—————————————
വെൺമേഘങ്ങൾക്കരികിലൂടെ,ആകാശത്തട്ടിൽ വിമാനം നീങ്ങിക്കൊണ്ടിരുന്നു .പച്ചഞരമ്പുകൾ ചുറ്റിപ്പിണഞ്ഞ,വിറ കൊള്ളുന്ന കൈപ്പത്തി ജാലകത്തിൻമേൽ വെച്ചു,വിമാനത്തിന്റെ ചിറകിലേക്ക് പാട മൂടിയ തന്റെ കണ്ണുകളെ വൃദ്ധ മെല്ലെയെറിഞ്ഞു.കൂട്ടിയിട്ട പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകിയകലുന്ന മേഘക്കൂട്ടങ്ങൾക്കായി പല്ലില്ലാത്ത മോണയിൽ നിന്നും അറിയാതൊരു ചിരിയടർന്നു വീണു.പൊടുന്നനെ വിമാനമൊന്നു പിടഞ്ഞപ്പോൾ,അരികിലിരിക്കുന്ന മകന്റെ തഴമ്പുകൾ ദൃശ്യമായ ഇടം കൈയിന്റെ കരുത്തിലേക്ക് തന്റെ ഇരു കരങ്ങളേയും വൃദ്ധ നീട്ടി .ഭീതി സ്പഷ്ടമായ കുഴിഞ്ഞ കണ്ണുകളിലേക്ക് ആർദ്രതയോടെ നോക്കി ,മകൻ മെല്ലെ പറഞ്ഞു ..
" ഇല്ലാ ... ഒന്നൂല്ലാ ... പേടിക്കണ്ട .."
അന്ധതയുടെ ചുഴിയിലേക്ക് യാത്ര തുടങ്ങിയ കണ്ണുകളെ ജാലകത്തിലൂടെ മാനത്തേക്ക് വൃദ്ധ വീണ്ടും ചലിപ്പിച്ചു .സൃഷ്ടാവിന്റെ അടുത്തേക്കുള്ള സൃഷ്ടിയുടെ ദൂരം കാതങ്ങളോളം കുറഞ്ഞതുപോലെ ,ശ്വാസം കൂടു കൂട്ടിയ നെഞ്ചിന്മേൽ കൈകൾ വെച്ചുകൊണ്ട് വൃദ്ധ ഓർത്തു.
ആകാശത്തേക്ക് ചൂണ്ടുവിരൽ ഉയർത്തി ഓത്തുപള്ളിയിലെ ആദ്യ ദിനങ്ങളിൽ മുസ്ലിയാർ പറഞ്ഞിരുന്നത് വർഷങ്ങൾക്കിപ്പുറവും വൃദ്ധയുടെ കാതിൽ തെളിമയോടെ മുഴങ്ങി .
ആകാശത്തേക്ക് ചൂണ്ടുവിരൽ ഉയർത്തി ഓത്തുപള്ളിയിലെ ആദ്യ ദിനങ്ങളിൽ മുസ്ലിയാർ പറഞ്ഞിരുന്നത് വർഷങ്ങൾക്കിപ്പുറവും വൃദ്ധയുടെ കാതിൽ തെളിമയോടെ മുഴങ്ങി .
"അതാ ..അവിടെയാണ് ,അങ്ങാ ആകാശത്താണ് ലോക രക്ഷിതാവിൻറെ വാസസ്ഥലം .."
അന്നു മുതൽ വിസ്മയം വിരിച്ച വെള്ള പുതപ്പ് തന്നെയായിരുന്നു ആകാശം .
അറ്റം കാണാത്ത ആകാശത്തിന്റെ കോണിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു വൃദ്ധ .പുണ്യ ഭൂമിയിലേക്കുള്ള ചിറകടികൾ അടുക്കുംതോറും ദേഹം ശക്തിയോടെ വിറപൂണ്ടു .ജീവിതത്തിൽ ആഗതമായ സൗഭാഗ്യമോർത്ത് ചുടു രക്തം പൊടിഞ്ഞ ഹൃദയം സന്തോഷാധിക്യത്താൽ നുറുങ്ങി .പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നതിനു മുന്നോടിയായി,ബലഹീനമായ കൈകളെ ആകാശത്തേക്കുയർത്തി ,അൻപത്തിയഞ്ചാം വയസ്സിലും നാലു വയസുകാരിയായി ജീവിക്കുന്ന പുന്നാര മകളെക്കുറിച്ചോർത്തു.അലസമായി തട്ടമിട്ട നരച്ച തലയും ,ശോഷിച്ച ശരീരവും,മുന്നോട്ടുന്തിയ പല്ലുകളുമായി കാക്കയുടെയും പൂച്ചയുടെയും പിറകെ കല്ലെടുത്ത് ഓടിനടക്കുന്ന വാർദ്ധക്യത്തിലും കുഞ്ഞായിരിക്കുന്ന മകളെ ...
കാലപ്രവാഹത്തിന്റെ ഒഴുക്കിനു പിറകിലേക്ക് വൃദ്ധയുടെ മനസ്സ് മെല്ലെ സഞ്ചരിച്ചു .
നാടു സ്വതന്ത്രമായി,വിഭജനം നടന്നയുടൻ നിയമനുവാദമില്ലാതെ ജോലി തേടി അയൽരാജ്യത്തേക്ക് പോകാനൊരുങ്ങിയ ഭർത്താവിനെ യാത്രയാക്കുമ്പോഴും,സംസാരശേഷി കൈവരിക്കാത്ത രണ്ടു വയസ്സുകാരി മകൾ രണ്ടാം വയസ്സിൽ തന്നെയായിരുന്നു.ശക്തമായ ഇടിയും,കോരിച്ചൊരിയുന്ന പാതിരാ മഴയും താണ്ഡവമാടിയ ഒരു രാത്രിയിലായിരുന്നു ,പനി മൂർച്ഛിച്ച് ചുഴലി ദീനം കൈയേറിയ ശരീരവുമായി മകൾ മണ്ണു പാകിയ തറയിൽ വീണു പിടഞ്ഞത് .മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിൽ ,ഓലക്കീറുകൾക്കിടയിലൂടെ മഴത്തുള്ളികൾ മൺപാത്രങ്ങളിലേക്കിറ്റു വീഴുമ്പോൾ,എന്തുചെയ്യണമെന്നറിയാതെ ഭയചകിതയായി അഞ്ചു വയസ്സുകാരൻ മകനെ ഇറുകെ പിടിച്ച് നിന്നു .നുരയും പതയുമൊലിപ്പിച്ചു,തുറിച്ച കണ്ണുകളോടെ കിടന്ന മകൾ അന്നാദ്യമായി സങ്കടങ്ങളുടെ ആഴമില്ലാ കയങ്ങളിലേക്ക് വൃദ്ധയെ പതിയെ തള്ളിയിടുകയായിരുന്നു.
"ഔലിയാ ഫരീദുപ്പാപ്പാ .. അരയുറുപ്പികക്ക് കുന്തിരിക്കം നേർച്ചയാക്കിക്കോളാം .. എന്റെ കുട്ടീ ന്റെ ദീനം മാറ്റിത്തരണേ .."
തട്ടത്തിന്റെ തുമ്പ്
തിരുപ്പിടിച്ചു,വിതുമ്പിക്കൊണ്ടുള്ളയാ നേർച്ചയാക്കലിൽ ഉറഞ്ഞു തുള്ളിയ കുഞ്ഞു ശരീരം ഒന്നമർന്നു .
തിരുപ്പിടിച്ചു,വിതുമ്പിക്കൊണ്ടുള്ളയാ നേർച്ചയാക്കലിൽ ഉറഞ്ഞു തുള്ളിയ കുഞ്ഞു ശരീരം ഒന്നമർന്നു .
പിറ്റേന്നു രാവിലെ ,തോരാത്ത മഴയിലൂടെ ഓടി ജാറത്തിനടുത്തേക്കു ചെന്ന് നേർച്ചപ്പെട്ടിയിൽ അരയുറപ്പിക്കയിട്ട് കുന്തിരിക്കം വാങ്ങി വന്നു വീടാകെ പുകച്ചു .തീരത്തണഞ്ഞ ചെറുതോണി യുടെ ശാന്തത നിഴലിക്കുന്ന മുഖവുമായി ആ പകൽ മുഴുവൻ മകൾ സുഖമായുറങ്ങി .
മകൻറെ കണ്ണു ദിനം മാറാനായി ഫരീദ് ഔലിയായുടെ ജാറത്തിൽ ഒരു കരണ്ടി നല്ലെണ്ണ നേർച്ചയാക്കിയത് വേഗത്തിൽ ഫലം കണ്ടിരുന്നു .നീരുവന്നു വീർത്തു ,അടഞ്ഞു പോയിരുന്ന കണ്ണുകൾ എണ്ണതേച്ച് നേരത്തോട് നേരമായപ്പോൾ തന്നെ പൂർവ്വസ്ഥിതിയിലായിരുന്നു .ഉയരം കുറവായിരുന്ന അഞ്ചു വയസ്സുകാരൻ മകന്റെ ഉയരം കൂട്ടാനായി,മകന്റെ ഉയരത്തിൽ പത്തിരി ചുട്ടു കൊണ്ടുപോയി നേർച്ചയാക്കിയതിന്റെ ഫലം തന്നെയാണ് ഇന്നീ അരികിലിരിക്കുന്ന ഉയരക്കാരൻ .
സ്നേഹവും വാത്സല്യവും മത്സരിച്ചോടുന്ന വിരലുകളാൽ വൃദ്ധ മകൻറെ കൈത്തലത്തിൽ അമർത്തിപ്പിടിച്ചു .
ഇടയ്ക്കിടെ വരുന്ന ചുഴലിദീനവും, മഴയുടെയും കാറ്റിന്റെയും ഒന്നിച്ചുള്ള ശക്തിയോടെന്ന പോലെ പിടിപെടുന്ന പൊള്ളുന്ന പനിയും തളർത്തിയ മകൾക്കായി നേരാത്ത നേർച്ചകളില്ല .
വാടിത്തളർന്നു,നെഞ്ചിലേക്കൊട്ടിയ മകളെയുമായി,മൈലുകളോളം നടന്നു ചിറ്റാരിക്കുന്നിലെ അത്ഭുതസിദ്ധിയുള്ള ബീവിയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയത് അതിനുശേഷമായിരുന്നു.അരയിലും കഴുത്തിലും കെട്ടാനായി മന്ത്രോച്ചാരണങ്ങൾ ജപിച്ച കറുപ്പും വെള്ളയും നൂലുകൾ ബീവി നൽകിക്കൊണ്ടിരുന്നു.തറയിൽ ചമ്രംപടിഞ്ഞിരുന്നു ,ശരീരം ഇരുവശങ്ങളിലേക്കും മെല്ലെ ആട്ടിക്കൊണ്ട് മന്ത്രങ്ങൾ ചൊല്ലി ഊതിയ വെള്ളം മകൾക്ക് കുടിക്കാനായി ബീവി നൽകി .പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ആശ്വാസമായിരുന്നു ബീവിയുടെ മരുന്നും മന്ത്രവും .
മകൾക്ക് ആറാംവയസ്സാകും വരെ മനസ്സിലായതേയില്ലായിരുന്നു,നാലാം വയസ്സിൽ തന്നെ വളർച്ച മുട്ടിയ തലച്ചോറും പേറിയാണ് മകളിനി ജീവിക്കേണ്ടി വരിക എന്നത്..
മകളുടെ പത്താം വയസ്സിലാണ് ജോലി തേടിപ്പോയ രാജ്യത്ത് വെച്ച് ആകസ്മികമായി ഭർത്താവ് മരിച്ച വിവരം,ഖബറടക്കവും കഴിഞ്ഞ് പതിനഞ്ചാം ദിവസം ലഭിച്ച ഇൻലെന്റ് വഴി അറിഞ്ഞത്.അന്നു വൈകുന്നേരത്തെ കളിക്കിടയിൽ ശിപ്പായിയിൽ നിന്നും ഇൻലെന്റ് വാങ്ങി മരണ വാർത്ത അറിയിക്കാൻ വീട്ടിലേക്ക് ഓടിയെത്തിയത് വിയർപ്പിൽ മുങ്ങിക്കുളിച്ച്,ആർത്തു കരഞ്ഞ മകനായിരുന്നു .
ആശയറ്റ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട് .
ഭൂമിയുടെ ദിക്കറിയാത്ത ഏതോ ഒരു കോണിൽ ആറടി മണ്ണിലേക്ക് ഇഴുകിച്ചേർന്ന ഭർത്താവിനെ ഓർത്ത് രാവന്തി മാറുന്നതറിയാതെ കരഞ്ഞു തീർത്ത നാളുകൾ ..
കഴിഞ്ഞ പെരുന്നാളിന് വാപ്പ വാങ്ങിക്കൊടുത്ത വെള്ളയിൽ നീല കള്ളികളുള്ള ഷർട്ട് മുഖത്തോടു ചേർത്തു വെച്ചു വാവിട്ടു നിലവിളിച്ച മീശ കുരുത്ത മകൻ നെഞ്ചിലൊരു നെരിപ്പോടായി മാറിയ രാവുകൾ ..
വടിവില്ലാത്ത അക്ഷരങ്ങളിൽ ഭർത്താവിൽ നിന്നും വല്ലപ്പോഴും വന്നിരുന്ന,"ഉടനെ തന്നെ നേരിൽ കാണാം" എന്ന അവസാനത്തോടെയുള്ള കത്തുകൾ പുനർവായനകളിലെ കണ്ണുനീരൊഴുക്കിൽ കുതിർന്നു പരന്നൊഴുകിയ മൂവന്തി നേരങ്ങൾ ...

വിശപ്പിന്റെ പോർവിളി ശരീരം മനസ്സിലാക്കാൻ കാലതാമസമുണ്ടായില്ല . മൂന്നു നേരത്തെ ഭക്ഷണം പോലും ചോദ്യചിഹ്നമായി .പഠനമുപേക്ഷിച്ച് ഭാരം പങ്കിടാൻ മകനും തയ്യാറായപ്പോൾ,ചിറകടിച്ചു പറന്നകന്നു പോയത് നിറമുള്ള സ്വപ്നങ്ങളായിരുന്നു.
മനോമുകുരത്തിൽ ഭർത്താവിനോടൊത്തു നട്ടു നനച്ചു പരിപാലിച്ചിരുന്ന പഠിപ്പും ജോലിയുമുള്ള മകന്റെയൊരു ചിത്രമായിരുന്നു...
മനോമുകുരത്തിൽ ഭർത്താവിനോടൊത്തു നട്ടു നനച്ചു പരിപാലിച്ചിരുന്ന പഠിപ്പും ജോലിയുമുള്ള മകന്റെയൊരു ചിത്രമായിരുന്നു...
ദീനക്കാരിയായ മകളെയും കൂട്ടി വീടുകൾ തോറും ചെന്നു ചെറിയ ജോലികൾ ചെയ്യാനാരംഭിച്ചു .കൂലിയായി കിട്ടുന്ന നെല്ലും ,ഒരുപിടി കഞ്ഞിയരിയും മുണ്ടിന്റെ കോന്തലക്കൽ കെട്ടിയിട്ട് വീട് പറ്റിയ മൂവന്തി നേരങ്ങൾ ..
ചില വീടുകളിലെല്ലാം അയലയോ,മത്തിയോ വാങ്ങുമ്പോൾ മുറിച്ച തലയുടെ ഭാഗം പണിയെടുത്തു പോകാൻ നേരം തരുമായിരുന്നു.മീൻ തല മുളകുപൊടിയും,ഉപ്പും ചേർത്ത പുളിവെള്ളത്തിലിട്ടു തിളപ്പിച്ചു വേവിച്ചു വല്ലപ്പോഴും മക്കൾക്ക് നൽകിയത് മാത്രമായിരുന്നു അന്നത്തെ സുഭിക്ഷമായ ഏക ഭക്ഷണം .

ഓടിനടന്ന് തൊടിയിലോ കുളത്തിലോ വീണു പോകുമോ എന്നു ഭയന്ന് ,പുളിമരത്തിൽ മകളെ കെട്ടിയിട്ട് തൊട്ടടുത്ത വീട്ടിലെ അടുക്കളപ്പ
ണിക്കായി മാതൃത്വം കല്ലാക്കി നൊമ്പരത്തോടെ നടന്നു നീങ്ങിയ നാളുകൾ ..
ണിക്കായി മാതൃത്വം കല്ലാക്കി നൊമ്പരത്തോടെ നടന്നു നീങ്ങിയ നാളുകൾ ..
കണ്ണൊന്നു തെറ്റിയാൽ ജോലിസ്ഥലത്തെ അടുക്കളയിൽ കയറി കണ്ടതെല്ലാം എടുത്തു കഴിച്ച മകളെ ആക്ഷേപിച്ച മുതലാളിമാരുടെ മുന്നിൽ നിറമിഴികളോടെ തലകുനിച്ചു നിൽക്കേണ്ടിവന്ന കണ്ണീരിൽ മുങ്ങിയ ദിനങ്ങൾ ..
മാസചക്രത്തെക്കുറിച്ചു അവബോധമില്ലാത്ത മകൾ ,ഒരിക്കൽ ആവേശത്തോടെ കോലോത്തെ കുളത്തിലേക്ക് ചാടിയിറങ്ങി. വെള്ളം മുഴുവൻ കോരിക്കളഞ്ഞു വറ്റിച്ചായിരുന്നു അവരന്നാ ബുദ്ധിയില്ലാ കുഞ്ഞിനോടുള്ള പ്രതിഷേധം അറിയിച്ചത്.
അന്നാദ്യമായി ജീവന്റെ വിത്തുകളെ സംരക്ഷിക്കുന്ന ഗർഭപാത്രത്തെ പോലും വെറുത്തുപോയി.
കോപവും,നിരാശയും,ദുഃഖവും അന്ധയാക്കിയപ്പോൾ,മുറ്റത്തെ പുളിമരത്തോടു ചേർത്തുനിർത്തി കട്ടിയുള്ള പുളിവാറൽ കൊണ്ട് ഇരുപതുകാരിയായ നാലുവയസ്സുകാരിയെ പൊതിരെ തല്ലി .
ശബ്ദമില്ലാതെ ഏങ്ങിക്കരഞ്ഞു തല്ലു മുഴുവൻ വാങ്ങിയപ്പോഴും ചെയ്ത തെറ്റെന്താണെന്നറിയാത്തയാ കണ്ണുകളിൽ അമ്പരപ്പ് ബാക്കിയായിരുന്നു.
ശബ്ദമില്ലാതെ ഏങ്ങിക്കരഞ്ഞു തല്ലു മുഴുവൻ വാങ്ങിയപ്പോഴും ചെയ്ത തെറ്റെന്താണെന്നറിയാത്തയാ കണ്ണുകളിൽ അമ്പരപ്പ് ബാക്കിയായിരുന്നു.
നീറിപ്പുകയുന്ന ദേഹം ഇരു കൈകൾ കൊണ്ടും തലോടി തണുപ്പിക്കാനുള്ള വിഫലശ്രമം നടത്തുന്നതിനിടയിൽ,കണ്ഠമിടറിക്കൊണ്ട് മകൾ പറഞ്ഞു ..
"ഇനി ഞാ കാക്കെനേം പൂച്ചനേം കല്ലെടുത്തെറിയൂല ..ന്നെ തല്ലല്ലേ മ്മാ .."
സങ്കടത്തിരമാലകളോടൊപ്പം കോപവും അലയടിച്ച കാതുകളിൽ അതൊന്നും വീണില്ല,ചോര പൊടിയുവോളം തല്ലി .
അന്നുരാത്രി റാന്തൽ വിളക്കിന്റെ വെട്ടത്തിൽ പ്ലാവിലക്കുമ്പിളിൽ കഞ്ഞി കോരി മകൾക്ക് നൽകുമ്പോൾ,ചുവന്നു തടിച്ച സ്വന്തം കൈവള്ള നോക്കി അസ്പഷ്ടമായി മകൾ പറഞ്ഞു ..
"ന്റെ നീറ്റല് പോണില്ലല്ലോ മ്മാ ..ന്തൊരു വേദനേണ് കൈക്കും കാലിനും ....മേലൊക്കെ വേദനേണ് ..
ന്നെ തല്ലിയപ്പോ മ്മന്റെ കൈക്കും വേദനണ്ടായോ ?"
ന്നെ തല്ലിയപ്പോ മ്മന്റെ കൈക്കും വേദനണ്ടായോ ?"
ആ ചോദ്യത്തിനുമുന്നിൽ,രക്തധമനികൾ പോലും ഉറഞ്ഞു പോയ ഗർഭപാത്രം നിശബ്ദം തേങ്ങിപ്പോയി .
അന്നെടുത്ത ശപഥമായിരുന്നു ഒരിക്കലും മകളെ ഇനി നോവിക്കില്ല എന്നത് .നെഞ്ചിലെ ചൂടും,മനസ്സിലെ സ്നേഹവും ,കൈകളുടെ കരുതലും ആവോളം നൽകി സംരക്ഷിച്ചു പോന്നു.എങ്കിലും ,കണ്ണടച്ചും,തുറന്നും കണ്ട സ്വപ്നങ്ങളെല്ലാം ബുദ്ധിയുറച്ച മകളുടെ നാളെകളെക്കുറിച്ചായിരുന്നു .ഓരോ പ്രഭാതങ്ങളിലും,പ്രത്യാശയോടെ ,പ്രാർത്ഥനയോടെ ഉണരാറുണ്ടായിരുന്നത് ദീനം മാറിയ ബുദ്ധി വളർച്ച പൂർണ്ണമായ മകളെ കാണാമെന്ന അതിമോഹത്തോടെയായിരുന്നു .
എന്നാൽ ,കാലക്രമേണ ചുഴലിദീനത്തിനും,പൊള്ളുന്ന പനിക്കും പുറമേ ശ്വാസംമുട്ടൽ കൂടെ അലട്ടിയപ്പോൾ നനഞ്ഞ കോഴിക്കുഞ്ഞിനെ പോലെയായിരുന്നു മകൾ .മിണ്ടാട്ടം കുറഞ്ഞു,ഉദാസീനത നിഴലിക്കുന്ന കണ്ണുകളുമായി,കിതക്കുന്ന ദേഹത്തോടെ മുറ്റത്തു വീഴുന്ന പ്ലാവിലകൾ പെറുക്കിയും,കോഴികളെയും,പൂച്ചകളെയും ആട്ടിപ്പായിച്ചും ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുന്നതറിയാതെ മകൾ ജീവിച്ചു പൊന്നു .

മകളുടെ നാല്പതാം വയസ്സിലെ ഒരു പാതിരാത്രിയിൽ ആയിരുന്നു ആ സ്വപ്നം കണ്ട് വൃദ്ധ ഞെട്ടിയുണർന്നത്.
ഔലിയാ ഫരീദുപ്പാപ്പ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.പള പളാ മിന്നുന്ന വെള്ള നീളക്കുപ്പായവും,കല്ലുകൾ പതിപ്പിച്ച ചുവന്ന തലക്കട്ടുമിട്ട് ,തിളങ്ങുന്ന കണ്ണുകളോടെ സ്വപ്നത്തിൽ കണ്ട ഔലിയയുടെ തലക്കു ചുറ്റും വെള്ള നിറത്തിൽ പ്രകാശം പരന്നിരുന്നു.
"എത്രയും വേഗം നീ പരിശുദ്ധ ഗേഹത്തിലേക്ക് പോകാൻ ഒരുങ്ങണം ..അതുകഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ബുദ്ധിയുറച്ചൊരു മകളെ നിനക്ക് പകരം കിട്ടിയിരിക്കും.."
സ്വപ്നത്തിലെയാ വാക്കുകൾ കേട്ടായിരുന്നു ഞെട്ടിയുണർന്നത് .ആ അശരീരി ജീവിതത്തിലുടനീളം പിന്നീടങ്ങോട്ടും കേട്ടുകൊണ്ടേയിരുന്നു.
ശേഷം,അശ്രാന്തപരിശ്രമത്തിന്റെ നാളുകളായിരുന്നു .തുച്ഛമായ പണിക്കൂലിയിൽ നിന്നും മിച്ചം പിടിച്ചും,സ്വരൂക്കൂട്ടി വെച്ചും യാത്രക്കായി ഒരുങ്ങാൻ തുടങ്ങി.അപ്പോഴെല്ലാം ഓർക്കാപ്പുറത്ത് അതിഥിയായി ,ആവർത്തിച്ചുവരുന്ന ദീനം പിടിപെടുമ്പോൾ സ്വരുക്കൂട്ടിയതിലും നാലിരട്ടി ചെലവുകളുമായി ആശുപത്രിയിലേക്ക് നീങ്ങേണ്ടിവന്നു.
നാല്പത്തിയഞ്ചാം വയസ്സിലെപ്പോഴോ ആണ്,ചിറകുകൾ വിരിച്ച് ആകാശത്ത് ഉയർന്നു പറക്കുന്ന വിമാനം മകളുടെ ദൃഷ്ടിയിൽപെട്ടത് .സൂര്യൻ കത്തിയെരിയുന്ന ഉച്ച നേരത്താണെങ്കിലും,പറക്കുന്ന വിമാനത്തിനു നേരെ നോക്കി,ശ്വാസം തിങ്ങുന്ന നെഞ്ചിന്റെ ഭാരം വക വെക്കാതെ,കണ്ണിമകൾ വിടർത്തി മകൾ കൈ കൊട്ടി ചിരിക്കും .എന്നിട്ട് ഉറക്കെ പറയും ..
"ആകാശവണ്ടി ...ആകാശവണ്ടി ..."
സ്പഷ്ടമായി പറയാൻ അറിയുന്ന ചുരുക്കം വാക്കുകളിലേക്ക് പുതിയൊരു വാക്കും കൂടെ എത്തിച്ചത് പറന്നുയരുന്ന വിമാനം ആയിരുന്നു.
ഇന്ന് ,അൻപത്തിയഞ്ചാ。 വയസ്സിൽ,ചുളിവുകൾ ആലേഖനം ചെയ്യപ്പെട്ട ശരീരത്തിന്റെ നഗ്നത മറക്കാൻ പോലുമറിയാതെ മകൾ മുന്നിൽ വന്നു നിൽക്കുമ്പോൾ,വൃദ്ധയുടെ ഹൃദയം ഛിന്നഭിന്നമാകാറുണ്ട് .
രക്തം പൊടിയാത്തൊരു കോശങ്ങൾ പോലുമില്ലാത്ത,ആടിയുലഞ്ഞ തന്റെ ശരീരത്തിലേക്ക് മകളെ അണച്ചു പിടിച്ചു വൃദ്ധ കണ്ണീർവാർക്കും .
രക്തം പൊടിയാത്തൊരു കോശങ്ങൾ പോലുമില്ലാത്ത,ആടിയുലഞ്ഞ തന്റെ ശരീരത്തിലേക്ക് മകളെ അണച്ചു പിടിച്ചു വൃദ്ധ കണ്ണീർവാർക്കും .
"ഖോജ രാജാവായ തമ്പുരാനേ...
നിന്റെയാ പുണ്യഭൂമിയിൽ കാലുകുത്താനുള്ള ഭാഗ്യം എത്രയും പെട്ടെന്ന് തരണേ...
ഫരീദ് ഔലിയ പറഞ്ഞപോലെ ദീനക്കാരി മകളുടെ ദീനം മാറ്റി അവളെ ബുദ്ധിയുറച്ചവളാക്കി എനിക്ക് തിരിച്ചു തരണേ .."
നിന്റെയാ പുണ്യഭൂമിയിൽ കാലുകുത്താനുള്ള ഭാഗ്യം എത്രയും പെട്ടെന്ന് തരണേ...
ഫരീദ് ഔലിയ പറഞ്ഞപോലെ ദീനക്കാരി മകളുടെ ദീനം മാറ്റി അവളെ ബുദ്ധിയുറച്ചവളാക്കി എനിക്ക് തിരിച്ചു തരണേ .."
അബോധമനസ്സിൽപോലും ഉരുവിടുന്ന പ്രാർത്ഥന അതു മാത്രമായിരുന്നു.
നെറ്റി തറയിലമർത്തി രാവും പകലുമില്ലാതെ നടത്തിയ തേട്ടങ്ങളുടെ പരിസമാപ്തിയാണിന്ന് .ഇന്നീ പുണ്യഭൂമിയിൽ കാലുകൾ പതിപ്പിച്ചു കഴിഞ്ഞാൽ ,വർഷങ്ങളായുള്ള പ്രാർത്ഥനകൾക്കുത്തരമായി സ്ഥിരബുദ്ധി കൈവരിക്കാൻ പോകുന്ന തന്റെ പുന്നാര മകൾ ...
തിരിച്ചെത്തുമ്പോൾ തന്നെ സ്വീകരിക്കാനെത്തുന്ന മകളുടെ പുതിയ ചിത്രമോർത്തു വൃദ്ധയുടെ ഹൃദയം നിറഞ്ഞു തുളുമ്പി..

സീറ്റിലേക്ക് ഒന്നുകൂടെ അമർന്നിരുന്നു,മേഘക്കീറുകൾക്കിടയിലൂടെ ദൈവത്തെ ഒരു നോക്കു കാണാൻ വൃദ്ധയുടെ മനസ്സ് കൊതിച്ചു.നേർത്ത പുഞ്ചിരിയോടെ,വിരലുകൾക്കിടയിലൂടെ മന്ത്രോച്ചാരണ ചരടിലെ വെളുത്ത മുത്തുകളെ പായിച്ചു, ലക്ഷ്യത്തിലേക്ക് നോക്കിക്കൊണ്ട് വൃദ്ധ കിടന്നു .
ഇതേ സമയം അങ്ങകലെ ,കുരുമുളകുവള്ളികൾ പടർന്നു കയറിയ കമുങ്ങിൻ ചുവട്ടിൽ നിന്ന് ,വെള്ളി വിതാനിച്ച ആകാശത്തിൽ പൊട്ടു പോലെ കാണുന്ന ഏതോ വിമാനത്തെ നോക്കി കൈ കൊട്ടിച്ചിരിച്ചു കൊണ്ട് മകൾ അപ്പോഴും പറയുന്നുണ്ടായിരുന്നു ...
"ആകാശവണ്ടി ...ആകാശവണ്ടി..."
: ഫർസാന അലി :
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക