ഫേസ്ബുക്കിലെ അവളുടെ പ്രൊഫൈലിൽ പേരിനു ഒരു ഫോട്ടൊ പോലും ഉണ്ടാരുന്നില്ല..
പക്ഷേ അവളുടെ വരികൾ വായനക്കാർ സന്തോഷ പൂർവ്വം ഏറ്റെടുത്തു..
കമന്റ് ബോക്സിലെ അവളുടെ സ്മൈലി പോലും പലരുടെയും ഉറക്കം കെടുത്തി..
ആയിരക്കണക്കിന് ആളുകൾ അവൾക്കു റിക്വസ്റ്റ് അയച്ചു കാത്തിരുന്നു.
റിക്വസ്റ്റ് സ്വീകരിക്കപ്പെടില്ലാന്നു കരുതിയാവണം ചിലർ ബുദ്ധി പൂർവ്വം ഫോളോ ഓപ്ഷൻ തിരഞ്ഞെടുത്തത്.
അവൾക്കു മെസ്സേജ് അയച്ചു ദിവസങ്ങളോളം മറുപടിക്കായി കാതോർത്തിരുന്നു പലരും..
തലവേദനയാന്നു പറഞ്ഞു അവളിട്ട പോസ്റ്റിനു കീഴെ എന്തു പറ്റീന്ന് ചോദിച്ചും തലവേദനക്ക് ലോകത്തു കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല മരുന്നിന്റെ പേരെന്താന്നു കണ്ടുപിടിച്ചു കമന്റ് ചെയ്യാനും പലരും മത്സരിച്ചു..
അതെസമയം അവളുടെ ജീവിത പുസ്തകത്തിൽ പുതിയൊരു സുഹൃത്തിനെ ചേർക്കാനായി അവളുടെ അപ്പൻ കൊണ്ടുപിടിച്ചു ശ്രമം തുടങ്ങി..
ഒരുപാടു പയ്യൻമാർക്ക് അങ്ങോട്ടു റിക്വസ്റ്റ് അയച്ചു നോക്കി..
പ്രൊഫൈൽ ഫോട്ടൊ ഭംഗി ഉണ്ടായിരുന്നെങ്കിലും ലൈക്ക് ( സ്ത്രീധനം ) കാര്യമായി ഇല്ലാത്തോണ്ട് ആരും മൈൻഡ് ചെയ്തീല്ല..
കാര്യങ്ങൾ ഇങ്ങനെ പോയാൽ ഐഡി ആരെലും ഹാക്ക് ചെയ്താലോന്നു ഭയന്നു അവളുടെ അപ്പൻ മാര്യെജു ബ്യൂറോയിൽ പുതിയൊരു അക്കൌണ്ട് തുടങ്ങി..
പേരും ഫോട്ടോയും ഫോണ്‍ നമ്പരും കൊടുത്തിട്ടും കാര്യമായി വിളിയൊന്നും വന്നീല..
രണ്ടാം നാൾ ഒരാളു വിളിച്ചു..
പെണ്ണിനു എന്തു കൊടുക്കുന്നാരുന്നു ആദ്യത്തെ ചോദ്യം..
നോക്കണേ കലികാലം..
പെണ്ണിനെ കെട്ടിച്ചു കൊടുക്കൊന്നു ചോദിച്ചിരുന്ന സംസ്കാരം പെണ്ണിനെന്തു കൊടുക്കൂന്നു ചോദിക്കുന്ന സ്ഥിതിയിലേക്ക് വഴിമാറിയത്..
എന്തോ ആവട്ടെ അവൾടെ അപ്പൻ കയ്യിലുണ്ടാരുന്നത് വിറ്റും കൊറെ കടം വാങ്ങിയും അവൾടെ പ്രൊഫൈൽ സുരക്ഷിതമാക്കി നെടുവീർപ്പിട്ടു..
വിവാഹം കഴിഞ്ഞു ആദ്യ നാളുകളിലൊക്കെ അയാളവളെ കൃത്യമായി ശ്രദ്ധിച്ചു ലൈക്കും മനോഹരമായ കമന്റുകളും നൽകാറുണ്ടായിരുന്നു..
പിന്നെ പിന്നെ ലൈക്സ് മാത്രായി..
ഇടക്കിടെ അവളുടെ അപ്പനെ വിമർശിച്ചു കമന്റ്സിടുന്നതിലും അയാൾ ഹരം കണ്ടെത്തി..
പറഞ്ഞുറപ്പിച്ച ലൈക്സ് മുഴുവനും തന്നില്ലാന്നും പറഞ്ഞു വഴക്കു തുടങ്ങി..
ഒരിക്കലവൾക്ക് തലവേദന വന്നപ്പോ അയാളൊന്നു തൊട്ടു പോലും നോക്കാൻ മെനക്കെട്ടില്ല..
നല്ല ക്ഷീണമുണ്ടായിട്ടും അതൊന്നും കാര്യമാക്കാതെ അവൾ അടുക്കളയിൽ കയറി അവർക്കു കഴിക്കാനുള്ള പോസ്റ്റുകൾ ഉണ്ടാക്കി..
അപ്പനീ വിവരമറിഞ്ഞാൽ അപ്പന്റെ ഐഡി ബ്ലോക്കായാലോന്നു ഭയന്നു അവളൊന്നും അറിയിച്ചില്ല...
ജോലിയുമായി ബന്ധപ്പെട്ടു അയാൾ ബിസി ആയപ്പൊഴൊക്കെ അവൾ വീട്ടിൽ തനിച്ചായി മാറി..
ഭംഗി വാക്കുകളുടെ ലോകത്തൂന്നു ജീവിതമെന്ന യാതാർത്ഥ്യത്തിലേക്ക് നടന്നടുക്കുമ്പോ സംഭവിക്കുന്നതെന്താന്നു അവൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ..
അങ്ങിനെ വീണ്ടും അവൾ ഫേസ്ബുക്കിൽ ആക്റ്റീവായി
തുടങ്ങി...
തുടങ്ങി...
ഇത്തവണ സ്വന്തം പേരിനു പകരം മറ്റൊരു പേരിലായീന്നു മാത്രം..
അവഗണനയുടെ അടിച്ചമർത്തലിന്റെ വാശിയും പ്രതികാരവും അവളുടെ വരികൾക്ക് ശക്തി നൽകി..
വിവാഹത്തോടെ ഒരു പെണ്ണു കൂടുതൽ ശക്തിയാർജ്ജിക്കുകയാണ് വേണ്ടതെന്നും അതിനു പ്രചോദനമേകേണ്ടത് ഭർത്താവായിരിക്കണം എന്നും പറഞ്ഞു അവൾ ചെയ്ത പോസ്റ്റിനു കീഴെ അവളെ അഭിനന്ദിച്ചു ചെയ്ത കമന്റുകളിൽ ഒരെണ്ണം അവളെ വല്ലാതാകർഷിച്ചു..
അതയാളുടെതാരുന്നു!!
പിന്നീടൊരിക്കൽ നല്ല സുഖമില്ലാന്നു പറഞ്ഞു ചെയ്ത പോസ്റ്റു കണ്ടാവണം അയാളോടി ഇൻബൊക്സിലെക്കു വന്നു..
എന്തു പറ്റി എന്നുളള അയാളുടെ ചോദ്യത്തിനു അവളുടെ മറുപടി ഒരു സ്മൈലിയിൽ മാത്രമൊതുക്കി..
പിന്നെ നേരെ കണ്ണാടിയുടെ മുന്നിലേക്കു ചെന്നു അവളെ തന്നെ നോക്കിയൊന്നു ചിരിച്ചു.
Rayan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക