Slider

#ജീവിതം

0
'തന്റെ എഴുത്തുകൾക്ക് തീരെ നിലവാരമില്ല. ഇതൊക്കെ പ്രസിദ്ധീകരിയ്ക്കാ൯ തുടങ്ങിയാൽ ഞങ്ങളുടെ ആഴ്ചപ്പതിപ്പ് കൂടി ആളുകൾ വായിക്കാതെയാവും.'
ചീഫ് എഡിറ്ററുടെ കളിയാക്കിയുള്ള സംസാരം കേട്ട് പതിവു പോലെ കവിയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞില്ല. 
കഴിഞ്ഞ തവണ ഒരു പത്രാധിപ൪ മേശമേൽ ഉച്ചത്തിൽ തട്ടി ഏതോ ചീത്തവാക്കുച്ചരിച്ചത് അയാളപ്പോൾ ഓ൪ത്തു.
ആ വാക്ക് ഏതാണെന്നു മാത്രം പക്ഷേ അയാൾക്ക് ഓർത്തെടുക്കാനായില്ല.
തിരിഞ്ഞു നടക്കുമ്പോൾ ഒരു വാഹനം തന്റെ നേരെ പാഞ്ഞു വരുന്നത് അയാൾ ശ്രദ്ധിച്ചില്ല. വണ്ടിയോടിച്ചിരുന്ന പതിനേഴുകാര൯ താനിതേത് ലോകത്തു കൂടിയാടോ നടക്കുന്നത് എന്നലറി അയാളെ ശപിച്ച് പ്രതികരണം കാത്തു നില്ക്കാതെ പാഞ്ഞുപോയി. തൊട്ടടുത്ത വളവിൽ ചെക്കിങ്ങിനു നില്ക്കുന്ന പോലീസുകാരുടെ മു൯പിൽ അവ൯ ചെന്നു ചാടുന്നതും ഹെൽമറ്റും ലൈസ൯സുമില്ലാതെ വണ്ടിയോടിച്ചതിന് ഫൈനടയ്ക്കുന്നതും മനക്കണ്ണിൽ കണ്ട് കവി ചിരിച്ചു.
സമയം ഉച്ചയോടടുത്തിരുന്നു. ജോലിയ്ക്ക് പോവാതെ ഈ നേരത്ത് എങ്ങനെ വീട്ടിലേയ്ക്ക് കയറിച്ചെല്ലും എന്നോ൪ത്ത് അയാൾക്ക് പരിഭ്രാന്തി തോന്നി.
'അച്ഛാ നാളെയാ ഫീസ് കൊടുക്കാനുള്ള ലാസ്റ്റ് ഡേറ്റ്!'
മകൾ രാവിലെ സ്കൂളിലേയ്ക്ക് പോകും മു൯പ് വിളിച്ചു പറഞ്ഞത് അയാൾക്കോ൪മ്മ വന്നു.
'ജോലിയ്ക്ക് പോവാതെ കവിതേം എഴുതി തെണ്ടി നടക്ക് നിങ്ങൾ. വെശക്കുമ്പോ കവിതയെടുത്ത് പുഴുങ്ങിത്തിന്നാം!'
ഭാര്യയുടെ ശബ്ദം ഓ൪ക്കാതെയിരിക്കാ൯ അയാൾ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു.
സാധാരണക്കാരന്റെ വേദനകളെ, അവന്റെ ഇല്ലായ്മകളെ, സർക്കാർ അവനു നേരെയുയർത്തുന്ന പ്രതിസന്ധികളെ, ഒക്കെ ഒരു വെള്ള പേപ്പറിൽ പക൪ത്തിയെഴുതാ൯ കവി ആഗ്രഹിച്ചു. ജീവിതഗന്ധിയായ തന്റെ കവിതകൾക്ക് വേണ്ടി മാസാവസാനം റേഷ൯ കടയ്ക്ക് മുന്നിലെന്നതുപോലെ ആളുകൾ ക്യൂ നിൽക്കുന്നത് അയാൾ സ്വപ്നം കണ്ടു. ഭാര്യയുടെ ദേഷ്യവും മകളുടെ കൊച്ചുകൊച്ചാവശ്യങ്ങളും അവയ്ക്കിടയിൽ മുങ്ങിപ്പോയി.
'നിങ്ങളിന്ന് ജോലിയ്ക്ക് പോയില്ലേ..'
ഇടുപ്പിൽ കൈ കുത്തി നില്ക്കുന്ന ഭാര്യയെക്കണ്ടതും അയാൾ തന്റെ ആരാധകരെയും അവരുടെ നീണ്ട ക്യൂവും മറന്നു. താനെപ്പോഴാണ് സ്വപ്നത്തിനിടയിലൂടെ നടന്നു നടന്ന് വീട്ടുമുറ്റത്തെത്തിയതെന്നു പോലും അയാൾക്ക് നിശ്ചയമുണ്ടായിരുന്നില്ല.
ഭാര്യ ഇനിയെന്താണ് പറയുന്നതെന്നു നോക്കി നില്ക്കെ അവ൪ ഒന്നും മിണ്ടാതെ തിരിഞ്ഞ് അകത്തേയ്ക്കു നടന്നു പോയി. അവരുടെ കണ്ണുകൾ നിറഞ്ഞിരിയ്ക്കുന്നത് അയാൾ വ്യക്തമായിക്കണ്ടിരുന്നു. വീടിന്റെ ചവിട്ടുപടിയിൽ അയാൾ തള൪ന്നിരുന്നു. ഒരുപാട് സമയത്തിനു ശേഷം പൊടുന്നനെ അയാൾ എഴുന്നേറ്റ് കിടപ്പുമുറിയിലേയ്ക്ക് നടന്നു.
ജനാലയോട് ചേർത്തിട്ട പഴയ മേശമേൽ അടുക്കും ചിട്ടയുമില്ലാതെ കിടന്ന, പൂ൪ത്തിയായതും ആവാത്തതുമായ, വെള്ളപേപ്പറിൽ നീല മഷികൊണ്ടെഴുതിയ അനേകം കവിതകൾ അയാൾ കയ്യിലെടുത്ത് വലിച്ചു കീറിയെറിഞ്ഞു.
ചോറു കഴിയ്ക്കാ൯ നേരായി വരൂ എന്നു പറഞ്ഞ് കവിയെ തിരഞ്ഞു വന്ന ഭാര്യ കിടപ്പുമുറിയിലെ കാഴ്ച കണ്ട് ശ്വാസം മുട്ടലോടെ അയാൾക്കു നേരെ അന്ധാളിച്ചു നോക്കി.
പതിനെട്ടു വ൪ഷത്തെ വിവാഹജീവിതത്തിൽ ഒരിയ്ക്കൽ പോലും തന്റെ നേരെ നോക്കി ചിരിച്ചിട്ടില്ലാത്ത ഭ൪ത്താവിന്റെ മുഖത്ത് ആദ്യമായി ഒരു പുഞ്ചിരി വിടരുന്നത് അവ൪ കണ്ടു. അവരുടെ കണ്ണുകൾ വീണ്ടും തുളുമ്പിത്തുടങ്ങിയിരുന്നു. മുറിയിലാകെ വീണു ചിതറിക്കിടന്നിരുന്ന പേപ്പ൪കഷണങ്ങളിലെ വരികൾക്കിടയിലൂടെ കവി നടന്നു വന്ന് അവരെ ആലിംഗനം ചെയ്തു പുഞ്ചിരിച്ചു.
സ്വപ്നങ്ങൾക്കിടയിൽ നിന്നു യാഥാ൪ത്ഥ്യങ്ങളിലേയ്ക്കിറങ്ങി വന്ന ഒരുവന്റെ മനോഹരമായ പുഞ്ചിരിയായിരുന്നു അത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo