Slider

മധുരപുരാണം

0
മധുരപുരാണം
*******************************************************************************
ഭൂമിയില്‍ നിന്നും ലക്ഷം കോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം ,ആകാശഗംഗകളും,അനന്തമായ കറുത്ത ശൂന്യതകളും ,മൗനമുറഞ്ഞ തമോഗര്‍ത്തങ്ങളും കടന്നു,സൗരയുഥം പോലെയൊരു ചെറുനക്ഷത്രസമൂഹം ഉണ്ട്.അവിടെ കല്‍ക്കണ്ടകഷണത്തിന്റെ ആകൃതിയില്‍ ഒരു ചെറിയ ഗ്രഹമുണ്ട്.ഭൂമിയില്‍ ജനിക്കാനിരിക്കുന്ന ശിശുക്കള്‍ ജീവിക്കുന്ന വിചിത്രമായ ആ ഗ്രഹത്തിന്റെ പേര് ഗ്ലൈക്കോ എന്നാണ്.
ആ ഗ്രഹമാകെ മധുരമയമാണ്.സ്വര്‍ണ്ണമലകളില്‍ ശര്‍ക്കരമരങ്ങള്‍ ചോക്ലേറ്റ് ശിഖരങ്ങളുമായി തണല്‍ വിരിച്ചു നിന്നു.പഞ്ചസാരപ്പാനി ഒഴുകുന്ന അരുവികള്‍.ഉണക്കമുന്തിരിയുടെ രുചിയുള്ള പാറക്കെട്ടുകളില്‍ നിന്നാല്‍ തേന്‍ നിറഞ്ഞ മേഘങ്ങള്‍ ആകാശത്തുകൂടെ മെല്ലെ നീങ്ങുന്നത്‌ കാണാം.പാല്‍ പോലെ വെളുത്ത മൃദുവായ വലിയ കൂണുകളുടെ ഉള്ളില്‍ നഗ്നരായ ശിശുക്കള്‍ വസിച്ചു.അവര്‍ മനുഷ്യരുടെ ചെറുപതിപ്പുകള്‍ പോലെയാണ്.അവിടെയും ഗ്രാമങ്ങളും നഗരങ്ങളും,വ്യാപാരവും ,രാഷ്ട്രീയവുമുണ്ട്.ഭൂമിയില്‍ അവര്‍ ആരായി ജനിക്കണം എന്ന് തീരുമാനിക്കപെടുന്നത് ശിശുക്കളുടെ ഗ്ലൈക്കൊയിലെ ജീവിതത്തിനിടക്ക് ഉണ്ടാകുന്ന തിരിച്ചറിവുകള്‍ മൂലമാണ്.ഗ്ലൈക്കോയില്‍ ജനനവും മരണവുമില്ല.തിരിച്ചറിവുകള്‍ മാത്രം.വെളുത്ത മധുരമുള്ള പാല്‍പ്പാടയില്‍ ഗ്ലൈക്കൊയിലെ അന്തരീക്ഷം മുങ്ങിക്കിടന്നു.നീലച്ചിറകുകള്‍ ഉള്ള പ്രപഞ്ചമാതാവിന്റെ പുത്രിമാര്‍ ആ വെളുത്തപ്പാല്‍പാടയിലൂടെ നീന്തിത്തുടിച്ചുകൊണ്ടിരുന്നു.നീന്തുന്നതിനിടയില്‍ അവര്‍ തിരിച്ചറിവാകുന്ന ശിശുക്കളെ ചുംബിക്കും.ആനിമിഷം ആ ശിശുക്കള്‍ ഗ്ലൈക്കൊയിലെ ജീവിതം ഓര്‍മ്മയില്‍നിന്ന് മറന്നു പാല്‍പ്പാടയിലൂടെ മാഞ്ഞുപോയി ഭൂമിയില്‍ പിറവിയെടുക്കും.ഇതെല്ലാം തന്റെ ദൂരദര്‍ശിനിയിലൂടെ പ്രപഞ്ചത്തിന്റെ പുറത്തുള്ള വലിയ പ്ലാവിന്‍ ചുവട്ടിലെ കൂടാരത്തില്‍ ഇരുന്നുകൊണ്ട് പ്രപഞ്ചമാതാവ് സദാനിരീക്ഷിക്കും.പ്രപഞ്ചമാതാവിന്റെ ശിരസ്സിലെ വെള്ളിത്തലമുടി പോലെ ഒരു വെളുത്തസ്വപ്നമായിരുന്നു ശിശുക്കള്‍ക്ക് ഗ്ലൈക്കോയിലെ ജീവിതം.
കാലങ്ങളായി ഗ്ലൈക്കൊയിലെ ശിശുക്കളുടെ ജീവിതം ,കേക്കിനെ ആശ്രയിച്ചായിരുന്നു.വളരെ ബുദ്ധിമുട്ടേറിയ നിര്‍മ്മാണമായിരുന്നു കേക്കിനു വേണ്ടിയിരുന്നത്.കറുത്ത മധുരതരമായ പാറക്കെട്ടുകളില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന ഉണക്കമുന്തിരിയുടെ രുചിയുള്ള പാറക്കഷ്ണങ്ങള്‍,ഗ്ലൈക്കൊയിലെ ഗ്രാമാന്തരങ്ങളിലെ നെയ്യ് കുഴികളില്‍ നിന്ന് കോരിയെടുക്കുന്ന ബട്ടര്‍,ഉയരമുള്ള മധുരമരങ്ങളില്‍ തെന്നിക്കയറി പറിക്കേണ്ട ചോക്ലേറ്റ് ബാറുകള്‍ തുടങ്ങിയവയായിരുന്നു സാധാരണ ശിശുക്കള്‍ കേക്ക് ഉണ്ടാക്കുവാന്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്.കേക്കിന് ഏറ്റവും രുചി നല്‍കുന്നത് സ്വപ്നങ്ങളുടെ ഇലകളുടെ സത്താണ്.നല്ല കേക്ക് ഉണ്ടാക്കുവാന്‍ വര്‍ഷങ്ങളുടെ മനനവും ,അനേകം മധുരതരമായ സ്വപ്നങ്ങളുടെ ആവശ്യവുമുണ്ടായിരുന്നു.നല്ല കേക്ക് നിര്‍മ്മാതാക്കള്‍ക്ക് ശിശുക്കളുടെ ഇടയില്‍ വലിയ ബഹുമാനവും കീര്‍ത്തിയും ലഭിച്ചു പോന്നു.അതിനുകാരണം ഒരു നല്ല കേക്കിന്റെ രുചി പ്രപഞ്ചമാതാവിന്റെ സുന്ദരിമാരായ പെണ്‍മക്കളെ നീലച്ചിറകുകള്‍ വീശി ശിശുക്കളുടെ അടുത്തെത്തിക്കാന്‍ കഴിഞ്ഞേക്കും എന്നതാണ്.
എങ്കിലും അടുത്തനാളുകളായി കേക്കിനു പഴയപോലെ പ്രസക്തിയില്ല.അതിനുകാരണം നിമിഷനേരം കൊണ്ടുണ്ടാക്കാവുന്ന ഐസ് ക്രീമിന്റെ വരവാണ്. ഏതോ നഗരശിശുവിന്റെ സ്വപ്നത്തിലുദിച്ച ,ഐസ്ക്രീം യന്ത്രം ഗ്ലൈക്കൊയില്‍ ഒരു മധുരവിപ്ലവം തന്നെയുണ്ടാക്കി.യഥാര്‍ത്ഥകഴിവുള്ളവര്‍ മാത്രം കേക്ക് ഉണ്ടാക്കിക്കൊണ്ടിരുന്ന ഗ്ലൈക്കൊയിലെ കാലം ഐസ്ക്രീമിന്റെ വരവോടെ ആര്‍ക്കും മധുരവിഭവം ഉണ്ടാക്കാവുന്ന നിലയിലേക്ക് മാറി.വലിയ കേക്ക് വില്‍പ്പനക്കാരായ ശിശുക്കളുടെ മധുരകൂടാരങ്ങളില്‍ വരിവരിയായി നിന്ന് കേക്ക് വാങ്ങി ഭക്ഷിച്ചുകൊണ്ടിരുന്ന ശിശുക്കള്‍ സ്വന്തം കൂണിനുള്ളില്‍ ഓരോനിമിഷവും ഐസ്ക്രീമുകള്‍ ഉണ്ടാക്കി പങ്കുവയ്കാന്‍ തുടങ്ങി..തിരിച്ചറിവില്‍ നിന്നും വളരെ അകലെയായിരുന്ന ശിശുക്കള്‍വരെ ഈ നിമിഷ ഐസ്ക്രീമുകളിലൂടെ ഗ്ലൈക്കൊയുടെ സ്വപ്നങ്ങളില്‍ ഇടംനേടി.ഇതൊക്കെയാണെങ്കിലും കേക്ക് ഉണ്ടാക്കുന്നവരും ഐസ്ക്രീം ഉണ്ടാക്കുന്നവരും തമ്മില്‍ ഒരു അകലം നിലനിന്നു.ആര്‍ക്കും ഉണ്ടാക്കാവുന്ന ഐസ്ക്രീം,അത് എത്ര നല്ലതാണെങ്കിലും കേക്ക് നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്ന മതിപ്പ് ഐസ്ക്രീം ഉണ്ടാക്കുന്ന ശിശുക്കള്‍ക്ക് ലഭിച്ചില്ല.
പഞ്ചസാരമരുഭൂമികളും ,ധവളനിറമാര്‍ന്ന പാല്‍ക്കട്ടിമലകളും ,മധുരസുഗന്ധിയായ വാനിലാവനങ്ങളും കടന്നുചെന്നാല്‍ ഗ്ലൈക്കൊയിലെ നഗരത്തില്‍ ചെന്നെത്താം.അവിടെ മധുരപതി എന്ന കുടവയറന്‍ ശിശുവായിരുന്നു കേക്ക് വ്യാപാരത്തെ നിയന്ത്രിച്ചുകൊണ്ടിരുന്നത്.പാതിതിന്ന ലഡ്ഡുവിന്റെ ചിത്രമായിരുന്നു മധുരപതിയുടെ വ്യാപാരചിഹ്നം.കേക്ക് നിര്‍മ്മാതാക്കള്‍ അവരുടെ സാമ്പിള്‍ കേക്കുകള്‍ മധുരപതിക്ക് നല്‍കും.മധുരപതിക്ക് ഇഷ്ടമായാല്‍ അതിന്റെ ചേരുവയും നിര്‍മ്മാണരഹസ്യവും സ്വന്തമാക്കും.അധികമാര്‍ക്കും പ്രവേശനമില്ലാത്ത നഗരത്തിലെ ഒരു വലിയ മലയുടെ വലിപ്പമുള്ള കറുത്ത ഹല്‍വയിലായിരുന്നു മധുരപതി ഈ കേക്കുകള്‍ നിര്‍മ്മിക്കുന്നത്.അതിനുശേഷം ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലുമുള്ള പാതിതിന്ന ലഡ്ഡുവിന്റെ ചിഹ്നമുള്ള കൂണ്‍ വ്യാപാരകേന്ദ്രങ്ങളില്‍ ഈ കേക്കുകള്‍ വിറ്റഴിക്കും.ശിശുക്കളെ സംബന്ധിച്ച് പാതിതിന്ന ലഡ്ഡുവിന്റെ ചിഹ്നമുള്ള കേക്കുകള്‍ വിശ്വാസത്തിന്റെ ഭാഗമായിരുന്നു.ഈ കേക്കുകള്‍ വിറ്റ്‌ മധുരപതി സമ്പന്നനായി.കേക്ക് നിര്‍മ്മാതാക്കള്‍ ഗ്ലൈക്കൊയുടെ സ്വപ്നങ്ങളില്‍ പ്രശസ്തരായി.അവര്‍ക്ക് ശിശുക്കളുടെ രാജാക്കന്‍മാര്‍ പുരസ്കാരങ്ങള്‍ നല്‍കി.കേക്ക് നിര്‍മ്മാതാക്കളായ ശിശുക്കളില്‍ പലരും തിരിച്ചറിവ് നേടുന്നതുവരെ ദരിദ്രരായിത്തുടര്‍ന്നു.എങ്കിലും അവര്‍ക്ക് പ്രശസ്തി മതിയായിരുന്നു.അതാകാട്ടെ മധുരപതി തന്റെ സ്വാധീനം മൂലം അവര്‍ക്ക് നല്‍കിപ്പോന്നു.
മന്വന്തരങ്ങള്‍ക്ക് മുന്‍പ് തന്നെ കേക്ക് നിര്‍മ്മാതാക്കളായ ശിശുക്കള്‍ അവരുടെ കേക്ക് രുചികളെകുറിച്ച് പ്രസിദ്ധപ്പെടുത്താന്‍ ‘മധുരപത്രിക’ എന്ന മെനുക്കാര്‍ഡ്‌ രൂപത്തിലുള്ള സ്വപ്നം ആരംഭിച്ചു.മധുരപത്രികയില്‍ നിങ്ങളുടെ കേക്ക് രുചികള്‍ പ്രസിദ്ധികരിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ യഥാര്‍ത്ഥ മധുര നിര്‍മ്മാതാവായിമാറി എന്നാണു വയ്പ്.മധുരപത്രികയില്‍ രുചികള്‍ പ്രസിദ്ധികരിക്കുന്നവരെയാണ് മധുരപതി പെട്ടെന്ന് ശ്രദ്ധിക്കുക.അത് കൊണ്ട്തന്നെ മധുരപത്രികയില്‍ തങ്ങളുടെ കേക്ക് ചേരുവകള്‍ പ്രസിദ്ധികരിക്കാന്‍ മധുരശിശുക്കള്‍ക്ക് ആവേശമായിരുന്നു.പക്ഷെ അവരില്‍ മിക്കവരുടേയും രുചിക്കുറിപ്പുകള്‍ ഗുണംപോരാ എന്ന പേരില്‍ മധുരപത്രികയുടെ പ്രസാധകരായ ശിശുക്കള്‍ തിരിച്ചയച്ചുകൊണ്ടിരുന്നു.നല്ല കേക്ക് നിര്‍മ്മിക്കാന്‍ അറിയാമായിരുന്നിട്ടും മധുരപത്രികയില്‍ തങ്ങളുടെ രുചികള്‍ പ്രസിദ്ധികരിക്കാന്‍ കഴിയാതെ തിരിച്ചറിവ് ലഭിച്ചു ഗ്ലൈക്കൊയില്‍ നിന്ന് മാഞ്ഞുപോയ ശിശുക്കള്‍ എത്രയെത്ര.
ഐസ്ക്രീമിന്റെ വരവ് കേക്കിന്റെ പ്രചാരത്തിനെ കാര്യമായി ബാധിച്ചു.എങ്കിലും മധുരപത്രികയില്‍ പരമ്പരാഗത കേക്ക് നിര്‍മ്മാതാക്കളായ ശിശുക്കള്‍ ഐസ്ക്രീമിനെ അവജ്ഞയോടെ തള്ളി.നിമിഷനേരം കൊണ്ട് ഉണ്ടാക്കാവുന്ന ഐസ്ക്രീം ഗുണമില്ലാത്തവയാണെന്നവര്‍ വാദിച്ചു.ഐസ്ക്രീം യന്ത്രങ്ങളുടെ നിരന്തര ഉപയോഗം ശിശുക്കളുടെ സ്വപ്നങ്ങളുടെ നിറം കുറയ്ക്കും എന്ന് അവര്‍ വാദിച്ചു.
“വര്‍ഷങ്ങളുടെ മനനം കൊണ്ടുണ്ടാക്കുന്നവയാണ് കേക്കുകള്‍.ഐസ് ക്രീം നിര്‍മ്മാതാക്കളായ ശിശുക്കള്‍ എന്തിനാണ് ആ പണിക്ക് പോകുന്നത്?അവര്‍ എന്തിനാണ് തങ്ങളുടെ രുചികള്‍ മധുരപത്രികയിലേക്ക് അയക്കുന്നത് ?സ്വന്തം കൂണുകളുടെ ഉള്ളില്‍ തനിച്ചിരുന്നു സ്വയം ഉണ്ടാക്കിയ ഐസ്ക്രീമില്‍ ആനന്ദിച്ചാല്‍ പോരെ അവര്‍ക്ക് ?” വിവാദം മൂത്തപ്പോള്‍ കേക്ക് നിര്‍മ്മാതാക്കളിലെ കുടവയറനായ ഒരു വെള്ളശിശു മധുരപത്രികയില്‍ കുറിച്ചു.ആ സ്വപ്നം എല്ലാ ഐസ് ക്രീം ശിശുക്കളുടെയും ഉറക്കത്തിനെ അലട്ടി.
പതിയെപ്പതിയെ ഐസ് ക്രീം കൂട്ടായ്മകള്‍ രൂപപ്പെട്ടു.സ്ട്രോബറിക്കാടുകളില്‍ മധുരക്കൂണുകളുടെ ചുവട്ടില്‍ ശിശുക്കള്‍ തങ്ങളുടെ പുതിയ ഐസ് ക്രീമുകള്‍ പ്രദര്‍ശിപ്പിച്ചു.നല്ല ഐസ് ക്രീം നിര്‍മ്മാതാക്കളെ പ്രകീര്‍ത്തിച്ചു മറ്റുള്ള ശിശുക്കള്‍ മധുരഗാനങ്ങള്‍ ആലപിച്ചു.എങ്കിലും സ്ട്രോബറിക്കാടുകളിലെ അത്തരം കൂട്ടായ്മകളില്‍ വന്ന ഐസ് ക്രീമുകളില്‍ പലതിനും മധുരം കുറവായിരുന്നു.അവ കഴിച്ചു തിരിച്ചറിവ് നേടുന്നവര്‍ വളരെക്കുറവായിരുന്നു.
“യഥേഷ്‌ടം ഐസ് ക്രീം ഉണ്ടാക്കാന്‍ സാധിക്കുന്ന അവസ്ഥയാണ് ഇതിനു കാരണം.യാതൊരു മനനവുമില്ലാതെ ഒരു സ്വപ്നം പോലും സ്വന്തമായി ഇല്ലാത്ത ശിശുക്കള്‍ വരെ യന്ത്രങ്ങള്‍ ഉപയോഗിച്ചു യാതൊരു ഗുണവുമില്ലാത്ത ഐസ് ക്രീം ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു.”ഐസ് ക്രീമുകളും കേക്കുകളും ഉണ്ടാക്കുന്ന ശിശുക്കള്‍ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടു.
“പുതിയ യുഗത്തില്‍ ഐസ് ക്രീം യന്ത്രങ്ങള്‍ ആധിപത്യം സ്ഥാപിക്കും.കേക്കുകളുടെ രുചി പതിയെ എല്ലാവരും മറക്കും.ഗ്ലൈക്കൊയിലെ പുതിയ ശിശുക്കള്‍ക്ക് ഐസ് ക്രീം മാത്രം മതി.കേക്കുകള്‍ നിര്‍മ്മിക്കുവാന്‍ പാടാണ്.അതിനെക്കാളും വളരെ എളുപ്പമാണ് ഐസ്ക്രീമുകള്‍ ഉണ്ടാക്കിത്തിന്നുവാന്‍.”
ഐസ്ക്രീംവാദികളായ ശിശുക്കള്‍ പറഞ്ഞു.എങ്കിലും അവരും ഉള്ളിന്റെയുള്ളില്‍ തങ്ങളുടെ ഐസ്ക്രീമുകള്‍ മധുരപതിയുടെ പാതി തിന്ന ലഡ്ഡുവിന്റെ ചിഹ്നത്തോട്കൂടി മധുരശാലകളില്‍ വില്‍പ്പനക്ക് വയ്ക്കുന്നതും ,അങ്ങിനെ അവര്‍ പ്രശസ്തരാകുന്നതും രഹസ്യമായി സ്വപ്നം കണ്ടു.
ഗ്ലൈക്കോയില്‍ നടക്കുന്ന കാര്യങ്ങള്‍ പ്ലാവിന്‍ചുവട്ടിലെ കൂടാരത്തില്‍ പ്രപഞ്ചമാതാവ് ദൂരദര്‍ശിനിയിലൂടെ കണ്ടുകൊണ്ടിരുന്നു.പുതിയ യുഗത്തിലെ ഈ മധുരവിവാദം ശിശുക്കളുടെ തിരിച്ചറിവ് നേടുന്നതിനെ ബാധിക്കുന്നതായി നീലച്ചിറകുള്ള അദൃശ്യമാലാഖമാര്‍ തങ്ങളുടെ തപ്തനിശ്വാസങ്ങളിലൂടെ മാതാവിനെ അറിയിച്ചു.
ഗ്ലൈക്കൊയിലെ മാറ്റങ്ങള്‍ ഭൂമിയിലും ബാധിക്കുകയാല്‍ പ്രപഞ്ചമാതാവ് ദീര്‍ഘമായി നിശ്വസിച്ചു.ആ നിശ്വാസത്തിന്റെ ഊഷ്മളതയില്‍ ഗ്ലൈക്കൊയിലെ വിജനമായ ബദാം മലകള്‍ക്കിടയിലെ ഒരു മധുരഗ്രാമത്തിലെ കൂണിന്‍ചുവട്ടില്‍ ഒരു ശിശു ഉറക്കമുണര്‍ന്നു.അവന്റെ പേര് സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നു.സ്വപ്നത്തില്‍ അവന്‍ അതിരുചികരമായ ഒരു ഐസ് ക്രീം രുചിക്കൂട്ട് ദര്‍ശിച്ചു.
അവന്‍ ബദാംമലകളിലൂടെ പിച്ചവച്ചു.പാലരുവികളിലൂടെ നീന്തി അവന്‍ സ്ട്രോബറിക്കാടുകളില്‍ എത്തി. അതിരുചികരമായ ആ ഐസ് ക്രീം അവന്‍ കൂട്ടായ്മകളില്‍ പങ്കുവച്ചു.അവന്റെ ഐസ്ക്രീം രുചിച്ച ശിശുക്കള്‍ അത്ഭതചിത്തരായി.
“സന്തോഷത്തിന്റെ ഒരായിരം തേന്‍മന്നകള്‍ പൊഴിഞ്ഞുവീഴുന്നത് പോലെ.ലക്ഷക്കണക്കിന് പാലടകള്‍ ഒരു നിമിഷം കൊണ്ട് രുചിച്ചത് പോലെ.”അത് കഴിച്ച ശിശുക്കള്‍ സന്തോഷംകൊണ്ട് കരഞ്ഞുപറഞ്ഞു.അവരുടെ കണ്ണിരിന്റെ മധുരഗന്ധം തിരഞ്ഞു മാലാഖമാര്‍ തിരിച്ചറിവിന്റെ ചുംബനങ്ങളുമായി പറന്നുവന്നു.മറ്റ് ഐസ് ക്രീം ശിശുക്കള്‍ അവനോട് ഇങ്ങനെ പറഞ്ഞു.
“സിദ്ധാര്‍ത്ഥ ,നീ പോവുക .നിന്റെ ഈ ഐസ് ക്രീം ഗ്ലൈക്കോ മുഴുവന്‍ അറിയപ്പെടാന്‍ അര്‍ഹമാണ്.എന്നാല്‍ സ്ട്രോബറി കൂട്ടായ്മകളിലെ ഈ പങ്കുവയ്ക്കലിനു വലിയ വിലയില്ല.മധുരപതിയുടെ പാതിതിന്ന ലഡ്ഡുവിന്റെ ചിഹ്നവുമായി നിന്റെ ഐസ് ക്രീമുകള്‍ ,അവരുടെ വില്‍പ്പനശാലകളിലൂടെ വിറ്റാലെ ശിശുക്കളുടെ ലോകത്തിലെ മധുരസ്വപ്നങ്ങളില്‍ നീ നിറയൂ..അത് കൊണ്ട് പോയി മധുരപതിയെ കാണുക.മധുരാപതി നിന്റെ ഐസ് ക്രീം തിരഞ്ഞെടുത്താല്‍ നീ ഭാഗ്യവാന്‍.എങ്കില്‍ ഗ്ലൈക്കൊയിലെ മധുരവസന്തങ്ങള്‍ മുഴുവന്‍ ഇനി നിനക്കാണ്.”
അവന്‍ തന്റെ ഐസ് ക്രീമുമായി പ്രതീക്ഷയോടെ സ്ട്രോബറിക്കാടുകളില്‍ നിന്ന് നഗരത്തിലേക്ക് പിച്ചവച്ചു.വെളുത്ത ക്രീം കടലുകള്‍ നീന്തി റൊട്ടിക്കുന്നുകള്‍ കയറി ഗ്ലൈക്കൊയുടെ സൂര്യന്‍ അസ്തമിക്കുന്ന ഒരു ചുവന്ന സന്ധ്യാനേരത്ത് അവന്‍ ശിശുക്കളുടെ നഗരത്തില്‍ എത്തി.പാതിതിന്ന ലഡ്ഡുവിന്റെ ചിഹ്നമുള്ള ഗേറ്റിനരികില്‍ മധുരാപതിയുടെ ഹല്‍വക്കൊട്ടാരത്തിനു മുന്നില്‍ സിദ്ധാര്‍ത്ഥന്‍ കാത്തുനിന്നു.അല്‍പ്പനേരം കഴിഞ്ഞു അവന്‍ കുടവയറന്‍ ശിശുവിന്റെ അരികിലേക്ക് ,വെളുത്ത മധുരാപതിയുടെ മുന്‍പിലേക്ക് ,ആനയിക്കപെട്ടു.
മധുരപതി അവന്റെ ഐസ്ക്രീം അല്‍പ്പം രുചിച്ചു.പരമ്പരാഗത കേക്ക് നിര്‍മ്മാതാക്കളും ജിലേബിയുടെ തല്‍പ്പങ്ങളില്‍ ഇരുന്നു കൊണ്ട് മധുരാപതിയോടൊപ്പം ഐസ്ക്രീം രുചിച്ചു.അവരാണ് മധുരപതിക്ക് മധുരങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉപദേശം നല്‍കുന്നത്.
“വലിയ കുഴപ്പമില്ല.” കുടവയറന്‍ ശിശു അല്പം നൊട്ടി നുണഞ്ഞുകൊണ്ട് അഭിപ്രായപ്പെട്ടു.
“ലേശം പുതുമയുണ്ട്.പക്ഷെ പാതിതിന്ന ലഡ്ഡുവിന്റെ ചിഹ്നത്തില്‍ ഇത് വ്യാപാരശാലകളില്‍ വില്കുവാന്‍ യോഗ്യമാണോ?” ഒരു കേക്ക് ശിശു ചോദിച്ചു.
“സിദ്ധാര്‍ത്ഥന്‍,നീ മധുരപത്രികയില്‍ എത്ര രുചികള്‍ എഴുതിയിട്ടുണ്ട്?” വേറൊരു ശിശു ചോദിച്ചു.
“ഞാന്‍ ,ഒന്നും എഴുതിയിട്ടില്ല.” അവന്‍ ജാള്യതയോടെ പറഞ്ഞു.
“ഹാ,ലജ്ജാവഹം...ഇതാണ് ഈ ഐസ്ക്രീം കാലത്തിന്റെ കുഴപ്പം.പിന്നെ എന്തിനാണ് നീ ഈ ഹല്‍വകൊട്ടാരത്തില്‍ വന്നത്?” ജിലേബിയുടെ തല്‍പ്പത്തില്‍ പിച്ചവച്ച് കൊണ്ടിരുന്ന ഒരു ശിശു ഞെട്ടിക്കൊണ്ട് ചോദിച്ചു.
“ഒരുകാര്യം ചെയ്യാം.”കുടവയറന്‍ മധുരപതി സഹതാപപൂര്‍വ്വം അവനോടു പറഞ്ഞു.
“ഞങ്ങള്‍ പാതിതിന്ന ലഡ്ഡുവിന്റെ ചിഹ്നത്തില്‍ ഈ ഐസ്ക്രീം വില്‍ക്കാം.പക്ഷെ ഒരു ഐസ്ക്രീമിനു നൂറു വരാഹന്‍ വച്ച് നീ എനിക്ക് മുന്‍‌കൂര്‍ തരണം.ഒരു ഐസ്ക്രീം വില്‍ക്കുമ്പോള്‍ പതിനഞ്ചു വരാഹന്‍ നിനക്ക് തരും.”
സിദ്ധാര്‍ത്ഥന്‍ അത് കേട്ട് ഞെട്ടി.
“നീ ഞെട്ടണ്ട.പാതിതിന്ന ലഡ്ഡുവിന്റെ ചിഹ്നം ഉള്ളത് കൊണ്ട് നിന്റെ ഐസ് ക്രീം അതിവേഗം വിറ്റ്‌പോകും.ഏതോ സ്ട്രോബറിക്കാട്ടിലെ ഐസ് ക്രീം കൂട്ടായ്മയില്‍ ഒരു സ്വപ്നം പോലുമില്ലാതിരുന്ന നിനക്ക് ഞങ്ങളുടെ പാതിതിന്ന ലഡ്ഡു ഒരു വിലാസം നല്‍കും.അതിന്റെ വിലയാണ് ഈ നൂറു വരാഹന്‍.”മധുരപതി പറഞു.
“പക്ഷെ നിങ്ങളുടെ വ്യാപാരശാലകളില്‍ എന്റെ എത്ര ഐസ്ക്രീം വിറ്റുവെന്ന് ഞാന്‍ എങ്ങിനെ അറിയും.??” അവന്‍ നിഷ്കളങ്കമായി ചോദിച്ചു.
“ഞങ്ങള്‍ കള്ളം പറയാറില്ല.” അത് പറഞ്ഞുകൊണ്ട് മധുരപതി കുടവയര്‍ കുലുക്കി ചിരിച്ചു.മറ്റ് ശിശുക്കളും ചിരിച്ചു.അവരുടെ ചിരിയുടെ പ്രകമ്പനതരംഗങ്ങള്‍ മധുരലോകം കടന്നു പ്ലാവിന്‍ചുവട്ടില്‍ ഉറക്കംതൂങ്ങിയിരുന്ന പ്രപഞ്ചമാതാവിനെ ഉണര്‍ത്തി.യുഗദു:ഖങ്ങള്‍ തീര്‍ത്ത ചുളിവുകള്‍ വീണ കൈനീട്ടി പ്രപഞ്ചമാതാവ് ദൂരദര്‍ശിനിയെടുത്ത് മധുരലോകത്തിലേക്ക് നോക്കി.
മധുരാപതിയുടെ വാഗ്ദാനം സ്വീകരിക്കാന്‍ സിദ്ധാര്‍ഥനു കഴിഞ്ഞില്ല.അവന്‍ ഹല്‍വകൊട്ടാരത്തിന് പുറത്തിറങ്ങി.അവനു ആകെ ഉണ്ടായിരുന്നത് തന്റെ ഐസ്ക്രീമിലുള്ള വിശ്വാസമായിരുന്നു.
ശിശുക്കളുടെ നഗരത്തിലെ തെരുവില്‍ ,അടര്‍ന്നുതീരാറായ ഒരു മധുരക്കൂണിനു ചുവട്ടില്‍ അവന്‍ ഐസ്ക്രീം വില്‍പ്പന തുടങ്ങി.ആദ്യം കച്ചവടം തീരെകുറവായിരുന്നു.എന്നാല്‍ അവന്റെ ഐസ്ക്രീം രുചിച്ച നഗരശിശുക്കള്‍ അത് വീണ്ടും വീണ്ടും വാങ്ങി.അവന്റെ സ്വപ്നം വലുതായി.അതിവേഗം അവന്റെ ഐസ് ക്രീം വില്‍പ്പന വിപുലമായി.തെരുവിലെ രണ്ടുമൂന്നു കൂണുകളില്‍ കൂടി അവന്‍ കച്ചവടം ആരംഭിച്ചു.
ഇതിനിടെ പാതിതിന്ന ലഡ്ഡുവിന്റെ വ്യാപാരശാലകളില്‍ സിദ്ധാര്‍ത്ഥന്റെ ഐസ്ക്രീം തിരഞ്ഞു മധുരാന്വേഷികളായ ശിശുക്കള്‍ വന്നു.അങ്ങനെ അവന്റെ വിജയം മധുരപതിയുടെ ചെവിയിലുമെത്തി.പക്ഷെ മധുരപത്രികയില്‍ കേക്ക് നിര്‍മാതാക്കള്‍ അവന്റെ വിജയത്തെ തമസ്ക്കരിച്ചു കൊണ്ടെഴുതി.
“മധുരപത്രിക വായിച്ചിട്ട്‌ പോലുമില്ലാത്ത സിദ്ധാര്‍ത്ഥന്റെ ഈ വിജയം നൈമിഷികമാണ്.പരമ്പരാഗത മധുരത്തിന്റെ യാതൊരു ഗുണവുമില്ലാത്തതാണ് അവന്റെ ഐസ് ക്രീം.” ലേഖകന്‍ രോഷംകൊണ്ടു.പക്ഷെ ആ ലേഖനം സിദ്ധാര്‍ത്ഥനെ കൂടുതല്‍ പ്രശസ്തനാക്കുകയാണ് ചെയ്തത്.
അതിവിദൂരങ്ങളായ മധുരഗ്രാമങ്ങളില്‍ നിന്ന് വരെ ശിശുക്കള്‍ അവന്റെ ഐസ്ക്രീമിനായി നഗരത്തിലേക്ക് പിച്ചവച്ചു.വിവരങ്ങള്‍ അറിഞ്ഞു ഹല്‍വകൊട്ടാരത്തില്‍ പാതിതിന്ന ലഡ്ഡുവിന്റെ ചിഹ്നമുള്ള തല്പത്തില്‍ ഇരുന്നു മധുരപതി ചിന്താവിഷ്ടനായി.ഇതിനിടെ സിദ്ധാര്‍ത്ഥന്‍ ഒരു പുതിയ ഐസ് ക്രീം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന വിവരം മധുരാപതി അറിഞ്ഞു.അതുകൂടി ആയാല്‍ മധുരലോകം കീഴടക്കുവാന്‍ സിദ്ധാര്‍ത്ഥനു കഴിഞ്ഞേക്കും എന്ന് മധുരപതി ഭയന്നു.
അങ്ങനെ ഗ്ലൈക്കൊയുടെ സൂര്യന്‍ അസ്തമിക്കുന്ന മറ്റൊരു ചുവന്ന സന്ധ്യാനേരത്ത് , സിദ്ധാര്‍ഥന്റെ കൂണിനുള്ളില്‍ ആ അനിവാര്യമായ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി.യുഗങ്ങള്‍ സംക്രമിക്കുന്ന ആ അപൂര്‍വസന്ധ്യയിലെ രംഗം കാണാന്‍ പ്രപഞ്ചമാതാവ് ഉറക്കത്തില്‍ നിന്നെഴുന്നേറ്റു.
“നീ വിജയിച്ചിരിക്കുന്നു സിദ്ധാര്‍ത്ഥ,നിന്റെ അടുത്ത ഐസ് ക്രീം ചേരുവകള്‍ എനിക്ക് തരിക.പതിനായിരം വരാഹന്‍ നിന്റെ പ്രതിഫലം.പാതിതിന്ന ലഡ്ഡുവിന്റെ ചിഹ്നത്തില്‍ നിന്റെ ഐസ് ക്രീം ഈ നഗരം മാത്രമല്ല പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളില്‍വരെ എത്തും.നീ കീര്‍ത്തിമാനാകും.”മധുരപതി അവനോടു പറഞ്ഞു.
അവന്‍ അത് കേട്ട് ഞെട്ടി.അത്ര വലിയ പ്രതിഫലം മധുരത്തിന് ഒരു ശിശുവിനും ലഭിച്ചിട്ടില്ല.പക്ഷെ അവന്‍ ചിന്താഭാരം കൊണ്ട് കുഴഞ്ഞു.
“എനിക്ക് അതിനെക്കുറിച്ച് ആലോചിക്കണം.ഒരു തീരുമാനമെടുക്കാന്‍ എനിക്ക് കഴിയുന്നില്ല.”അവന്‍ പറഞ്ഞു.
സിദ്ധാര്‍ത്ഥന്‍ ആശയകുഴപ്പത്തില്‍ മുങ്ങി.മധുരാപതി അവന്റെ അരികിലേക്ക് വന്നു. സിദ്ധാര്‍ത്ഥന്റെ കണ്ണുകളില്‍ മധുരാപതി തന്നെത്തന്നെ കണ്ടു.യുഗങ്ങള്‍ക്ക് മുന്‍പ് ഒരു കേക്കുമായി നഗരത്തില്‍ വന്ന മധുരാപതി എന്ന ശിശു.അന്നത്തെ കേക്ക് നിര്‍മ്മാതാക്കള്‍ തഴഞ്ഞതിനു ശേഷം സ്വന്തമായി കേക്ക് ഉണ്ടാക്കി മധുരമലകളിലൂടെ പിച്ചവച്ചു കച്ചവടം വളര്‍ത്തിയ മധുരാപതി.ഒരിക്കലും പരാജയത്തോട് അടിയറവ് പറയാന്‍ കഴിയാത്ത മധുരപതി.തന്റെ ആത്മവിശ്വാസത്തിന്റെ അതേ അഗ്നിസ്ഫുലിംഗങ്ങള്‍ സിദ്ധാര്‍ത്ഥന്റെ കണ്ണുകളില്‍ മധുരപതി ദര്‍ശിച്ചു.കുടവയറു തടവി ശിശു ഇങ്ങനെ പറഞ്ഞു.
“സിദ്ധാര്‍ത്ഥ നിന്റെ വിജയം താത്കാലികമാണ്.ഈ നഗരത്തില്‍ മാത്രം ഒതുങ്ങുന്ന വിജയം.മധുരലോകം മുഴുവന്‍ നിന്റെ ഐസ് ക്രീമുകള്‍ എത്തണമെങ്കില്‍ പാതിതിന്ന ലഡ്ഡുവിന്റെ വിപുലമായ വ്യാപാര ശ്രംഗല ആവശ്യമാണ്.നിനക്ക് ലഡ്ഡുവിനെ തോല്‍പ്പിക്കാന്‍ കഴിയില്ല.”
യുഗങ്ങളായി മധുരശിശുക്കളെ ഭയപ്പെടുത്തിയ ആ വാചകം മധുരാപതി അവനോടും പറഞ്ഞു.
ആ നിമിഷം നീലച്ചിറകുള്ള മാലാഖമാര്‍ സിദ്ധാര്‍ത്ഥനെ ചുംബിച്ചു.തിരിച്ചറിവിന്റെ ഊഷ്മളതയില്‍ അവന്‍ പാല്‍പ്പാടയിലൂടെ അനന്തതമായ മൗനത്തിലേക്ക് മാഞ്ഞുപോയി.
ദൂരെ പ്ലാവിന്‍ചുവട്ടിലെ തണലില്‍ ഇരുന്ന പ്രപഞ്ചമാതാവ് ഭൂമിയിലേക്ക് തന്റെ ദൂരദര്‍ശിനി തിരിച്ചു.
ഭൂമിയില്‍ ഒരു കുഞ്ഞു ജനിക്കുന്നുതു മാതാവ് കണ്ടു..അവന്റെ നിര്‍മ്മലമായ മനസ്സില്‍ കവിതകളും കഥകളും എഴുതാനുള്ള നിറങ്ങള്‍ ചാര്‍ത്താന്‍ അവിടുന്ന് നീലച്ചിറകുള്ള മാലാഖമാരെ ആ ശിശുവിന്റെ സ്വപ്നങ്ങളിലേക്ക് പറഞ്ഞയച്ചു.
(അവസാനിച്ചു)
കുറിപ്പ് :
സാഹിത്യരചനയെപ്പറ്റിയുള്ള ആഢ്യധാരണകളുടെ തകര്‍ച്ചക്ക് ഫെയ്സ് ബുക്ക് രചനകള്‍ വലിയ തോതില്‍ വഴിവെച്ചിട്ടുണ്ട്.ഫെയ്സ്ബുക്ക് എല്ലാവരെയും സാഹിത്യകാരന്‍മാരാക്കി.പുസ്തകപ്രസാധനം വീണ്ടും തരംഗമാവുന്നു.എങ്കിലും അച്ചടിസാഹിത്യവും സോഷ്യല്‍ മീഡിയ സാഹിത്യവും തമ്മില്‍ ഒരു വിടവ് ഇപ്പോഴും നിലനില്‍ക്കുന്നു.
ഗ്ലൈക്കോ :മധുരത്തിന്റെ ഗ്രീക്ക് വാക്ക്

Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo