Slider

മഞ്ഞ്

0
Image may contain: 1 person


മഞ്ഞു പോലെ വെൺമയുള്ള മാർബിൾ പ്രതലങ്ങളായിരുന്നതൊരിക്കൽ എന്ന് ഓർമ്മിപ്പിക്കും അവർ ഓരോ തവണയും നീല ബക്കറ്റിനുള്ളിലെ വെള്ളത്തിൽ മുക്കിയെടുത്ത വടിയുടെ തുമ്പിലെ നൂലുകൾ ഇഴ ചേർന്ന് വിരകൾ തൂങ്ങിക്കിടക്കും പോലെയുള്ള തുണികൊണ്ട് ആ തറ ഓരോ പ്രാവശ്യവും തുടയ്ക്കുമ്പോൾ.
തുടച്ചു കഴിഞ്ഞ പകുതി തറ വെളുത്തതും ബാക്കിയുള്ളവ ഇത്രയും കറുത്തു പോകാൻ എന്ത് അഴുക്കാണ് ദിനംതോറുമിങ്ങനെ അടിഞ്ഞ് കൂടുന്നത്.
കൈയ്യിലെ വടി കൊണ്ട് ഒരു താളത്തിൽ വലത്തോട്ടുമിടത്തോട്ടും തറയിൽ തുടയ്ക്കുകയും ഇടയ്ക്കിടയ്ക്ക് നിവർന്ന് നിന്ന് ഗ്ലൗസിട്ട വിരലുകൾ തൊടാതെ പുറം കൈകൊണ്ട് നെറ്റിയിലെ വിയർപ്പും തുടയ്ക്കുന്നുണ്ടവർ.
ഈ കാഴ്ചയും കണ്ട് അവിടവിടെയായ് കുറച്ച് പേർ നോക്കിനിൽക്കുന്നുണ്ട് താളത്തിലാടുന്നവരുടെ നിതംബത്തിന്റെ ചലനമാണോ അതോ എന്താണിത്ര കാഴ്ച കാണാനുള്ളത്.
പുറകിലേക്ക് നടന്ന് തറ തുടച്ച് വരുന്നവരുടെ അൽപ്പം ഉയർത്തി ഉടുത്തിരിക്കുന്ന നീലസാരിയ്ക്കടിയിലുള്ള രണ്ടു കാലുകൾക്കിടയിലായി തൊട്ടു പുറകിൽ ഓറഞ്ചിന്റെ വലിപ്പത്തിലൊരു വസ്തു തറയിൽ കിടക്കുന്നുണ്ട്.
ഒരു കാല് കൂടെ അവർ പുറകോട്ട് വച്ചാൽ അതിൽ ചവിട്ടും
ഓറഞ്ചിന്റെ വലിപ്പമാണെങ്കിലും ഒരു പഴുത്ത ചെറിപ്പഴത്തിന്റെ നിറമായിരുന്നതിന്
അവർ അതിൽ ചവിട്ടുമോ
അടുത്ത കാലും പുറകോട്ട് വച്ചു
''ശൊ ഇപ്പൊൾ അതിൽ ചവിട്ടിയേനെ.. ഓടിച്ചെന്നത് എടുത്ത് മാറ്റിയാലോ
ഏയ് വേണ്ട ഇനി അവർ അടുത്ത കാൽ പുറകിലേക്ക് വയ്ക്കുമ്പോൾ അതിൽ ചവിട്ടില്ലല്ലോ.... "ചില മനസ്സുകളെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം
പക്ഷേ ആ ചിന്ത തെറ്റായിരുന്നെന്ന് നിമിഷ നേരങ്ങൾക്കുള്ളിൽ ബോധ്യപ്പെടുത്തി തന്നവർ.
പുറകിലേക്ക് വന്നുകൊണ്ടിരുന്നവർ പെട്ടെന്ന് ഒരു പാദം മുന്നിലേക്ക് വച്ച് കുനിഞ്ഞ് ബക്കറ്റ് എടുത്തിട്ട് പുറകിലേക്ക് കാൽ വച്ചത് കൃത്യം അതിന് മുകളിൽ തന്നെയായിരുന്നു.
ഷവറിൽ നിന്നും വെള്ളം ചീറ്റുന്നത് പോലെ രക്തം അതിൽ നിന്നും നാലുപാടും ചീറ്റി തെറിച്ചാവെളുത്ത തറയിലേക്ക് പുള്ളിക്കുത്തുകളായി.
മെഡിക്കൽ കോളേജ് കാഷ്വാൽറ്റിയ്ക്ക് മുന്നിലായി അവിടവിടെയായി തോളിലൂടെ വെള്ളതോർത്ത് ചുറ്റിയും ചായ കുടിച്ചും ബീഡി വലിച്ചുമൊക്കെ നിന്നിരുന്നവരുടെ കണ്ണുകളിലെല്ലാം കാത്തിരുന്നതെന്തോ കണ്ടു തീർത്ത ആശ്വാസമുണ്ടായിരുന്നു.
കാലിൽ തടഞ്ഞത് കുടഞ്ഞ് മാറ്റിയപ്പോൾ ചവിട്ടേറ്റ് ചതഞ്ഞ പഞ്ഞിക്കഷണത്തിനപ്പോൾ ഓറഞ്ചിന്റെ നിറവും വന്നു.
കൈയ്യിലെ വടിത്തുമ്പിലെ വിരകൾ നിലത്തിലെ രക്തമെല്ലാം ഊറ്റിയെടുത്ത് അവിടം വെൺമ നൽകി കഴിഞ്ഞപ്പോൾ
തറയിൽ കിടന്ന പഞ്ഞിക്കഷണമെടുത്തവർ ഒരു കവറിലേക്കിട്ട് ബക്കറ്റുംചൂലുമായി അകത്തേക്ക് നടന്നു മറഞ്ഞു.
ദൂരെ നിന്നൊരു ആംബുലൻസിന്റെ ശബ്ദമല്ലേ കേൾക്കുന്നത്
ഇനി അടുത്തത് ആരാണാവോ
കാതടപ്പിച്ചു കൊണ്ട് ശബ്ദം അടുത്തെത്തി
ചീറി പാഞ്ഞു വന്നു നിന്ന ആംബുലൻസിനുള്ളിൽ നിന്നും കാലിൽ മുട്ടറ്റം ചെളിയും മണലുമായി ഏകദേശം നാല്പത് വയസ്സുകഴിഞ്ഞൊരു പുരുഷനെ പുറത്തേക്കെടുത്തു സ്ട്രെക്ച്ചറിലേക്ക് കിടത്തി അകത്തേയ്ക്ക് പാഞ്ഞു.
"ആ കാലിലെ മണ്ണെല്ലാം ക്ലീൻ ചെയ്തേക്കൂ.."
നരച്ച താടിയും അൽപ്പം തുറന്നിരിക്കുന്ന വായുമായി കിടക്കുന്ന ആളിന്റെ നെഞ്ചിൽ നിന്നും സ്റ്റെതസ്കോപ്പ് മാറ്റി എമർജൻസി റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ ഡോക്ടർ അവിടെയുള്ള നഴ്സിനോട് പറഞ്ഞു.
"ഡോക്ടർ ആളിന് എങ്ങനെയുണ്ട്.. "
പുറത്ത് കാത്തുനിന്ന രണ്ടു പേരിലൊരാൾ ഡോക്ട്ടറോട് ചോദിച്ചു.
"നിങ്ങളൊക്കെ ഇയാളുടെ ആരാണ്..."
"ആരുമല്ല... ആ വീട്ടിൽ പണിക്കു നിന്നതാണ് സാറേ..
ഈ സാറും നമ്മളോടൊപ്പം കൂടാനായി വന്ന് മൺവെട്ടിയെടുത്ത് രണ്ട് വെട്ട് തറയിലേക്ക് വെട്ടിയതേയുള്ളു പെട്ടെന്ന് നെഞ്ചിൽ കൈവച്ചു തറയിലേക്ക് വീണു "
അയാൾ പറഞ്ഞത് കേട്ട്
ഒന്നു മൂളിയിട്ട് ഡോക്ട്ടർ പറഞ്ഞു
" ഹാർട്ട് അറ്റാക്ക് ആണ് വെന്റിലേറ്ററിലേക്ക് മാറ്റുകയാണ് വേണ്ടപ്പെട്ടവർ ആരെങ്കിലും വന്നാൽ ഈ മുറിയിലേക്ക് വരാൻ പറയൂ.. "
എന്ന് പറഞ്ഞ് അദ്ദേഹം സീനിയർ സർജൻ DR. PV RAM എന്നെഴുതിയ വാതിൽ തുറന്ന് അകത്തേക്ക് കയറി
തല മുഴുവൻ കഷണ്ടി കയറിയ ഇരുവശവും കുറച്ച് നരച്ച രോമങ്ങളുമായി മുന്നിലെ തടിയൻ പുസ്തകത്തിലേക്ക് കണ്ണുനട്ടിരുന്ന സീനിയർ ഡോക്ട്ടർ ബുക്കിൽ നിന്നും നിവർന്ന് നോക്കാതെ തന്നെ ചോദിച്ചു
"പറയൂ ജോ എന്താവിഷയം"
"നാല്പത്തഞ്ച് വയസ്സ് വരും സർജറിയിൽ രക്ഷപ്പെടാൻ ഒരു ശതമാനം പോലും ചാൻസില്ല പിന്നെ വെറ്റിലേറ്ററിൽ കുറച്ചു സമയം വയ്ക്കാം അപ്പൊഴേക്കും കഴിയും.."
തടിച്ച പുസ്തകത്തിൽ നിന്നും മുഖമുയർത്തി മുഖത്തിരുന്ന കണ്ണട ഊരിയപ്പോൾ തന്നെ ചോദ്യവും വന്നിരുന്നു.
"വേണ്ടപ്പെട്ടവർ ആരുമില്ലേ കൂടെ..."
പുറത്തപ്പോൾ കൂടെ വന്ന രണ്ടുപേർ തമ്മിലും ആ സംസാരം തന്നെയായിരുന്നു നടന്നിരുന്നത്.
"മക്കളൊന്നുമില്ല
ഭാര്യ എന്ന് പറയുന്ന ഒരുത്തി ഉണ്ട് രാവിലെ ഒരുങ്ങിക്കെട്ടി ചുണ്ടില് ചായവും പൂശി ജോലിക്കെന്നും പറഞ്ഞ് ഒരു കൊച്ചമ്മ പോയത് കണ്ടില്ലേ അവർ മാത്രമെ ഇയാൾക്കുളളു... "
"ആണോ കാണാൻ നല്ലൊരു സുന്ദരിയാണല്ലോ അവർ
എന്തു ജോലിക്കാണാവോ പോകുന്നത് ആർക്കറിയാം..." കേട്ടതിന് മറുപടിയായി രണ്ടാമനും പറഞ്ഞു.
"ഒരൽപ്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ അവർ വീട്ടിൽ ഇരിക്കില്ലായിരുന്നോ ഇയാൾക്ക് പ്രായം കൂടുതലല്ലേ അവർ ചെറുപ്പവും എങ്ങനേലും തീർന്നു കിട്ടിയാൽ അളവറ്റ സ്വത്തും സ്വന്തമാകും
അവർക്ക് പിന്നെ സുഖിക്കുകയുമാകാം അല്ലേ..." ഒന്നാമൻ വീണ്ടുമിങ്ങനെ പറഞ്ഞ് കൊണ്ട് രണ്ടുപേരും കൂടെ പുറത്തേക്ക് നടന്നു.
"എന്താ പുറത്തൊരു ബഹളം ജോ..."
ഡോക്ടറുടെ ചോദ്യം കേട്ട് കാതോർത്തപ്പോഴാണ്
മുകളിൽ കറങ്ങുന്ന ഫാനിന്റെ കരകര ശബ്ദത്തോടൊപ്പം പുറത്തെന്തോ ബഹളം കേൾക്കുന്നത് ശ്രദ്ധിച്ചത്.
അവർ രണ്ടു പേരും പെട്ടെന്ന് എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി
"അയ്യോ എന്റെ പൊന്നിനിതെന്തു പറ്റി നിങ്ങൾ ഇതെവിടെയാ എനിക്കിപ്പം കാണണം... "
പുറത്തൊരു യവ്വനയുക്തയായ സുന്ദരിയായ ചുവന്ന സാരിയുടുത്ത സ്ത്രീ അലമുറയിട്ട് കരയുകയാണ്.
പുറത്തേക്ക് ചെന്ന ഡോക്ട്ടർമാരെ കണ്ട അവർ ഓടിച്ചെന്ന് അവരുടെ കാൽക്കലേക്ക് വീണു.
"ഡോക്ട്ടർ എന്റെ പൊന്നിനെ രക്ഷിക്കൂ ഡോക്ടർ...
നമ്മൾ ജീവിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു
വേണമെങ്കിൽ എന്റെ ജീവൻ എടുത്തെങ്കിലും അദേഹത്തെ രക്ഷിക്കൂ ഡോക്ടർ.."
കാലിൽ കെട്ടിപ്പിടിച്ച് കിടന്ന് കരയുന്ന അവരെ നോക്കിയവർ ഒരു നിമിഷം അന്ധാളിച്ച് നിന്നു.
ചുറ്റിനും കാഴ്ചക്കാർ ഒരുപാട് കൂടിയിരുന്നപ്പോഴേക്കും
"അയ്യോ പൊന്നേ ഞാനും വരുന്നേ കൂടെ... "
എന്നു നിലവിളിച്ച് കൊണ്ട് നിലത്തുകൂടെ വേഗതയിൽ ഉരുണ്ടവർ ആ ഹാൾ കടന്ന് പുറത്തെ റോഡിന് നടുവിലെത്തി കിടന്നു.
ഇരുവശവുമെത്തിയ വാഹനങ്ങളിലൊരു ആംബുലൻസ് അവരെ ശരീരത്തിൽ കയറിയില്ല എന്നനിലയിൽ പെട്ടെന്ന് നിർത്തി. ചുവന്ന സാരിയുടെ തുമ്പ് വഴിയിലെ വാതിലിൽ എവിടെയോ കുരുങ്ങി അതഴിഞ്ഞൊരു ചുവന്ന പരവതാനി പോലെ തറയിൽ നിവർന്നു കിടന്നു.
അർദ്ധനഗ്നയായ അവസ്ഥയിൽ റോഡിൽ മലർന്ന് കിടന്നലറുന്ന യുവതി
ശവത്തിന്റെ നഗ്നതയിൽ പോലും കാമം ജനിക്കുന്നവരുടെയടക്കം ചുറ്റിനും നോക്കി നിൽക്കുന്നവരുടെ കണ്ണുകളിലൊന്നും കാമം എന്ന വികാരം പോലും മറന്നു പോയ കാഴ്ചയായത് മാറുകയായിരുന്നു.
''നമ്മൾ കൊണ്ട് വന്ന ആളിന്റെ ഭാര്യയാണ് സാറെ.... "
ഡോക്ടറുടെ ചെവിക്കരുകിലേക്കെത്തി ആ രണ്ടു പേരിലൊരാൾ പറഞ്ഞു.
ആശുപത്രി പരിസരം മുഴുവൻ ആളുകൾ കൂടിക്കഴിഞ്ഞിരുന്നു. ആ മൂന്നുനില കെട്ടിടം മുഴുവൻ അവരുടെ നിലവിളിയോടെയുള്ള കരച്ചിലെത്തി ആളുകൾ അവിടേയ്ക്ക് ഓടിയെത്തിക്കൊണ്ടിരുന്നു.
"ആരേലും അവരെ ഒന്ന് സമാധാനിപ്പിക്കൂ...
അവരുടെ ഭർത്താവിന് ഒന്നും സംഭവിക്കില്ല.. "
എന്നുറക്കെ വിളിച്ചു പറഞ്ഞ സിനീയർ ഡോക്ടർ ശബ്ദം അൽപ്പം താഴ്ത്തി കൂടെയുള്ള ഡോക്ടറോട് വീണ്ടും പറഞ്ഞു
"ജോ തീയേറ്റർ റെഡിയാക്കിക്കോ ഒരു ശ്രമം അയാളെ സർജറിയ്ക്ക് കയറ്റുകയാണ്."
"ഡോക്ട്ടർ...?അയാൾ മരിച്ചു കഴിഞ്ഞു ഒരു ചെറിയ മിടിപ്പ് മാത്രമെയുള്ളു..... "
എന്ന ചോദ്യത്തോടെയുള്ള വിളിയും വാക്കുകളും ശ്രദ്ധിക്കാതെ സീനിയർ ഡോക്ടർ ധൃതിയിൽ അകത്തേയ്ക്ക് നടന്നിരുന്നു.
നെഞ്ചിലെന്തോ കൊളുത്തി വലിച്ചപ്പോഴാണല്ലോ താഴേക്ക് വീണത് കാൽമുട്ട് വരെ ചെളിയും മണ്ണുമായിരുന്നല്ലോ കുനിഞ്ഞ് താഴെ കാൽപാദത്തിലേക്ക് നോക്കുമ്പോൾ
നിലത്തു വയ്ക്കുന്ന കാലുകളൊന്നും തറയിൽ മുട്ടാത്തതുപോലെ
താഴെ എന്താണെന്ന് നോക്കിയാൽ ഒന്നും കാണുന്നുമില്ല
മുട്ടോളം ഉയരത്തിൽ മഞ്ഞുപോലെ പുക പറന്നു നടക്കുകയാണ്.
ഒരുപാട് നേരമായല്ലോ മുന്നിലും പിന്നിലുമായി ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് മുന്നിൽ പോകുന്ന ആളൊന്നു തിരിഞ്ഞു നോക്കുന്നു പോലുമില്ലലോ..
ഏതാ ഈ സ്ഥലം ആകാശത്ത് മേഘങ്ങൾക്ക് മുകളിലൂടെയാണോ ഈ സഞ്ചരിക്കുന്നത്
എന്നോ എവിടെയോ കണ്ടു മറന്ന പോലെ ഓർമ്മയിൽ പരിചിതമായ സ്ഥലമാണല്ലോ
എവിടെയാ....
ഓർത്തെടുക്കാൻ വെറുതെ ഒരു ശ്രമം നടത്തി നോക്കി കുട്ടിക്കാലത്ത് അമ്മ മടിയിൽ കിടത്തി പറഞ്ഞു തരുമായിരുന്ന കഥയിലെ യമരാജന് പുറകെ ചെന്ന സാവിത്രിയുടെ ചിത്രം മനസ്സിൽ രൂപപ്പെടുത്തിയെടുത്ത പ്രദേശമല്ലേയിത്...
അപ്പാൾ ഈ എന്റെ മുൻപെ നടക്കുന്നതാരാണ് യമരാജനാണോ മനസ്സിലെ ആ ചോദ്യം കേട്ടതുകൊണ്ടാണോന്നറിയില്ല
ആ രൂപം തിരിഞ്ഞ് നിന്നത്
മഞ്ഞിന്റെ പുകമറ കൊണ്ട് മുഖം വ്യക്തമല്ല
എങ്കിലും ആ ആൾ ചിരിക്കുന്നുണ്ടെന്ന് മനസ്സിലായി.
''ഒടുവിൽ യമരാജൻ അവളുടെ ആഗ്രഹങ്ങളെല്ലാം അനുഗ്രഹിച്ച് കൊടുത്ത് അവളുടെ പതിയുടെ ജീവനും തിരികെ നൽകി മടക്കിയയച്ചു.
ഇത് സ്ത്രീയ്ക്ക് മാത്രം പറ്റുന്നതാണ് മോനെ..
സതി സാവിത്രിശീലാവതിമാരുടെ തലമുറകളാണവൾ
മരണവും പലപ്പോഴും വഴിമാറി ശിരസ്സ് കുനിച്ചു നിന്നു പോകും ആ സ്നേഹത്തിനും ശക്തിയ്ക്കും മുന്നിൽ..."
മടിയിൽ കിടക്കുന്നയെന്റെ തലമുടികൾക്കിടയിൽ വിരലോടിച്ച് കൊണ്ട് അമ്മ കഥ ഇത്രയും പറഞ്ഞു നിർത്തുന്നത് കേട്ടുകൊണ്ടാണ് മനസ്സിനെ ആ ലോകത്തിലെ ചിത്രങ്ങളിലേക്കെത്തിച്ച് കൊണ്ട് കണ്ണുകളടഞ്ഞ് ഞാൻ ഉറക്കത്തിലേക്ക് ആഴ്ന്നു പൊയ്ക്കൊണ്ടിരുന്നത്.
"കണ്ണ് തുറക്കൂ പൊന്നേ
ഞാനാണ് വിളിക്കുന്നത് കണ്ണൊന്ന് തുറക്കൂ.... "
നെറ്റിയിലും കണ്ണുകളിലും നനുത്ത ചുണ്ടുകളുടെ സ്പർശനം
പതിയെ കണ്ണുകൾ തുറക്കുമ്പോൾ
മുന്നിൽ നിറഞ്ഞ കണ്ണുകളുമായവൾ
ആരാണിത് സ്വപ്നത്തിൽ കണ്ട കഥയിലെ സാവിത്രിയാണോ
"പൊന്നേ... "
ആ ശബ്ദം കാതുകളിലേക്കെത്തി ഇതെന്റെ ജീവനിൽ പാതിയായവളാണല്ലോ
ചുണ്ടുകൾ പിളർത്തിയൊന്ന് ചിരിക്കാൻ ശ്രമിച്ചപ്പോളവളുടെ കണ്ണുനീർ മുഖത്തേക്ക് വീണു
വാതിൽ തുറന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയ വെള്ള വസ്ത്രധാരിയായ തലയിൽ നരകയറിയയാൾ മുഖത്ത് നിന്നും കണ്ണടയൂരി ആ കണ്ണുകൾ ഒപ്പികൊണ്ട് ഒന്നു തിരിഞ്ഞ് നോക്കുമ്പോൾ ആ മുഖത്തൊരു ചിരിയുണ്ടായിരുന്നു.
മഞ്ഞുമൂടിയ കാഴ്ച്ചയ്ക്കിടയിൽ തിരിഞ്ഞു നിന്നയാളിൽ കണ്ടതുപോലൊരു മനോഹരമായൊരു ചിരി....
ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo