Slider

അമ്മുവിന്റെ സ്വപ്നം (കഥ )

0

അമ്മു പുസ്തകങ്ങൾ മുന്നിൽ വെച്ച് ഉറക്കം തൂങ്ങി . അപ്പോൾ,ആകാശത്തു നിന്ന് താണു വന്ന ഒരു കുഞ്ഞു ചിത്രശലഭം അവളുടെ തുടുത്ത കവിളിൽ മൃദുവായി തൊട്ടു..!.പാതികൂമ്പിയഅവളുടെനക്ഷത്രക്കണ്ണുകൾക്കു മീതെ ചിറകുവിടർത്തി ഇരുന്നു .....!
അമ്മുവിന്റെ മുന്നിലെ പുസ്തകങ്ങൾ എല്ലാം
പൊടുന്നനെ ഒരു പാട് ചിത്രശലഭങ്ങളായി,അവൾക്കു ചുറ്റിലും വർണ്ണങ്ങൾ വാരി വിതറി പറന്നു നടന്നു.......
കംപ്യൂട്ടർ സ്ക്രീനിൽ നിന്ന് ഒരു പൂച്ചക്കുഞ്ഞ്
നീളമുള്ളവാലുമായിഇറങ്ങിവന്ന്അമ്മുവിനെ മുട്ടി ഉരുമ്മിനിന്നു.... സ്നേഹത്തോടെ കുറുകുന്ന ആ പൂച്ചക്കുഞ്ഞ് അമ്മുവിന്റെ മടിയിൽ കയറി നഖങ്ങൾ വിടർത്തി അവളുടെ തുടകളിൽ അമർത്തി ഇറക്കി വേദനിപ്പിച്ചു.....
തുടയ്ക്ക് കനത്തൊരു ചീളുവന്നു വീണതുപോലെ വേദന അസഹ്യമായപ്പോൾ അമ്മു പിടഞ്ഞു....!
അവൾ ഞെട്ടി കണ്ണു മിഴിച്ചു!..... പെട്ടെന്ന്
ചിത്രശലഭങ്ങൾ എങ്ങോ അപ്രത്യക്ഷമായി...
പൂച്ചക്കുഞ്ഞിനെയും കാണാനില്ല.....!
'' കുടിക്ക് .... പാല്, "....അമ്മ!
അമ്മ,ഇടതു കൈ നീട്ടി ചെവിക്കു പിടുത്ത
മിട്ടു.....ഹാ.... വല്ലാത്ത വേദന.....!
''നിന്റെ ഒരു ഉറക്കം... പഠിക്കാനിരുന്നാലുള്ള
നിന്റെ ഉറക്ക് ഞാനിന്നു നിർത്തുന്നുണ്ട് "
അമ്മ കണ്ണുരുട്ടി പേടിപ്പിച്ചു.
തുടയിലെ വേദനയുടെ സ്ഥാനത്തേക്ക് അവളുടെ കൈ നീണ്ടു ... ചെവി പുകഞ്ഞു ........അമ്മുവിന്കരച്ചിൽ വന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
''ചേട്ടനെ നോക്ക്.... നേരം എത്രയായി അവൻ
പഠിക്കാൻ തുടങ്ങീട്ട്... നീയോ..
ചുവരിലേക്ക് ഒന്നു നോക്ക്യേ.... എത്ര സമയം വെറുതെ കളഞ്ഞു നീ .... ഉറങ്ങിയാ മാത്രം മതി.. ഒന്നുംപഠിക്കണ്ട ....."
അമ്മയുടെ രൗദ്രഭാവം.!
ടി.വി സ്ക്രീനിലെ ഭീകരപരമ്പരയിലെ നായികയെപ്പോലെ....
അമ്മു ഞെട്ടിവിറച്ചു.
ചുമരിലെ ക്ലോക്ക് അവളെ നോക്കി വല്ലാതെ പരിഹസിച്ചു.
വെളുത്ത കോപ്പയിലെ ദ്രാവകത്തിന്
പാലിന്റെ മണമില്ല .... രുചിയില്ല.
അമ്മു മുഖം തിരിച്ചു.
അവൾക്ക് ഛർദിക്കാൻ വന്നു.
തലവേദനിക്കും പോലെ....
കടുത്ത വയറുവേദന......
അമ്മേ....!
അമ്മു പുസ്തകങ്ങൾക്കു മീതെ ചാഞ്ഞു.
അമ്മ അവളുടെ മുഖം രണ്ടു കൈകൊണ്ടും
ഉയർപ്പിടിച്ചു ചോദിച്ചു...
"എന്തുപറ്റി അമ്മു?"
അമ്മു കണ്ണടച്ചു കിടന്നു.
അമ്മയുടെ തലോടൽ ...... സാന്ത്വനം.....
" നന്നായി പഠിച്ചാൽ മാത്രമേ നല്ല മാർക്ക്
വാങ്ങിക്കാൻ കഴിയൂ... നല്ല മാർക്ക് വാങ്ങിച്ചാൽ...വല്യ ആളാകാൻ കഴിയും....
സൗപർണികയിലെ നീതയും, റോസിലെ
ക്രിസ്റ്റീനയും, സാറാ മൻസിലെ സൈറയും
കാരുണ്യത്തിലെ നവീനും... നിന്നേക്കാൾ
നന്നായി പഠിക്കുന്നുണ്ട് ....
നീ മാത്രമെന്താ ഇങ്ങനെ?
നീ പുസ്തകങ്ങളെ വെറുത്തു തുടങ്ങിയോ
മോളെ....
നോക്കൂ, ചേട്ടന് ഒരു തവണ പോലും ഛർദി
ഉണ്ടായിട്ടില്ല .... തലവേദനിച്ചിട്ടില്ല ....
പുസ്തകവും പാലുമൊക്കെ കാണുമ്പോൾ
നിനക്ക് എന്താ ഛർദി വരുന്നേ.... "
അമ്മു മിണ്ടിയില്ല.... അവൾക്ക് മിണ്ടാൻ
ഒന്നുമില്ല....
അമ്മു കണ്ണുകൾ ഇറുകെ അടച്ച് വിതുമ്പി.
''അമ്മുക്കുട്ടീ.... എന്താ എന്റെ മോൾക്ക് " ?
അച്ഛൻ വന്നു.... സ്നേഹത്തോടെ അവളെ
തലോടി... നെറ്റിയിൽ ഉമ്മ വെച്ചു... അമ്മുവിന് അച്ഛനെ ഇഷ്ടമാണ്... പക്ഷേ,
അച്ഛൻപഠിക്കാൻ പറഞ്ഞാൽ അവൾ
പിണങ്ങും ........ എന്നാൽ ഇപ്പോൾ
അമ്മുവിന് എല്ലാരോടും ദേഷ്യം തോന്നി.
ചേട്ടനോട് അവൾക്ക് കടുത്ത വെറുപ്പു
ണ്ടായിരുന്നു ... ചേട്ടനെ എല്ലാർക്കും
ഇഷ്ടമാണ്.... അവൻ നന്നായി പഠിക്കുന്നു
ണ്ട്.... അമ്മുവിന് പഠിക്കാൻ വയ്യ.....
പഠിക്കാൻ പറയുന്നവരൊക്കെ ചത്തു
പോയെങ്കിൽ എന്നവൾ ആശിച്ചു.
'' ചേട്ടനെ കൊല്ലണം...... അവനെ ഇറാക്കിലേക്കോ..... പാകിസ്താനിലേക്കോ
വിടണം.. അവിടെ ബോംബ് പൊട്ടിട്ട്
ചേട്ടൻ ചാകണം .."
അമ്മുവിന്റെ പിറുപിറുപ്പ് കേട്ട് അമ്മയ്ക്ക്
ദേഷ്യം വന്നു.
"എന്താ പറയുന്നേ അമ്മു നീയ്യ് ....!
നിന്റെ ചേട്ടനെ കൊന്നുകളയാൻ
നീ ആഗ്രഹിക്കുന്നുണ്ടോ...?
അവനെപ്പോലെ നീയും പഠിച്ചു മിടുക്കി
ആകാനല്ലേ അമ്മ പറക്കുന്നത്?"
അമ്മ ശാസിച്ചു.... അമ്മുകേൾക്കാത്തഭാവത്തിൽപനിപിടിച്ചതുപോലെപുസ്തകങ്ങൾക്കുമുകളിൽ ചുരുണ്ടു കിടന്നു...
'' അവൾ ഉറങ്ങട്ടെ... വായിച്ച് ക്ഷീണിച്ചു കാണും... നാളത്തെ പരീക്ഷയ്ക്ക് അത്ര
മതി.... പാവം അമ്മു ... "
അച്ഛൻ പറഞ്ഞതു കേട്ട് അമ്മ അവളെ
വെറുതെ വിട്ടു....
അമ്മുവിന് ഉള്ളിൽ ആശ്വാസം തോന്നി.
അവൾ പുസ്തകങ്ങൾ ഉപേക്ഷിച്ച്
കട്ടിലിൽ കയറി വീണ്ടുംചുരുണ്ടു കിടന്നു.
അമ്മ അവളെ പുതപ്പിച്ചു....
അമ്മു കട്ടിലിൽ തനിച്ചു കിടന്നു.........
പുസ്തകങ്ങൾ അകലെ ആയതു കൊണ്ട് അമ്മു സ്വാതന്ത്ര്യത്തോടെ.. സമാധാനത്തോടെ....... ആശ്വാസത്തോടെ
കണ്ണടച്ചു....
പാതിരാവിലെപ്പോഴോ അമ്മുവിന്റെ
ആകാശത്ത് ഒരു കുഞ്ഞു സൂര്യൻ ഉദിച്ചു
വന്നു!
സ്ഥിരം കാഴ്ചകളെ അവൾ വെറുത്തിരുന്നു.
അമ്മ, അച്ഛൻ ,ചേട്ടൻ, പാൽ, ബൂസ്റ്റ്, ദോശ
ഇഡ്ഡലി, ചായ, ചപ്പാത്തി, ടെലിവിഷൻ,
കംപ്യൂട്ടർ ,പoനമുറി, പാoപുസ്തകങ്ങൾ,
അധ്യാപകർ, പരീക്ഷകൾ, ജംഗിൾ ബുക്ക്,
മിക്കി മൗസ് ,ചോക്ലേറ്റ്,... ടൈം ടേബിൾ,
യുനിഫോം ... സ്കൂൾ...
എല്ലാം അമ്മു മറന്നു .... ! എന്നുംഅവളെ പൊതിഞ്ഞു നിന്നപതിവുകാഴ്ചകളെല്ലാം അവൾ അപ്പാടെ ഉപേക്ഷിച്ചു കളഞ്ഞു.
ആകാശത്തു നിന്ന് ഒരായിരം നക്ഷത്രങ്ങൾ
ചിത്രശലഭങ്ങളായി ഭൂമിയിലേക്കിറങ്ങി.!
അമ്മു കണ്ണുകൾ മിഴിച്ചു നോക്കി....
അകലെ നിന്ന് ഒരു ദിവ്യപ്രകാശം ഭൂമി
യിലേക്ക് സാവധാനം ഒഴുകി വരുന്നു....
കണ്ണഞ്ചിക്കുന്ന ആ മനോഹരമായ കാഴ്ച
കണ്ട് അമ്മു അനങ്ങാൻ വയ്യാതെ
തളർന്നു കിടന്നു !
ചിത്രശലഭങ്ങൾ ചിറകുവിടർത്തി അമ്മുവിന്
ചുറ്റും നൃത്തമാടി..... പുല്ലും പുൽച്ചാടിയും
തവളയും തേനീച്ചകളും അവയ്ക്കൊപ്പംകൂടി.
മുന്നിൽ പൂക്കളുടെ ഒരു വസന്തകാലം!
അമ്മു സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു....
മുന്നിൽ വന്ന് പ്രകാശം ചൊരിയുന്ന ആ
ദിവ്യരൂപം ദൈവമാണെന്ന് അമ്മു തിരിച്ചറിഞ്ഞു......
''ദൈവമേ " ..... അവൾ മന്ത്രിച്ചു.
"ഞാൻ അമ്മു ദിവാകരൻ!....വിക്ടേഴ്സ്
ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.... വയസ്സ് പത്ത്! അച്ഛൻ ദിവാകരൻ!..... അമ്മ, ഗിരിജ.......
സഹോദരൻ ,അഖിൽ....... പതിമൂന്ന് വയസ്സ്.
അമ്മുവിന്റെ സ്കൂളിൽ തന്നെയാണ്ചേട്ടനും
പഠിക്കുന്നത് ...
ഞാൻ, ദിനപ്പത്രം വായിക്കാറുണ്ട്...... ടി.വി.
കാണും.... കംപ്യൂട്ടർ പഠിക്കുന്നുണ്ട്.....
സ്കൂളിൽ, പഠിത്തത്തിൽ മൂന്നാം സ്ഥാനത്താണ്.... ഞാൻ ക്ലാസിൽ നന്നായി പഠിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമേ, നൃത്തം, സംഗീതം,
ചിത്രരചന,അഭിനയം എല്ലാമുണ്ട്....
എന്നിട്ടും, അമ്മ പറയുന്നു........
ഞാൻ ഒട്ടും പഠിക്കുന്നില്ലെന്ന് .... ഞാൻ
ചേട്ടനെപ്പോലെ പഠിക്കുന്നില്ലെന്ന് ....!
ഞാൻ ഒത്തിരിവായിക്കുന്നുണ്ട്....
എന്നിട്ടും എനിക്ക് പഠിക്കാൻ പറ്റുന്നില്ല!
പഠിച്ചു പഠിച്ചെനിക്ക് ഒന്നും പഠിക്കാനാകാ
തെ വന്നിരിക്കുന്നു.
പഠിച്ചിട്ട് എന്താ? എനിക്ക് ഒന്നും വേണ്ട..
ഞാനിന്ന് ഒരു കഥ വായിച്ചു.
കല്ലായിത്തീർന്ന അഹല്യയുടെ കഥ...!
അതുപോലെ കാട്ടിനുള്ളിൽ ഞാനൊരു
കല്ല് ആയിക്കിടക്കാം ......ആരും കാണില്ലല്ലോ
ആരുടെ വഴക്കും കേൾക്കണ്ട....
അങ്ങനെ കഴിഞ്ഞാ മതി.... എനിക്ക് ...
പിന്നെ, ദൈവമേ .... ഞാനിന്നൊരു
വലിയ തെറ്റു ചെയ്തു. എന്റെ ചേട്ടൻ
ബോംബു പൊട്ടി മരിക്കാൻ ഞാൻ പറഞ്ഞു
പോയി .... പാവം എന്റെ ചേട്ടന് അങ്ങനെ
യൊന്നും വരുത്തിയേക്കല്ലേ.... അവൻ
നല്ലവനാ...... എന്നോട് ഒത്തിരി ഇഷ്ടമാണ്.
പക്ഷേ, പഠിക്കാൻ ചേട്ടൻ എന്നേക്കാൾ മിടുക്കനാ...... അപ്പോഴാണ് എനിക്ക്
ചേട്ടനെ കൊല്ലാൻ തോന്നുന്നത് !
പിന്നെ, എന്റെ അച്ഛനും, അമ്മയും......
അവർക്കും എന്നെ ഒത്തിരി ഇഷ്ടമാ....
എന്നാലും അമ്മ വഴക്ക് പറയുന്നത് എനിക്ക്
തീരെ ഇഷ്ടമല്ല ..... എന്റെഅമ്മ പാവമാ....
അച്ഛനും ഒത്തിരി പാവമാ.....
എല്ലാർക്കും നല്ലത് വരുത്തണേ......."
"മോളെ.... അമ്മു .... "
ദൈവം സ്നേഹത്തോടെ അമ്മുവിന്റെ
തലയിൽ തൊട്ടു....
''താങ്ക് യൂ ഗോഡ്..."
അമ്മു മന്ത്രിച്ചു.
"മേളെ ... എണീക്ക് "!
അമ്മു ഞെട്ടിക്കണ്ണുമിഴിച്ചു ... ദൈവം
അമ്മയുടെ രൂപത്തിൽ!?
അമ്മു കണ്ണു ചിമ്മിത്തുറന്നു ....
''അമ്മു, ഇതാ.... ഹോർലിക്സ് ....... വെറും
പാലല്ല ട്ടോ ...... പാല്മാത്രം കുടിക്കണ്ട....
ഛർദിയെങ്ങാനും വന്നാലോ മോൾക്ക് ...
പരീക്ഷയല്ലേ..... ക്ഷീണമൊക്കെമാറാൻ
ഹോർലിക്സ് ചേർത്ത പാലാണ് .....
വേഗം എഴുന്നേറ്റ് പല്ലുതേച്ച് ഇത് കുടിക്ക് ..."
അമ്മ വാത്സല്യത്തോടെ അമ്മുനെ തലോടി.
പതിവ് കാഴ്ചകളോട് പൊരുത്തപ്പെടാൻ
അമ്മുവിന് കുറച്ചു സമയമെടുക്കേണ്ടി വന്നു.
അവളോർത്തു ..... അപ്പോ, ദൈവം എവിടെ?
തന്റെ തൊട്ടടുത്ത് വന്ന് തലയിൽ കൈവച്ച്
അനുഗ്രഹിച്ച ദൈവം!
ദൈവം തന്നെയാകാം അമ്മയായി തന്നെ വന്നു തൊട്ടുണർത്തിയത്.... ശരിയാണ്....
അമ്മയാണല്ലോ ദൈവം ...!
"മോളെ, അമ്മു പുതിയ ഉടുപ്പ് നോക്ക്.....
വേഗം റെഡിയാക് ......... കുളിച്ച്
സുന്ദരിക്കുട്ടിയായി വാ... "
അച്ഛൻ വന്ന് അവളെ എഴുന്നേൽപ്പിച്ചു...
അമ്മു ചിരിച്ചു....
" അമ്മുക്കുട്ടി.... ഇന്ന് നിന്റെ ബർത്ഡേയല്ലേ..
മറന്നോ നീയ്.... ഇതാ നിനക്കിഷ്ടപ്പെട്ട
ചോക്ലേറ്റ്...."
ചേട്ടൻ വാതിലിനപ്പുറം നിന്നുകൊണ്ട്
വിളിച്ചു പറഞ്ഞത് കേട്ട് അമ്മു ചാടി
എഴുന്നേറ്റു.... പിന്നെ മുറിയിലൂടെ തള്ളിച്ചാടി.
"ഹാപ്പി ബർത്ഡേ അമ്മുക്കുട്ടി..."
അച്ഛനും, അമ്മയും, ചേട്ടനും, ചേർന്ന്
അമ്മുവിനെ എടുത്തുയർത്തി ,അവൾക്ക്
പിറന്നാൾ ആശംസകൾ നേർന്നു.
മറന്നുപോയ ആ പിറന്നാൾ സുദിനം
തന്നേക്കാൾ ഓർത്തുവയ്ക്കുന്ന അച്ഛനും അമ്മയ്ക്കും ചേട്ടനും വേണ്ടി അവൾ പ്രാർത്ഥിച്ചു...
നന്ദി അറിയിച്ചു.
''താങ്ക് ഗോഡ്..... ".
പിന്നെ,ഉറക്കെ ചിരിച്ചുകൊണ്ട് പുറത്തേക്കോടി.....!
ശുഭം. ബിന്ദു.എം.വി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo