞും .....!
സുകു വേഷം മാറി .. വടം കെട്ടിയുറപ്പിച്ചു ... ടോർച്ചും തീപ്പെട്ടിയും എടുത്തു. വലിയ ചുറ്റ് പൈപ്പിന്റെ ഒരറ്റം കൈയിൽ പിടിച്ചു ... ബാക്കി പോലീസ് കാരന്റെ കൈയിൽ കൊടുത്തു. അടയാള കയർ കിണറ്റിലേക്ക് താഴ്ത്തി. .... ശവം പുറത്തേക്ക് കൊണ്ടുവരാനുള്ള കൊട്ടയും കയറും സജ്ജമാക്കി വെച്ചു....
മനസിൽ സകല ദൈവങ്ങളേയും ധ്യാനിച്ച് വടത്തിലൂടെ ഇറങ്ങി. .... പകുതി ദൂരം താഴെ എത്തി. ദുർഗന്ധം നാസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറാൻ തുടങ്ങി ..ശ്വാസം മുട്ടുന്ന പോലെ തോന്നി... അവൻ തീപ്പെട്ടി ഉരച്ചു.... ചെറുതായി കത്തുന്നുണ്ട് ... അവൻ വീണ്ടും ഇറങ്ങാൻ തുടങ്ങി.... വെള്ളത്തിന് തൊട്ടു മുകളിൽ നിന്നു.... അസഹ്യമായ ദുർഗന്ധം ... രണ്ടു ശവങ്ങളും ചീർത്ത് കിടക്കുന്നു. ... കണ്ണുകൾ രണ്ടും തള്ളി നിൽക്കുന്നു. ... മുഖത്തിന്റെ കുറച്ച് ഭാഗം മീനുകൾ തിന്നിരിക്കുന്നു .... അവൻ തീപ്പെട്ടി ഉരച്ചു. ....കത്താൻ ബുദ്ധിമുട്ടുണ്ട്..... പൈപ്പിന്റെ അറ്റം വായിൽ തിരുകി ... പുറത്തേ വായു വലിച്ചെടുത്തു.... ചെറിയ ആശ്വാസം തോന്നി..... അടയാള കയറിൽ പിടിച്ചു വലിച്ചു. ....കുട്ട കിണറിലേക്ക് താഴ്ന്ന് വന്നു. ... അവൻ കിണറ്റിൽ ഇറങ്ങി. വെള്ളം കുറവാണ് ..... കുട്ട ജലോപരിതലത്തിൽ നിർത്തി..... സ്ത്രീയുടെ ശരീരം അൽപ്പം നീക്കി.... അസഹ്യമായ ഗന്ധം .... അവന് അച്ഛനെ ഓർമ്മ വന്നു....!
ടോർച്ച് തെളിയിച്ച് പടവിൽ വെച്ചു. .... സ്ത്രീയുടെ ശരീരം എടുത്തുയർത്തി ....
"ആഹ്.....!"
അവൻ അലറി ..... കൈ വിരലുകൾ ശരീരത്തിലേക്ക് ആഴ്ന്ന് ഇറങ്ങിയിരിക്കുന്നു...... എടുത്ത ഭാഗം അടർന്ന് ഒരു പാളിയായി അവന്റെ കൈയിൽ.....!
തല ചുറ്റുന്ന പോലെ .....
ശക്തിയായി അടയാള കയർ വലിച്ചു.....
വടം അവനെ മുകളിലേക്ക് വലിച്ചു.
"വയ്യ സാർ .... എനിക്ക് പറ്റില്ല. ... അത് ഒരു പാട് അഴുകിയതാ ...."
"സുകു .... നിനക്ക് പറ്റും ....അച്ഛൻ ഇതിലും അഴുകിയത് എടുത്തിട്ടുണ്ട്. ...."
"മരുന്നുണ്ടോ.... ?"
അവന്റെ ചോദ്യം മനസ്സിലായ ഒരു പോലീസ് കാരൻ ഒരു കുപ്പി റം അവന്റെ കൈയിൽ കൊടുത്തു .... അവൻ ഒറ്റ ഇരിപ്പിൽ അത് കുടിച്ചു തീർത്തു ... തലയ്ക്ക് ഒരാശ്വാസം പോലെ തോന്നി.........
അച്ഛൻ മദ്യപിക്കുന്നതിന്റെ കാരണം അവന് ശരിക്കും ഇപ്പോഴാ മനസ്സിലായത്.
അവൻ വടം പിടിച്ച് കിണറ്റിൽ ഇറങ്ങി .... തല ശരിക്കും പെരുക്കുന്നു..... ഊർന്ന് വീഴുന്ന ശരീര ഭാഗങ്ങൾ ഒരു തരം വാശിയോടെ അവൻ പെറുക്കി കുട്ടയിലിട്ടു....നാല് തവണത്തെ ശ്രമഫലമായി രണ്ട് ശരീരങ്ങളും അവൻ മുകളിലെത്തിച്ചു.....
അവനെ വടത്തിലൂടെ മുകളിൽ കയറ്റി ....ബോധം പൂർണ്ണമായും പോയിരുന്നു... പോലീസുകാർ ജീപ്പിൽ വീട്ടിലെത്തിച്ചു. ....
ഭവാനിയമ്മ കിണറ്റിൽ നിന്നു വെള്ളം കോരി തലയിൽ ഒഴിച്ചു.
ശേഷം കോലായിത്തണ്ണയിൽ ബോധം കെട്ടുറങ്ങി.....
ഒരു തെക്കൻ കാറ്റ് അവനെ വീശിയുറക്കി ....
ശ്രീധർ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo