കവിത
നിന്റെ ഓർമ്മകൾ
തണുത്തുമരവിച്ചെൻ
മനസിൻ മടിത്തട്ടിൽ
ഉറഞ്ഞുകട്ടിയായ
ശിലപോൽ നിന്നോർമ്മകൾ
മനസിൻ മടിത്തട്ടിൽ
ഉറഞ്ഞുകട്ടിയായ
ശിലപോൽ നിന്നോർമ്മകൾ
മറക്കാൻ വിധിച്ചിട്ടും
കാരാഗൃഹത്തിലടച്ചിട്ടും
ഉളിഞ്ഞുനോക്കാറുണ്ടിട -
വേളയിൽ നിന്നോർമ്മകൾ
കാരാഗൃഹത്തിലടച്ചിട്ടും
ഉളിഞ്ഞുനോക്കാറുണ്ടിട -
വേളയിൽ നിന്നോർമ്മകൾ
കറുത്തും കരിവാളിച്ചും
മുഖത്തു ചായംതേച്ചും
ഭയപ്പെടുത്തും രൂപംപോലെ
തെളിയും നിന്നോർമ്മകൾ
മുഖത്തു ചായംതേച്ചും
ഭയപ്പെടുത്തും രൂപംപോലെ
തെളിയും നിന്നോർമ്മകൾ
അകലെ വിഹായസ്സിൽ
പറന്നുമറഞ്ഞൊരാ
ചിറകിൻശബ്ദംപോലെ
പ്രതിധ്വനിക്കും നിന്നോർമ്മകൾ
പറന്നുമറഞ്ഞൊരാ
ചിറകിൻശബ്ദംപോലെ
പ്രതിധ്വനിക്കും നിന്നോർമ്മകൾ
മറവി എന്നകട്ടി
പുതപ്പുപുതച്ചിട്ടും
ഉറക്കംകെടുത്താറുണ്ടീ
നനുനനുത്ത നിന്നോർമ്മകൾ
പുതപ്പുപുതച്ചിട്ടും
ഉറക്കംകെടുത്താറുണ്ടീ
നനുനനുത്ത നിന്നോർമ്മകൾ
മതിയായ് ജീവിതമെന്നു -
റക്കെ കരഞ്ഞപ്പോൾ
പുനർജനിക്കാൻ കാത്തിരുന്നു
നിഴൽപോൽ നിന്നോർമ്മകൾ
റക്കെ കരഞ്ഞപ്പോൾ
പുനർജനിക്കാൻ കാത്തിരുന്നു
നിഴൽപോൽ നിന്നോർമ്മകൾ
കത്തിച്ചുചാമ്പലാക്കി
വർഷങ്ങൾകഴിഞ്ഞിട്ടും
അസ്ഥിത്തറതൻ ദീപംപോലെ
ജ്വലിക്കും നിന്നോർമ്മകൾ
വർഷങ്ങൾകഴിഞ്ഞിട്ടും
അസ്ഥിത്തറതൻ ദീപംപോലെ
ജ്വലിക്കും നിന്നോർമ്മകൾ
നിലവിളക്കിൻ തട്ടമില്ല
ജ്വലിക്കാൻ എണ്ണയില്ല
കത്തിപ്പടരുന്നെന്റെയുള്ളിൽ
എങ്ങിനെ നിന്നോർമ്മകൾ ?
ജ്വലിക്കാൻ എണ്ണയില്ല
കത്തിപ്പടരുന്നെന്റെയുള്ളിൽ
എങ്ങിനെ നിന്നോർമ്മകൾ ?
Jaya.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക