Slider

*********************അനാഥ*********************************

0

*********************അനാഥ*********************************
മീറ്റിംഗ് കഴിഞ്ഞു കോൺഫറൻസ് ഹാളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഡെയ്സി അതാ ഫോണുമായി മുന്നിൽ..."മീനു , കുറെ തവണ ഇന്ത്യൻ നമ്പറിൽ നിന്നും കാൾ വന്നിരുന്നു . നീ തിരക്കിലായിരുന്നു കൊണ്ടാണ് വിളിക്കാതിരുന്നത്."... കുഴപ്പമില്ല എന്നുപറഞ്ഞു മൊബൈൽ വാങ്ങുമ്പോൾ അവളുടെ മനസ്സ് മന്ത്രിച്ചു ... മാഡം ആയിരിക്കുമോ ? മൊബൈലുമായി തന്റെ ക്യാബിനിലേക്കു നടക്കുമ്പോൾ വശങ്ങളിലുള്ള ഗ്ലാസ് ജനലിലൂടെ തിരക്കിട്ടൊഴുകുന്ന സ്വപ്നനഗരിയുടെ മാസ്മരികത അവൾ കണ്ടു. ചുട്ടുപൊള്ളുന്ന മണൽത്തരികൾക്കിടയിലുംസ്വർണം തിരയുന്നവരുടെ സ്വപ്നലോകം ...ക്യാബിനിലെത്തുമ്പോഴേക്കും ആ നമ്പറിലേക്കു അവൾ വിളിച്ചുകഴിഞ്ഞിരുന്നു. അങ്ങേ തലക്കൽ മാഡത്തിന്റെ സഹായി കുറുപ്പേട്ടന്റെ ശബ്ദം. ..മീനാക്ഷീ ... മാഡത്തിന് സുഖമില്ല ...കുട്ടിയെ കാണണമെന്നു പറഞ്ഞിരുന്നു..എത്രയും വേഗം തിരിക്കുക. കുറുപ്പേട്ടൻ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു. ചോദിക്കുവാൻ ഉയർന്ന ചോദ്യങ്ങളെല്ലാം അവളുടെ തൊണ്ടയിൽ കുരുങ്ങി ....
ഹൃദയത്തിലെവിടെയോ വിങ്ങൽ ....വിറയ്ക്കുന്ന കൈകളോടെ അവൾ ഗിരീഷിന് ഫോൺ ചെയ്തു. ...അങ്ങേത്തലക്കൽ ഗിരിയുടെ ശബ്ദം കേട്ടതു വിങ്ങലിന്റെ തീവ്രത ലേശം കുറച്ചു ..” ഗിരീ... മാഡത്തിന് സുഖമില്ലത്രേ ... എന്നെ കാണണമെന്നു..കുറുപ്പേട്ടന്റെ ഫോണുണ്ടായിരുന്നു.” വെപ്രാളത്തിൽ ഗിരിയുടെ മറുപടിയിൽ പലതും താൻ കേൾക്കുന്നില്ലെന്നു അവൾ തിരിച്ചറിഞ്ഞു. ..ഒന്ന് മാത്രം കേട്ടു...താൻ പെട്ടെന്ന് തിരിച്ചോളൂ ...ഓഫീസിലെ അത്യാവശ്യം കാര്യങ്ങൾ ഡേയ്സിയെ ഏൽപ്പിച്ചു ബോസ്സിന്റെ അനുവാദത്തോടെ ഇറങ്ങുമ്പോൾ പിന്നെയും രണ്ടു മണിക്കൂർ കഴിഞ്ഞിരുന്നു. ഫ്ലാറ്റിലെത്തി ഡ്രസ്സ് പാക്ക് ചെയ്തു തയ്യാറാകുമ്പോളേക്കും ഗിരി എത്തി .എല്ലാം കഴിഞ്ഞു ഫ്ലൈറ്റിലെത്തുമ്പോഴേക്കും മനോവേദന കൂടുന്നത്അറിഞ്ഞു.ഇതുവരെ ഒപ്പമുണ്ടായിരുന്ന ഗിരിയുടെ സാമിപ്യം അവൾ കൊതിച്ചു. പാവത്തിന് ഒരുരീതിയിലും ലീവ് കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട്, കൂടെ വരാൻ നിർബന്ധിക്കുന്നത് ശരിയല്ലല്ലോ.ടെൻഷൻ കൂടുംതോറും തല പിളരുന്ന വേദന.അവൾ കണ്ണുകളടച്ചു സീറ്റിലേക്ക് തല ചായ്ച്ചു..ബാലികസദനത്തിന്റെ ഇരുണ്ട ഇടനാഴികളിൽ അടഞ്ഞു പോകാമായിരുന്ന മീനാക്ഷി എന്ന ഏഴുവയസ്സുകാരിയെ കൈ പിടിച്ചു ജീവിതത്തിന്റെ പുതിയ മേച്ചിൽ പുറങ്ങളിലൂടെ നടത്തിയ മാഡം… ...അവരില്ലായിരുന്നെങ്കിൽ താൻ ആരായിത്തീരുമായിരുന്നെന്ന് ഊഹിച്ചു ഫലിപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ . ബാലികസദനത്തിന്റെ കുഞ്ഞുമുറിയിലെ സിമന്റ് തറയിൽ കൂട്ടുകാരോടൊപ്പം ചമ്രം പടഞ്ഞിരുന്ന ഏഴുവയസ്സുകാരി ....കുട്ടിയുടുപ്പിട്ട ആ ഏഴുവയസ്സുകാരിയെ കാണാൻ മാഡം, ആ കുഞ്ഞുമുറിയിലേക്കെത്തുമ്പോൾ ഭയത്തോടുകൂടിയ ഒരു നിഷ്കളങ്ക ഭാവം മാത്രമായിരുന്നു എനിക്ക് .അല്ലെങ്കിൽ തന്നെ ഏതോ അവിഹിത ഗർഭത്തിന്റെ ബാക്കി പത്രമായ തനിക്കു എന്തു മനസ്സിലാകാൻ.ഉയർന്ന സമുദായത്തിന്റെ ആഢ്യത്തവും ചെറുപ്പത്തിന്റെയും സമ്പത്തിന്റെയും സൗന്ദര്യവും മാഡത്തിന്റെ മുഖത്ത് തെളിഞ്ഞിരുന്നത് ഇന്നും ഓർക്കുന്നു. മുന്തിയ കാറിൽ അവരുടെ വീട്ടിലേക്കു തിരിക്കുമ്പോൾ ജീവിതത്തിന്റെ പുതിയ വാതായനങ്ങൾ എന്റെ മുന്നിൽ തുറക്കപ്പെട്ടു. ഏതോ തെരുവ് സന്തതിക്കു ജീവിതം കൊടുത്ത ഭാവമൊന്നും പ്രൗഢയായ അവരിലുണ്ടായിരുന്നില്ല . മാഡത്തിന്റെ മുറിയുടെ തൊട്ടപ്പുറത്തെ മുറിയിൽ തനിച്ചുറങ്ങി തുടങ്ങിയ കുഞ്ഞു പെൺകുട്ടിക്ക് അവരോടു തോന്നിയിരുന്നത് ബഹുമാനമായിരുന്നു ...ആ ബഹുമാനവും നന്ദിയും ഇന്നും അതുപോലെ നിലനിക്കുന്നു ...ബന്ധുക്കളുമായിട്ടു സഹകരണം തീരെ ഇഷ്ട്ടപെടാതിരുന്ന അവരുടെ കർക്കശ്യ ഭാവം എന്തിൽനിന്നോ ഉള്ള ഒളിച്ചോട്ടമായി എപ്പോഴും തോന്നിയിരുന്നു. പക്ഷെ എഞ്ചിനീയറിംഗ് കഴിഞ്ഞു ടെക്നോപാർക്കിൽ ജോലി ചെയ്യവേ പരിചയപ്പെട്ട ഗിരിയുടെ ബന്ധത്തിന് മാഡം ഒരിക്കലും എതിരുനിന്നില്ല.ഒടുക്കം, ഉയർന്ന ജോലിയും ശമ്പളവും നേടാൻ ഗിരിയോടൊപ്പം ദുബായിലേക്ക് തിരിക്കുമ്പോൾ മാഡത്തിന്റെ കണ്ണുകൾ ആദ്യമായി എന്റെ മുന്നിൽ ഈറനണിഞ്ഞു.
ഓർമകളിലേക്ക് ആഴ്ന്നിറങ്ങവേ ലാൻഡിങ്ങിന്റെ അറിയിപ്പ് കാതുകളിൽ മുഴങ്ങി. എല്ലാം കഴിഞ്ഞു എയർപോർട്ട് ടാക്സിയിൽ മാഡത്തിന്റെ ...അല്ല ...ഞാൻ ജീവിച്ചു തുടങ്ങിയ വീട്ടിലേക്ക്....വീടിനടുത്തെത്തുമ്പോൾ തലപിളരുന്ന ഒരു തരിപ്പ് അവളിലേക്ക് ആഴ്ന്നിറങ്ങി ....ചെറിയ പന്തൽ ഉയർന്നിരിക്കുന്നു. ചെറുതല്ലാത്ത ആൾക്കൂട്ടവും ....സന്ധ്യയോടടുക്കുന്നതു കാരണം എല്ലാം അവ്യക്തമാണോ ? ...വീടിനകത്തു നിന്നും നാമജപം ഉയരുന്നുണ്ട്. ഈശ്വരാ...എന്റെ മാഡത്തിന്..ബാക്കി ചിന്തിക്കാൻ കഴിയുന്നതിനു മുൻപ് അവൾ തലകറങ്ങി വീണു. താങ്ങിയെടുത്തു ആരൊക്കെയോ അകത്തു കിടത്തി ...കണ്ണ് തുറക്കുമ്പോൾ കുറുപ്പേട്ടനുണ്ട് കട്ടിലിനടുത്തു കസേരയിൽ .... “ മോളെ ഒരു നേരിയ നെഞ്ച് വേദനയെ തോന്നിയുള്ളു ....ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ നിന്നെ കാണണമെന്നു പറഞ്ഞു ...അവിടെ എത്തി പ്രാഥമിക ചികിത്സ കഴിഞ്ഞു ആളൊന്നു എഴുന്നേറ്റിരുന്നു.എന്നിട്ടു ബാഗിൽ നിന്നും ...ദാ.. ഈ കത്ത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു മീനു വരുവാണെങ്കിൽ അവൾക്കു കൊടുക്കണമെന്ന്. ..അതും പറഞ്ഞു മെല്ലെ കിടന്നതാ...പിന്നെ ഉണർന്നിട്ടില്ലാ..ഇപ്പോൾ മോർച്ചറിയിലാ...നീ വരുവാൻ വൈകിയാലോ എന്ന് കരുതി ”. അത്രയും പറയുമ്പോളേക്കും കുറുപ്പേട്ടൻ വിതുമ്പി ..നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെയും വിറയ്ക്കുന്ന കൈകളോടെയും ആ കത്ത് കുറുപ്പേട്ടന്റെ കയ്യിൽ നിന്നും അവൾ വാങ്ങി. എന്റെ മാഡം എനിക്കായി ആദ്യമായും അവസാനമായും എഴുതിയ കത്ത് ....വിതുമ്പുന്ന ചുണ്ടുകളോടെ അവളതു വായിച്ചു. " ഒരിക്കൽപോലും മകളെ എന്ന് വിളിക്കാതെ ,മാറോടു ചേർത്ത് മുലപ്പാൽ തരാതെ, അടുക്കി പിടിച്ചു തലോടാതെ , നിന്നെ വളർത്തിയ ....അപക്ക്വതയാർന്ന പ്രായത്തിൽ ഒരു അവിഹിത ഗര്ഭമായി , നിന്നെ എന്നിലേക്ക് പേറേണ്ടിവന്ന , നിന്റെ പെറ്റമ്മയായ എന്നോട് നീ ക്ഷമിക്കൂ " ....
ഞെട്ടലിൽ നിന്നും വിമുക്തയാവാതെ മീനാക്ഷി മന്ത്രിച്ചു ...”അപ്പോൾ ഞാൻ അനാഥയല്ലെന്നോ ....ഒരിക്കൽപോലും അമ്മേ എന്ന് വിളിക്കാൻ കഴിയാതെ പോയ ഒരു നിർഭാഗ്യവതിയായ മകൾ " അവളുടെ കയ്യിലെ കത്ത് കണ്ണീരിൽ കുതിർന്നു ......

Raji Manu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo