Slider

മാളവിക - Part 7

0

ദേവിയും ലേഖയും തൊഴുത് വന്നപ്പോൾ മാളു വീണ കാര്യവും അവൾക്ക് തലകറങ്ങിയതും ദത്തൻ അവൾക്ക് സോഡാ മേടിച്ചുകൊടുത്തതും എല്ലാം ആമി അവരെ വിസ്തരിച്ച് പറഞ്ഞുകേൾപ്പിച്ചു.അവർ പേടിച്ചുപോയി.
"ഹോസ്പിറ്റലിൽ പോണോ മോളെ?നടക്കാൻ പ്രയാസം തോന്നുന്നുണ്ടോ?" ലേഖയും ദേവിയും പരിഭ്രമത്തോടെ ചോദിച്ചു.
"ഇല്ലമ്മേ ഇപ്പൊ കുഴപ്പമില്ല. മുറിവിന്റെ  വേദനയുണ്ട്.അത് കരിയുമ്പോ പൊയ്ക്കോളും."മാളു അവരെ ആശ്വസിപ്പിച്ചു.
അവർ വീട്ടിലേക്ക് തിരിച്ചു.
മാളുവിനെയും ലേഖയേയും അവരുടെ വീട്ടിലിറക്കിയിട്ട്  ദത്തനും ദേവിയും ആമിയും അവരുടെ വീട്ടിലേക്ക് പോയി.
"അന്ന് പറമ്പിൽ ഈ അച്ഛമ്മ ഒന്ന് വീണപ്പോ എനിക്ക് കുടിക്കാൻ തന്നത് വെറും പച്ചവെള്ളം ! വേറെ ചിലരൊക്കെ വീണാൽ സോഡാ കുന്തം കൊടച്ചക്രം എന്തൊക്കെയാ മേടിച്ചുകൊടുക്കുന്നത്?" വീട്ടിലോട്ട് കയറിയപ്പൊ  ദത്തനെ ദേഷ്യം പിടിപ്പിക്കാൻ  ദേവി ആമിയോട് കളിയായി പറഞ്ഞു.
"അതെ അമ്മ അന്ന് വീണത് ഇതുപോലെ അമ്പലപ്പറമ്പിൽ  ഒന്നുമല്ലലോ ?വീടിന്റെ പിൻവശത്ത് കാടുപിടിച്ചു എന്ന് പറഞ്ഞ്  എന്റെ വാക്കുകേൾക്കാതെ അത് വൃത്തിയാക്കാൻ  ഇറങ്ങിയപ്പൊ  അല്ലെ ? പിന്നെ ആൾക്കാര് വീഴുമ്പോ ഓടിച്ചെന്നെടുത്ത് തരാൻ ഞാൻ സോഡാകുപ്പി  ഒന്നും വീട്ടിൽ സ്റ്റോക്ക് ചെയ്ത് വെച്ചിട്ടില്ല .അതാ വെള്ളം തന്നത്.ഇത് പിന്നെ അമ്പലത്തിന്റെ അടുത്ത് കട ഉള്ളത്കൊണ്ട് ഒരു സോഡാ മേടിച്ചുകൊടുത്തു അത്രയേ ഉള്ളു." ദത്തൻ പറഞ്ഞു.
"അയ്യോ ഞാൻ നിന്നോട് എന്തെങ്കിലും പറയാൻ വന്നോ?ഞാൻ ഒരു ആത്മഗതം പറഞ്ഞതല്ലേ  " ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു.
ദത്തൻ അവരെ ഒന്നിരുത്തി നോക്കിയിട്ട് മുകളിലേക്ക് പോയി.
വീട്ടിലെത്തിയതും മാളു മുറിയിൽ പോയി കിടന്നു.
"നീ കുറച്ച് റസ്റ്റ് എടുത്തൊ .വയ്യായ്ക തോന്നുന്നുണ്ടെങ്കിൽ പറയണം." മാളുവിനോട് കിടന്നുകൊള്ളാൻ പറഞ്ഞിട്ട് ലേഖ അടുക്കളയിലേക്ക് പോയി.
തലകറങ്ങി വീഴാൻ പോയപ്പോൾ ദത്തൻ  തന്നെ താങ്ങിപ്പിടിച്ചതും  പിന്നീട്ട്  ചേർത്തുപിടിച്ച് വെച്ചതും  അവൾ ഓർത്തു.
അവൾക്ക് അയാളോട് എന്തോ ഒരിഷ്ടം തോന്നി.
പക്ഷെ താൻ വീണപ്പോൾ ദത്തൻ തന്നെ വിളിച്ച പേര് അവൾ ഓർത്തു.ലച്ചു!
മനസ്സിൽ എപ്പോഴും  ആ പേരുള്ളതുകൊണ്ടാണല്ലോ  പെട്ടെന്ന് അങ്ങനെ വിളിച്ചത് .അയാൾ സ്വന്തം ഭാര്യയെ അത്രമേൽ സ്നേഹിക്കുന്ന ഒരു മനുഷ്യനാണ് . അതുകൊണ്ടല്ലേ അവരുടെ വസ്ത്രങ്ങൾ ഇന്നും  നിധിപോലെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.ഒരു പക്ഷെ ഭാര്യയുടെ  പെട്ടെന്നുള്ള മരണമാകാം അയാളെ ഒരു പരുക്കൻ ആക്കിമാറ്റിയത് എന്നവൾക്ക് തോന്നി..പുറമെ പരുക്കൻ ആണെങ്കിലും അയാളുടെ ഉള്ളിൽ എന്തുമാത്രം സ്നേഹമുണ്ടെന്ന് അവൾക്കിന്ന് മനസ്സിലായി .അവൾക്കയാളോടുള്ള ഇഷ്ടം കൂടി.
പിന്നീട് ചെടികൾക്ക് വെള്ളം ഒഴിക്കാൻ ഇറങ്ങുമ്പോഴെല്ലാം മാളു  അപ്പുറത്തേക്ക് നോക്കും.ആമിയും ദേവിയും സ്ഥിരം അവിടെ നിൽപ്പുണ്ടാവും.ദത്തനെ മാത്രം കാണാൻ കിട്ടില്ല.
അപ്പുറത്ത്  അടുക്കളയുടെ മുകളിലായി ദത്തന്റെ മുറിയുടെ ജനൽ കാണാം.ചെടികൾ നനച്ചിട്ട് വീടിന്റെ പിറകിലുള്ള ടാപ്പ്  അടയ്ക്കാൻ പോകുമ്പോൾ മാളു ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് നോക്കും.ഒരു ദിവസ്സം ടാപ്പ് അടക്കുന്നതിനിടയിൽ മാളു ദത്തന്റെ മുറിയിലേക്ക് നോക്കുകയായിരുന്നു.
"നീ അവിടെ എന്തെങ്കിലും നിധി വെച്ചിട്ടുണ്ടോ ഏത് നേരം നോക്കിയാലും എന്റെ മുറിയിലോട്ട് നോക്കിനിൽക്കുന്നത് കാണാമല്ലോ..!?" ശബ്ദം കേട്ട് മാളു ഞെട്ടിപ്പോയി!
മതിലിനപ്പുറത്ത് അടുക്കളയുടെ പിറകുവശത്തായി  ദത്തൻ അവളെ നോക്കി നിൽക്കുന്നു .
മാളു എന്ത് പറയണം എന്നറിയാതെ ചമ്മി അടിച്ച് നിന്നു.
"എന്താ ഇതിനും മാത്രം അങ്ങോട്ട് നോക്കാനിരിക്കുന്നത്?" അവളുടെ അടുത്തേക്ക് വന്ന് മതിലിനപ്പുറം  നിന്ന് ദത്തൻ ചോദിച്ചു.
"ആമി അവിടെ ഉണ്ടോ എന്ന് നോക്കിയതാ.." മാളു അവന്റെ കണ്ണുകളിൽ നോക്കാതെ ഒരുവിധം പറഞ്ഞൊപ്പിച്ചു.
"ഓഹ് പിന്നേ ! എല്ലാ ദിവസ്സവും വെള്ളമൊഴിക്കാനിറങ്ങുമ്പൊ നീ അവിടെ ഉമ്മറത്ത് ആമിയെയും അമ്മയെയും ഒക്കെ കണ്ട് സംസാരിച്ചിട്ട് തന്നെ ആണല്ലൊ  ഇവിടെ വന്ന് ടാപ്പ് അടയ്ക്കുന്നത്? ഈ  മുകളിലത്തെ മുറിയ്ക്ക് മാത്രമെന്താ ഇത്ര പ്രത്യേകത?"
ദത്തൻ മാളുവിനെ കളിയാക്കി.
മാളുവിന്‌ ഉത്തരമില്ലായിരുന്നു.അവൾ വേഗം ടാപ്പ് അടച്ച് ഒന്നും മിണ്ടാതെ അവിടെ നിന്നോടി.
ദത്തൻ അതുകണ്ട് ചിരിച്ചു.
മാളു ചെടികൾ നനയ്ക്കാൻ ഇറങ്ങുമ്പോൾ അവൾക്ക് കാണാൻ പാകത്തിൽ ഇടയ്ക്കൊക്കെ  ദത്തൻ അവന്റെ മുറിയുടെ ജനാലയ്ക്കൽ വന്നുനിൽക്കും. അവരുടെ കണ്ണുകൾ പരസ്പ്പരം എന്തൊക്കെയോ സംസാരിച്ചിരുന്നു!
ആമിയുടെ പൊട്ടിപ്പോയ കൊലുസ്സ് മാറിവാങ്ങാൻ  ഒരു ദിവസ്സം ദേവി ലേഖയേയും  മാളുവിനേയും  കൂട്ടി ഒരു ജ്വല്ലറിയിലേക്ക്  ചെന്നു.ദത്തൻ കാറിൽ ഇരുന്നതേ ഉള്ളു .അമ്മയുടെ  കൂടെ തുണിക്കടയിലേക്കോ സ്വർണ്ണക്കടയിലേക്കോ ചെന്നാലുള്ള കഷ്ടപ്പാട് അവനറിയാമായിരുന്നു.

കുറച്ച്  കഴിഞ്ഞ് ദത്തൻ ചെന്നപ്പോൾ ആമി ദേവിയുടെ മടിയിലിരുന്ന് മാളു ചൂണ്ടിക്കാണിക്കുന്ന കൊലുസ്സുകൾ ഓരോന്നും ഇട്ടു നോക്കുന്നു.ലേഖയും അടുത്ത് തന്നെ ഇരിപ്പുണ്ട്.
ഒരെണ്ണം സെലക്ട് ചെയ്ത്  അത് ബില്ലടിക്കാൻ കൊടുത്തു.
"മാളൂനെന്തെങ്കിലും  നോക്കാം ലേഖേ?മാലയോ വളയോ മറ്റോ?ഞാൻ അവൾക്കൊന്നും കൊടുത്തിട്ടില്ലല്ലോ " ദേവി ലേഖയോട് ചോദിച്ചു.
"ഒന്നും വേണ്ട ദേവിയേച്ചി.അവൾക്ക് ആവശ്യത്തിനുള്ളത് ഉണ്ട്.തൽക്കാലം അത് മതി." ലേഖ പറഞ്ഞു.
ദേവി എത്ര നിർബന്ധിച്ചിട്ടും മാളുവിന് സ്വർണ്ണം വാങ്ങാൻ ലേഖ സമ്മതിച്ചില്ല. 
ദത്തൻ ബില്ലടയ്‌ക്കാൻ   പോയ നേരം മാളു ആമിയെയും എടുത്തോണ്ട് അവിടെ കണ്ട ഒരു മാലയുടെ ഭംഗി നോക്കുകയായിരുന്നു.വെള്ളയും ചുവപ്പും മുത്തുകൾ കോർത്ത ഭംഗിയുള്ള ഒരു ചെയിൻ.മാളു അതിന്റെ വില ചോദിച്ചു.വില കേട്ടതും അവളത് തിരികെ വെച്ചിട്ട് പോന്നു .
"നിങ്ങൾ കാറിൽ ഇരുന്നോളു .ഞാൻ ബില്ലടച്ചിട്ട് വന്നേക്കാം ." കാറിന്റെ കീ ദേവിയെ ഏല്പിച്ചുകൊണ്ട് ദത്തൻ പറഞ്ഞു.
സ്ത്രീകൾ എല്ലാവരും കാറിൽ പോയിരുന്നു.

സ്കൂളിലെ തിരക്കിനിടയിലും  തിരികെ വീട്ടിലെത്തിയാലും മാളു ദത്തനെ കുറിച്ചോർക്കും.പക്ഷെ താൻ കല്യാണം ഉറപ്പിച്ച പെണ്ണാണ്. അയാൾ മരിച്ചുപോയ ഭാര്യയുടെ ഓർമ്മകളിൽ നൊന്തുജീവിക്കുന്ന ഒരു മനുഷ്യനും.ഒരു പാവാട ഉടുക്കാൻ തന്നതിന്റെ പേരിലോ വീണപ്പോ ആശ്വസിപ്പിച്ചതിന്റെ പേരിലോ  താൻ വെറുതെ ഓരോന്ന്  ആലോചിച്ച് കൂട്ടണ്ട.അവൾ അവളുടെ ചിന്തകളെ കടിഞ്ഞാണിട്ടുനിർത്തി.

സ്കൂളിൽ വാർഷികപ്പരീക്ഷ  തുടങ്ങിയതിൽ പിന്നെ മാളുവും തിരക്കിലായി.നോട്സ്  തയ്യാറാക്കാനും  സ്പെഷ്യൽ ക്ലാസ്സിനും ഒക്കെ ആയി സ്കൂൾ സമയം  കഴിഞ്ഞിട്ടും അവൾ പല ദിവസ്സങ്ങളിലും താമസിച്ച് വരിക പതിവായി.
"അപ്പച്ചിടെ സുന്ദരിപ്പാറു  ക്ഷീണിച്ചുപോയല്ലോടി !" സാവിത്രി വരുമ്പോഴൊക്കെ പറയും.
"അവളുടെ വെപ്പ്രാളം  കണ്ടാൽ തോന്നും അവൾക്കാ പരീക്ഷയെന്ന് !" ലേഖ മാളുവിനെ കളിയാക്കും.
"പിള്ളേര് ജയിച്ചാൽ പഠിപ്പിക്കുന്ന ടീച്ചർമാർക്കല്ലേ  ലേഖേ സന്തോഷം.പിന്നെ നീയും അത്ര മോശമൊന്നുമായിരുന്നില്ല .മാളുവിന്റെ ഓരോ പരീക്ഷയ്ക്കും നീ രാപ്പകൽ ഇല്ലാതെ അമ്പലത്തിൽ ആയിരുന്നല്ലോ ഭഗവാനെ മണിയടിക്കാൻ . അത് മറക്കണ്ട" സാവിത്രി പറഞ്ഞത് കേട്ട് മാളു ചിരിച്ചു..
പിറ്റേന്ന് സ്പെഷ്യൽ ക്ലാസും കഴിഞ്ഞ് കുട്ടികളുടെ സംശയങ്ങളും ക്ലിയർ ചെയ്ത്  മാളു  സ്കൂളിൽ നിന്ന് ഇറങ്ങിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.
ആളൊഴിഞ്ഞ ബസ് സ്റ്റോപ്പിൽ അവൾ ചെന്ന് നിന്നു .
"ഒരു ഓട്ടോ പോലും കാണുന്നില്ലല്ലോ! ഇത്രയും താമസിച്ച് ഇറങ്ങിയതിന്  അമ്മയുടെ കയ്യിൽ നിന്ന് വഴക്ക് കിട്ടും ഉറപ്പ് .."
മാളു മനസ്സിൽ വിചാരിച്ചു.
അവിടെ ഒരു ആൽമരത്തിന്  തൊട്ടു താഴെ രണ്ടുമൂന്ന് ചെറുപ്പക്കാർ അവളെയും നോക്കി ബൈക്കിൽ ചാരി നിൽപ്പുണ്ടായിരുന്നു .പരിചയമുള്ള ആരെയും കാണുന്നുമില്ല.മാളുവിന്‌ ചെറിയ ഭയം തോന്നി.
കടകളൊന്നും  അധികം ഇല്ലാത്ത സ്ഥലമാണ്.അഞ്ചു  മിനിറ്റ് കഴിഞ്ഞപ്പോൾ  അവിടെ കൂടിനിന്നവരിൽ ഒരു ചെറുപ്പക്കാരൻ മാളുവിന്റെ അടുത്തേക്ക് നടന്നുവന്നു.അവളത്  കണ്ടിട്ടും കാണാത്തത് പോലെ നിന്നു .അവളുടെ നെഞ്ച് ഭയം കൊണ്ട് പെരുമ്പറ കൊട്ടി! അവൻ പിടിക്കാൻ വന്നാൽ എങ്ങോട്ടോടണം എന്നവൾ കണ്ണുകൊണ്ട് ചുറ്റും പരതി  തയ്യാറായി  നിന്നു !

To be continued........

രചന:അഞ്ജന ബിജോയ്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo