
----------------------------
"കിടുക്കും. ഇത് പൊളിക്കും." പോസ്റ്റ് ബട്ടണിൽ വിരലമർത്തും മുൻപേ ഉൾവിളി വന്നു ആത്മന്.
ആ അത് പറഞ്ഞില്ലല്ലോ. ആത്മന് സ്വന്തം പേര് അത്ര പോരാ എന്നൊരു തോന്നലാണ്. ഫേസ്ബുക്കിൽ അക്കൗണ്ട് എടുക്കുമ്പോൾ മഹാകവി സരോജ്‌കുമാർ പണ്ട് പറഞ്ഞ പോലെ വിവരമില്ലാത്ത തന്റെ മാതാപിതാക്കൾ കാണിച്ച ആ ചതി അവനങ്ങ് തിരുത്തി.
കുറേനേരം ആലോചിച്ച ശേഷമാണ് ആ പേരിലേക്ക് അവൻ എത്തിച്ചേർന്നത്. "ആത്മൻ. നിളയും നീലാകാശവും ആത്മാവിൽ ആവാഹിച്ചവൻ." ഇത്രയും ടൈപ്പ് ചെയ്ത് പ്രൊഫൈൽ ഫോട്ടോയിലേക്ക് നീങ്ങി.
ഫോണും ഹാർഡ് ഡിസ്‌കും മുങ്ങിത്തപ്പിയിട്ടും വിഖ്യാത എഴുത്തുകാരൻ ആത്മന്റെ പ്രൊഫൈൽ പിക്ക് ആകാൻ അർഹതയുള്ള കൊള്ളാവുന്ന ഒരൊറ്റ ഫോട്ടോ കിട്ടാത്ത നിരാശയിൽ അടുത്തപടിയായി ഗൂഗിളിലേക്ക് നീങ്ങി. ദേ കിടക്കുന്നു തനിക്കായി കാത്തുവച്ചപോലെ ഒരു ഫോട്ടോ. ഹൃതിക്ക് റോഷൻ എട്ട് അടുക്കായി, രണ്ട് കോളങ്ങളിൽ നിറച്ച മസിലുകൾ പ്രദർശിപ്പിച്ച് അലസമായി കാറ്റിൽ പാറുന്ന മുടിയിഴകളോടെ കടൽത്തീരത്ത് നിൽക്കുന്നു. ആ ചിത്രം
പ്രൊഫൈലിൽ ഘടിപ്പിച്ച് സ്വന്തം വിർച്വൽ നൂലുകെട്ട് കർമ്മം പൂർത്തിയാക്കുമ്പോൾ തന്നെ ആത്മന് തന്റെ മെലിഞ്ഞുണങ്ങി ഒടിഞ്ഞുകുത്തി വരണ്ടുമടങ്ങിയ രൂപംതന്നെ ഓർമ്മമാത്രമായി.
പ്രൊഫൈലിൽ ഘടിപ്പിച്ച് സ്വന്തം വിർച്വൽ നൂലുകെട്ട് കർമ്മം പൂർത്തിയാക്കുമ്പോൾ തന്നെ ആത്മന് തന്റെ മെലിഞ്ഞുണങ്ങി ഒടിഞ്ഞുകുത്തി വരണ്ടുമടങ്ങിയ രൂപംതന്നെ ഓർമ്മമാത്രമായി.
ആത്മൻ സർഗ്ഗവേദനകളാണ് കൂടുതലും കഥകളാക്കിയത്. ഒറ്റക്ക് പിടിച്ചാൽ പിടി മുറ്റുന്ന വിഷയങ്ങൾ അല്ലാത്തത് കൊണ്ടാണോ അതോ വിരിച്ച വലയിൽ പെട്ടപോലെ തോന്നിച്ച കിളികളെല്ലാം തന്നെ കൊഞ്ഞ കാട്ടി പറന്നതുകൊണ്ടാണോ എന്തോ ആത്മന് പ്രണയത്തോടും വിരഹത്തോടുമൊക്കെ പരമ പുച്ഛമാണ്. സ്വന്തം വിശ്വരൂപം പുറത്തു കാണുന്നതുവരെ മാത്രം ഹൃതിക്കിന്റെ ഉടലഴകിൽ ഭ്രമിച്ചെത്തുന്ന കിളികളോട് "ഗാംഭീര്യം ജന്മഹേതു മേ" എന്ന മാതിരി മൊഴിഞ്ഞു സാഹിത്യത്തിന്റെ ഉത്തുംഗ ശൃംഗത്തിൽ വിരാജിക്കുമ്പോഴാണ് ഒരുദിവസം വീണ്ടും സർഗ്ഗവേദന തുടങ്ങിയത്.
പുതിയ ഒരാശയം മനസ്സിൽ വീണുകിട്ടി. മഴപെയ്തപ്പോൾ റോഡിലുള്ള കുഴിയിൽ നിറഞ്ഞ വെള്ളത്തിൽ വീണുമരിച്ച തവളയുടെ അനാഥമായ കുടുംബത്തിന്റെ രോദനം. കഥയ്ക്ക് പേരുമിട്ടു. "കൂപമണ്ഡൂകവും ചില ആത്മരോദനങ്ങളും."
എഴുതിത്തീർത്ത് കീബോർഡിൽ നിന്നും കയ്യെടുത്ത് ഒരു ദീർഘനിശ്വാസവും വിട്ടു ആത്മൻ. ഇച്ചിരി കൂടിയ ലെവൽ എഴുത്തായതിനാൽ ദീർഘനിശ്വാസവും ഏതാണ്ട് അതേ മാതിരി ഭീകരമായിരുന്നു. ഈ കാര്യം ആത്മൻ മനസ്സിലാക്കിയതാകട്ടെ തദവസരത്തിൽ മൂക്കിന് താഴെ അറിയാണ്ട് വന്നു പെട്ടുപോയ ഒരു ഈച്ച കൊടുങ്കാറ്റിൽ പെട്ടമാതിരി ചത്തുമലച്ച് കിടക്കുന്നത് കണ്ടപ്പോഴാണ്. ഇപ്പൊ തത്ക്കാലം അതൊന്നും നോക്കാൻ സമയമില്ല. അർഹിക്കുന്ന ബഹുമാനം കൊടുത്ത് ഈച്ചയെ വീണ്ടും കൊലപ്പെടുത്താൻ ഇനിയൊരു കഥയിലൂടെ പിന്നീട് സാധിക്കുമല്ലോ.
അങ്ങനെ ആത്മൻ വലവിരിച്ച ചിലന്തിയെപ്പോലെ ലൈക്കും കമന്റും നോക്കി ഇരുപ്പായി. വന്നുതുടങ്ങി. ആദ്യത്തെ ലൈക്ക് വീണപ്പോൾ ഉള്ള പ്രതീക്ഷ തന്റെ അടുത്ത കഥയിലെ ദുരന്ത നായകൻ ആകുന്നതിന് സാക്ഷിയായ ആത്മൻ മനസ്സിൽ പ്രാകി. ഇവനൊക്കെ ഒരു കമന്റുംകൂടി ഇട്ടിട്ടു പൊക്കൂടെ? ശവി. ഇനിയൊരു കഥ എഴുതട്ടെ. കാണിച്ചുകൊടുക്കാം ആത്മൻ ആരാണെന്ന്. അപ്പൊ കണ്ണിൽ പെട്ട ഒരു ലൈക്കിൽ ആത്മന്റെ ശ്രദ്ധ ഉടക്കി. മേരി തോമസ്! അതെ. പറയാതെ പറഞ്ഞ ഒട്ടനേകം കാര്യങ്ങൾ ഇപ്പൊ പെരുമഴയായി പെയ്യും. ഇനി ഒന്നും പറഞ്ഞില്ലെങ്കിലും സാരമില്ല. എന്തേലുമൊക്കെ ഉണ്ടെന്നുള്ള പ്രതീക്ഷയിൽ തനിയെ വായിച്ചെടുത്തോളും. മേരി തോമസ്സല്ലേ ആള്.
സ്വന്തമായി നാലക്ഷരം എഴുതാൻ കഴിവില്ലെങ്കിലും ആശയദാരിദ്ര്യത്തിന്റെ ആത്മസാക്ഷാത്കാരം ആയി അവതരിച്ചതാണെങ്കിലും അവൾക്ക് അതിന്റെ അഹങ്കാരം ഒന്നുമില്ല. എന്നാലും കമന്റുകണ്ടാൽ മുഖത്തൂന്നു കാലെടുക്കാൻ തോന്നില്ല. തന്റെ കഥകളിലെ ഈ മ്ലേച്ഛത വല്ലാണ്ട് ഇഷ്ടപ്പെടുന്ന ഒരു "പെൺ"കുട്ടിയായതുകൊണ്ട് മാത്രമാണ് അവളെ സഹിക്കുന്നത്.
ആ മൂന്ന് കുത്തുകൾ പൊങ്ങിപ്പറക്കുന്ന കമന്റ്സ് സെക്ഷൻ നോക്കി നോക്കി ഇരുന്ന് ആത്മന് മടുത്തു. എന്തോന്നാണ് ഈ ജന്തു എഴുതിപ്പിടിപ്പിക്കുന്നത്? കഥ എഴുതാൻ താൻ ഇത്രയും നേരമെടുത്തില്ലല്ലോ.
താനെന്താണ് ഈ കഥയിലൂടെ ഉദ്ദേശിച്ചതെന്ന് അറിയാനുള്ള ആക്രാന്തത്തിൽ.. അതായത്.. അലങ്കാരങ്ങൾ വാരി വിതറിയ കാരണം കൈവിട്ട പട്ടം പോലെയായ കഥയുടെ ആത്മാവ് ആരേലും പറഞ്ഞൊന്ന് സ്വയം മനസ്സിലാക്കാൻ കാത്തിരുന്ന് എരിപൊരി സഞ്ചാരം കൊണ്ട ആത്മൻ ഓരോ ഈച്ചകളെയായി കാലപുരിക്ക് അയച്ചുകൊണ്ടേ ഇരുന്നു...
(അവസാനിച്ചു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക