നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിണങ്ങി പിണങ്ങി ...ഒടുവിൽ

എന്റെ പേര് അമല .'അമ്മ എന്നെ ചിലപ്പോൾ,സ്നേഹം കൂടുമ്പോൾ അത് വല്ലപ്പോളുംഉള്ളു കേട്ടോ "അമ്മൂട്ടി "എന്ന് വിളിക്കും . അച്ഛൻ എന്നെ എപ്പോളും മോള് എന്നാണ് വിളിക്കുക .അത് കേൾക്കുമ്പോൾ അച്ഛനെപ്പോളും ഭയങ്കര സ്നേഹം ആണെന്നൊന്നും തെറ്റിദ്ധരിക്കണ്ട . നല്ല ദേഷ്യമൊക്കെ വന്നാലും അച്ഛൻ അങ്ങനെ തന്നെയാ വിളിക്കുക .വിളിയുടെ ഈണത്തിൽ വ്യത്യാസമുണ്ട് എന്ന് മാത്രം ,എന്റെ അച്ഛനുമമ്മയ്ക്കും എപ്പോളും ദേഷ്യമാണ് . അവര് മുഖത്തോടു മുഖം നോക്കിയാൽ അപ്പോൾ വഴക്കുണ്ടാകും . എന്റെ വീട്ടിൽ പൊട്ടാത്തതായി സ്റ്റീൽ പാത്രങ്ങൾ മാത്രമേയുള്ളു .
"അയല്പക്കത്തെ വീട്ടിലെ ആന്റി
" നിന്റെ വീട്ടിൽ പറക്കുംതളിക ഉണ്ടോ അമ്മുവേ എന്നും പറഞ്ഞു എപ്പോളും കളിയാക്കും.
എനിക്കിപ്പോൾ പതിനഞ്ചു വയസ്സായി. ഈ കാലയളവ് വരെ അവർ സ്നേഹത്തോടെ മിണ്ടുന്നതു ഞാൻ കണ്ടിട്ടില്ല .ഇനി ഇങ്ങനെയായിരിക്കും എല്ലാ ഭർത്താക്കന്മാരും എന്നാണ് ഞാൻ വിചാരിച്ചിരുന്നത് .എന്റെ ക്ലാസ്സിലെ നവീനിന്റെ വീട്ടിൽ ഒരിക്കൽ പോയപ്പോളാണ് ആ ധാരണ മാറിക്കിട്ടിയത് .വേണുവേട്ടാ എന്ന് നവീനിന്റെ 'അമ്മ അച്ഛനെ വിളിക്കുന്നത് കേൾക്കാൻ തന്നെ എന്ത് സുഖമാണ് .നവീനിന്റെ അച്ഛൻ അമ്മയെ ദീപു എന്നാണ് വിളിക്കുക നല്ല സ്നേഹം അവരുടെ വീട്ടിലെ ഓരോ മുറിയിലും വെളിച്ചം നിറച്ചു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .അതാവും നവീനും ഇത്ര നല്ല സ്നേഹം ഉള്ള കുട്ടിയായത് . അവനോടാണ് ഞാൻ എല്ലാം പറയാറ് .എന്റെ സങ്കടങ്ങളും പരാതികളുംസന്തോഷങ്ങളുമെല്ലാം .
അവനാണ് ഒരിക്കൽ ചോദിച്ചത്
" ഇങ്ങനെ വഴക്കുണ്ടാക്കി ജീവിക്കുന്നതിലും ഭേദം നിന്റെ അമ്മയ്ക്കും അച്ഛനും ഡിവോഴ്സ് ചെയ്തു കൂടെ ?"
ആലോചിച്ചപ്പോൾ അത് ശരിയാണെന്നെനിക്കും തോന്നി സ്വസ്ഥമായിട്ടു പഠിക്കാൻ പറ്റുന്നില്ല ഉറങ്ങാൻ പറ്റുന്നില്ല .മടുത്തു .ഓഫീസിൽ വിട്ടു രണ്ടും കൂടി വന്നാൽ അപ്പോൾ തുടങ്ങും വഴക്ക് ഒരു ദിവസം ഞാൻ അവരോടു ചോദിക്കുക തന്നെ ചെയ്തു
" നിങ്ങള്ക്ക് ഡിവോഴ്സ് വാങ്ങിക്കൂടെ? "
അവര് രണ്ടു പേരും ഒരു വിചിത്ര ജന്തുവിനെ നോക്കും പോലെ എന്നെ തുറിച്ചു നോക്കി. പിന്നെ പതിവ് പോലെ രണ്ടിടങ്ങളിലേക്കു പോയി
ഇവരെ ഒരു പാഠം പഠിപ്പിക്കാൻ എനിക്ൿറിയാഞ്ഞിട്ടല്ല .പക്ഷെ അതിനു വേണ്ടി എന്റെ ജീവിതം നശിപ്പിക്കാൻ എനിക്ക് മനസ്സില്ല . നവീൻ പറയാറുണ്ട്
" നീ ഒരു റെയർകേസ് ആണ് അമ്മു ..ഇത്രയും പ്രശ്നങ്ങൾക്കിടയിലും നീ നന്നായി പഠിക്കുന്നു. നീ എപ്പോളും ഫസ്റ്റ് റാങ്ക് വാങ്ങുന്നത് എനിക്ക് അത്ഭുതം ആണ്.എല്ലായിടങ്ങളിലും നീ ഒന്നാമതാണ് ..നീ ഒരു പാട് ഇന്റലിജന്റ് ആണ് അമ്മു. നിനക്ക് നല്ല ഒരു ഫ്യൂച്ചർ ഉണ്ട്"
അവനറിയില്ലല്ലോ ഇത്രയും വിഷമങ്ങൾക്കിടയിലും അവനാണ് മോട്ടിവേഷൻ എന്ന് . അവൻ തരുന്ന നല്ല വാക്കുകളാണ് എന്റെ പ്രചോദനം എന്ന് .ഒരു നല്ല സുഹൃത്ത് തരുന്ന ഊർജ്ജത്തോളം വരില്ല ഈ ലോകത്തു മറ്റൊന്നും .
എന്തായാലും ഡിവോഴ്സ് ചെയ്യാൻ ഒടുക്കം അവർ തീരുമാനിച്ചു സത്യത്തിൽ എനിക്ക് ആശ്വാസം ആണ് തോന്നിയത് ഇതിങ്ങനെ തുടർന്നിരുന്നെങ്കിൽ രണ്ടിലൊരാൾ ആയുസ്സെത്താതെ മരിച്ചേനെ .
കേസ് ഫയൽ ചെയ്തപ്പോൾ തന്നെ അച്ഛൻ ഫ്ലാറ്റിലേക്ക് മാറി . ഞാൻ അഞ്ചു ദിവസം അമ്മയ്‌ക്കൊപ്പം. വാരാന്ത്യങ്ങളിൽ അച്ഛനൊപ്പം
വീട്ടിലെ ബഹളങ്ങളൊക്കെ അവസാനിച്ചു .എനിക്ക് പഠിക്കാൻ ധാരാളം സമയം കിട്ടി .'അമ്മ ഓഫീസിൽ വിട്ടു വരുമ്പോളേക്കും ചായ ഇട്ടു വെയ്ക്കാനൊക്കെ ഞാൻ ശീലിച്ചു .ഹോം വർക്ക് ചെയുമ്പോൾ 'അമ്മ എന്റെ ഒപ്പം വന്നിരിക്കും .അമ്മയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ അപാരമായ ജ്ഞാനം ഉളളത് എന്നെ അത്ഭുതപ്പെടുത്തി .'അമ്മ ഇടക്കൊക്കെ നല്ല കവിതകളൊക്കെ എഴുതി എന്നെ കാണിച്ചു തുടങ്ങി പക്ഷെ ഇടയ്ക്കൊക്കെ 'അമ്മ വിഷാദത്തോടെ തനിച്ചു ഇരിക്കുന്ന്തും കാണാം
അവധി കഴിഞ്ഞു അച്ഛനരികിൽ നിന്ന് വരുമ്പോൾ 'അമ്മ ചോദിക്കും
" അച്ഛൻ എന്താ നിനക്ക് കഴിക്കാൻ ഉണ്ടാക്കി തന്നത് ?'
അച്ഛന് പാചകം ഒന്നും അറിയില്ല എന്ന് അമ്മയ്ക്ക് നന്നായി അറിയാം .ഞാൻ വരുമ്പോൾ അച്ഛൻ ഹോട്ടലിൽ നിന്ന് വാങ്ങി തരിക ആണ് പതിവ് .അച്ഛൻ ബ്രെഡും പഴങ്ങളുമൊക്കെയാണ് മിക്കവാറും കഴിക്കുക എന്ന് ഞാൻ അടുക്കളയിലെ പാത്രങ്ങളിൽ നിന്ന് മനസിലാക്കിയിട്ടുണ്ട് അത് പറയുമ്പോൾ 'അമ്മ പറയും
" ഇതിപ്പോ ഹോട്ടൽ ഭക്ഷണം കഴിച്ചു ആശുപത്രിയിൽ കിടക്കട്ടെ ആ മനുഷ്യൻ ആരാ നോക്കുന്നതെന്ന് കാണാമല്ലോ അഹങ്കാരം !"
അങ്ങനെ പറയുമ്പോളും അമ്മയുടെ കൺകോണിലൊരു കണ്ണീർതുള്ളി തിളങ്ങുന്നുണ്ടാകും
" നിന്റെ 'അമ്മ എന്ത് പറയുന്നു ?ഹാപ്പി
അല്ലെ "? അച്ഛൻ ചോദിക്കും
" 'അമ്മ ഹാപ്പിയൊന്നുമല്ല...എപ്പോളും സങ്കടം ആണ് " ഞാൻ മറുപടി പറയും
" അവള് പാവമാണ് മുൻകോപം ഉണ്ടെന്നേയുള്ളു ..മോൾ അവളെ ഹാപ്പി ആയി നോക്കണം കേട്ടോ "ആ ശബ്ദം ചിലപ്പോൾ ഇടറിയ പോലെ തോന്നിക്കും.
ഞാൻ ആകെ കൺഫ്യൂഷൻ ആയി
" ഇതാണോ സ്നേഹം? അവർ വഴക്കിലൂടെയായിരുന്നോ സ്നേഹിച്ചിരുന്നത്?"
ഞാൻ നവീനിനോടായി ചോദിച്ചു
" ചിലപ്പോൾ ആയിരിക്കും .നമ്മൾ കുട്ടികളല്ലേ ?വലിയവരുടെ സ്നേഹം വേറെയായിരിക്കും " അവൻ മറുപടി പറഞ്ഞു
ശരിയാവും മുതിരുമ്പോൾ സ്നേഹത്തിന്റെ ഭാഷ മാറുമായിരിക്കും ഒന്നിച്ചാവുമ്പോൾ സ്വാതന്ത്ര്യകൂടുതൽ കൊണ്ട്
വഴക്കിലൂടെയായിരിക്കും ചിലർക്ക്‌ സ്നേഹം വരിക
ഞാൻ നവീനിനെ ഒന്ന് നോക്കി
" നീ എന്നെ എങ്ങനെയാ സ്നേഹിക്കണേ?"
അവന്റെ മുഖം പെട്ടെന്ന് ചുവന്നു അവനെന്നെ ഒന്ന് നുള്ളി
" പോടീ പോയി പ്രൊജക്റ്റ് ചെയ്യ് " അവനെന്നെ ഉന്തി തള്ളി ലൈബ്രറിയിൽ പറഞ്ഞു വിട്ടു.
"'അമ്മ ബസിൽ നിന്നിറങ്ങുമ്പോൾ ഒന്ന് വീണു .കാൽ ഉളുക്കി "അച്ഛൻ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ അന്ന് സ്കൂളിൽ പോയില്ല.
പതിനഞ്ചു മിനിറ്റിനകം അച്ഛന്റെ കാർ മുറ്റത്തെത്തി .എനിക്ക് സത്യത്തിൽ ആ വെപ്രാളം കണ്ടപ്പോൾ ചിരിയാണ് വന്നെ .
അമ്മയുടെ മുറിയിൽ നിന്ന് ഉറക്കെ ശബ്ദം കേൾക്കാം
" നീ സൂക്ഷിക്കാഞ്ഞിട്ടല്ലേ ?നിനക്ക് അങ്ങനെ തന്നെ വേണെമെടി "
അച്ഛൻ
" നിങ്ങളെ ആരെങ്കിലും ക്ഷണിച്ചോ? എന്തിനാ വന്നത് ?"
അമ്മ
എനിക്ക് സത്യതിൽ പൊട്ടിച്ചിരിക്കാൻ തോന്നി .ഞാനാണോ കുട്ടി? അതോ അവരോ ?അല്പം കഴിഞ്ഞു കലഹങ്ങളെല്ലാം ശമിച്ചു നിശബ്ദമായപ്പോൾ ഞാൻ ആ മുറിയുടെ വാതിൽക്കലേക്കു ചെന്നു.
അച്ഛന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന അമ്മയെ കണ്ടു ഞാൻ ജാള്യതയോടെ പിൻവാങ്ങി.
"ഇത്രെയേ ഉള്ളു പിണക്കം ? അയ്യേ ' നവീൻ പൊട്ടിച്ചിരിച്ചു
" അതെന്നെ.... അച്ഛൻ വീട്ടിലുണ്ട്. ലീവ് എടുത്തു. അതാണ് പിന്നെ ഞാൻ ലീവ് എടുക്കാഞ്ഞത് "
ഞാൻ പറഞ്ഞു
" അത് നന്നായി നീ ലീവ് എടുക്കാഞ്ഞത് "
" അതെന്താ ?" ഞാൻ കുസൃതിയിൽ അവന്റെ മുക്കിൽ പിടിച്ചു
" വെറുതെ ക്ലാസ് കളയണ്ടല്ലോ "
" അല്ലതെ നിനക്കെന്നെ മിസ് ചെയ്യില്ല ?"
" എന്തിന് ?" അവന്റെ മുഖത്തു നിഷ്കളങ്ക ഭാവം
ഞാൻ എത്ര ചോദിച്ചിട്ടും അവൻ അത് സമ്മതിച്ചില്ല. ഞാനും വിട്ടുകൊടുത്തില്ല. ഞങ്ങൾ തമ്മിൽ ആദ്യമായി അന്ന് വഴക്കു കൂടി പിണങ്ങി. വീണ്ടും ഇണങ്ങി. ആ ഇണക്കത്തിലാണ് എനിക്ക് മനസിലായത് സ്വന്തം ആകുമ്പോൾ ഇഷ്ടം കൂടും വഴക്കടിക്കും പിണങ്ങും .അപ്പോൾ ആണ് അറിയുക തമ്മിൽ ഒരിക്കലും അകലാനാവില്ല എന്ന് .അപ്പോൾ മുന്പെത്തേക്കാൾ സ്നേഹത്തിൽ വീണ്ടും ഒന്നിച്ചാകും
അങ്ങനെയുമുണ്ട് സ്നേഹം.
ശ്ശോ.. ഈ സ്നേഹത്തിനെത്ര ഭാവങ്ങളാണല്ലേ?

By AMmu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot