നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹാപ്പി ന്യൂ ഇയർ

Image may contain: 1 person
യന്ത്രങ്ങളുടെ പ്രവർത്തന രീതിയെക്കുറിച്ച് പഠിപ്പിക്കുന്ന പോളിടെക്നിക്കിലെ പഠനവും പൂർത്തിയാക്കി പെട്ടെന്നൊന്നും ഒരു ഉദ്യോഗം തരപ്പെടാതെ...വീട്ട്കാർക്ക് ദീർഘനിശ്വാസത്തിനുള്ള ഹേതുവും, “ഇത് വരെ നിനക്ക് ജോലിയൊന്നും കിട്ടിയില്ലെ ഡെ?." എന്ന നാട്ടുകാരുടെ ജിഹ്വാ താഡനത്തിന് പാത്രവുമായി ... വ്രണിത ഹൃദയനും, നിരാശാ ലോലുപനുമായി ഞാൻ കഴിഞ്ഞിരുന്ന കാലത്തെ ഒരു പുതുവർഷ പുലരിയിൽ അരങ്ങേറിയതാണ് ‘ ഹാപ്പി ന്യൂ ഇയർ ' എന്ന ഈ കഥ!.
അക്കാലത്ത് എനിക്കുണ്ടായിരുന്ന ആകെയൊരാശ്വാസം സമാന ദു:ഖം പേറുന്ന ആത്മ സതീർത്ഥ്യന്മാർ നാട്ടിൽ മൂന്നാലെണ്ണം വേറെയും ഉണ്ടെന്നുള്ളതായിരുന്നു…! . പുരക്കലെ സുമേഷും, കിഴക്കേലെ സതീശനും, തല്ല്കൊള്ളി ഷിന്റൊയും, വായിനോക്കി ബിജുവുമൊക്കെ എന്റെ അതേ അവസ്ഥയിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്ന കാലം...
അങ്ങനെ ഇരിക്കെ തണുപ്പു വീണ് തുടങ്ങിയ ഒരു ഡിസംബർ മാസം... പകല് മൊത്തം തേരാപ്പാരാ അലഞ്ഞ് മടുത്ത ഞങ്ങൾ, വൈകുന്നേരം ദേശപോഷിണി വായനശാലയുടെ മുൻഭാഗത്തെ മതിലിൽ കയറി കാലാട്ടി ഇരിക്കുകയായിരുന്നു.... ആ ഇരിപ്പിൽ കുറേ നേരം എന്തോ ചിന്തിച്ച് കൂട്ടിയ സതീശൻ ഞങ്ങളെ നോക്കിയിട്ട്,..അമലാ പോളിന് കൂട്ടുകാരി റിയ, ചന്ദ്രിക റെക്കമെൻഡ് ചെയ്തതു പോലെ... ഞങ്ങളുടെ ജീവിതത്തിലെ കറുത്ത പാടുകൾ മാറ്റാനായ് ഒരു ഐഡിയ അങ്ങ് റെക്കമൻഡ് ചെയ്തു …
എൽ.കെ.ജി പിള്ളേര് തേക്കുന്ന ടൂത്ത് ബ്രഷിന്റെ നാര് പോലെ അവിടിവിടെയായി കാണുന്ന അവന്റെ താടി തടവിക്കൊണ്ട് അവൻ അന്ന് ഞങ്ങളോട് പറഞ്ഞു:
"എടാ ഇങ്ങനെ തെണ്ടിത്തിരിഞ്ഞ് നടന്നാലെ നമുക്കൊരു വെലേം ഉണ്ടാകൂല്ല…! വീട്ടുകാർക്കോ നമ്മളെ കൊണ്ടൊരു ഗുണം ഇല്ല ... നാട്ടുകാർക്കെങ്കിലും അതുണ്ടാവണം... നാല് പേരേ കൊണ്ട് നല്ലത് പറയിക്കണം ... അതിന് വേണ്ടി നാടിന് ഉപകാരമുള്ള എന്തേലും സംഗതി നമുക്ക് ചെയ്യണം."
സംഭവം കേട്ടപ്പം കൊള്ളാമെന്ന് ഞങ്ങൾക്കും തോന്നി ... അല്ലേലും കോളേജിപ്പോണ പെമ്പിള്ളേരുള്ള തന്തമാരൊക്കെ ഞങ്ങളെ കാണുമ്പം നോക്കണ നോട്ടത്തിന്റെ കടുപ്പം കണ്ടാൽ... രണ്ട് മൂന്ന് ദിവസമായി അവരുടെയൊക്കെ ശോധന നിലച്ചിട്ടെന്ന് തോന്നും…!.” ശരിയാ അതിനൊരു മാറ്റം വരുത്തണം.” ഞങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു.
അങ്ങനെ നല്ല ദിവസം നോക്കി, പിറ്റത്തെ ആണ്ട് പിറവിയുടെ അന്ന് ഒരു ജനോപകാര പദ്ധതിക്ക് നാന്ദി കുറിക്കാൻ ഞങ്ങൾ തീരുമാനമെടുത്തു...റോഡ് വെട്ട്, പഞ്ചായത്ത് കിണറ് വൃത്തിയാക്കൽ, വെയിറ്റിംഗ് ഷെഡ് പൊളിച്ച് മേയൽ തുടങ്ങി പല പ്രവൃത്തികളും സതീശൻ മുന്നോട്ട് വെച്ചെങ്കിലും... വിയർപ്പിന്റെ അസുഖമുള്ളത് കാരണം ഞങ്ങൾ അതൊക്കെ ഏക കണ്ഠേന നിരസിച്ചു !.
അങ്ങനെ അവസാനം അത് കറങ്ങിത്തിരിഞ്ഞെത്തിയത് വായിനോക്കി ബിജുവിന്റെ ഒരു നിർദ്ദേശത്തിലായിരുന്നു ... അവൻ പതിവായി വായിനോക്കുന്ന... കളപ്പുരക്കൽ ചിന്നു മോൾടെ വീടിനടുത്ത് പായല് വളർന്ന് കിടക്കണ ഒരു കുളം ഉണ്ട് പോലും... അത് വൃത്തിയാക്കി നാടിന്റെ ജലസ്രോതസ് സംരക്ഷിക്കുകയും, അങ്ങനെ നാട്ടാരുടെ കണ്ണിലുണ്ണി ആവുകയും ചെയ്യുക എന്നതായിരുന്നു ആ ഐഡിയ. അതാകുമ്പം അധികം വിയർക്കണ്ട കാര്യവുമില്ല ... ഇതിനൊക്കെ പുറമെ ചിന്നു മോൾടെ അപ്പൻ കർഷക ശ്രീ കുര്യച്ചന്റെ മൂത്ത രണ്ട് ജൈവ വിളകളായ പ്ലസ് ടു ക്കാരി ചിഞ്ചു മോളെയും, പത്താം ക്ലാസ്സുകാരി ടിറ്റു മോളെയും തരം കിട്ടിയാൽ ദർശിക്കുകയും ചെയ്യാം... ഇത്തരത്തിൽ ഉപകാരപ്രദമായ ഒരു കാര്യം ചെയ്താൽ... ഭാവിയിൽ(ഉണ്ടെങ്കിൽ) വന്നുചേരാൻ പോകുന്ന ഫാദർ ഇൻ ലോയെയും സോപ്പിടാം …! അങ്ങനെ ആ ഉത്തേജന പരമായ തീരുമാനം ഉൾപ്പുളകത്തോടെ കൈ അടിച്ച് പാസാക്കിയ ഞങ്ങൾ ഹാപ്പി ന്യൂ ഇയറും പറഞ്ഞ് അന്ന് പിരിഞ്ഞു.
അങ്ങനെ ആ ജനുവരി ഒന്നിന്... ജലക്രീഡക്കാവശ്യമായ കളസ കൗപീനാദി വേഷങ്ങളൊക്കെ എടുത്ത് കുളം വൃത്തിയാക്കുന്നതിന് വേണ്ടി പുലർകാലെ തന്നെ ഞങ്ങൾ ഒരുങ്ങിയിറങ്ങി..! വെട്ടം വീണപ്പോൾ കുളത്തിനരികിലെത്തിയ ഞങ്ങൾ അഞ്ച് കർമ്മധീരരും കൂടി പതിയെ ആ കർമ്മത്തിലേക്ക് കടന്നു... നിമിഷ നേരം കൊണ്ട് അല്പ വസ്ത്ര ധാരികളായ് മാറിയ ഞങ്ങളിൽ ബിജു ഒഴികെയുള്ള നാലുപേർ കുളത്തിലേക്കിറങ്ങി അതിലെ പായല് വാരി നീക്കാൻ തുടങ്ങി...
കുളത്തിലെ വെള്ളം മൂലമുണ്ടായ ദേഹത്തെ ചൊറിച്ചിലൊക്കെ സഹിച്ച് പായല് മുഴുവൻ വാരി വെളിയിൽ കളഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഞങ്ങൾക്ക് തോന്നി… “എന്താ സതീശാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാത്തത്…? “ എന്ന എന്റെ ചോദ്യത്തിന് “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന മറുപടി അവനും പറഞ്ഞു !. “
പായലൊക്കെ നീങ്ങി ഏകദേശം കുളം വൃത്തിയായി കഴിഞ്ഞപ്പോൾ.. അതുവരെ ഇതിലൊന്നും സഹായിക്കാതെ, കരയിൽ നിന്ന് തന്റെ ഇരയുടെ തലവെട്ടമെങ്ങാൻ അവളുടെ വീട്ടുമുറ്റത്ത് കാണുന്നുണ്ടോ എന്ന് നോക്കി, നിരാശനായ ബിജു... വെള്ളത്തിൽ നിന്നും കരക്ക് കയറി ചൊറിച്ചില് കാരണം പരസ്പരം പുറം മാന്തി സഹായിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ഇടയിലൂടെ… മേലേ പറമ്പിൽ ആൺവീട് സിനിമായിലെ ജഗതിച്ചേട്ടനെ അനുകരിച്ച് " യശോദേ... “ എന്ന നീട്ടിയുള്ള വിളിയുമായ് കുളത്തിലേക്ക് കുതിച്ച് ചാടി.
ആ ചാട്ടത്തിൽ വെള്ളത്തിനടിയിലേക്ക് മുങ്ങാം കുഴിയിട്ട് നീന്തിയ അവൻ അതിൽ നിന്നും പൊങ്ങി വന്നത് വലിയൊരു നിലവിളിയോടെ ആയിരുന്നു…! ഒറ്റക്കുതിപ്പിന് കരക്ക് കയറിയിട്ട് കിതച്ച് കൊണ്ട് അവൻ പറഞ്ഞു " പാമ്പെടാ, അടീല് ഒരു മുട്ടൻ പെരുമ്പാമ്പ്.. ദേ ഈ തെങ്ങിന്റെ അത്ര വലുപ്പമുണ്ട് അതിന് ! “ തൊട്ടടുത്ത് നിന്ന കമുക് ചൂണ്ടിക്കാട്ടി അവൻ ഞങ്ങളോട് പറഞ്ഞു…പിന്നെ വെപ്രാളപ്പെട്ട് ഓടി കുര്യച്ചന്റെ അതിര് വേലിയേന്ന് നീളമുള്ള ഒരു വേലി പത്തലും ഊരിയെടുത്തു...
അവന്റെ ഈ ഒച്ചപ്പാടും ബഹളവും ഒക്കെ കണ്ട് ഭയന്നു പോയ ഞങ്ങളോട് ... സ്വരം താഴ്ത്തി സ്വകാര്യമെന്ന വണ്ണം അവൻ പറഞ്ഞു " ശ്ശ് ... നിങ്ങള് ശ്രദ്ധിച്ച് നിന്നോണം... ഞാൻ ഈ കമ്പുകൊണ്ട് അതിനെ കുത്താൻ പോകുവാ ...കുത്തുകൊള്ളുമ്പം അത് പൊങ്ങും ... പൊങ്ങിയാൽ അപ്പത്തന്നെ അങ്ങ് തട്ടിയേക്കണം.” ഇതും പറഞ്ഞ് അവൻ കരയിൽ നിന്ന് കൊണ്ട് പാമ്പിനെ കണ്ട ഭാഗത്ത് ആ വടികൊണ്ട് മൂന്നാല് വട്ടം ആഞ്ഞ് കുത്തി.
ഈ കുത്ത് കൊണ്ടതും ബ്ലും.., ഗ്ലും... തുടങ്ങിയ ചില ശബ്ദങ്ങൾ കുളത്തിന്റെ അടിയിൽ നിന്നും കേട്ടു. പിന്നെ വെള്ളമാകെ ഒന്നിളകി മറിഞ്ഞു…! പൊങ്ങി വരുന്ന പാമ്പിനെ കൊല്ലാനായി കൈയ്യിൽ കിട്ടിയ കല്ലും, വടിയുമൊക്കെയായ് കാത്തു നിന്ന ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് കുളത്തിൽ പതിയെ ഓളങ്ങൾ ഇളകാൻ തുടങ്ങി ... എവിടെയോ എന്തോ ഒരു പന്തികേട്... പെട്ടെന്ന് തന്നെ ഒരു അലർച്ച അവിടെ മുഴങ്ങിക്കേട്ടു ....!!
"കള്ള @$@* @@#**£ മക്കളെ (നിഘണ്ടുവിൽ ഇല്ലാത്ത പദങ്ങൾ ).... രൂപാ ഇരുപത്തയ്യായിരം മുടക്കി മൂന്ന് മാസം മുൻപ് നേരെ ആക്കിയ കുളമാ... അതാ ഇവനൊക്കെക്കൂടെ നശിപ്പിച്ചെ...ഇവന്മാരെ ഇന്ന് ഞാൻ "
ശബ്ദം കേട്ട് ഞങ്ങൾ നോക്കുമ്പോൾ അതാ കർഷകശ്രീ കൈയ്യിൽ ഒരു മുട്ടൻ വടിയുമായി വേലിക്ക് മേലെ ഹൈജമ്പ് നടത്തി ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നു ... ! കുര്യച്ചന് പിന്നാലെ പ്രൊഡക്ഷൻ നമ്പർ വൺ, ടു, ത്രീ... ജൈവ വിളകളും, അതിന് പിറകിലായി ‘ഫാക്ടം ഫോസിന്റെ ‘ വളച്ചാക്ക് പോലിരിക്കുന്ന കർഷക ശ്രീമതിയും ഏറ്റവും പിറകിലായി കുരച്ച് കൊണ്ട് ഒരു ചാവാലിപ്പട്ടിയും ചാടി വരുന്നുണ്ട്... !
കാര്യം പിടികിട്ടിയില്ലെങ്കിലും സംഗതി ഗുരുതരമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി... പിന്നെ ഒരു നിമിഷം പോലും വൈകിയില്ല ഞങ്ങൾ ഒരേ സ്വരത്തിൽ ഒരുമിച്ച് അലറി " സതീശാ വിട്ടോടാ അയാക്ക് മുട്ടൻ പ്രാന്താടാ" ... ഉടുതുണി വാരിയെടുത്ത അർദ്ധ നഗ്നരായ അഞ്ചു പേർ കണ്ടം വഴി കുതിച്ച് പായുന്ന രംഗമാണ് പിന്നെ അവിടെ കാണാൻ ഇടയായത്... ! ആ ഓട്ടം ആരും കാണാതെ വലിയ കലുങ്കിന്റെ അടിയിൽ കയറി ഒളിക്കുന്നത് വരെ ഞങ്ങള് തുടർന്നു... കിതച്ച് തളർന്ന് കലുങ്കിനടിയിലെ ഭിത്തിയിൽ ചാരി ഇരുന്ന ഞങ്ങളപ്പോൾ മുകളിലെ റോഡിൽ കൂടി ആരൊക്കെയോ സംസാരിച്ചുകൊണ്ട് പോകുന്നത് കേട്ടു ...
വേലേം കുലീം ഇല്ലാത്ത കുറെ അലവലാതികൾ എന്ന വിശേഷണത്തോടെ അവർ പറഞ്ഞ കാര്യം കേട്ടപ്പോളാണ് ... സംഗതീടെ കിടപ്പ് ഞങ്ങൾക്ക് ഏകദേശം മനസ്സിലായത്... കർഷകശ്രീ കുര്യച്ചൻ കാലികൾക്കുള്ള തീറ്റയായ അസോള വളർത്താൻ അടുത്തിടെ പണം മുടക്കി വൃത്തിയാക്കിയ കുളമായിരുന്നു അത്…! ഞങ്ങൾ പായലാണെന്ന് കരുതി വാരിക്കളഞ്ഞത് മുഴുവൻ കുര്യച്ചൻ വളർത്തിയ ആ അസോളച്ചെടികൾ ആയിരുന്നു... ! ബിജു വെള്ളത്തിനടിയിൽ കണ്ടുവെന്ന് പറഞ്ഞ പാമ്പായിരുന്നു അതിലും വലിയ ദുരന്തം... ! അവൻ കണ്ടത് കുളത്തിലെ വെള്ളം ഒഴിവാക്കാനായി അതിൽ സ്ഥാപിച്ചിരുന്ന വലിയ ഹോസായിരുന്നു …! അതിന്റെ സേഫ്റ്റി വാൽവാണ് അവൻ വടി കൊണ്ട് കുത്തിപ്പൊട്ടിച്ചത്…! ഇതൊക്കെ പോരാഞ്ഞ് കുര്യച്ചൻ പുതുതായി നട്ട ഒരു കണ്ടം ചീരയും... വാൽവ് പൊട്ടി ഒഴുകിയ ആ വെള്ള പാച്ചിലിൽ മൂടോടെ ഇളകി തോട്ടിലൂടെ ഒലിച്ച് പോയിരുന്നു !!.
ഈ സാമദ്രോഹമെല്ലാം ഒപ്പിച്ചിട്ട് ...ഒന്നുമറിയാത്ത പഞ്ചപാവത്തിനെ പോലെ കലുങ്കിനടിയിൽ ഒരു മൂലക്കിരിക്കുന്ന ബിജുവിനെ നോക്കി സതീശൻ അന്നൊരു ഡയലോഗ് പറഞ്ഞു ... മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചേട്ടനെ പോലെ കിതച്ചു കൊണ്ട് അവൻ പറഞ്ഞ ആ ഡയലോഗും ഏതാണ്ട് അതു പോലെ ഒക്കെ തന്നെ ഉള്ളതായിരുന്നു... !
" കള്ള പന്നി…. ഐഡിയാ എന്റെ ആയിപ്പോയി. അല്ലാർന്നെ ഇന്ന് തന്നെ... നിന്നേം കൊന്ന് ഞാൻ ജയിലിൽ പോയേനെ.”
ശുഭം
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot