Slider

അവനവൻ പാര

0
Image may contain: 1 person

ഇത് എന്റെ കോളേജ് ജീവിതകാലത്തെ യാത്രയ്ക്കിടയിലെ ഒരു ചെറിയ അമളിയാണ്. ചേർത്തല എൻ എസ് എസ് കോളേജിൽ പഠിക്കുന്ന സമയം. പഠിയ്ക്കുന്നത് സാമ്പത്തിക ശാസ്ത്രമാണെങ്കിലും എന്റേയും കൂട്ടുകാരുടേയും പോക്കറ്റിന്റെ സാമ്പത്തിക ശാസ്ത്രം ആ കാലയളവിൽ തുലോംദരിദ്രമായിരുന്നു. പിന്നെ മറ്റൊരു കാര്യം അന്നൊന്നും കോളേജിൽ പോകാനും അധികം പൈസയൊന്നും വേണ്ടായിരുന്നു, രണ്ട് പത്തു പൈസാ തുട്ടുകൾ ഉണ്ടെങ്കിൽ ലാവിഷായി കോളേജിൽ പോയിട്ട് വരുന്ന കാലം. പാട്ടുകുളങ്ങരയിൽ നിന്ന് ചേർത്തല വരേ കെഎസ്സ്ആർടിസിയിൽ യാത്ര ചെയ്യാൻ കൺസെഷൻ കാർഡ് ഉണ്ട്. പിന്നെ അവിടെ നിന്ന് പള്ളിപ്പുറത്തേക്ക് പത്തു പൈസയാണ് ST. തിരിച്ചു ചേർത്തലയ്ക്കും പത്തു പൈസ. നേരത്തെയെല്ലാം അലുമിനിയത്തിന്റെ പത്തു പൈസാത്തുട്ടിന് അല്പം വലിപ്പം എങ്കിലും ഉണ്ടായിരുന്നു. പിന്നീട് പുതിയ സ്റ്റീലിന്റെ പത്തു പൈസാത്തുട്ട് വന്നപ്പോൾ ചെറുതായി ചെറുതായി പെമ്പിള്ളേരുടെ നെറ്റിയിൽ ഒട്ടിയ്ക്കുന്ന കറുത്ത പ്പൊട്ടിന്റെ വലുപ്പത്തിൽ ഉള്ളതായി മാറി. സത്യത്തിൽ കണ്ടക്ടർ വന്ന് ടിക്കറ്റ് ചോദിയ്ക്കുമ്പോൾ ഇത്രയും ചെറിയ പത്തിന്റെ പൈസ കൊടുക്കുമ്പോൾ ഒരു ചമ്മൽ ആയിരുന്നു. ആ ടിക്കറ്റടിക്കാൻ അതിനേക്കാൾ ചിലവ് ആയിക്കാണും എന്ന് തോന്നും. പിന്നെ ഒരു സമാധാനം ഇടയ്ക്ക് അതും കാണില്ല എന്നതാണ്. ഇടയ്ക്ക് ഇത്ര ചെറിയ പത്തു പൈസാ ത്തുട്ട് കണ്ടക്ടറുടെ കൈയിൽ വച്ചു കൊടുക്കുമ്പോൾ അതു രുണ്ടു താഴോട്ടുപോകും. വേറെ ചോദിച്ചാൽ നമ്മുടെ കൈയിൽ ഇല്ലല്ലോ എന്നാലും കണ്ടക്ടർ ടിക്കറ്റ് തരും. ഇടയ്ക്ക് അവർ ചോദിയ്ക്കും.
പഠിയ്ക്കാൻ പോകുന്നു എന്നു പറഞ്ഞിട്ട് ബുക്കൊന്നുമില്ലേ എന്ന്. അത് കേൾക്കുമ്പോൾ കാണിക്കാനായ് ഒരു നോട്ടുബുക്ക് മടക്കി പാന്റിന്റെ പോക്കറ്റിൽ ഇട്ടിരിക്കുന്നത് എടുത്തു കാണിയ്ക്കുമ്പോൾ അവർക്കും ഒരു സന്തോഷം, നമുക്കും ഒരു സന്തോഷം.
കോളേജിൽ ചെന്നാൽ പിന്നെ പൈസയ്ക്ക് ക്ഷാമമൊന്നും ഇല്ല. കൂടെ പഠിക്ക്കുന്ന പെമ്പിള്ളേരുടെ കൈയിൽ നിന്നും കടമായും കാര്യമായും ഫ്രീയായും എല്ലാം അടിച്ചു മാറ്റുന്ന തുകകൾ കൊണ്ട് ചായ കുടിയും, കപ്പത്തിന്നലും, സിനിമ കാണലും എല്ലാം തകൃതിയായി നടത്തും. അതൊരു വസന്തകാലം ആയിരുന്നു. അതെല്ലാം പറഞ്ഞിരുന്നാൽ അമളിയെ പറ്റി പറയാൻ മറന്നു പോകും.
ഏതായാലും അമ്പിളിയെ പറ്റി പറയാം. ഓ സോറി അമ്പിളിയല്ല, അമളിയെ പറ്റി പറയാം.
ഒരു ദിവസം ഉച്ചയ്ക്ക് കോളേജ് വിട്ട് അവിടെ നിന്ന് പ്രൈവറ്റ് ബസ്സിന് വന്ന് കോടതിക്കവലയിൽ ഇറങ്ങി ഓടിക്കിതച്ച് കെഎസ്സാർട്ടീസി സ്റ്റാൻഡിൽ എത്തിയപ്പോൾ അവിടെ നിന്ന് ഒരു തോപ്പുംപടി ഓർഡിനറി ബസ്സ് വിടാൻ തയാറാകുന്നു ഞാനും രണ്ടു കൂട്ടുകാരും ഓടിക്കയറി. വലിയ തിരക്കൊന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങൾക്ക് ഇരിക്കാൻ സീറ്റെല്ലാം കിട്ടി. തമാശകൾ പറഞ്ഞും കളിച്ചും ചിരിച്ചും ഇരുന്ന് സമയം പോയതറിഞ്ഞില്ല, വണ്ടി തുറവൂരെത്തി കൂട്ടുകാർ രണ്ടു പേരും അവിടെ ഇറങ്ങി. തുറവൂരിൽ നിന്ന് രണ്ടാമത്തെ സ്റ്റോപ്പിൽ ആണ് എനിക്കിറങ്ങേണ്ടത്. സമയം നോക്കിയപ്പോൾ രണ്ടര മണിയായി, ഉള്ളിൽ നിന്ന് ഊ എന്നും പറഞ്ഞ് വിശപ്പ് മുകളിലേക്ക് ഉയർന്നു തുടങ്ങി.
ഇനി ഇടയ്ക്ക് ഒരു സ്റ്റോപ്പ് അല്ലേ ഉള്ളു അതു കഴിഞ്ഞാൽ എന്റെ സ്റ്റോപ്പിൽ ഇറങ്ങാം എന്ന ആശ്വാസത്തിൽ ഇരുന്നു. വണ്ടിയുടെ കിഴക്കുവശത്തിരിക്കുന്നതിനാൽ വെയിൽ അടിയ്ക്കുന്നില്ല, വണ്ടി മുന്നോട് പോകുന്നതിനാൽ മുഖത്ത് നല്ല കാറ്റടിക്കുന്നുണ്ട്. ചുമ്മാ കണ്ണടച്ച് കാറ്റും കൊണ്ടിരുന്നു. ഒന്നു മയങ്ങിയോ എന്നറിയില്ല. ഉടനെ തന്നേ കണ്ണു തുറന്നു, നല്ല പരിചയമുള്ള സ്ഥലം. ശരിയാണ് പാട്ടുകുളങ്ങര തന്നെ. പക്ഷെ വണ്ടി സ്റ്റോപ്പിൽ നിർത്തുന്നില്ല മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു. അതെന്നെ ദേഷ്യപ്പെടുത്തി ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് കണ്ടക്ടറുടെ അടുത്തെത്തി അല്പം ദേഷ്യത്തിൽ ചോദിച്ചു ഇത് ഓർഡിനറി ബസ്സല്ലേ , ഫാസ്റ്റൊന്നും അല്ലല്ലോ പിന്നെന്താ സ്റ്റോപ്പിൽ നിർത്താത്തത് എന്നെല്ലാം പറഞ്ഞ് കണ്ടക്ടറോട് നന്നായി ദേഷ്യപ്പെട്ടു. ഞാൻ എഴുന്നേറ്റ് ചെല്ലുന്നത് കണ്ട് വണ്ടി നിർത്തിക്കാൻ ഫസ്റ്റ്ബെൽ കൊടുക്കാൻ ഇടതു കൈ ഉയർത്തിയിരുന്ന കണ്ടക്ടർ എന്റെ ബഹളം കേട്ട് ഉയർത്തിയ കൈയ്യെല്ലാം താഴെ ഇട്ട് ശാന്തനായി ഇരുന്നപ്പോൾ എന്റെ ദേഷ്യം ഇരട്ടിയിലധികം ആയി. ഞാൻ പിന്നീടും എന്തെല്ലാമോ എല്ലാം പറഞ്ഞു. എന്നും ഈ റൂട്ടിൽ വരുന്ന കണ്ടക്ടർ അല്ല ഏതോ പുതിയ എംപാനൽ ജീവനക്കാരൻ, ഞാനെന്തെല്ലാം പറത്തിട്ടും തിരിച്ചൊന്നും പറഞ്ഞില്ല. എന്റെ നാടായതിനാലും നാട്ടുകാരിൽ ചിലർ യാത്രക്കാർ ഉണ്ടായതിനാലാം നല്ല ഗ്രൗണ്ട് സപ്പോർട്ട് കിട്ടി. പക്ഷെ ഗ്രൗണ്ട് സപ്പോർട്ട് എനി ക്കല്ലായിരുന്നു കണ്ടക്ടർക്കായിരുന്നു എന്നു മാത്രം.
സ്റ്റോപ്പിൽ വണ്ടി നിർത്തിയ നേരം അറിയാതെ ഉരുന്നുറങ്ങിയിട്ട് വണ്ടി വിട്ടുകഴിഞ്ഞ് എഴുന്നേറ്റ് ചെന്നിട്ട് വണ്ടി സ്റ്റോപ്പിൽ നിർത്തിയില്ല എന്നു പറഞ്ഞ് കണ്ടക്ടറെ ചീത്ത പറഞ്ഞാൽ എല്ലാവരും കണ്ടക്ടറുടെ കൂടെയേ നിൽക്കുകയുള്ളു എന്ന നഗ്ന സത്യം അവരുടെ വാക്കുകളിൽ നിന്നാണ് എനിക്ക് മനസ്സിലായത്. അമളി പറ്റിയത് എനിക്കാണ്. ആൾക്കൂട്ടത്തിൽ നന്നായി ചമ്മി വിയർത്തു നാറി എന്നു തന്നെ പറയാം.
അപ്പോഴേക്കും ഏകദേശം ഒന്നര കിലോമീറ്റർ അപ്പുറത്ത് ഉള്ള കുത്തിയത്തോട് സ്റ്റോപ്പിൽ വണ്ടി എത്തി, അവിടെ നിർത്തി യാത്രക്കാരുടെ പരിഹാസചിരികൾക്കിടയിലൂടെ ഞാൻ പുറത്തേക്ക് ഇറങ്ങി. എന്റെ അമളിയുടെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കുന്ന പോലെ കണ്ടക്ടർ പറഞ്ഞു കുത്തിയത്തോട് വരെ കൺസെഷൻ കാർഡ് ഉണ്ടായിരുന്നതുകൊണ്ടാണ് അല്ലെങ്കിൽ മിനിമം ചാർജിന് ഒരു ടിക്കറ്റും കൂടെ എഴുതി തന്നേനേയെന്ന്. അതേതായാലും നന്നായി അല്ലെങ്കിൽ ടിക്കറ്റെടുക്കാനുള്ള പൈസ ഇല്ലാതെ കണ്ടക്ടറോട് പൈസ കടം ചോദിക്കേണ്ട നാണക്കേടും കൂടെ വന്നേനേ.
ദൈവം രക്ഷിച്ചു.
വിശപ്പും ദാഹവും സഹിച്ച് ഉച്ചവെയിലിൽ നാരാങ്ങാവെള്ളം പോലും കുടിയ്ക്കാനാവാതെ വീട്ടിലേക്ക് വലിഞ്ഞു നടന്ന നേരം ഉള്ളിലോർത്തു ഈ അമളി തന്റെ അഹങ്കാരത്തിന് ഒരു പാഠമാകട്ടെ ഇനി നന്നാവാം എന്ന് തീരുമാനിച്ചു.
നടന്ന് ക്ഷീണിച്ച് വീട്ടിലെത്തി
വെള്ളവും കുടിച്ച് ചോറും ഉണ്ട്
ദാഹവും വിശപ്പും എല്ലാം മാറിയപ്പോൾ അതുവരെ ഉണ്ടായിരുന്ന നന്നാവാം എന്ന ചിന്തയും നാളേക്ക് മാറ്റി വച്ച്
സുഖമായി ഉറങ്ങി.
പി.എസ്സ്.അനിൽകുമാർ
ദേവിദിയ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo