Slider

സൂഫിയും ഹൂറിയും

0

സിഞ്ചാർ മലനിരകളിൽ നിന്നും വീശിയടിക്കുന്ന കാറ്റിൽ സൂഫിയുടെ പർണ്ണശാല ഒന്നിളകി..കാറ്റും ദൈവത്തിന്റെ സ്നേഹമാണ് - തിളങ്ങുന്ന താടി രോമങ്ങളിക്കിടയിലൂടെ അയാൾ വശ്യമായി ചിരിച്ചു. പെട്ടെന്ന്, താഴ്വാരത്തിൽ നിന്നും ആയാസപ്പെട്ട് വരുന്നൊരു നിഴൽ കണ്ടു അയാൾ അത്ഭുതപ്പെട്ടു. ഒരു കുർദിഷ് വനിത! ഇളം പച്ച നിറത്തിലുള്ള അവളുടെ നീണ്ട ഗൗൺ നിലത്തൂടെ ഇഴഞ്ഞു അവൾക്കൊപ്പമെത്താൻ പാടുപെട്ടു. ശിരോ വസ്ത്രത്തിന്റെ തലപ്പുകൾ രണ്ടു ചിറകുകളായി കാറ്റിൽ ഒഴുകി.. ഈ മലഞ്ചെരുവിൽ സ്ത്രീകൾ വരാറില്ല..ആരാണ് അവൾ ?!
വല്ലാതെ കിതച്ചുകൊണ്ട് അവൾ പർണശാലയിലേക്ക് നേരെ കയറി..സൂഫി കൂജയിൽ നിന്ന് ഒരു കോപ്പയിലേക്ക് വെള്ളം പകർന്നു. പിന്നെ സ്ഫടിക ഭരണിയിൽ നിന്ന് രണ്ടു തുള്ളി തേൻ അതിലേക്ക് ഒഴിച്ച് അവൾക്ക് കൊടുത്തു.. അവൾ ഒന്നും പറയാതെ അത് കുടിച്ചു. അപ്പോഴാണ് അവളുടെ മുഖത്തേക്ക് അയാൾ ശരിക്കും നോക്കിയത്..
"എന്ത് ? ! ഷെഹ്‌സാദ് !"
അവളുടെ വിടർന്ന നീലക്കണ്ണുകൾക്ക് വർഷങ്ങൾക്കിപ്പുറവും ഒരു മാറ്റവും വന്നിട്ടില്ല. ടൈഗ്രിസ് നദിയിലെ കൊച്ചോളങ്ങൾ അവിടെ അലയടിച്ചു..
"നീ ഇപ്പോഴും എന്നെ പ്രണയിക്കുന്നുണ്ടോ?" അയാളുടെ ചുണ്ടിൽ തന്റെ മോതിര വിരൽ തൊട്ടുകൊണ്ട് ഒരു മുഖവുരയുമില്ലാതെ അവൾ ചോദിച്ചു. പർണശാല വീണ്ടും കാറ്റിൽ ആടിയുലഞ്ഞു...അയാൾ ശക്തിയായി ശ്വാസം ഒന്ന് വലിച്ചെടുത്തു..
"നീ വിവാഹം കഴിച്ചോ?"
"ഇല്ല"
"നോക്കൂ .. നീ എന്നെ പ്രണയിച്ചിരുന്നോ എന്ന് ഞാൻ തിരിച്ചു ചോദിക്കുന്നില്ല, പ്രണയം പലപ്പോഴും ഒരു കടൽപ്പാലം പോലെയാണ്.. അറ്റം അറിയാതെ വെറുതെ പോകും..അവസാനം തിരിച്ചു വരേണ്ടി വരും..കടലുപോലെ സ്നേഹമുള്ളവർ പാലം കടക്കാൻ ശ്രമിക്കാറില്ല"
"ദൈവം കാരുണ്യവാനല്ലേ ? എന്റെയും നിന്റെയും സ്നേഹം അവനറിയില്ലേ?"
"തീർച്ചയായും ...പ്രണയം പറഞ്ഞറിയിക്കാം എന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം. പറയുന്ന ആ നിമിഷം നഷ്ടപെടുന്ന ഒന്നിൻറെ പേരാണ് പ്രണയം. ഉപാധികളില്ലാതെ സ്ത്രീ പുരുഷന്മാർക്ക് പ്രണയിക്കാൻ പറ്റില്ല..പ്രണയം എന്നത് തന്നെ സ്വാർത്ഥതയാണ്".ഉപാധികളില്ലാതെ നമ്മെ പ്രണയിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ"
സൂഫി ദൂരെ ടൈഗ്രിസ് നദിയുടെ നിഴലിലേക്ക് കൈകൾ ചൂണ്ടി. "അതാ....അവിടെ പണ്ട് ഷെഹറസാദിന് ആയിരൊത്തൊന്നു കഥകൾ പറയേണ്ടിവന്നു രാജാവിന് അവളിൽ അനുരക്തനാവാൻ.. പക്ഷെ ആ പ്രണയം പുലർന്നപ്പോൾ പിന്നീട് അവരുടെ ഭാഷ മൗനമായിരുന്നു. കാരണം മൗനത്തിലാണ് പ്രണയം പൂർണത തേടുന്നത്"
അപ്പോഴേക്കും കാറ്റ് നീങ്ങി താഴ്വാരത്തിലേക്ക് മഴ പെയ്തിറങ്ങി. അവൾ തണുത്തു വിറക്കാൻ തുടങ്ങി..സൂഫി പണിപ്പെട്ടു നെരിപ്പോട് കത്തിച്ചു..ചൂട് കിട്ടാൻ അവൾ കൈകൾ തമ്മിൽ ഉരച്ചപ്പോൾ അയാൾ അവളുടെ ചുവന്ന ലില്ലിപ്പൂ പോലുള്ള കൈകളിലേക്ക് നോക്കി നെടുവീർപ്പിട്ടു മെല്ലെ ഇരുട്ട് നുണക്കുഴി നീട്ടി നാണിച്ചു കടന്നു വരാൻ തുടങ്ങി...
സൂഫി അവളോട് പറഞ്ഞു :
"നാം രണ്ടു ദ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാരാണ് "
"നോക്കൂ...ഞാൻ ഒരു മഴത്തുള്ളി പോലെയാണ് ..കാണുന്നവർക്കും കൊള്ളുന്നവർക്കും മനോഹരവും കുളിരുള്ളതും...എന്നാൽ ഉള്ളിൽ ഈ നെരിപ്പോടിനെ വിഴുങ്ങുന്ന തീയുണ്ട്" അവൾ മറുമൊഴി നൽകി
"നീ മഴ പോലെ ആർദ്രവും അഗ്നി പോലെ നിർമ്മലവുമാണ്… നീ എന്റെ വിരലുകളിൽ പിടിക്കൂ...ഞാൻ നിന്നെ അടിവാരത്തിലേക്ക് തിരിച്ചു കൊണ്ടുവിടാം..അതാണ് നിന്റെ ലോകം..മഴക്കും മയിൽപ്പീലിക്കുമൊപ്പം മണ്ണും മണലും മൂർഖൻ പാമ്പുമുള്ള ഒരു പച്ചയായ തീരം."
"അറിയാം എനിക്ക് പോയേ പറ്റുമെന്ന്..എങ്കിലും "
"ശരി തെറ്റുകൾ ഞാൻ ഒരു നിമിഷം മറക്കാം...എന്റെ സ്നേഹത്തിന്റെ ഒരടയാളം നിനക്ക് ഞാൻ സമ്മാനിക്കുകയാണ്."
സൂഫി അവളുടെ കൈകൾ ചേർത്തു പിടിച്ചു...അവൾ കൈകൾ പിൻവലിച്ചു പിന്നോട്ട് മാറി..പിന്നെ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അപ്പോൾ അവളുടെ കണ്ണുകൾ നനയാൻ തുടങ്ങി..അയാൾ തന്റെ കൺപീലികൾ അവളുടെ കൺ പീലികളിക്കിടയിൽ ഒളിപ്പിച്ചു....അവൾ തന്റെ വിരലുകൾ കൊണ്ട് അയാളുടെ തലയിൽ ആർദ്രമായി തലോടി..
സൂഫി പറഞ്ഞു :
"ചുംബിക്കുമ്പോൾ കണ്ണുകൾ കൂമ്പിപ്പോകും...പക്ഷെ നിന്റെ കണ്ണുകൾ തുറന്നിരിക്കണം."
അവൾ ഒരു നിമിഷം മടിച്ചു..അവളുടെ അധരം പുഷ്പിക്കാനായി അയാൾ ഒരു നിമിഷം കാത്തുനിന്നു..
സൂഫി തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് ചേർത്തു അയാളുടെ ഹൃദയം നൂറ്റി ഇരുപത് പ്രാവശ്യം മിടിക്കുന്നത് വരെ ടൈഗ്രിസ് നദി വഴി മാറി അവരുടെ ചുണ്ടുകളിലൂടെ ഒഴുകി.. അപ്പോൾ ദൂരെ ദർവീശുകളുടെ കരൾ പിളരും പാട്ട് കേൾക്കാറായി..ഇണ നഷ്ടപെട്ട ഒരു കിളി ഏതോ ബാബിലോണിയൻ രാഗം മീട്ടി...തകർന്നടിഞ്ഞ അസീറിയൻ അന്തപ്പുരങ്ങളിൽ നിന്ന് ഖുനൂൻ വാദ്യം നിലാവിന്റെ കൂടെ പര്ണശാലയിലേക്ക് കയറി വന്നു..അവൾ പിന്നാക്കം നീങ്ങുകയും കിതക്കുകയും ചെയ്തു..
.
"ഇനിയൊരു കണ്ടുമുട്ടൽ ഈ ഭൂമിയിൽ ഇല്ല..ഇപ്പോൾ നിലാവ് പരന്നു...നീ നിന്റെ ഗോത്രത്തിലേക്ക് പോവുക...ഞാൻ മറ്റൊരു ദേശം നോക്കി യാത്ര തുടങ്ങുകയാണ്..ഇവിടെ നിന്റെ ഓർമ്മകൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചേക്കും."
സൂഫി പെട്ടെന്ന് തമ്പുകളുടെ കാലുകൾ ഇളക്കാൻ തുടങ്ങി...പർണശാല നിലം പൊത്തി...അവൾ നിശ്ചലമായി നിന്നു.
"ദൈവം പൊറുക്കട്ടെ,,," അവൾ മെല്ലെ പറഞ്ഞു...”ഇനി നീ ഹൂറികളുടെ ലോകത്തേക്ക് പോകും അല്ലെ ? നക്ഷത്രത്തേക്കാൾ തിളക്കമുള്ള ഹൂറികളുടെ "
"അതൊരു പുരുഷ പക്ഷ വായനയാണ്....ഭൂമിയിൽ നിന്നു സ്വർഗത്തിൽ എത്തുന്ന സ്ത്രീകൾ ഹൂറികളെക്കാൾ സുന്ദരികളായിരിക്കും.. നീ ദൈവത്തെ സ്നേഹിക്കൂ…അവിടെ ഇണകൾക്ക് സമപ്രായമാണ് ...ആണിനും പെണ്ണിനും വിവേചനമില്ല.."
"പോകൂ..." സൂഫി അവളോട് വീണ്ടും പറഞ്ഞു...പിന്നെ തിരിഞ്ഞു നോക്കാതെ, തോളിലേക്ക് ഒരു ഭാണ്ഡം മാത്രം കയറ്റിവെച്ചു മലയിറങ്ങി....നിലാവിൽ കുളിച്ച താഴ്വാരത്തിൽ അവൾക്ക് ഇപ്പോൾ വഴി വ്യക്തമായി കാണാം. അവളും മലയിറങ്ങാൻ തുടങ്ങി.. അപ്പോൾ ദൂരെ ഒരു പൊട്ടുപോലെ സൂഫി നിലാവിനൊടൊപ്പം ടൈഗ്രിസ് നദി ലക്ഷ്യമാക്കി നടക്കുന്നതവൾ കണ്ടു.
അടിവാരത്ത് എത്തിയപ്പോൾ അവളുടെ കണ്ണുകൾ ടൈഗ്രിസ് നദി തേടി. പക്ഷെ അപ്പോഴേക്കും നിലാവ് നീങ്ങുകയും വെളുത്ത മഞ്ഞിൻ നുറുക്കുകൾ മലഞ്ചെരുവിനെ മൂടുകയും ചെയ്തു...
കാഴ്ചകൾ പൂർണമായും നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഞെട്ടറ്റു മുഖത്തേക്ക് വീണ ഒരു മഞ്ഞുകട്ട മെല്ലെ അവളോട് മന്ത്രിച്ചു:
"ഈ ജന്മത്തിൽ ഇനിയൊരു കണ്ടുമുട്ടൽ ഇല്ല..."
(ഹാരിസ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo