Slider

നളപാകം !!

0
നളപാകം !!
അതിരാവിലെ എട്ടു മണിക്ക് മൊബൈൽ ശല്യപ്പെടുത്തിയത് കാരണം ഞാൻ പയ്യെ കണ്ണ് തുറന്നു ...!
"ഹാവൂ ... ആരാണോ ആവോ ഈ സാധനം കണ്ടു പിടിച്ചത് ??"
സ്വന്തം പോക്കറ്റിലെ കാശുമുടക്കി വാങ്ങിയതുകൊണ്ടു മാത്രം ഞാനാ ചീവീടിനെ വലിച്ചെറിഞ്ഞില്ല....പണ്ടേ എനിക്ക് അലാറം അലെർജിയാണ് ... അതിന്റെ തെളിവാണ് അലമാരയുടെ മൂലക്കുകിടന്ന് അന്ത്യശ്വാസം വലിക്കുന്ന മൂന്നാലു കുഞ്ഞൻ ടൈം പീസുകൾ !! രാവിലെ എനിക്ക് ഇവറ്റകളെ കണ്ണിനു നേരെ കണ്ടുകൂടാ ... ഉറക്കം കൊല്ലികൾ !
ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ സഞ്ജു റൂമിലില്ല..
"ശ്ശടാ.. എന്ന് വെള്ളിയാഴ്ച്ചയല്ലേ?.. ഇങ്ങേരീ കൊച്ചുവെളുപ്പാങ്കാലത്ത് എഴുനേറ്റ് എവിടെപോയി ??"...
എട്ടുമണി വെളുപ്പാൻകാലമാണോ എന്നൊന്നും ചോദിച്ചേക്കരുത് ... പറഞ്ഞേക്കാം !!
ഞാൻ പയ്യെ ബെഡ്‌റൂമിൽ നിന്നും വെളിയിലിറങ്ങി .... ഹാളിലും ബാത്റൂമിലും ഒക്കെ പോയി നോക്കി .. ഇല്ല !
അപ്പോഴാണ് അടുക്കളയിൽ നിന്നും ചില തട്ടും മുട്ടും മേളവും ഒക്കെ കേട്ടത് ... കൂട്ടത്തിൽ പാട്ടും... ഞാൻ അങ്ങോട്ട് ചെന്നു ... നോക്കുമ്പോൾ സഞ്ജു കൈലിയും മടക്കികുത്തി തലയിൽ ഒരു കെട്ടും കെട്ടി നിൽപ്പുണ്ട് ... ആ നിൽപ്പ് കണ്ടാലറിയാം.. എന്തോ അക്രമത്തിനുള്ള പുറപ്പാടാ !!
"ഓ എഴുനേറ്റോ?? പത്തുമണിയാവാൻ രണ്ടു മണിക്കൂറും കൂടി ഉണ്ടല്ലോ??..
അങ്ങേരെന്നെ ആക്കിയതാണെന്ന് മനസ്സിലായെങ്കിലും രാവിലെ തന്നെ ഒരു വാക്പയറ്റിനുള്ള മൂഡില്ലാഞ്ഞത് കൊണ്ട് ഞാൻ അതത്ര മൈൻഡ് ചെയ്തില്ല . പത്തിരുപത്തഞ്ചു കൊല്ലം എന്റെ മാതാശ്രീ ഇതിനെകാൾ വല്യ എമണ്ടൻ ഡയലോഗുകൾ പറഞ്ഞീട്ട് നമ്മളു നന്നായീട്ടില്ല ... പിന്നെയാ ഈ പീക്കിരി ഡയലോഗ് !! ഹും !!
പല്ലുതേച്ചു വന്ന് ചായക്കുള്ള വെള്ളം വെക്കാൻ തുടങ്ങുമ്പോൾ കൃത്യനിഷ്ഠക്കാരൻ മൊഴിഞ്ഞു
" ചായ ഞാൻ ഇട്ടീട്ടുണ്ട്... ദാ അവിടെ ആ ഗ്ളാസ്സിൽ അടച്ചു വെച്ചീട്ടുണ്ട് " ..
സാധാരണഗതിയിൽ ഏതു ഭാര്യയും ഒന്ന് ചമ്മും... പക്ഷേ നമ്മുടെ സ്കിൻ രജിസ്‌റ്റേഡ് ആണല്ലോ ... അമ്മിക്കല്ലിനു കാറ്റടിച്ച പോലെ പ്രത്യേകിച്ച് ഒരു ഭാവഭേദവും ഇല്ലാതെ ഞാൻ ആ ചായ എടുത്തങ്ങു കുടിച്ചു .. അല്ല പിന്നെ .. എന്നോടാ !!
ഒരു ഗ്ലാസ് ചായയിൽ കുറഞ്ഞത് മൂന്നു സ്പൂൺ പഞ്ചസാര കലക്കിയിട്ടുണ്ട് ... ഭാര്യയോടുള്ള സ്നേഹം കൊണ്ടാവും ... ഞാൻ സമാധാനിച്ചു ..പാലെന്ന് പറയുന്ന സാധനം കട്ടൻചായയുടെ കളറൊന്നു മാറ്റാൻ വേണ്ടി മാത്രം ഉപയോഗിചചീട്ടുണ്ട്.. ഭാര്യക്ക്‌ കൊളസ്‌ട്രോൾ വരരുതല്ലോ.. ഞാൻ അതും സഹിച്ചു ... ഹോ എന്റെയൊരു ക്ഷേമ !!
ഞാൻ ചായപ്പായസം കുടി കഴിഞ്ഞ്‌ ഗ്ലാസ് കഴുകുമ്പോൾ കക്ഷി എന്തൊക്കെയോ സാധനങ്ങൾ ഫ്രിഡ്ജിൽ നിന്നും പെറുക്കിക്കൊണ്ടു വന്ന് അടുക്കളയിൽ മേശപുറത്തു നിരത്തുന്നതു കണ്ടു ... ഞാനിന്നവിടെ ഒരു ഗിനിപ്പന്നിയായി മാറാൻ പോകുന്നതിന്റെ ഒരു ലക്ഷണം!! എന്റെ ശിവനേ !!
ഈ അച്ഛനും അമ്മയ്ക്കും കല്യാണമാലോചിച്ചപ്പോൾ ചെക്കന് കുടിയുണ്ടോ വലിയുണ്ടോ എന്നൊക്കെ അന്വേഷിച്ച കൂട്ടത്തിൽ പാചകത്തിന്റെ അസുഖമുണ്ടോ എന്നുകൂടിയൊന്ന് തിരക്കാമായിരുന്നില്ലേ ?!!
ഇപ്പം ഞാനും പിന്നെ കഴിഞ്ഞ ജന്മത്തിൽ എന്തോ പാപം ചെയ്ത അടുത്ത ഫ്‌ളാറ്റിലെ സുഹൃത്തുക്കളുമാണ് അതിന്റെ ഫലം അനുഭവിക്കുന്നത് !!
വരാൻപോകുന്ന വിപത്തിനെപ്പറ്റി ആലോചിച്ചുകൊണ്ട് ഞാൻ ഉപ്പുമാവുണ്ടാക്കാൻ തുടങ്ങി .....!!
സഞ്ജു പറഞ്ഞു...
"ഡാ ... ഇന്ന് ലഞ്ച് എന്റെ വക ... ഉപ്പുമാവ് കഴിച്ചീട്ട് നീ പോയി ടിവി കണ്ടോ ... ഈ ഭാഗത്തോട്ട് വന്നേക്കല്ലേ .. ഒരു അടിപൊളി പഞ്ചാബി ഐറ്റമാ .. പാവയ്ക്കാ കൊണ്ട് .. എന്റെ ഒരു ഫ്രണ്ട് പറഞ്ഞു തന്നതാ ... പിന്നെ ഒരു പാലക്കാടൻ തക്കാളി രസവും .. ഓക്കേ ? " ...
ഞാൻ ആ സർദാർജി ഫ്രണ്ടിനെ മനസ്സിൽ പ്രാകി ... ഇവനൊക്കെ ഇതിന്റ വല്ല കാര്യവുമുണ്ടോ ..?? ഞാൻ ഇവരോടൊക്കെ എന്തുതെറ്റു ചെയ്തു ?? കഴിഞ്ഞ മാസം തമിഴൻ ഫ്രണ്ട് പറഞ്ഞു കൊടുത്ത റെസിപ്പിയുടെ ഭീകരത ഞാൻ ഇപ്പോഴും മറന്നീട്ടില്ല ... ഇവൻമാരെല്ലാം കൂടി എന്നെ ഒരുവഴിക്കാക്കും !!!
ഇന്ത്യയിൽ ഇനിയും കിടക്കുന്നു വേറെയും സംസ്ഥാനങ്ങൾ.. മിക്കവാറും ഒരു മധ്യപ്രദേശ് വരെയൊക്കെയേ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റൂ ... പിന്നെയൊന്നും കഴിക്കേണ്ടി വരില്ല .. എന്റെ കാര്യം ഒരു തീരുമാനമാകും !
ഞാൻ എന്തു വന്നാലും നേരിടാൻ തയ്യാറായി ... ഉപ്പുമാവ് കഴിച്ച്‌ ഞാൻ ഹാളിലേക്കും നളൻ അടുക്കളയിലേക്കും കയറി ...
ടിവി കാണുവാണെങ്കിലും എന്റെ കാതും മൂക്കും ഒരു പരിധിവരെ കണ്ണുകളും അടുക്കളയിലോട്ടായിരുന്നു ... ഞാൻ ഒന്ന് എത്തിവലിഞ്ഞു നോക്കി ... അടുക്കളക്കതക് അടച്ചിരിക്കുന്നു .. സഞ്ജുവിന്റെ വിശിഷ്ട വിഭവത്തിന്റെ സീക്രട്ട്‌ ഞാനെങ്ങാനും കണ്ടുപിടിച്ചാലോ?? അതിനുള്ള മുൻകരുതൽ ... ഇവിടെ ചോറും സാമ്പാറും ഉണ്ടാക്കാൻ പെടുന്നപാട് എനിക്കറിയാം ... അപ്പഴാ പഞ്ചാബി പാവക്ക!!
കുറച്ചു കഴിഞ്ഞപ്പോൾ സഞ്ജു കതകൽപ്പം തുറന്ന് തലമാത്രം പുറത്തേക്കിട്ട് ചോദിച്ചു
" ഇവിടെ നൂൽ ഉണ്ടോ ??"
"നൂലോ ??!!" ഞാൻ സംശയത്തോടെ ചോദിച്ചു
"ആ നൂൽ .. നമ്മൾ തയ്ക്കാൻ ഉപയോഗിക്കുന്നത് ... " സഞ്ജു വിശദീകരിച്ചു
" ഉണ്ട് .. പക്ഷെ എന്തിനാ ?? ഇപ്പം നൂലുകൊണ്ട് എന്ത് ചെയ്യാൻ പോകുന്നു.. പാവക്ക ഉണ്ടാക്കി കഴിഞ്ഞോ "
" കഴിഞ്ഞില്ല .. ഇനി നൂല് വേണം .. എങ്കിലേ ബാക്കി ചെയ്യാൻ പറ്റൂ "
ഈശ്വരാ !! നൂലുകൊണ്ട് എന്ത് കറി ... ഞാൻ ഇന്ന് എന്തൊക്കെ അനുഭവിക്കേണ്ടിവരും ... !! എന്റെ കണ്ണ് തള്ളി വെളിയിൽ വന്നു
" നീ മിഴിച്ചിരിക്കാതെ വേഗം നൂലെടുത്ത് താ ... എനിക്കൊന്നു കെട്ടാനാ "
" കെട്ടാനോ ?? ആരെ ?? നിങ്ങളെന്നെ ഒന്ന് കെട്ടിയതല്ലേ ??"
" പെണ്ണെ .. തമാശ പറയാതെ ആ നൂലിങ്ങെടുത്തു താ ..ഈ പാവക്കയെ ചുറ്റി കെട്ടാനാ "
ഇതെന്താ ?? പാവക്ക ഇറങ്ങി ഓടുമോ ?? !!ഇങ്ങേര് കെട്ടിയിടാൻ ?? ഞാൻ ഓർത്തു..
ആ എന്തെങ്കിലും ആവട്ടെ .. വരുന്നിടത്തു വെച്ച് കാണാം .. ഞാൻ നൂലെടുത്തു കൊടുത്തു .. നൂല് വാങ്ങി അങ്ങേര് വീണ്ടും കതകടച്ചു ..
"അടുത്ത ഫ്‌ളാറ്റിൽ ഉള്ളവരോട് ഒന്ന് ഫോൺ ചെയ്തു പറഞ്ഞാലോ ?? എങ്ങോട്ടേക്കെങ്കിലും രക്ഷപ്പെട്ടോട്ടെ പാവങ്ങൾ ... " ഞാൻ മനസ്സിൽ ഓർത്തു
സമയം ഒരുമണിയായി .. സഞ്ജു പാചകമോക്കെ കഴിഞ്ഞ്‌ കുളിച്ചു വന്നു ...
"നമുക്ക് ഊണ് കഴിക്കാം..ഞാൻ കുറച്ച് അപ്പുറത്തു കൊടുത്തീട്ടു വരാം.. താൻ എല്ലാം എടുത്തു വെക്ക് .." സഞ്ജു പറഞ്ഞു
" നമ്മൾ ഊണ് കഴിച്ചീട്ട്‌ കൊണ്ടുപോയി കൊടുക്കാം ... അവര് രാവിലെ അമ്പലത്തിൽ പോകും .. കുറച്ചു വൈകിയേ വരൂ എന്ന് ഇന്നലെ പറഞ്ഞായിരുന്നു .."
ഞാൻ അവരെ രക്ഷിക്കാൻ ഒരു ശ്രമം നടത്തി .. സഞ്ജു സമ്മതിച്ചു ... ഞങ്ങൾ കഴിക്കുമ്പോൾ സംഭവം ഫ്ലോപ്പ് ആണെങ്കിൽ സഞ്ജു തന്നെ അവർക്കിതു കൊടുക്കണ്ട എന്ന് പറയുമല്ലോ ..!
ഞങ്ങൾ കഴിക്കാനിരുന്നു.. ഞാൻ ചോറു വിളമ്പിയപ്പോഴേക്കും സഞ്ജു കറികളൊക്കെ എടുത്തു കൊണ്ട് വന്നു .. ഒരു പ്ളേറ്റിൽ അഞ്ചാറു പാവക്ക മുഴുവനോടെ നൂലുകൊണ്ട് ചുറ്റി എണ്ണയിൽ വറുത്തു വെച്ചിരിക്കുന്നു ... സഞ്ജു പതിയെ ആ നൂലിന്റെ ചുറ്റഴിച്ച് പാവക്ക പൊടിയാതെ എടുത്ത് എന്റെ പ്ളേറ്റിൽ വെച്ചു ..
ഞാൻ ഒരുഗ്ളാസ്‌ നിറയെ വെള്ളം എടുത്തു വെച്ചു ..
പാവക്ക വായിലിട്ടു വെള്ളമൊഴിച്ച്‌ ഗുളിക വിഴുങ്ങും പോലെ വിഴുങ്ങാനായിരുന്നു എന്റെ തീരുമാനം ...!! ( സഞ്ജു ഉണ്ടാക്കി തരുന്നതോന്നും ഞാൻ ഇഷ്ടപ്പെട്ടില്ല എന്ന് പറയാറില്ല ...! സഞ്ജു പാചകം ഇനി ചെയ്യില്ല എന്നെങ്ങാനും പറഞ്ഞാലോ 😃.. നൈറ്റ് ഡ്യൂട്ടിയൊക്കെ ഉള്ളപ്പോൾ എനിക്ക് അടുക്കള ബാലികേറാമലയാണ് 😂)
ഞാൻ പാവക്ക മുറിച്ചെടുത്തു ... എന്തോ ഒരു മസാല പാവക്കക്കുള്ളിൽ ഉണ്ട് .., ആ സ്റ്റഫ്ഫ്‌ ചെയ്തത് പുറത്തു പോകാതിരിക്കാനാണ് നൂൽ കൊണ്ട് ചുറ്റിയിരുന്നത് ... !!
സത്യം പറയാമല്ലോ ... എന്റെ എല്ലാ മുൻധാരണകളെയും ഞാൻ തിരുത്തി എഴുതി ... സംഭവം കിടു !! വെറും കിടു അല്ല .. കിക്കിടു !!!
" കൊള്ളാമോ ?" സഞ്ജു ചോദിച്ചു
"അടിപൊളി "... ഞാൻ പറഞ്ഞു
" ചുമ്മാ പറയുവാണോ ?? എന്നെ കളിയാക്കാൻ" സഞ്ജുവിന് സംശയം
"അല്ല സഞ്ജു ... സത്യമായും നല്ലതാ... കൊള്ളാല്ലോ നളൻ "...ഞാൻ പറഞ്ഞത് കേട്ട് സഞ്ജു ഹാപ്പിയായി
അങ്ങനെ അങ്ങനെ പാചകവും .. പരീക്ഷണങ്ങളും .. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി ഞങ്ങൾ ചട്ടിയും കാലവും പോലെ അങ്ങനെ ഇങ്ങനെയൊക്കെ കഴിഞ്ഞു കൂടുന്നു .. സഞ്ജുവിന്റെ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കുന്നു ... 😃😃
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo