നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 8



അഞ്ചു  മിനിറ്റ് കഴിഞ്ഞപ്പോൾ  അവിടെ കൂടിനിന്നവരിൽ ഒരു ചെറുപ്പക്കാരൻ മാളുവിന്റെ അടുത്തേക്ക് നടന്നുവന്നു.അവളത്  കണ്ടിട്ടും കാണാത്തത് പോലെ നിന്നു .അവളുടെ നെഞ്ച് ഭയം കൊണ്ട് പെരുമ്പറ കൊട്ടി! അവൻ പിടിക്കാൻ വന്നാൽ എങ്ങോട്ട് ഓടണം എന്നവൾ കണ്ണുകൊണ്ട് ചുറ്റും പരതി  തയ്യാറായി  നിന്നു .!

"ടീച്ചറെ " അവൻ അടുത്തുവന്ന് വിളിച്ചു.
"എന്താ?" മാളു ഭയം പുറത്ത് കാട്ടാതെ ദൃഢ സ്വരത്തിൽ ചോദിച്ചു.
"ഉണ്ണിക്കൃഷ്ണൻ  ബസ്സിന്‌ വേണ്ടിയാണ് കാത്തുനിൽക്കുന്നതെങ്കിൽ   അത് പത്ത്  മിനിറ്റ് മുൻപേ പോയി.ടീച്ചർ ആ ബസ്സിൽ  അല്ലെ സ്ഥിരം പോകുന്നത്..ഇനി  അടുത്തത്  ഒരു മുക്കാൽ  മണിക്കൂർ കഴിഞ്ഞേ ഉള്ളു.ഓട്ടോ സ്റ്റാൻഡിലും ഈ സമയത്ത് ആളില്ല എല്ലാരും ഓട്ടം പോയേക്കുവാ.ഫോൺ ഉണ്ടോ കൈയില് വീട്ടിലോട്ട് വിളിച്ച് പറയാൻ?വീട്ടീന്ന് ആരെങ്കിലും വിളിക്കാൻ വരാൻ ഉണ്ടോ?"അവൻ ഒറ്റശ്വാസത്തിൽ ചോദിച്ചു.
മാളുവിന്‌ അപ്പോഴാണ് ശ്വാസം നേരെ വീണത് .ഈ പാവത്തിനെ ആണല്ലോ ദൈവമേ താൻ തെറ്റിദ്ധരിച്ചത്! എന്തായാലും വിളിക്കാൻ വരാൻ ആരുമില്ല എന്ന് തൽക്കാലം  ഇവർ അറിയേണ്ട.അമ്മയെ വിളിച്ച് വിവരം പറയണം.
"എന്റെ കൈയിൽ മൊബൈൽ ഉണ്ട് .ഞാൻ വിളിച്ച് പറഞ്ഞോളാം."അവൾ പറഞ്ഞു.
"വീട്ടിൽ നിന്നാരെങ്കിലും വരുന്നത് വരെ ഞങ്ങൾ ഇവിടെ നിൽക്കണോ ?"അയാൾ ചോദിച്ചു .
"ഏയ് അതിന്റെ ആവശ്യമില്ല.ഞാൻ പൊയ്ക്കോളാം."മാളു പറഞ്ഞു.അയാൾ തിരിച്ച് നടന്നു. 
"താങ്ക്സ് കേട്ടോ"മാളു അയാളോട് വിളിച്ചുപറഞ്ഞു.
അയാളും കൂടെയുണ്ടായിരുന്നവരും  ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോയി.
അവൾ മൊബൈൽ എടുത്ത് ലേഖയെ  വിളിക്കാൻ തുടങ്ങിയതും വീട്ടിൽ നിന്നും ലേഖയുടെ കാൾ വന്നു.
"നീ ഇറങ്ങിയോ മാളു?"ലേഖയുടെ ശബ്ദം  കേട്ടപ്പോൾ എന്തോ പന്തികേടുണ്ടെന്ന് മാളുവിന്‌ തോന്നി.
"ഇപ്പോ ഇറങ്ങിയതേ ഉള്ളു അമ്മെ.ബസ് മിസ്സായി.അടുത്തത് വരാൻ കുറച്ച് താമസിക്കും.ഓട്ടോയും കാണുന്നില്ല .ഞാൻ ഇവിടെ ബസ്‌സ്റ്റോപ്പിൽ  വെയിറ്റ് ചെയ്യുവാ.എന്ത് പറ്റി അമ്മെ?"മാളു കാര്യം തിരക്കി.
 "അയ്യോ  നീ എങ്ങനെയാ ഇപ്പൊ തിരിച്ച് വരുന്നേ?ചിറ്റപ്പൻ എസ്റ്റേറ്റിൽ പോയേക്കുവാ മോളെ" ലേഖ ഭീതിയോടെ പറഞ്ഞു.
"വയനാട്ടിലെക്കോ ..!? എന്നിട്ട് ഇപ്പഴാണോ അമ്മ ഇത് പറയുന്നത്? "മാളുവും ഭീതിയോടെ ചോദിച്ചു.
"സാവിത്രി ഇപ്പൊ ഫോൺ വിളിച്ച് വെച്ചതെ ഉള്ളു.നാളെ പോകാൻ ഇരുന്നതാ .എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ഉടനെ പുറപ്പെട്ടു.അവൻ..അവൻ അവിടെ എങ്ങാനും ഉണ്ടോ മോളെ..!?" ലേഖ കരച്ചിലിന്റെ വക്കിൽ എത്തി.
മാളു ചുറ്റും കണ്ണോടിച്ചു.സ്ഥലം വിജനമാണ്!
"ഇല്ല അമ്മെ.അമ്മ വിഷമിക്കാതെ .ഞാൻ ഒരു ഓട്ടോ പിടിച്ച് വരാം."
മാളു അമ്മയെ സമാധാനിപ്പിച്ചു.
"വേണ്ട ഞാൻ ദേവിയേച്ചിയോട് ചോദിക്കാം ദത്തനെ അങ്ങോട്ട് വിടാമോ എന്ന് .നീ അവിടെ തന്നെ നിൽക്ക് ." മാളുവിന്റെ മറുപടിക്ക് കാക്കാതെ ഫോൺ കട്ട് ചെയ്യാതെ അതും കൈയിൽ  പിടിച്ച് അവർ മതിലിനരികിലേക്ക്  ഓടി അവിടെ നിന്നും ദേവിയെ വിളിച്ച് കാര്യം പറഞ്ഞു.
"അതിനെന്താ ലേഖേ  ഞാൻ ദത്തനോട് പറയാം മോളെ വിളിച്ചോണ്ട് വരാൻ" ദേവി പറയുന്നത് മാളു ഫോണിൽ കൂടി കേട്ടു.
അത് വേണ്ടിയിരുന്നില്ല എന്നവളുടെ മനസ്സ് പറഞ്ഞു.
ദേവി ദത്തനോട് കാര്യം പറഞ്ഞു.
"മനുഷ്യനെ വെറുതെ ഇരിക്കാനും സമ്മതിക്കില്ല" ദത്തൻ പിറുപിറുത്തു.
"നിന്നോട് നീലക്കൊടുവേലി പറിച്ചോണ്ടു വരാൻ അല്ലാലോ പറഞ്ഞത്?ആ കൊച്ച് അവിടെ ഒറ്റയ്ക് നിൽക്കുവാ.അതിനെ വിളിച്ചോണ്ട് വീട്ടിൽ കൊണ്ടുചെന്നാക്കാൻ  അല്ലെ പറഞ്ഞുള്ളു ദത്താ ?"ദേവി മകനോട് പറഞ്ഞു.
"ഓ ഇതിലും ഭേദം  നീലക്കൊടുവേലി ആയിരുന്നു " ദത്തൻ പിന്നെയും പിറുപിറുത്തുകൊണ്ട് കാറിന്റെ കീയും എടുത്ത് വെളിയിലേക്കിറങ്ങി.
അങ്ങനെ പറഞ്ഞെങ്കിലും അവൻ ഉള്ളാലെ സന്തോഷിക്കുന്നുണ്ടായിരുന്നു.എപ്പോഴോ അവൻ  മാളുവിനെ സ്നേഹിച്ചുതുടങ്ങിയിരുന്നു! തന്റെ കുഞ്ഞിന് വേണ്ടി മതിലുചാടിവന്നവൾ,വാതിൽ തള്ളിത്തുറന്ന് വന്ന് ആമിയെ താൻ ഉപദ്രവിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയപ്പോളാണ് അവൾക്ക് സമാധാനമായത്.ആമി ഓരോ തവണ അമ്മെ അമ്മെ എന്ന് വിളിക്കുമ്പോഴും മാളുവിന്റെ  കണ്ണുകളിലെ വാത്സല്യം അവൻ കണ്ടതാണ്.അത് തിരുത്തണം എന്നവൻ കർക്കശമായി പറഞ്ഞിട്ടും  അവളത് ചെയ്തില്ല.അന്ന് അമ്പലത്തിൽ മാളു  വീണപ്പോ മുറിഞ്ഞത് അവളുടെ ദേഹമാണെങ്കിലും വേദനിച്ചത് അവനാണ് . ചെടികൾക്ക് വെള്ളം ഒഴിക്കാനെന്ന പേരിൽ അവിടെ നിൽക്കുമ്പോ അവളുടെ കണ്ണുകൾ പലപ്പോഴും തന്നെ അന്വേഷിച്ച് തന്റെ മുറിയുടെ നേർക്ക് നീളുന്നത് അവൻ ഒളിഞ്ഞുനിന്ന് കണ്ടിട്ടുണ്ട്.അവൾക്ക് കാണാൻ വേണ്ടി തന്നെ ആണ് പലപ്പോഴും അവിടെ നിന്നുകൊടുത്തതും. ഓരോന്നാലോചിച്ച് അവൻ കാർ ഓടിച്ചു .
"മോളെ ദത്തൻ വരുന്നുണ്ട് കേട്ടോ.നീ അവിടെ തന്നെ നിൽക്ക് ." ലേഖ പറഞ്ഞു.
"എന്തിനാ  അമ്മെ അവരെ ഒക്കെ ബുദ്ധിമുട്ടിക്കുന്നത്?ഞാൻ ഒരു ഓട്ടോ പിടിച്ച് വരുമായിരുന്നല്ലൊ ."മാളു പറഞ്ഞു.
"പിന്നെ ഇനി ആണ്ടിനും സംക്രാന്തിക്കും  വരുന്ന ഓട്ടോപിടിച്ച് നീ എപ്പോ വരാനാ?പിന്നെ  ഫോൺ കട്ട് ചെയ്യണ്ട .ദത്തൻ വരുന്നത് വരെ നീ എന്നോട് എന്തെങ്കിലും സംസാരിച്ച്  നിൽക്ക് .ഇല്ലെങ്കിൽ എനിക്ക് പേടിയാ നീ ഒറ്റയ്ക്കല്ലേ ."ലേഖ പേടിയോടെ പറഞ്ഞു.
"നല്ല കഥ.എന്റെ ഫോണിലെ പൈസ മുഴുവനും തീരും.അമ്മ ഫോൺ വെച്ചേ.ഞാൻ വിളിക്കാം"മാളു ഒരുവിധം അവരെ പറഞ്ഞ് സമാധാനിപ്പിച്ച്   ഫോൺ കട്ട് ചെയ്തു.എന്നിട്ട് അവിടെ ബസ്‌സ്റ്റോപ്പിന്റെ വെയ്റ്റിംഗ് ഷെഡിലെ ബെഞ്ചിൽ പോയിരുന്നു.
അപ്പോഴേക്കും  ഒരു ബൈക്ക് വെയ്റ്റിംഗ് ഷെഡിന്റെ  അടുത്ത് വന്നു നിന്നു .
അവൾക്ക് ഊഹിക്കാമായിരുന്നു അത് ആരുടെ ബൈക്ക് ആണെന്ന്.അവൾ ഭീതിയോടെ അവിടെ നിന്നു .
"മാളു..!" ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.
അയഞ്ഞ ഷർട്ടും മുഷിഞ്ഞ പാന്റും വൃത്തിയില്ലാത്ത പാറിപ്പറന്നു കിടക്കുന്ന മുടിയുമായി മാളുവിനെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു അവൻ!
"സജി!" മാളു ഭീതിയോടെ മന്ത്രിച്ചു.
"ഈ നേരത്ത്   ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് സേഫ് അല്ല .വാ ഞാൻ കൊണ്ടുവിടാം." അവൻ പറഞ്ഞു.
"എന്തായാലും നിന്റെ കൂടെ വരുന്നതിനേക്കാൾ സേഫ് ആണ് സജി ഞാൻ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത്  ."മാളു അവനെ പരിഹസിച്ചു.
"ശരി ഞാൻ എത്ര വിളിച്ചാലും നീ വരില്ല എന്നെനിക്കറിയാം.നീ പോകുന്നത് വരെ ഞാൻ ഇവിടെ നിൽക്കാം."അവൻ അവളുടെ അടുത്തായി ഇരുന്നു.മാളു പെട്ടെന്നു അവിടെ നിന്നും ചാടി എഴുനേറ്റു.
"എന്തിനാ ഇങ്ങനെ പേടിക്കുന്നത് മാളു?ഞാൻ എപ്പോഴെങ്കിലും നിന്നെ ഉപദ്രവിച്ചിട്ടുണ്ടോ?ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടോ?നീ ഒറ്റയ്ക്ക് നിൽക്കുമ്പോ വീട്ടിൽ കൊണ്ടുവിടട്ടെ എന്ന് ചോദിക്കാൻ വരുന്നതാണോ എന്റെ തെറ്റ്?"സജി ചോദിച്ചു.
"അതെ കള്ളും  കഞ്ചാവും ആയിട്ട് നടന്നിരുന്ന നീ വേണം എന്നെ വീട്ടിൽ കൊണ്ടുവിടാൻ അല്ലെ? അതും ചിറ്റപ്പൻ വീട്ടിൽ ഇല്ല എന്നറിയാവുന്ന ദിവസ്സം മാത്രം ആണല്ലോ എന്നോടുള്ള ഈ സ്നേഹക്കൂടുതൽ?"
മാളു ചോദിച്ചു.
"തർക്കിക്കാൻ ഞാൻ ഇല്ല.നിന്നെ വീട്ടിൽ കൊണ്ടാക്കാം .നീ വാ "സജി അവളെ വിളിച്ചു.
"എന്നെ ശല്യപ്പെടുത്താതെ പോവാൻ നോക്ക് സജി.ഞാൻ നിന്റെ കൂടെ വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട.”മാളു തീർത്ത് പറഞ്ഞു.
സജി ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു.

അധികം കഴിയും മുൻപേ ദത്തന്റെ കാർ  അവിടെ വന്നു നിന്നു . ബസ്സ് സ്റ്റോപ്പിൽ  പേടിച്ചരണ്ട മുഖത്തോടെ നിൽക്കുന്ന മാളുവിനെയും അവിടെ അവളെ നോക്കി ഇരിക്കുന്ന സജിയേയും കണ്ടപ്പോൾ സ്ഥിരം പൂവാല ശല്യം ആണെന്ന് ദത്തന് തോന്നി.
ദത്തൻ കാറിൽ നിന്നിറങ്ങി മാളുവിന്റെ അടുത്തെത്തി.
"എന്താ മാളു മുഖം വല്ലാതെ  ഇരിക്കുന്നെ?ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?" ദത്തൻ സജിയെ രൂക്ഷമായി നോക്കികൊണ്ട് മാളുവിനോട് ചോദിച്ചു.
"ഇല്ല  ഒന്നും ഉണ്ടായില്ല. " മാളു പതറിയ ശബ്ദത്തിൽ പറഞ്ഞു.അവൾ അങ്ങനെ പറഞ്ഞെങ്കിലും അവർ തമ്മിൽ എന്തോ പ്രശ്നം ഉള്ളതായി ദത്തന് തോന്നി.
ദത്തൻ സജിയെ ദേഷ്യത്തോടെ നോക്കി ഒരു നിമിഷം അവിടെ നിന്നു.എന്നിട്ട് മാളുവിന്റെ കൈ പിടിച്ച് അവളെ കാറിൽ കയറ്റി.
സജിയെ നോക്കികൊണ്ട്   അവന്  കണ്ണുകളാൽ താക്കീത് നൽകി ദത്തൻ കാർ സ്റ്റാർട്ട് ചെയ്തു.
"ഏതാ ആ സാധനം ?" ദത്തൻ കാർ  ഓടിക്കുന്നതിനിടയിൽ ചോദിച്ചു.
"അത് സജി.ചിറ്റപ്പന്റെ ചേട്ടന്റെ മോനാ..”മാളു പറഞ്ഞു.
“കണ്ടിട്ടൊരു വശപ്പെശകുണ്ടല്ലൊ. ” ദത്തൻ പറഞ്ഞു .
“ആളൊരു പോക്കുകേസ്സാ..അച്ഛനും അമ്മയും മരിച്ചതാ..ചിറ്റപ്പന് ഇവനെ വലിയ കാര്യമാ.നല്ല ആളായിരുന്നു.ഡിഗ്രി ഒക്കെ നല്ല മാർക്കോടെ പാസ്സായതാണ് .  പക്ഷെ കൂട്ടുകെട്ട് മോശമായി . കള്ളും കഞ്ചാവും ഒക്കെ ആയി ജീവിതം നശിപ്പിച്ചു.അടിയും പിടിയുമൊക്കെ ആയി രണ്ടു മൂന്ന്  പോലീസ് കേസ് ഒക്കെ ഉണ്ട്. ചിറ്റപ്പന് നല്ല പിടിപാടുള്ളതുകൊണ്ട് ഓരോ പ്രാവശ്യവും രക്ഷപെടും.അപ്പച്ചിക്കും ചിറ്റപ്പനും  വയനാട്ടില് എസ്റ്റേറ്റും കമ്പനിയും ഒക്കെ ഉണ്ട്.ഇവിടെ നിന്നാൽ കൂട്ടുകൂടി പിന്നെയും വഷളാവുമെന്ന് പറഞ്ഞ് ചിറ്റപ്പൻ ഇവനെ വയനാട്ടിലേക്ക് കൊണ്ടുപോയി.കമ്പനി കാര്യങ്ങളൊക്കെ നോക്കി വയനാട്ടിൽ തന്നെയാ താമസം.”മാളു പറഞ്ഞു.
“ അവൻ നിന്നെ കാണാൻ വന്നതാണോ ?” ദത്തൻ  ചോദിച്ചു.
“കമ്പനിയിലെ ഓരോരോ ആവശ്യങ്ങൾക്കായി ചിറ്റപ്പൻ ഓരോ മാസ്സവും രണ്ടോ മൂന്നോ ദിവസ്സം വയനാട്ടിലേക്ക് പോകും.ചിറ്റപ്പൻ തിരിച്ചുവരുന്നത് വരെ  ഇവനോട് നാട്ടിൽ പോയി നിന്നോളാൻ പറയും.ഇവിടെ വന്നാൽ തറവാട്ടിൽ ഔട്ട് ഹൗസ്സിൽ താമസിക്കും കിച്ചുമാമയുടെ കൂടെ. " മാളു പറഞ്ഞു
"കിച്ചുമാമയോ?അതാരാ ?" ദത്തൻ ചോദിച്ചു.
"ചിറ്റപ്പന് സ്ഥിരമായി ഒരു ഡ്രൈവർ ഉണ്ട് .കൃഷ്ണൻ എന്നാ ശരിക്കുള്ള പേര് .ഞാൻ കിച്ചുമാമേ എന്നാ വിളിക്കുന്നത്. പ്രായമുള്ള ആളാ.സജി നാട്ടിൽ വന്നാൽ പിന്നെ ഞാൻ പോകുന്നിടത്തൊക്കെ പിന്നാലെ വരും.ഇന്ന് വന്നതുപോലെ വരും വീട്ടിൽ കൊണ്ടുവിടാം എന്നൊക്കെ പറഞ്ഞ്. ഞാൻ കൂടെ ചെല്ലില്ല എന്നറിയാം. എന്നിട്ടും  ഞാൻ പോകുന്നത് വരെ അവിടെ തന്നെ നിൽക്കും.ഉപദ്രവിക്കുകയൊന്നുമില്ല എന്നാലും എനിക്ക് പേടിയാ. "
 മാളുവിനെ തുടരാൻ സമ്മതിക്കാതെ ദത്തൻ ചോദിച്ചു"ഓ ഇതിപ്പോ ആദ്യമായിട്ടല്ല.ഇവന്റെ സ്ഥിരം ഏർപ്പാടാ അല്ലെ?"
മാളു തലകുനിച്ചിരുന്നു.
"ഇവൻ  വരുമെന്ന് നേരത്തെ അറിഞ്ഞുവെച്ചോണ്ടാണോ മൂപ്പീന്ന് സ്ഥലത്ത്  ഇല്ലാത്ത അന്നുതന്നെ സ്കൂളിൽ നിന്നിറങ്ങാൻ ഇത്രേം  ലേറ്റ് ആയെ?"ദത്തൻ അവളെ പരിഹസിച്ചു.
"ചിറ്റപ്പൻ ഇന്ന് തന്നെ അങ്ങോട്ട് പോവും എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.എന്തോ അത്യാവശ്യം വന്നിട്ട് ചിറ്റപ്പനും കിച്ചുമാമേം കൂടെ വയനാട്ടിലേക്ക് ഉടനെ പോയി എന്ന് അപ്പച്ചി കുറച്ച് മുൻപാ അമ്മയോട് വിളിച്ചുപറഞ്ഞത്. സാധാരണ ചിറ്റപ്പൻ പോയിക്കഴിഞ്ഞിട്ടാ ഇവൻ നാട്ടിൽ എത്തുന്നത്.ഇന്നെന്തുപറ്റിയെന്നറിയില്ല."മാളു പറഞ്ഞു.
"നിനക്ക് ചിറ്റപ്പനോട് നേരിട്ട് പറഞ്ഞുകൂടെ ഇവന്റെ കാര്യം?"ദത്തൻ അവളോട് ചോദിച്ചു.
"ചിറ്റപ്പൻ പൊതുവെ വലിയ ഗൗരവക്കാരനാ.ആരോടും അധികം സംസാരിക്കാറില്ല.പണ്ടുതൊട്ടേ അങ്ങനെയാ .പക്ഷെ ആള് പാവമാ കേട്ടൊ .സജി ശല്യം ചെയ്യുന്ന കാര്യം ഞാൻ അപ്പച്ചിയോട് പറഞ്ഞിട്ടുണ്ട്. അപ്പച്ചിക്കാണെങ്കിൽ സജിയെ കണ്ണെടുത്താൽ കണ്ടുകൂടാ.അപ്പച്ചി ചിറ്റപ്പനോട് പറയാറുമുണ്ട്  ഇവനെന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് .ചിറ്റപ്പൻ അവന് താക്കീത് നൽകിയതുമാ .ഞാനും പല തവണ പറഞ്ഞതാ അവനോട് എന്നെ ശല്യപ്പെടുത്തരുതെന്ന് .ആര് കേൾക്കാൻ? എന്നെ ശല്യം ചെയ്താലും ചോദിക്കാൻ ആരുമുണ്ടാവില്ല എന്നവന് അറിയാം.പിന്നെ പേടിച്ചിരിക്കാൻ പറ്റുമോ..എനിക്കും ജോലി ചെയ്യണ്ടേ?അല്ലെങ്കിലേ മനസ്സമാധാനമില്ല.അതിന്റെ കൂടെ ഇങ്ങനെ ഓരോന്നും വരും ഉള്ള സമാധാനം കൂടി കളയാൻ."മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.ദത്തന് അവളെ കളിയാക്കേണ്ടിയിരുന്നില്ല  എന്ന് തോന്നി.
"എന്താ നിനക്കിത്ര മനസ്സമാധാനക്കേട്‌ ?"ദത്തൻ ചോദിച്ചു.
മാളു കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
"എന്റെ കല്യാണം ഉറപ്പിച്ചതാ! "മാളു കരച്ചിലിനിടയിൽ ശബ്ദം താഴ്ത്തി പറഞ്ഞു.
ദത്തൻ പെട്ടെന്ന് കാർ ബ്രേക്ക് ചവിട്ടി നിർത്തി ! നെഞ്ചിൽ ഒരായിരം സൂചിമുന കൊണ്ട വേദന!!

To be continued........

രചന:അഞ്ജന ബിജോയ്


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot