Slider

അമ്മായിയമ്മമാർ മരിക്കുമ്പോൾ.

1

കത്തുന്ന നിലവിളക്ക് രേവതിയുടെ കയ്യിൽ കൊടുത്തിട്ട് ശ്രീദേവി പറഞ്ഞു, "വലതു കാൽ വച്ച് കയറി വായോ മോളേ. "
"ദൈവമേ, ദീപം കെടല്ലേ",രേവതി മനസ്സിൽ പ്രാർത്ഥിച്ചു. അവളുടെ നെഞ്ചിടിപ്പ് അടുത്തു നില്ക്കുന്നവർക്കൊക്കെ കേൾക്കുവാൻ പാകത്തിൽ ഉയർന്നു.
സാരിയുടുത്തു നടന്ന് വലിയ പരിചയമില്ല. പോരാത്തതിന് മേലെ ഒരു ലോഡ് ആഭരണങ്ങൾ. ആകെ വിയർത്തു കുളിച്ച് ഒരു പരുവമായിട്ടുണ്ട്. ചുറ്റും തന്നെ മാത്രം നോക്കി നിൽക്കുന്ന ആളുകൾ.
താൻ ആദ്യമായി തൻ്റെ ഭർത്താവിന്റെ വീട്ടിലേക്കു കാലെടുത്തു വയ്ക്കാൻ പോവുകയാണ്. വായിലേ വെള്ളമൊക്കെ വറ്റി വരണ്ടു ന്തോ പോലെ. കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ട്. ശ്ശോ, ഓരോ ചടങ്ങുകൾ.
വലിയ ഹാളിന്റെ അറ്റത്താണ് പൂജാ മുറി. ഒരു വിധത്തിൽ ഉമ്മറപ്പടി കയറി.
"അച്ഛമ്മേ, ഇതാരാ ഫാൻ ഓഫാക്കിയത്. കിച്ചൂന് ഉഷ്ണിച്ചിട്ട് വയ്യ".
രേവതിയുടെ കാതുകളിൽ ഒരു ഇടിത്തീ പോലെ ആ വാക്കുകൾ വന്നു പതിച്ചു.
മോനെ, ഫാനിടല്ലേ എന്നാരോ പറയുന്നതിന് മുൻപ്, ആ കുരുത്തം കെട്ട നിഷ്കളങ്കനായ പിഞ്ചു പൈതൽ ഫാൻ ഓണാക്കി.
പക്ഷെ ആ ഉഷാ ഫാൻ തിരിഞ്ഞു കാറ്റു പരത്തുന്നതിനു മുൻപ്, അവിടെ നിന്നിരുന്നവരെയെല്ലാം അത്യാവശ്യം കേമമായ് തന്നെ തഴുകി തെക്കീന്നോ വടക്കീന്നോ ഒരു ഒന്നൊന്നര കാറ്റു വീശി.
രേവതി തൻ്റെ കണ്ണുകൾ ചിമ്മാതെ നടന്നതിനാൽ ദീപം അണഞ്ഞത് ഞെട്ടലോടെ അവൾ കണ്ടു.
"എന്തു ചെയ്യും ദൈവമേ",കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി രേവതിക്ക്.
"അയ്യോ, വിളക്ക് കെട്ടല്ലോ. അശുഭലക്ഷണമാണല്ലോ. ഇനിയെന്തൊക്കെ വരാനിരിക്കുന്നോ ആവോ, ന്റെ ഭഗോതി കാത്തോളണേ" നടക്കാൻ വയ്യാത്തതിനാൽ ഹാളിന്റെ അറ്റത്തു കസേരയിൽ പ്രതിഷ്ഠിച്ചിരുന്ന ആരുടെയോ മുത്തശ്ശി ഉറക്കെ പറഞ്ഞു.
രേവതി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ചുറ്റിലും മുറു മുറുക്കൽ. അവളുടെ കണ്ണുകൾ നിറഞ്ഞു.
"എന്റെ മോൾക്കു അഞ്ചുതിരിയിട്ട് കത്തുന്ന നിലവിളക്കിനേക്കാൾ ഐശ്വര്യമാ. അവൾ വന്നു കയറുമ്പോൾ ദീപനാളത്തേക്കാൾ പ്രകാശമാണ് ഈ വീട്ടിൽ പരക്കുന്നത്.ഇതൊക്കെ വെറും ചടങ്ങുകൾ അല്ലേ.
മോളേ രേവതി, എന്റെ മോൾ ആ വിളക്ക് നമ്മുടെ പൂജ മുറിയിൽ കൊണ്ട് വയ്ക്കു.
എന്നിട്ട് ദേ വേഗം വന്നേ, ഇനിയുമുണ്ട് വേറെ കുറേ ചടങ്ങുകൾ"
ശ്രീദേവിയുടെ സ്വരം ഉറച്ചതായിരുന്നു.
പൂജാമുറിയിൽ വിളക്ക് വയ്ക്കുമ്പോൾ രേവതിയുടെ മനസ്സിൽ തൻ്റെ അമ്മായിയമ്മ മരിച്ചിരുന്നു. പകരം അവൾക്ക് അവളുടെ സ്വന്തം പോലെ സ്നേഹിക്കാൻ ഒരമ്മകൂടി പിറന്നു. നന്മയുള്ള ഒരു അമ്മ!!

By Aisha Jaice
1
( Hide )
  1. Really nice Aisha...Ammayiammamaar marikkatte..pirakkatte ammammaar !!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo