Slider

വെളുക്കാൻ തേച്ചത്

0
വെളുക്കാൻ തേച്ചത്
-----------------------------------
വർഷങ്ങൾക്കു മുൻപുള്ള ഒരു വിജയദശമി. ആ ദിവസം രാവിലെ എണീറ്റ്കുളിക്കണം. കുളി കഴിഞ്ഞാൽ നേരെ പൂജാമുറിയിലേക്കു. അപ്പുപ്പൻ അവിടുണ്ടാകും. എല്ലാരും വന്നെത്തിക്കഴിഞ്ഞാൽ പൂജയെടുക്കും. ദുർഗ്ഗാഷ്ടമിക്ക് പൂജ വെച്ചതെല്ലാം ചെറുതായൊന്നു അനക്കും. പാലിൽ പഴവും പഞ്ചസാരയും ചേർത്തഒരു സംഭവമുണ്ട്.. ഒരു സ്പൂണേ കിട്ടൂ, പക്ഷെ അതിന്റെരുചി.. ഹോ..!!
പിന്നെയുമുണ്ട്, കടല പുഴുങ്ങി തേങ്ങാക്കൊത്തിട്ടത്.. അരിപ്പായസം.. പിന്നെ ചന്ദനത്തിരി കുത്തി നിർത്തിയ പഴം.. അതെന്റെ കുത്തകയാണ് ആ പഴത്തിന്റെ രുചി എനിക്കെന്നും ഇഷ്ടമാണ്.
പൂജ വെച്ച അരിയിൽ എല്ലാരും ഹരിശ്രീ എഴുതണം.. ഞങ്ങളുടെ ഈ കലാപരിപാടികളൊക്കെ കണ്ടുകൊണ്ട് അന്ന് ഒരാൾ പൂജാമുറിയിൽ നിൽക്കുന്നുണ്ടായിരുന്നു. കൽക്കണ്ടത്തിലും ഉണക്കമുന്തിരിയിലുമൊക്കെയായിരുന്നു അവന്റെ കണ്ണ്.. അതാണ് എന്റെ ഒരേയൊരു സഹോദരൻ.. വയസ്സ് രണ്ടര കഴിഞ്ഞു. ഇക്കൊല്ലം എഴുത്തിനിരുത്തുമെന്നു 'അമ്മ പറയുന്നുണ്ടായിരുന്നു. വീട്ടിലെ ചടങ്ങെല്ലാം കഴിഞ്ഞു. ഇഡ്ഡലിയും വെള്ളചമ്മന്തിയും കഴിച്ചു..
അലമാരയിൽ നിന്നും പാറ്റാഗുളികയുടെ മണമുള്ള പട്ടുപാവാടയും ഉടുപ്പും അമ്മ എനിക്കെടുത്തുതന്നു. അമ്പലത്തിൽ പോകാനുള്ള യൂണിഫോം ആണത്. ഞാൻ മാത്രമല്ല കുടുംബത്തിലെ പെൺകുട്ടികളെല്ലാം പാവാടയും ഉടുപ്പും ഇട്ടാണ് അമ്പലത്തിൽ പോയിരുന്നത്. എനിക്ക് ഇത്തരത്തിൽ മൂന്നു ഡ്രസ്സ് ഉണ്ടായിരുന്നു. അന്ന് കിട്ടിയത് പൊന്മാൻ നിറത്തിലുള്ള ഒന്നാണ്. തലയിൽ 'അമ്മ പിച്ചിപ്പൂവ് മാല ചൂടിച്ചു. പിന്നെ സഹിക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. അത് അമ്മുമ്മയുടെ വകയാണ്. കണ്മഷി ചൂണ്ടു വിരൽ കൊണ്ട് തോണ്ടിയെടുക്കും എന്നിട്ട് പുരികത്തും കണ്ണിലും വരക്കും.. ബാക്കി ഉള്ളത്കൊണ്ട് കവിളത് ഒരു കുത്തും വെച്ചുതരും. എന്നിട്ടു അതിനുമുകളിൽ കുറെ പൗഡറും.. കണ്ണാടിയിൽ പിന്നെ നോക്കില്ല, കാരണം പിന്നെ എന്നെ കണ്ടാൽ ചന്ദ്രകാന്ത സീരിയലിലെ ക്രൂർസിംഗിനെ പോലിരിക്കും. അന്ന് അനിയനെയും ചുട്ടികുത്തിച്ചു. എല്ലാരും കൂടി അമ്പലത്തിലെത്തി. അവിടാണെങ്കിൽ തിരക്കോടു തിരക്ക്.
അനിയന്റെ ഡ്രസ്സ് മാറ്റി ഒരു നേര്യത് ഉടുപ്പിച്ചു. ഞങ്ങൾ തൊഴുതു വന്നു.. കുറെ നമ്പൂതിരിമാർ കുട്ടികളെ എഴുതിക്കുന്നുണ്ട്. ഉണ്ണിയെ അമ്മുമ്മ ഒരു നമ്പൂതിരിയുടെ അടുത്തുകൊണ്ടുപോയി. അവനാണെങ്കിൽ കാലു നിലത്തു കുത്താതെ നിലവിളിക്കാൻ തുടങ്ങി. ഒരു വിധം അദ്ദേഹം അവനെ മടിയിൽ പിടിച്ചിരുത്തി. അരിയിൽ ആദ്യാക്ഷരം കുറിപ്പിച്ചു.അവൻ കരച്ചിൽ തന്നെ.. അത് കഴിഞ്ഞു ഒരു മോതിരം കൊണ്ട് നമ്പൂതിരി ഉണ്ണിയുടെ നാവിൽ എന്തോ എഴുതി.. അവൻ എണീറ്റുനിന്നു അതൊക്കെ തുപ്പിക്കളഞ്ഞു. ഉടുത്തിരുന്ന നേര്യത് വലിച്ചൂരി ദൂരെയെറിഞ്ഞു.. ഇവനെ മാതൃകയാക്കിയിട്ടാകും അവിടെ കൂടിയിരുന്ന ഒട്ടുമിക്ക കുഞ്ഞുങ്ങളും കരയാൻ തുടങ്ങി. അങ്ങനെ സംഭവ ബഹുലമായ ആ ചടങ്ങു കഴിഞ്ഞു വീട്ടിലെത്തി.
അവനെ എഴുത്തിനിരുത്തിയപ്പോൾത്തന്നെ ചേച്ചിയായ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു.. ഇവനെ എനിക്ക് പഠിപ്പിച്ചു വലിയൊരാളാക്കണം. അന്ന് വൈകിട്ട് രണ്ടാം ക്ലാസ്സിലെ മലയാള പാഠാവലി വായിച്ചിരുന്നപ്പോളാണ് പെട്ടന്ന് ആ ആശയം മനസ്സിലേക്ക് വന്നത്.
"ഉണ്ണീ, മോനിങ്ങ് വന്നേ.. ചേച്ചി ഒരു സൂത്രം കാണിക്കാം"..
അവനോടി വന്നു..ഞാൻ എന്റെ സ്ലേറ്റും പെൻസിലുമായി നിലത്തിരുന്നു. അവന്റെ മുഖം അതിശയം കൊണ്ട് നിറഞ്ഞിരുന്നു.. കാരണം ഞാൻ ഒരിക്കലും എന്റെ സ്ളേററ് അവനെക്കൊണ്ട് തൊടീച്ചിട്ടില്ല..പെന്സില് അവൻ വാങ്ങി. അപ്പോളാണ് ശ്രദ്ധിച്ചത് കക്ഷിക്ക്‌പെന്സില് പിടിക്കാൻപോലും അറിയില്ല. അഞ്ചു വിരലും കൂട്ടിപ്പിടിച്ചു അതിനുള്ളിൽ പെന്സില് വെച്ച് എന്റെ സ്ലേറ്റിൽ കുത്തിവരക്കുന്നു. എന്റെ ബാലപാഠങ്ങളൊന്നും വിലപ്പോയില്ല. അവനത് അവന്റെ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. എന്തായാലും അവൻ ഉറങ്ങും വരെ കാത്തിരുന്നു. ഉറങ്ങി എന്ന് ബോധ്യമായപ്പോൾ സ്ളേററും പെൻസിലുമെടുത്ത് ബാഗിൽ വെച്ചു.
വീണ്ടും ഒരു ഞായറാഴ്ച. അവനെ സൗകര്യത്തിനു ഒത്തുകിട്ടി.ആദ്യം "അ" തൊട്ടു തുടങ്ങാം. പഠിപ്പിച്ചു. എത്ര ശ്രമിച്ചിട്ടും അവൻ "അ" എഴുതുന്നില്ല. എനിക്കങ്ങു ദേഷ്യം വന്നു. കൈയിൽ കിട്ടിയ വടിയെടുത്ത് രണ്ടെണ്ണം അങ്ങ് കൊടുത്തു. അവനെന്നെ ഒന്ന് തുറിച്ചുനോക്കി കാലിൽ കിടന്ന ചെരിപ്പു ഊരി എന്റെ തലമണ്ട നോക്കി ഒരൊറ്റ ഏറു.. പോരാത്തതിന് കയ്യിലിരുന്ന സ്ളേററ് വലിച്ചൊരേറും.
എന്റെ മുഖം മാറുന്നത് കണ്ടിട്ടാകും അവനെണീറ്റു ഓടി അമ്മയുടെ അടുത്ത് ചെന്നു.. ഞാൻ തല്ലിയ പാട് കാണിച്ചുകൊടുത്തു. 'അമ്മ ഭദ്രകാളിയെപ്പോലെ എണീറ്റ് എന്റെ മുന്നിൽ നിന്നു. കയ്യിലിരുന്ന മുരിങ്ങക്ക കൊണ്ട് തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. മുരിങ്ങക്കായ ചതഞ്ഞു അതിനുള്ളിലെ വിത്തൊക്കെ പുറത്തുചാടി. ഏതായാലുംആ സംഭവത്തിനുശേഷം ഞാൻ അദ്ധ്യാപനം തൽക്കാലം നിർത്തി.
പക്ഷെ പ്രശ്‍നം അവിടംകൊണ്ട് തീർന്നില്ല..
അനിയൻ പരീക്ഷക്ക് വലിയ വലിയ മുട്ടകൾ വാങ്ങിക്കൊണ്ടു വരാൻ തുടങ്ങി.. ഞാൻ എവിടെങ്കിലും പോയി ഒളിച്ചിരിക്കാനും..
കാരണം അമ്മയുടെ അഭിപ്രായത്തിൽ ആ മുട്ടക്കെല്ലാം ഉത്തരവാദി ഞാനാണത്രെ..!! 'അവന്റെ മാർക്ക് കണ്ടാൽ 'അമ്മ ആദ്യം എന്നെ ഒന്ന് നോക്കും.. കുനിഞ്ഞു നിൽക്കുന്ന എന്നെ നോക്കി പറയും.. നീ ഒറ്റൊരാൾ കാരണമാണ് ഈ ചെക്കൻ പുസ്തകം വെറുത്തുപോയതെന്നു..!
അതാ പറയുന്നത് ഇക്കാലത്തു ആർക്കും ഒരുപകാരവും ചെയ്യാൻ പാടില്ലെന്ന്.

Uma Pradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo