Slider

എന്നിലൂടെ….

4



നദി എന്നോട് ചോദിച്ചു
എന്നിലൂടൊഴുകാൻ വരുന്നോന്ന്.. 
ഇല്ലെന്നു തലയാട്ടി ഞാൻ ഉള്ളാലെ ചിരിച്ചു 
ശാന്തമായൊഴുകുന്ന നിന്റെ-
അകത്തളത്തിലൊളിപ്പിച്ചു വെച്ച ഭയാനകതയോർത്ത്... 

                           ഇരുട്ട്....
                         ആരും കാണാതെ കരയാൻ നീയാണുത്തമം 
                         ലോകമറിയാതെ നിന്റെ ഇരുണ്ട ചുമലിൽ തല ചായ്ച്ചു കരയാം
                         പക്ഷെ വേണ്ട..
                        ‘പാതിരാപ്പിച്ചിചീന്ത’ലിനു  മൂകസാക്ഷിയാവുന്ന-
                         നിന്റെ ഉള്ളു നിറയെ ഇരുട്ടാണെന്ന തിരിച്ചറിവ്.. 
                         വെറുപ്പ് കലർന്ന അവഗണന സമ്മാനിച്ച്, 
                         തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി.. 

പിന്നെ മഴ വന്നു..
നീർതുള്ളിയാൽ തഴുകിയെന്നെ കൂടെ കൂട്ടാനൊരുങ്ങി.. 
മഴയൊരു മാസ്മരികതയാണ്..സന്തോഷമാണ്.. 
പക്ഷെ.. 
പേമാരിയുടെ കുത്തൊഴുക്കിൽ-
വ്യക്തിത്വം ചോർന്നുപോവുമെന്ന തിരിച്ചറിവ് തിരികെ നടത്തി..
 
                         ആകാശം.. 
                        നക്ഷത്രങ്ങളെ, അനന്തതയെ, മേഘങ്ങളെ, അമ്പിളിമാമനെ..
                        അങ്ങിനെ പലതും കാട്ടിത്തരാമെന്നു മോഹിപ്പിച്ചു വിളിച്ചു നോക്കി.. 
                        ഇവയൊക്കെ എനിക്ക് പ്രിയപ്പെട്ടവ തന്നെ..
                         എങ്കിലും.. 
                         നിറം മാറുന്ന നിന്നെ എനിക്ക് വേണ്ട.. 
                         ഇരുണ്ടതും, തെളിഞ്ഞതും ഇടക്കിടയ്ക്ക്.. 
                         അത്സ്ഥിരതയില്ലായ്മ’യാണ് 
                         എങ്ങിനെ വിശ്വസിക്കും?
                         സ്നേഹപൂർവ്വം വിളി കേട്ടില്ലെന്നു നടിച്ചു..
കാട്.. 
ഞാൻ വരുന്നില്ല.. വിളിക്കണ്ട 
നിന്റെ നിശബ്ദത, ഇടയ്ക്കിടയ്ക്കുള്ള ഘോരശബ്ദങ്ങൾ..
എന്നെ പേടിപ്പെടുത്തുന്നു..
 
                         മലനിരകൾ.. 
                         പുറമെ നിന്ന് നോക്കുമ്പോൾ-
                         ശാന്തമായ പച്ചപ്പരവതാനി.. 
                         ഇടയിലൂടെ വെള്ളവരകൾ പോലെ നീരൊഴുക്ക്.. 
                         എല്ലാം സുന്ദരം, ശാന്തം.. 
                         എന്നാലും..
                         പാറക്കെട്ടുകൾക്കിടയിലൊളിപ്പിച്ചു വെച്ചകെണി
                         അതെന്നെ പുറകോട്ടു നടത്തി.. 

പിന്നെയും ആരൊക്കെയോ വന്നു.. 
അമ്പിളിമാമൻ..
‘കിട്ടാക്കനി’യാണെന്ന ബോധ്യം-
കണ്ണടയ്ക്കാൻ പ്രേരിപ്പിച്ചു.. 
കടൽ..
നിന്റെ ഭയാനകത എന്നെ തളർത്തുന്നു.. 
പൂക്കൾ..
പല നിറം, മണം, രൂപം.. 
ഒന്നിന് ഭംഗിയുണ്ടെങ്കിലും, 
സ്നേഹത്തിന്റെ ഗന്ധമില്ല..
മറ്റൊന്നിനു നല്ല നിറവും, മണവും 
പക്ഷെഉൾഭംഗി’യില്ല 
മൊത്തമായങ്ങ്‌  വേണ്ടാന്നു വെച്ചു..
 
                         ഒടുവിൽ നിലാവ് വന്നു..
                         എന്നെ നോക്കി ശാന്തമായി ചിരിച്ചു 
                         നിലാവ് സുതാര്യമാണ്, ശാന്തമാണ്.. 
                         അടിയൊഴിക്കില്ല, ഇരുട്ടറകളില്ല,സ്ഥിരതയില്ലായ്മയില്ല.. 
                         നിശബ്ദതയുടെ ശ്വാസം മുട്ടൽ ഭേദിക്കാൻ- 
                         ചീവീടുകൾ കൂട്ടിനും.. 
                         തിരികെയൊരു ചിരി സമ്മാനിച്ച്, 
                         നീ എന്നിലേക്ക്വിതറിയ നേർവെളിച്ചത്തിന്റെ ചുവടു പിടിച്ച്,
                         ഞാൻ നടന്നു നീങ്ങുകയാണ്.. 
                         എന്റെ നിലാവിന്റെ കൂടെ.. 


Dr. D. Sruthi
IISc, Bangalore
4
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo