നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജീവിതം സഫലം



" ഒരു കാര്യം പറയാനാണ് വിളിച്ചത് .മുൻകൂട്ടി അറിയിച്ചില്ല എന്ന് വേണ്ട .നിങ്ങളുട മകളും ഞാനും തമ്മിൽ പ്രണയത്തിലാണ് ..നാളെ കല്യാണ മണ്ഡപത്തിൽ കയറും മുന്നേ അവളെന്റെ ഒപ്പം വരും ."
ഫോൺ കാൾ കട്ട് ആയി .ഒറ്റ നിമിഷം കൊണ്ട് അയാളെ വിയർപ്പിൽ കുതിർന്നു .
" ഇതാരാണ്? താൻ എന്ത് ചെയ്യും ?'
അയാൾ വീടിനുള്ളിലേക്ക് നോക്കി ,,മകൾ കൂട്ടുകാരികൾക്കൊപ്പം ആണ് .അവർ അവൾക്കു മയിലാഞ്ചി ഇട്ടു കൊടുക്കുന്നു .അവരുടെ പൊട്ടിച്ചിരികൾ കേൾക്കാം .ബന്ധുക്കൾ അവിടെയുമിവിടെയുമായി ചിതറി നിൽക്കുന്നു . അയാൾക്ക്‌ നെഞ്ച് വിങ്ങി കഴയ്ക്കും പോലെ തോന്നി. രാത്രി ആയിരിക്കുന്നു .നാളെ രാവിലെ പത്തു മണിക്കാണ് കല്യാണം. .കല്യാണ ആലോചനകൾ വന്നു തുടങ്ങിയപ്പോൾ തന്നെ ചോദിച്ചിരുന്നു
" ആരെങ്കിലും മനസിലുണ്ടോ മോളെ ?"
" ആ ഉണ്ട് " കുറുമ്പൊടെ പാറുക്കുട്ടി പറഞ്ഞു
" ആരാ ?'
" എന്റെ ഈ അച്ഛൻ കുട്ടി "അവൾ പൊട്ടിച്ചിരിച്ചു
അമ്മയില്ലാതെ വളർന്ന കുഞ്ഞാണ് .തന്റെ നെഞ്ചിൽ കിടത്തി വളർത്തിയ മകൾ . .വളർന്നിട്ടും ചില രാത്രികളിൽ ഓടിവരും
" മിസ്റ്റർ മാധവൻ അല്പം നീങ്ങി കിടക്കു ...ഇന്ന് പാറു ഇവിടെയാ കിടക്കുന്നെ ..."
എന്തിനും ഏതിനും തമാശ ,,നല്ല ധൈര്യവും .അവളുടെ അമ്മയെ കണക്കു തന്നെ. പക്ഷെ താൻ ഒരു ദുർബലനാണ് . എന്തിനെയും പേടിയാണ് .അത് കൊണ്ടാണ് മറ്റു നഗരങ്ങളിലൊന്നും ജോലിക്കു പോകാതെ ഒരു കട നടത്തി ഇവിടെ തന്നെ ജീവിതം മുന്നോട്ടു കൊണ്ട് പോയത് .
മിക്കവാറും എല്ലാ അച്ഛന്മാരുടെയും കഥകൾ ഇത് തന്നെയാവും .പെണ്മക്കളെ കുറിച്ച് ഓർത്തു ആധി പിടിച്ചു അങ്ങനെ ..
അയലത്തെ ദിനേശന്റെ മകൾ കാർത്തികക്കു ഒരു പയ്യനുമായി അടുപ്പം ഉണ്ടായിരുന്നത് ആരും അറിഞ്ഞിരുന്നില്ല .വിവാഹത്തലേന്നാണ് അവൾ ഒളിച്ചോടിയത് .ദിനേശ് ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു .ആ ശരീരം കാണാൻ പോലും മകൾ വന്നുമില്ല .അയാളുടെകൈയ്യും കാലും വിറച്ചു തുടങ്ങി
" മാധവേട്ട പച്ചക്കറികളൊക്കെ സ്റ്റോർ മുറിയിലുണ്ടല്ലോ അല്ലെ ?'
ശൂന്യമായ കണ്ണുകളോടെ ഇരിക്കുന്ന അയാളെ പാചകക്കാരന്റെ ശബ്ദമാണ് ഉണർത്തിയത് .അയാൾ യാന്ത്രികമെന്നോണം തലയാട്ടി
" ഓഡിറ്റോറിയം വാടകക്ക് എടുക്കുക ,പാർട്ടി നടത്തുക ,ഒന്നും വേണ്ട അച്ഛാ വീടിനു മുന്നിൽ ഒരു ചെറിയ പന്തല് ..ഇവിടെ തന്നെ കുറച്ചു ഡെസ്കും ബെഞ്ചുമിട്ടാൽ ഭക്ഷണവും കൊടുക്കാം " അവളാണ് നിർദേശം മുന്നോട്ടു വെച്ചത് ..എടുത്ത പട്ടുസാരിക്കു പോലും വില ആയിരത്തിൽ താഴെയേ വരികയുള്ളു
" ഒരു ദിവസം ഇടാനല്ലേ ?ഇത് ധാരാളം .എന്റെ അച്ഛന്റെ കൈയിൽ ആർഭാടം കാണിക്കാൻ കാശില്ലാന്നു എനിക്ക് അറിയാമല്ലോ "
അയാൾ ചുണ്ടു കടിച്ചു പിടിച്ചു ഭിത്തിയിലേക്കു ചാരി ഇരുന്നു .ശരിയാണ് താൻ ദരിദ്രനായത്കൊണ്ടാണ് തന്റെ കുട്ടി ഏറ്റവും വലിയ ആഗ്രഹമായ ഡോക്ടർ പഠനം പോലും മാറ്റി വെച്ചത് .പക്ഷെ പ്ലസ് ടൂ കഴിഞ്ഞു അടുത്ത വര്ഷം തന്നെ പഠിച്ചു ക്ലാർക്ക് ആയി സർക്കാരാഫീസിൽ ജോലിക്കു കയറി .കൂടെ പ്രൈവറ്റ് ആയി പഠിത്തവും തുടർന്നു
" ഡോക്ടർമാർക്ക് ഒന്നും പഴയപോലെ ഡിമാന്റ് ഇല്ല അച്ഛാ.ഇഷ്ടം പോലെ അല്ലിയോ പഠിച്ചിറങ്ങുന്നേ ? അച്ഛൻ നോക്കിക്കോ ഞാൻ ഈ ഡിപ്പാർട്മെന്റിന്റെ തലപ്പത്തു എത്തും " വല്ലാത്ത ആത്മവിശ്വാസമാണവൾക്ക്
.വിവാഹം ആലോചിച്ചപ്പോൾ പറഞ്ഞു .
" അച്ഛാ പണമോ സൗന്ദര്യമോ ഒന്നുമില്ലെങ്കിലും കുഴപ്പം ഇല്ല. അച്ഛനെ പോലെ മദ്യപിക്കാത്ത പുക വലിക്കാത്ത ഒരാൾ മതി .അതൊന്നു അന്വേഷിച്ചു അറിയണം "
അങ്ങനെപറഞ്ഞവൾക്കു പ്രണയം ഉണ്ടാകുമോ ?പെണ്ണിന്റെ മനസ്സ് ആര് കണ്ടു ? പത്രങ്ങളിൽ വരുന്ന വർത്തകളൊക്കെ അയാളുടെ ഉള്ളിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു .
വിവാഹം നിശ്ചയിച്ചപ്പോളും അവൾ സന്തോഷവതിയായിരുന്നു . പയ്യന്റെ പേര് . മനു " ബാങ്കിലാണ് ഉദ്യോഗം .ഇടയ്ക്കു അവർ ഫോണിൽ സംസാരിക്കുന്നത് കാണാറുണ്ട്
അയാൾ പാചകം നടക്കുന്നിടത്തു ചെന്നു നിന്നു .തീ ആളുന്നതു തന്റെ നെഞ്ചിലാണ് ഇപ്പൊ ..ആരോടെങ്കിലും പറയാൻ ആകുമോ ? എങ്ങനയേയോ നേരം വെളുത്തു .നെഞ്ചിൽ പെരുമ്പറ കൊട്ടുന്ന ശബ്ദം അയാൾ എഴുനേറ്റു മകളുടെ മുറിയിൽ ചെന്നു നോക്കി
അവളില്ല
എവിടെ പോയി ?
വീട് മുഴുവൻ നോക്കി .ഇല്ല
" പാചകത്തിന് വന്നവരോട് ചോദിച്ചു " കണ്ടില്ലലോ കുളിക്കുകയോ മറ്റോ ആവും "
എവിടെയുമില്ല .അയാൾ ഒരു ഭ്രാന്തനെ പോലെ അവളുടെ പേര് ഉറക്കെ വിളിച്ചു കൊണ്ട് ഓടി നടന്നു
അയല്പക്കക്കാർ വന്നു ..അയല്പക്കത്തെ ദിനേശന്റെ ഭാര്യ കണ്ണീരോടെ അയാളെ നോക്കി .പഴയ ഓർമകളുടെ കണ്ണീര്.
" എന്താ ഇവിടെ ആൾകൂട്ടം ? എന്താ അച്ഛാ ?'
മകൾ കൈയിൽ ഇലച്ചീന്തിൽ പ്രസാദം
" നിന്നെ കണ്ടില്ല എന്ന് പറഞ്ഞു വലിയ ബഹളമായിരുന്നു " ആരോ പറഞ്ഞു
അവൾ അച്ഛന്റെ അടുത്ത് ചെന്നിരുന്നു
ഞാൻ ഒന്ന് ക്ഷേത്രത്തിൽ പോയതാ അച്ഛാ പിന്നെ തെക്കേ പറമ്പിൽ അമ്മയുടെ അടുത്തും ..സമയം പോയതറിഞ്ഞില്ലട്ടോ സോറി "
അയാൾ തളർന്നു പോയ തന്റെ ഉടൽ തറയിലേക്ക് ഇറക്കി വെച്ചു .ആൾകൂട്ടം പിരിഞ്ഞു പോയിട്ടും അയാൾ അതെ ഇരുപ്പു തുടർന്നു
" ദേ കാപ്പി " മോൾ കാപ്പി കൊണ്ടരികിൽ വെച്ചു അച്ഛനൊപ്പം ഇരുന്നു
" അച്ഛൻ എന്നോട് എന്തെങ്കിലും ഒളിക്കുന്നുണ്ടോ?'"ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു എന്താ കാര്യം ?'
അയാൾ മെല്ലെ ആ ഫോൺ കാളിനെ കുറിച്ച്പറഞ്ഞു . അവൾ ആ ഫോൺനമ്പറിലേക്കു തിരിച്ചു വിളിച്ചു .സ്വിച് ഓഫ് ആണ് ..പിന്നെ അവൾ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത് കാണെ അച്ഛൻ അമ്പരപ്പോടെ മകളെ നോക്കി
" ഈ വിളിച്ചത് ആരാണെന്നു എനിക്ക് അറിയില്ല ...ഒരു പക്ഷെ ഞാൻ " നോ
പറഞ്ഞിട്ടുള്ള ആരേലുമാകും ..അല്ലെങ്കിൽ തമാശ ആകും പക്ഷെ അത് എന്റെ അച്ഛന്റെ മനസമാധാനം കളയാൻ മാത്രം പക ഉളളവൻ ആണെങ്കിൽ അതിനു ശിക്ഷ കിട്ടട്ടെ . നമ്പർ പോലീസ് അന്വേഷിക്കട്ടെ .അച്ഛന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ ?" അച്ഛൻ അത്ഭുതത്തോടെ മകളെ നോക്കി
" ഞാൻ ഒരുങ്ങട്ടെ അച്ഛാ ...അച്ഛനും എന്നേറ്റു കുളിക്കു ..പിന്നെ അവൾ എന്നെത്തെയും പോലെ അച്ഛന്റെ കവിളിൽ രണ്ടു കയ്യും അമർത്തി
" ഞാൻ അച്ഛന്റെ മകളാണ് .വഞ്ചനയോ ചതിയൊ ഞാൻ ചെയ്യില്ല ഒരിക്കലും. .അതെന്നെ പഠിപ്പിച്ചിട്ടുള്ളതും അച്ഛനല്ലേ ?'
അയാൾ നിറകണ്ണുകളോടെ അവളുടെ നിറുകയിൽ ചുണ്ടമർത്തി ..
"തന്റെ പൊന്നുമോൾ "
" തന്റെ പ്രാണൻ "
ഇനി മരിച്ചാലും സന്തോഷം .....ജീവിതം സഫലം

By: Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot