
ഒറ്റവാക്കിൽപ്പറഞ്ഞാൽ "ഒത്തിരി നല്ല പൂക്കളുള്ള ഒരു കുഞ്ഞു ചെടി''.
''നന്മ നിറഞ്ഞ - കണ്ണും മനസ്സും നിറയ്ക്കുന്ന - ഒരു കൊച്ചു ഫീൽ ഗുഡ് മൂവി''.
മൂകാംബികയിൽ ലോഡ്ജ് നടത്തുന്ന മാധവനും സഹായി അരവിന്ദനും (ശ്രീനിവാസൻ - വിനീത് ശ്രീനിവാസൻ) അവർക്കിടയിലേക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ എത്തപ്പെടുന്ന വരദയും അമ്മയും. അനാഥനായ അരവിന്ദന്റെ കഥകളറിഞ്ഞ്, അവന്റെ മാതാപിതാക്കളെ തിരക്കിയുള്ള വരദയുടെ യാത്രയാണ് ഈ ചെടിയുടെ വേരുകൾ.
അരവിന്ദന്റെ കൂട്ടുകാരായി വരുന്ന അജു വർഗ്ഗീസും ബിജുക്കുട്ടനും ചേർന്നുള്ള തുടക്ക രംഗങ്ങൾ തീയറ്ററിൽ ചിരിയുടെ പൂങ്കുലകൾ സൃഷ്ടിച്ചു കടന്നു പോകുന്നു.
തുടർന്നാണ് വരദയുടേയും (നിഖില വിമൽ) അമ്മയുടേയും വരവ്. വരദയുടെ അമ്മയായി എത്തുന്ന അനുഗ്രഹീത നടി ഉർവ്വശിയുടേയും അമ്മാവനായി വരുന്ന പ്രേം കുമാറിന്റേയും തകർപ്പൻ പ്രകടനം ഈ ചെടിയിലെ മനോഹരമായ പൂക്കളായി മാറി.
ശാന്തികൃഷ്ണയുടെ അതിഭാവുകത്വമില്ലാത്ത സുന്ദരമായ പ്രകടനം കൂടിയായപ്പോൾ ഈ കുഞ്ഞ് ചെടി പ്രേക്ഷകരുടെ ഹൃദയത്തിൽ തഴച്ച് വളർന്ന് പൂവിട്ടു.
രാജേഷ് രാഘവന്റെ മികച്ച സ്ക്രിപ്റ്റ്, മൂകാംബികയുടെയും കുടജാദ്രിയുടേയും ചേതോഹരമായ കാഴ്ചകൾ - ദേവീചൈതന്യം നിറഞ്ഞൊഴുകുന്ന ഫ്രെയ്മുകൾ - ഷാൻ റഹ്മാന്റെ സംഗീതം - മനോഹരമായ ക്ലൈമാക്സ് രംഗങ്ങൾ - ഈറനണിയിക്കുന്ന ചില സീനുകൾ - തന്റെ 'കരിയർ ബെസ്റ്റ് പെർഫോമൻസ്' നൽകിയ വിനീത് ശ്രീനിവാസൻ - വരദയായി തിളങ്ങിയ നിഖിലാ വിമൽ - ശ്രീനിവാസൻ, കെ.പി.എ.സി ലളിത എന്നിവരുടെ സ്ക്രീൻ പ്രസൻസ് - വളരെ കുറച്ച് ഷോട്ടുകളിൽ മാത്രം വന്ന് ഏവരേയും രസിപ്പിച്ച ബൈജു - വിജയരാഘവൻ - കോട്ടയം നസീർ - സ്വർണ്ണ ലിംഗം അണ്ണാച്ചി - ജ്യോൽസ്യൻ - എന്നിവരും ഈ ചെടിയുടെ പൂക്കൾക്ക് ഒരു പ്രത്യേക സുഗന്ധം നൽകി.
ചില ചില്ലറ ചോദ്യങ്ങൾ ബാക്കി വച്ചിട്ടുണ്ടെങ്കിലും M.മോഹനൻ എന്ന പ്രതിഭാധനനായ സംവിധായകൻ വീണ്ടും കഴിവു തെളിയിച്ചു.
ഈ സിനിമയിൽ പറയും പോലെ
''കാത്തിരിപ്പിനേക്കാൾ വേദന അതവസാനിക്കുമ്പോഴാണ്''....
നന്നായിരിക്കട്ടെ! ഇനിയും തഴച്ചുവളരട്ടെ! പൂക്കൾ വാടാതിരിക്കട്ടെ! നല്ല സിനിമകളുടെ കാലം അവസാനിക്കാതിരിക്കട്ടെ!
***** ***** ***** ***** ***** *****
ഈ ചിത്രത്തിൽ വെളുപ്പാം കാലത്തും പാതിരാത്രിയിലും ഭക്തർ മൂകാംബിക ബസ്റ്റാന്റിൽ വന്നിറങ്ങുന്ന നിരവധി സീനുകളുണ്ട്.
കുഞ്ഞുങ്ങളും ബന്ധുക്കളുമായി എത്തിയ തമിഴനെ, ലോഡ്ജിന്റെ ഗുണഗണങ്ങൾ പറഞ്ഞ് വിനീത് ശ്രീനിവാസൻ ലോഡ്ജിലേക്ക് കൊണ്ടു പോകുന്ന ഒരു സീൻ വന്നപ്പോൾ എന്റെ ഓർമ്മകൾ ഒരു എട്ടൊമ്പതു വർഷം പുറകിലേക്ക് പോയി.
ആ ഓർമ്മകൾക്ക് പളനിയുടെ ഗന്ധവും ശബ്ദവുമാണ്. ഓർമ്മകളുടെ ഒരറ്റത്ത് നാല് വർഷം മുമ്പ് ഓർമ്മയായി മാറിയ എന്റെ അച്ഛനുണ്ട് - അമ്മയും പപ്പയും മമ്മിയുമുണ്ട്. രശ്മിയും ഗൗരിയുമുണ്ട് - അവളുടെ ദിഗന്തം പൊട്ടുമാറുച്ചത്തിലുള്ള കരച്ചിലുണ്ട് - നല്ല കൊതുക് കടിയുണ്ട് - വരണ്ട ദുർഗ്ഗന്ധമുള്ള കാറ്റുണ്ട് - കഴുതച്ചാണക ചൂരും - ഗൗരിയോട് മത്സരിച്ച് കരയുന്ന കഴുതക്കുഞ്ഞുങ്ങളുമുണ്ട്.
ഒരുപാട് ടെൻഷനുകൾക്കൊടുവിൽ ജനിച്ച ഗൗരിയ്ക്കായുള്ള വഴിപാടുകൾ ചെയ്തു തീർക്കുന്ന സമയമായിരുന്നു അത്. അവളുടെ മുടി എടുക്കാൻ ഗുരുവായൂർ - പളനി ട്രിപ്പ് ഐക്യകണ്ഠേന തീരുമാനിച്ചപ്പോൾ ഇൻറർനെറ്റും, ഒഫീഷ്യൽ പിടിപാടുകളും, പ്രോപ്പർ പ്ലാനിംഗുകളും കൊണ്ട് ഈ ടൂർ പൊളിച്ചടുക്കും എന്ന ശുഭാപ്തി വിശ്വാസത്തിലാരുന്നു ഞാൻ.
മാതൃഭൂമിയുടെ ലേബലിൽ തൃശൂർ വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂർ ദർശനം തുടങ്ങി പളനി വരെയുള്ളതെല്ലാം കിറുകൃത്യമായി നടന്നു.
പളനിയിലെ സ്റ്റേ ഏർപ്പാടാക്കിയത് പാലക്കാട് മാതൃഭൂമി പരസ്യം എക്സിക്യൂട്ടീവാണ്. ബസിറങ്ങിയാൽ ഹോട്ടലിലേക്ക് പോകേണ്ട വഴി - ഹോട്ടൽ നമ്പർ - കാണേണ്ട ആളിന്റെ പേര് തുടങ്ങി ഹോട്ടലുടമയുടെ സ്ഥാവരജംഗമ വസ്തുക്കളുടെ കണക്കുൾപ്പെടെ വളരെ നേരത്തേ അയച്ച് ആ എക്സിക്യുട്ടൻ എന്നെ അതിശയിപ്പിച്ചു.
"അളിയാ നടക്കാവുന്ന ദൂരമേയുള്ളൂ ഓട്ടോ ഒന്നും എടുക്കണ്ട അവന്മാര് മുട്ടൻ പണി തരും" എന്നവൻ പറഞ്ഞപ്പൊ കാലും മുട്ടും വയ്യാത്ത ഇവരെയെല്ലാം കശാപ്പിന് കൊണ്ടു പോകുന്ന കാളകളെപ്പോലെ മുക്കാൽ കിലോമീറ്റർ തെളിച്ച് അവൻ പറഞ്ഞ ഹോട്ടലിലെത്തി. നേരത്തേ തന്ന നമ്പറിൽ വിളിച്ചു. "താങ്കൾ വിളിച്ച സബ്സ്ക്രൈബർ ഇപ്പം ഒരു കോളും സ്വീകരിക്കുന്നില്ല'' എന്ന് മൊബൈലിലെ ആ പെങ്കൊച്ച് ദേഷ്യത്തോടെ പറഞ്ഞു.
റിസപ്ഷനിൽ ഉറങ്ങിക്കിടക്കുന്ന മൂന്നു പേർ, തറയിൽ അഞ്ച് പേർ, ഇതിന് പുറമേ നിന്ന് ഉറങ്ങുന്നവർ, ഇരുന്ന് ഉറങ്ങുന്നവർ അങ്ങനെ എല്ലാവരേയും കവർ ചെയ്ത് ഞാൻ അകത്തേക്ക് കയറി. എന്നിട്ട് ഒടുക്കത്തെ കോൺഫിഡൻസോടെ അവിടുത്തെ മാനേജറെ വിളിച്ചുണർത്തി. ഉറക്കത്തിൽ നിന്ന് വിളിച്ചതിൽ അയാൾ എന്നെ വിളിച്ച തെറി കേട്ട് അവിടെ കിടന്ന മൊത്തം പേരും ഉണർന്നു. നിർമ്മാല്യത്തിന് ഉണരേണ്ട സ്കന്ദ ഭഗവാൻ പോലും അന്ന് കാര്യങ്ങൾ നേരത്തേയാക്കി.
അയാൾ പറഞ്ഞ തമിഴ് തെറിപ്പാട്ടുകളിൽ നിന്ന് എനിക്ക് മനസ്സിലായത് - "ഇനിയീ രാത്രിയിൽ ഇവിടെ റൂമില്ല - പൈങ്കുനി ഉത്രം എന്ന വിശേഷം നടക്കുന്നതു കൊണ്ട് ഇവിടെ അടുത്തൊന്നും റൂം കിട്ടില്ല - പോയിട്ട് ഉച്ചക്ക് പതിനൊന്ന് മണി കഴിയുമ്പൊ വന്നാൽ ട്രൈ ചെയ്യാം " എന്നാണ്.
അങ്ങനെ രണ്ടും കെട്ട സമയത്ത്, പളനി പോലെ അപരിചിതമായ ഒരു സ്ഥലത്ത്, ഉറക്കച്ചടവുമായി നിൽക്കുന്ന അമ്മയേയും പപ്പയേയും മമ്മിയേയും റോഡ് സൈഡിൽ ഒതുക്കി നിർത്തി, ബാഗും മറ്റ് സാധനങ്ങളും സുരക്ഷിതമാക്കി റോഡ് സൈഡിൽ ചേർത്തു വച്ച്, ഉറക്കം നഷ്ടപ്പെട്ടതിൽ അലമുറയിട്ടു കരയുന്ന എന്റെ ഗൗരിയ്ക്ക് വഴിവക്കിൽ ഇരുന്ന് പാല് കൊടുക്കേണ്ടി വന്നു രശ്മിക്ക്.
ഞാനാ എക്സിക്യുട്ടനെ വിളിച്ചു, "ടേയ് ഈ നട്ടപ്പാതിരാ നേരത്ത് ഇവിടെക്കിടന്ന് ഞാനെന്തോ ചെയ്യാനാ? നീ എങ്ങനെങ്കിലും ഒന്നഡ്ജസ്റ്റ് ചെയ്യ്" നല്ല ഉറക്കത്തിലായിരുന്ന അവനും ഹരോ ഹര! പറഞ്ഞു.
എന്തു ചെയ്യണമെന്നറിയാതെ... ആർക്കും മുഖം കൊടുക്കാതെ... സമയം കളയാൻ ഞാനെന്റെ പേഴ്സെടുത്ത് വെറുതെ തുറന്നു. നെറ്റിൽ നിന്നും വളരെ മുമ്പേ പ്രിൻറൗട്ട് എടുത്തു വച്ചിരുന്ന 'വെയർ ടു സ്‌റ്റേ ഇൻ പളനി' എന്ന പേപ്പർ അറിയാതെ കൈയ്യിൽത്തടഞ്ഞു. അതിൽക്കണ്ട ആദ്യ നമ്പറിലേക്ക് വിളിച്ചു. ''നീങ്ക എത്തണ പേർ? രണ്ട് ഡബിൾ റൂം പോതുമാ? വേഗമാ വാങ്കോ'' എന്നു പറഞ്ഞു.
സത്യത്തിൽ ''ദണ്ഡപാണി നിലയം", എന്ന മികച്ച സൗകര്യങ്ങളും കുറഞ്ഞ നിരക്കുമുള്ള ദേവസ്ഥാനം പിൽഗ്രിം സെൻററിൽ ഞങ്ങളെ എത്തിച്ചത് സാക്ഷാൽ ദണ്ഡപാണിയാണെന്ന് ഞാനിന്നും വിശ്വസിക്കുന്നു. ഭഗവാന്റെ കാൽച്ചുവട്ടിൽ ഉള്ള ഈ സ്ഥലത്തു നിന്ന് പഴനിമല കാണുന്നതിന്റെ ഭംഗി പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാവർക്കും ഭയങ്കര സന്തോഷം...വേൽമുരുകാ ഹരോ ഹര!
സുഖമായി ഉറങ്ങി എണീറ്റ് അടുത്ത കടയിൽ നിന്നും ഒരു ചൂട് ചായ ഊതിക്കുടിക്കുമ്പോൾ പാലക്കാടൻ എക്സിക്യൂട്ടീവിനെ ഒന്നു വിളിക്കാൻ തോന്നി. കാരണം അവൻ റൂം ബുക്ക് ചെയ്തത് വൈകിട്ട് ആറിന് ഞങ്ങളെത്തുമെന്ന് പറഞ്ഞതുകൊണ്ടാണ്. ഫോണെടുത്തപ്പോൾ അവൻ ചെറിയ ചമ്മലോടെ ''ഹലോ'' എന്ന് മാത്രം പറഞ്ഞു...
അതുവരെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ "അളിയാ! ഇത്രയ്ക്ക് പ്രശ്നമുണ്ടായിട്ടും നീയെന്നെ വിളിച്ചല്ലോ! അത് ഞാൻ ജീവിതത്തിൽ മറക്കില്ല" എന്ന് ഗദ്ഗദത്തോടെ പറഞ്ഞു.
റിട്ടൺ ബൈ 'രാജേഷ് രാഘവൻ' എന്നു കണ്ടപ്പോൾ ആ പഴയ എക്സിക്യുട്ടൻ മുന്നിൽ വന്ന് വേൽമുരുകാ ഹരോ ഹര! പറഞ്ഞു.
- ഗണേശ് -
30-4-2018
30-4-2018
Dhandapani Nilayam, Palani (phone 04545-242325). Tariff: A/C: Rs 500 | 1st Class Delux: Rs 200 | 1st Class: Rs 150 | Economy rooms: Rs 60
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക