
വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്.പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്.വണ്ടി നീങ്ങിത്തുടങ്ങുന്നതോടെ കവിളില്‍ ബാക്കിനിന്ന മുത്തങ്ങളുടെ പാല്‍മണം കണ്ണീരിലൂടെ ഒഴുകിപ്പോകുകയായി.മരങ്ങളും മനുഷ്യരും പിന്നെ പിന്നോട്ടോടിമറയും.കാണെക്കാണെ വായുവില്‍നിന്ന് വിരലുകളുടെ വിടപറച്ചിലും നേര്‍ത്തുവരും. വീടിനോടുള്ള ബന്ധം ബാക്കിവച്ചുകൊണ്ട് അപ്പോഴും കൂടെയുണ്ടാകുന്നത് ഒന്നു മാത്രമാണ്...ഒരു പൊതിച്ചോറ്. പ്രവാസത്തിലേക്കുള്ള വഴിയില്‍ അവസാനമായി അനുഭവിക്കാനാകുന്ന നാടന്‍സ്വാദാണ് പൊതിച്ചോറിന്റേത്.അത് അന്നുവരെ രുചിച്ചിരുന്ന പല അനുഭൂതികളുടേയും ബലിച്ചോറുകൂടിയാണ്. പൊതിച്ചോറിലെ ഒടുവിലത്തെ വറ്റോടെ വീട് വലിയൊരു നഷ്ടബോധമായി മാറുന്നു.ഗൃഹാതുരതയുടെ തുടക്കം.വളരെ പതുക്കെയാകും അന്ന്, ചോറുപൊതി അഴിക്കുന്നതു പോലും.ഉണ്ടുതുടങ്ങുമ്പോള്‍ ഉള്ളില്‍നിന്ന് പലതും തികട്ടിവരും.ആദ്യമായാണ് നാടുവിട്ടുപോകുന്നതെങ്കില്‍ പൊതിച്ചോറില്‍ കണ്ണീരുപ്പ് കലരും.മിക്കവാറും മുഴുമിപ്പിക്കാനാകില്ല.കറികളുടെ പല നിറങ്ങള്‍ കലര്‍ന്ന്, ചിതറിയ ഓര്‍മ്മപോലെയാകും പൊതിച്ചോറ്.ഇലയ്ക്കും കടലാസിനുമൊപ്പം ചുരുട്ടിയെടുക്കുമ്പോള്‍ എരിയുന്നത് മനസ്സിനാണ്. എവിടെയായിരുന്നു അത് ഉപേക്ഷിച്ചത്..?ആദ്യ യാത്രയുടെ ആ ഓര്‍മ്മച്ചോറ്..ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ പൊതിച്ചോറ് എന്നും ഒപ്പമുണ്ടായിരുന്നു .വിശപ്പിന്റെ വെയില്‍ കാളിയ ഉച്ചകളിലും ഇരുള്‍ വാപിളര്‍ന്നു നിന്ന രാത്രികളിലും.കാണാമറയത്തുനിന്ന് അമ്മ തരുന്ന സാന്ത്വനം പോലെയൊന്ന്. പൊതിച്ചോറ് ജീവിതത്തിലാദ്യമായി വിടര്‍ന്നു വന്നത് സ്‌കൂള്‍മുറിയില്‍ വച്ചാണ്.അന്നതിന് ഒരു എഞ്ചുവടിയുടെ വലിപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ.ഗൃഹപാഠമായ 'പറ'യേയും 'പന'യേയും ഉമ്മവച്ച് പുസ്തക സഞ്ചിയില്‍ ചോറുപൊതിയുണ്ടാകും. ഉണ്ണാനെടുക്കുമ്പോള്‍ പൊതിയുടെ കവിളില്‍ കല്ലുപെന്‍സിലിന്റെ സ്‌നേഹം പൊടിയായി പറ്റിയിട്ടുണ്ടാകും. അന്ന്, പൊതിച്ചോറുകള്‍ ഓരോവീട്ടിലേയും അടുപ്പിന്റെ അവസ്ഥ കൂടി പറഞ്ഞു തന്നു.ചോറിനൊപ്പം ഏറ്റവും കൂടുതല്‍ കറി കൊണ്ടുവരുന്നയാളായിരുന്നു ഏറ്റവും സമ്പന്നന്‍.കുപ്പായത്തിലെ അലുക്കുകളിലും സ്ലേറ്റിലെ പലവര്‍ണ്ണമുത്തുകളിലും നന്നായി പൊതിച്ചോര്‍ ഒരാളെ തുറന്നുകാട്ടി.ചോറുപൊതിയുമായി ഒറ്റയ്ക്ക് മാറിയിരിക്കുന്നവരെ കൂട്ടുകാര്‍ ഡമ്പന്‍ എന്നു വിളിച്ചു.പക്ഷേ അവരില്‍ ചിലരുടെ പൊതികളിലെ ചോറു നനഞ്ഞുകുതിര്‍ന്നതായിരുന്നു.അച്ഛനും അമ്മയും പട്ടിണിയിരുന്ന് ബാക്കിപിടിച്ച അത്താഴബാക്കി.വെള്ളം അമ്മയുടെ കണ്ണീര്‍ പോലെ അതില്‍നിന്ന് വാര്‍ന്നുപോകാതെ നിന്നു.ഒപ്പം ഒന്നോ രണ്ടോ മുളക് ഇടിച്ചത്.മനസ്സിന്റെ നീറ്റല്‍ കൂടിയായപ്പോള്‍ അതിന് എരിവേറി.ഒറ്റയ്ക്കിരുന്നവരിലെ അഭിമാനികള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചത് ചോറുപൊതികളിലെ വേദനയായിരുന്നു. പൊതിയെടുക്കാന്‍ മറന്ന ദിവസങ്ങളില്‍ ഉച്ചവെയിലിലൂടെ വിയര്‍ത്തൊലിച്ച് അമ്മ ചോറുമായി വന്നു.അരികെയിരുന്ന് സ്‌നേഹം ഉരുളകളായി ഊട്ടി..തൊട്ടുകൂട്ടാന്‍ വാത്സല്യം നീട്ടിത്തന്നു.
By: LijuKrishna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക