Slider

ഞാൻ / നിങ്ങൾ

0
Image may contain: 1 person, smiling, closeup

ബാലേട്ടന്റെ ഫോൺ വന്നപ്പോൾ മുതൽ നല്ല ഉത്സാഹം. ഇന്ന് ഹരി ഡിന്നറിനായി അവന്റെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ടത്രെ...
ഹരി.... മണ്ണപ്പം ചുട്ടുകളിക്കുന്ന കാലം മുതലുള്ള എന്റെ കൂട്ടുകാരൻ... പത്താം ക്ലാസ്സു കഴിഞ്ഞ് ഞാൻ അച്ഛന്റെകൂടെ ഭോപ്പാലിൽ പോയി , അവർ വീടുവിറ്റ് മറ്റെങ്ങോ താമസം മാറി.. പിന്നെ ഒരറിവും ഇല്ലാരുന്നു. അന്ന് അവന് നല്ല തടിയായിരുന്നു... എന്തൊക്കെ ഇരട്ടപ്പേരുകൾ അവനുണ്ടാരുന്നു. ഞങ്ങൾ കൊൽക്കത്തയിൽ താമസമാക്കിയിട്ട് 3 വർഷമായി. അവൻ വർഷങ്ങളായി ഇവിടെ settle ആണ്. ഇപ്രാവശ്യം നാട്ടിൽപോയപ്പോൾ എങ്ങേനെയോ എന്റെ details കിട്ടിയതാണ്. ഭാര്യ നേഴ്സ് ആണ് സൗദിയിൽ. രണ്ട് കുട്ടികളും എഞ്ചിനീയറിംഗ് പഠിക്കുന്നു ചെന്നൈയിൽ. ഇവിടെ ആള് ഒറ്റയ്ക്കാണ്.
എങ്കിലും ഞാൻ ബാലേട്ടനോട് പരിഭവം പറഞ്ഞു... അവൻ അവിടെ ഒറ്റക്കല്ലേ , നമ്മൾ ആരുന്നു അവനെ ഇങ്ങോട്ട് വിളിക്കേണ്ടിയിരുന്നത്.
ഞാനത് അവനോട് പറഞ്ഞതാണ് പക്ഷേ പുള്ളിക്ക് നിർബന്ധം........ നിനക്കായി അവൻ എന്തോ സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു....
സർപ്രൈസ്....ആ വാക്ക് എവിടെയോ കേട്ടുമറന്നതുപോലെ.. കുട്ടികാലത്ത് ആരെങ്കിലും ഒരു മുട്ടായി മേടിച്ചുതന്നാലും ഞാൻ പറയുമാരുന്നു .. ഇങ്ങനെ തരല്ലേ..എന്താണെന്ന് പറയാതെ മുട്ടായി കൈയിൽ ചുരുട്ടി പിടിച്ച് എന്റെ മുൻപിൽ നിന്ന് തുറന്ന് തരണം.. അതാണ്‌ രസം...
ബാലേട്ടൻ വിവാഹത്തിനുമുൻപ് ഒരുപാട് സർപ്രൈസുകൾ തന്നിട്ടുണ്ട്... ചോക്ലേറ്റുകൾ , greeting കാർഡുകൾ , ചുവന്ന റോസാപ്പൂക്കൾ......
വിവാഹശേഷവും സമ്മാനങ്ങൾക്ക് കുറവൊന്നുമില്ല. കൂടെകൊണ്ടുപോയി ഇഷ്ടമുള്ളതൊക്ക വാങ്ങിത്തരും. പക്ഷേ വിലകൂടിയ , മുത്തുകൾപതിച്ച തുണികൾക്കൊന്നും ആ വഴിയരുകിൽ കിട്ടുന്ന 5 രൂപയുടെ റോസാപ്പൂവിന്റെയോ 5 പൈസയുടെ നാരങ്ങാമുട്ടായിയുടെയോ മാധുര്യമോ , മണമോ കാണില്ലല്ലോ.
ബാലേട്ടൻ ഓഫീസിൽ നിന്നും നേരത്തേയെത്തി. ഞങ്ങൾ കുട്ടികളെയുംകൂട്ടി യാത്രതിരിച്ചു. അരമണിക്കൂർ കൊണ്ട് പറഞ്ഞ അഡ്രസ്സിൽ എത്തി. വലിയൊരു കോളനിയുടെ 14 th ഫ്ലോറിൽ ബെൽ അമർത്തുമ്പോൾ കൈകൾക്കും കാലുകൾക്കും പറമ്പിൽ ചെറുപ്പത്തിൽ ഓടിനടക്കുന്ന ആവേശം.
വാതിൽതുറന്ന് നിറപുഞ്ചിരിയുമായി ഹരി. ഇപ്പോഴും വണ്ണത്തിന് ഒരുകുറവുമില്ല. കട്ടിമീശയും , കഴുത്തിൽ വലിയൊരു സ്വർണ്ണച്ചെയിനും , തലമുടിയുടെ ഇടയിൽ ചെറിയ നരയുമായി അവൻ.
ബാലേട്ടനെ കെട്ടിപിടിച്ച്, കുട്ടികൾക്ക് shakehand കൊടുത്ത് അകത്തേയ്ക്ക് വിളിച്ചു.
നീ ആകെ മാറിപ്പോയല്ലോ മുത്തേ എന്നും പറഞ്ഞ് എന്റെയരുകിൽ വന്നപ്പോൾ ആ കണ്ണുകളിൽ ചെറിയ നനവുപോലെ. തുറന്ന കൈകളിലേക്ക് ഓടിച്ചെന്ന് വീഴുമ്പോൾ ചമ്പക്കയുടെയും , നാട്ടുമാങ്ങയുടെയും , അത്തപ്പൂക്കളുടെയും ഒക്കെ സുഗന്ധം.
ഭംഗിയായി അലങ്കരിച്ച വീട്. നല്ല നിറമുള്ള കർട്ടനുകളും , കുഷ്യനുകളും കുറെ ബോൺസായ് ചെടികളും... പുറകിൽ എവിടെനിന്നോ പഴയ മലയാളം പാട്ടിന്റെ ഈണം.. ഞാൻ ഇരിക്കാൻ തുടങ്ങിയപ്പോൾ ഹരി പെട്ടെന്ന്..... നിനക്ക് എന്റെ ആദ്യത്തെ സർപ്രൈസ് എന്നുപറഞ്ഞ് പുറകിൽ പിടിച്ചിരിക്കുന്ന കൈകൾ മുൻപോട്ട് നീക്കി.. കൈനിറയെ വാഴയിലയിൽ പൊതിഞ്ഞ പകുതിവിരിഞ്ഞ മുല്ലപ്പൂക്കൾ...
കുട്ടികളും ബാലേട്ടനും അദ്‌ഭുതത്തോടെ ചോദിച്ചു ആഹാ.... മുല്ലപ്പൂക്കൾ ഇഷ്ട്ടായിരുന്നോ ഇവൾക്ക് കുട്ടികാലത്ത്...
ഹരി മെല്ലെ പുഞ്ചിരിച്ചു... ഞാനും.
ബാലേട്ടനോടായി ഹരി ചോദിച്ചു.. ഏട്ടൻ ഉറക്കെ ചിരിക്കുമോ? തെല്ല് അദ്‌ഭുതത്തോട് ബാലേട്ടൻപറഞ്ഞു ഇല്ല വളരെ കുറവാണ് ചിരി ... എന്തേ ഇങ്ങനൊരു ചോദ്യം..?
ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു ഇവൾക്ക് അട്ടഹസിക്കാൻ മാത്രമേ അറിയുള്ളാരുന്നു. നാട്ടിൽ ഇവള്ടെ ചിരി ഫേമസ് ആരുന്നു. നല്ലതായി ചിരിക്കാത്തവരോട് ഇവൾ കൂട്ടുവെട്ടുമാരുന്നു... അന്നൊക്കെ ആരെ കല്യാണം കഴിക്കണം എന്ന് ചോദിക്കുമ്പോൾ എല്ലാരും പറയും വെളുത്ത ആളിനെ , നീളമുള്ള ആളിനെ എന്നൊക്കെ ഇവളുമാത്രം പറയും എന്നേക്കാൾ കൂടുതൽ ചിരിക്കുന്ന ആളിനെയെന്ന്... അതാണ്‌ ചോദിച്ചത്.....
എല്ലാവരും ചിരിച്ചു.
ഹരി ഒരു നിമിഷം നിർത്തിയിട്ട് തുടർന്നു ഇവൾക്ക് ചിരി മാത്രമല്ല ഏട്ടാ കരയാനും അതുപോലെ അറിയാമാരുന്നു. തൊട്ടാവാടിയുടെ ഇലകൾ വാടിയാൽ, പറമ്പിലെ ഏതെങ്കിലും മരം മുറിച്ചാൽ, ചരട് പൊട്ടി പറക്കുന്ന പട്ടം കണ്ടാലൊക്കെ ഇവൾ കരയുമാരുന്നു... ഞങ്ങൾ കളിയാക്കുമ്പോൾ കുറച്ച് ഫിലോസഫി അടിച്ചുവിടും.... സന്തോഷവും , സങ്കടവുമൊക്ക കണ്ണിനും ചുണ്ടിനും മാത്രമുള്ളതല്ല... ഏതുവികാരം ആണെങ്കിലും അതിന് തീവ്രതവേണം... ശരീരവും മനസും പൂർണ്ണമായി അതിനെ ഉൾക്കൊള്ളണം...... എന്നൊക്കെ അടിച്ചുവിടുമാരുന്നു.... ഇപ്പോൾ ഇവൾ പണ്ടത്തെപ്പോലെ അട്ടഹസിക്കാറില്ലേ ഏട്ടാ..... ഹരി ചോദിച്ചു.
ചിരിച്ചുകൊണ്ട് ബാലേട്ടൻ പറഞ്ഞു ഇപ്പോൾ ഇത്തിരി maturity ഒക്കെ വന്നു. കുട്ടികളൊക്ക വലുതായില്ലേ.....
നിനക്ക് ഈ maturity ഒട്ടും അങ്ങട് ചേരുന്നില്ലല്ലോ ചക്കരെ എന്നും പറഞ്ഞ് ഹരി എല്ലാവർക്കും കൂൾഡ്രിങ്ക്‌സ് തന്നു ....
എന്നിട്ട് കുട്ടികളോട് ചോദിച്ചു അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഡിഷ്‌ എന്താണ് ? ഇളയ മോൻ പറഞ്ഞു അങ്ങനെ പ്രത്യേകമായൊന്നുമില്ല അങ്കിൾ... ഞങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം അമ്മയ്ക്കും ഇഷ്ട്ടാ...
നിന്റെ അടുത്ത സർപ്രൈസ് എന്നുംപറഞ്ഞ് ഹരി ഡൈനിങ്ങ് ടേബിളിൽ വെച്ചിരിക്കുന്ന പാത്രങ്ങളുടെ അടപ്പുകൾ എടുത്തു.... ഇഡലി, സാമ്പാർ, ഉണ്ണിയപ്പം, ഇടിയപ്പം, ചോറ് , ചമ്മന്തി , തൈര്, ഓംലറ്റ്...... ഞാൻ ഓലമേഞ്ഞ ഒരു വീടിന്റെ ചാണകം മെഴുകിയ തറയിൽ ഒരു കുരണ്ടി പലകയിൽ ഇരുന്നതുപോലെ..
കുട്ടികൾ പെട്ടെന്ന് പറഞ്ഞു....അങ്കിൾ അമ്മയ്ക്ക് റൊട്ടിയാണ് ഇഷ്ട്ടം..... ഞങ്ങൾക്കും.
അതെയോ നിങ്ങൾക്കായി അതും റെഡി.... എന്ന് പറഞ്ഞ് എല്ലാവർക്കും ആഹാരം എടുത്തു.
ആഹാരം കഴിഞ്ഞപ്പോൾ ബാലേട്ടൻ പറഞ്ഞു നിങ്ങൾ കുട്ടികാലമൊക്ക അയവിറക്കിക്കോ ഞങ്ങൾ ക്രിക്കറ്റ്‌ കാണട്ടെ...... ഞാൻ പാത്രമൊക്കെ എടുത്തുവെയ്ക്കാൻ ഹരിയെ സഹായിച്ചിട്ട് വെറുതെ ബാൽക്കണിയിൽ പോയിനിന്നു.
സർപ്രൈസ് എന്നും പറഞ്ഞ് കൈകളിൽ രണ്ട് ഗ്ലാസ്‌ കട്ടൻകാപ്പിയുമായി ഹരി..... പിന്നെയും ബാല്യത്തിന്റെ മാധുര്യം..... കാപ്പിപൂക്കളോടും അന്നൊക്കെ പ്രണയമായിരുന്നു. അതിന്റെ സുഗന്ധം ലഹരിയാണെന്നും ആ പൂക്കൾക്ക് നിറങ്ങളുടെ ആവശ്യമില്ലെന്നുമൊക്കെ പണ്ട് എഴുതിയതോർമ്മവന്നു........
ഹരി മെല്ലെ ചോദിച്ചു......
എന്റെ കുട്ടീ........ നീയെവിടെ. എനിക്ക് നിന്നെ കാണാൻ കഴിയുന്നില്ലല്ലോ?
ഞാൻ മെല്ലെ പറഞ്ഞു........ ഉണ്ട് ഹരി ഞാനുണ്ട്. ഞാൻ അറിയുന്നവർ എന്നെ അറിയുന്നില്ല എന്നേ ഉള്ളൂ. എന്നെ അറിയാത്ത അനേകായിരം ആളുകൾക്കിടയിൽ ഞാനുണ്ട്.... കവിതയായി , കഥയായി, ഉറക്കെ ചിരിച്ചുകൊണ്ട്, കാപ്പിപൂക്കളുടെയും, മുല്ലമൊട്ടുകളുടെയും ഇടയിലൂടെ ഒരു ചിത്രശലഭംപോലെ ചിറകുവിടർത്തി പറന്ന്, തേൻനുകർന്ന്, പകൽകിനാവുകൾ കണ്ട്.... ഒരിക്കലും പ്രായമാകാതെ ഒരിക്കലും മരിക്കാതെ ഞാൻ ജീവിക്കുന്നുണ്ട് . എനിക്ക് ഞാനാകാൻ മാത്രമേ കഴിയൂ ഹരി
മങ്ങിയ ആകാശത്തു് വെറുതെ നക്ഷത്രങ്ങളെ തിരയുന്ന കണ്ണുകൾ പൊഴിച്ച രണ്ടുതുള്ളി കണ്ണുനീർ ആരുംകാണാതെ ഇരുട്ടിൽ അലിഞ്ഞുചേർന്നു.
മുഴുവൻകഥയിൽ ഞാനില്ലയെങ്കിലും..... ചില വരികളിൽ, അല്ലെങ്കിൽ ചില വാക്കുകളിൽ, അതുമല്ലെങ്കിൽ ചില അക്ഷരങ്ങളിലെങ്കിലും ഞാൻ കാണില്ലേ ?
........നിങ്ങളും ?????
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo