Slider

ഓർമ്മയിലെ ഓണം

0
Image may contain: Shabna Shabna Felix, smiling, closeup
******************
"ആരാത്.. ഇരുട്ടത്ത്?"
ഇരുട്ടിൽ നിന്നും ഒരു ചോദ്യം..
"ഞാനാ ചേച്ചി..."ഒരല്പം നിലാവ് വീണിടത്തേക്കു മാറി നിന്നുകൊണ്ടു ഞാനെന്നെ വെളിപ്പെടുത്തി.
"ഇന്ന് മത്സരമാണല്ലേ ചുമ്മാതല്ല ഈ വെളുപ്പാൻകാലത്ത്..."മറുസ്വരം മൊഴിഞ്ഞു..പിന്നാലെ വാതിൽ കൊട്ടിയടയുന്ന സ്വരവും കേട്ടു..
തൊട്ടുമുന്നിലെ വീട്ടിലെ ചേച്ചിയാണ്. ഓണക്കാലത്തെ എന്റെ എതിരാളി.ഞാൻ കണ്ണും തിരുമ്മി എഴുന്നേറ്റു വരുംമുന്നെ ചാടിയെഴുന്നേറ്റു പറമ്പിൽ ഞങ്ങൾ നോട്ടമിട്ട പൂവായ പൂവൊക്കെ ഇറുത്തു ചാണകം മെഴുകി പൂക്കളമിട്ട് , ചാണകത്തെ നോക്കി അറച്ചു , അതില്ലാതേം പൂക്കളം ഇടാം ന്നു വാശിയോടെ പ്രഖ്യാപിച്ച നസ്രാണിപ്പെണ്ണായ എന്നെ നോക്കി എന്നും കളിയാക്കണ ഐറ്റം.
ഇനി ചാണകം പോട്ടെ.. വെളുപ്പാൻ കാലത്തു കുളിക്കാനോ..? അതും ഇവിടെ നടപ്പില്ല..എന്തായാലും അന്ന് ഞാൻ വെളുപ്പിനെ നാലിനേ എഴുന്നേറ്റു കുളിച്ചു. .പച്ചപാവാടയും ( സ്കൂളിലെ പഴയ യൂണിഫോം)അരയോളം എത്തുന്ന പച്ചബ്ലൗസുമിട്ടു കാത്തു നിൽപ്പാണ്, പൂക്കൾ പറിക്കാൻ.
എല്ലാ വർഷവും ആണ്കുട്ടികളും പെണ്കുട്ടികളും തമ്മിൽ ക്വാർട്ടേഴ്സിൽ അരങ്ങേറുന്ന പൂക്കളമത്സരമുണ്ട്.. ..രണ്ടു ദിവസായിട്ടു കിടന്നിട്ടു ഉറക്കമില്ലായിരുന്നു . തോറ്റു പോയാൽ ഒരു കൊല്ലം മുഴുവൻ അവരുടെ കൂക്കി വിളി കേക്കണം. കഴിഞ്ഞ രണ്ടു കൊല്ലവും തക്കിട തരികിട പരിപാടി കാട്ടി പെണ്കുട്ടികള് ജയിച്ചു
.
അന്ന് ഗൂഗിൾ അണ്ണൻ പ്രവർത്തനമൊന്നും തുടങ്ങാത്തതു കൊണ്ടു പൂക്കളത്തിന്റെ മോഡൽ തപ്പാനൊന്നും പറ്റില്ല.. ആങ്കുട്ട്യോളെ പോലെ തലയും കലയും ഇല്ലാത്ത ജാതികളാണ് ഞങ്ങടെ കൂട്ടത്തിൽ പലരും. പിന്നെയാകെയാശ്വാസം , രണ്ടു ഇത്തിരി പോന്ന പെണ്കുട്ടികളിലാണ്.. നാവു ഡിഗ്രിക്കും കുരുത്തക്കേടിൽ ഗവേഷണവും നടത്തുന്ന രണ്ടു അടാറു ജാതികൾ.. സ്പൈ വർക്കാണ് മെയിൻ പണി.. നുഴഞ്ഞു കേറി ആണ്കുട്യോളുടെ സകലമാന രഹസ്യം ചോർത്തി, പിടിക്കാൻ വരുമ്പോൾ പി ടി ഉഷയേയും ഷൈനി വിൽസനേയും പോലെ ഓടി ഏതെങ്കിലും നീളൻ പാവടക്കുള്ളിലോ നൈറ്റിക്കുള്ളിലോ ഒളിത്താവളം തേടുന്നവർ. അവരിൽ നിന്നും അറിഞ്ഞ വിവരം അനുസരിച്ചു , ഏതോ ഒരു മാമനെ കൊണ്ടു അടിപൊളി പൂക്കളം ഡിസൈൻ ചെയ്തു വരുത്തിച്ചെന്ന്.. അതും പോരാണ്ട് നാടെങ്ങും പോയി പൂ പറിക്കാൻ പോകാതെ ..കുറെ പൂ വാങ്ങിയത്രെ.. തമിഴ്നാടൻ ജമ്മന്തിയും ചെണ്ടുമല്ലിയുമൊക്കെ.. ഞങ്ങൾക് ഉള്ളത് ആകെ നാടൻ പൂ മാത്രമാണ്..അതു അവർ ഉണരും മുന്നേ നുള്ളിയില്ലെങ്കിൽ കുരങ്ങന്മാർ അതു വേരോടെ പറിച്ചും കൊണ്ടോടും..
ഇന്നലെ തുമ്പപ്പൂ നുള്ളാൻ ഇരുന്നപ്പോ വാശി മൂത്ത് , പറമ്പിലുള്ള തുമ്പപ്പൂ ചെടി വേരോടെ പിഴുതോടിയ കൊശവന്മാരാണ്.
നേരം വെളുത്തു വരുന്നു.. ഒരൊറ്റ പെണ്പ്രജയേയും കാണാനില്ല....രണ്ടും കല്പിച്ചു തൊട്ടടുത്ത പറമ്പിലേക്കിറങ്ങി.അവിടെ ഒരാൾപൊക്കത്തിൽ , ചെറിയ കാട് പോലെ വളർന്നു നിന്ന ചെടിയിൽ മഞ്ഞ നിറത്തിൽ ഒരു പൂവുണ്ട്.. അതു നുള്ളാൻ നീങ്ങിയ നേരം.. കാടിന്റെ ഉള്ളിൽ നിന്നൊരനക്കം..പേടിച്ചു പിന്നോട്ടോടി വീണു..കൈകുത്തിയത് നേരെ ചാണകത്തിൽ..കിടന്ന കിടപ്പില് കാട്ടിൽ നിന്നും ഒരു പൊട്ടിച്ചിരി കേട്ടു.. അടുത്ത വീട്ടിലെ ഒരു ആണ്പ്രജയാണ് കാട്ടിനുള്ളിൽ .പൂ നുള്ളി നുള്ളി..അകത്തായി പോയതാണ്.
കയ്യിൽ പറ്റിയ ചാണകം പുല്ലിൽ തുടച്ച് ..വീറോടെ പൂ നുള്ളി നിൽക്കുമ്പോൾ ദേ വരുന്നു ബാക്കി മീശ മുളക്കാത്ത കേശവന്മാർ.
തൃശൂർ പോലീസ് കണ്ട്രോൾ റൂമിനു മുന്നിൽ നിന്നിരുന്ന അശോകപൂവുണ്ട്..അമ്പലപറമ്പിൽ നിന്നുള്ള കുറെ ചെമ്പരത്തിയുണ്ട്.. ഏതൊക്കെയോ വീടിന്റെ മതിലിൽ ചാടിക്കേറി കട്ടു പറിച്ച കോളാമ്പിയും റോസുമൊക്കെയുണ്ട്...(സ്പൈ വർക്കിൽ ചെറിയ പിഴവ്)
എന്റെ കാറ്റു അതോടെപ്പോയി.. പിന്നേം വീറോടെ കുറെ പൂ പറിച്ചു കവറിലാക്കി കൂട്ടുകാരെ വിളിക്കാനോടി..
പത്തു മണിയായപ്പോഴേക്കും ക്വാർട്ടേഴുണർന്നു കഴിഞ്ഞു. ആണുങ്ങളും പെണ്ണുങ്ങളും ചേരി തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. മുതിർന്നവർ കാഴ്ചക്കാരാണ്, കുട്ടികൾ പൂക്കളമിടും..ഇടുന്ന പൂക്കളത്തിന് കവചം തീർക്കാൻ പെണ്പടകളും ആണ്പടകളും പൂക്കളത്തിനു ചുറ്റും വളഞ്ഞു നിന്നു..
രഹസ്യന്വേഷണവിഭാഗം ഇടക്കിടെ അപ്പുറത്തെ പൂക്കളത്തിന്റെ വിശേഷങ്ങൾ അറിയിച്ചു പോന്നു.. കിട്ടിയ വിവരങ്ങൾ ഒട്ടും ആശാവാഹമായിരുന്നില്ല..
"ചേച്ചീ... അവരുടെ പൂക്കളം കാണണം..കണ്ണു തള്ളി ചേച്ചീ.."
ഈ വിധം ന്യൂസ് അപ്‌ഡേഷൻ കേട്ടതോടെ ഞങ്ങടെ കാറ്റു പോയി..കഴിഞ്ഞ കൊല്ലം മുഴുവൻ ഈ കാര്യം പറഞ്ഞു അവരെ കളിയാക്കി കൊന്നതിന് അവന്മാർ ഞങ്ങടെ പണ്ടം കീറും ജയിച്ചാൽ...പെണ്കുട്ടികള് നിന്നു വിയർക്കാൻ തുടങ്ങി..അപ്പുറത്തെ ടീമിൽ പോയി ഒളിഞ്ഞു നോക്കിയ അമ്മമാരുടെ മുഖം ഞങ്ങടെ പൂക്കളം കണ്ടപ്പോ ചുളിഞ്ഞു പോയി..
തുമ്പയും ചെത്തിയും ചെമ്പരത്തിയും ബാൽസവും കോളമ്പിയും കൊങ്ങിണിപൂവും റോസയും മുക്കുറ്റിയും പിന്നെ പേരറിയാത്ത കുറെ പൂക്കളും ഞങ്ങടെ പൂക്കളത്തിൽ തലങ്ങും വിലങ്ങും കിടന്നു..
ജഡ്ജായ സ്റ്റേഷൻ ഓഫീസർ പൂക്കളങ്ങൾ കാണാൻ പുറപ്പെട്ടു കഴിഞ്ഞെന്ന വിവരമറിഞ്ഞു.. ഞങ്ങടെ ശ്വാസം മേലോട്ടു കേറി നിൽപ്പാണ്.. കൂടുതൽ കാറ്റു പോയത് എൻറെയുമാണ്.. കൂകുന്ന സീൻ കാണാൻ വയ്യ. ഓർക്കാൻ കൂടി വയ്യ.രക്ഷപ്പെടാൻ ഉള്ള വഴിയോർത്തു നിൽക്കെ.. എന്റെ കണ്ണിൽ ഇരുട്ടു കേറി.. തലയിൽ കയ്യും വെച്ചു ഞാൻ അവിടെ മാറിയിരുന്നു..
"എന്താ മോളെ.."ആരൊക്കെയോ ചോദിച്ചു.
".എനിക് തല കറങ്ങുന്നു"..ഇല്ലാത്ത തലകറക്കം അഭിനയിച്ചു കണ്ണും അടച്ചു ഒരിടത്തു മാറിയിരുന്നു..
,'പാവം വെളുപ്പാൻ കാലത്തു തുടങ്ങിയ പണിയല്ലേ. '
'വെയിൽ കൊണ്ടിട്ടാ.. '
'ഉറക്കം നിന്നിട്ടാ.. 'ആരൊക്കെയോ പറയുന്ന ഡയലോഗുകൾ..
മല ചുമക്കാൻ ഉള്ള പണിയല്ലേ പൂക്കളം ഇടുന്നത് എന്നു ഉള്ളിൽ പറഞ്ഞുവെങ്കിലും കേട്ടിട്ടും കേൾക്കാത്ത പോലെയവിടെയിരുന്നു...അയാൾ കഥയെഴുതുകയാണ് സിനിമയിലെ ശ്രീനിവാസൻ പോലും തോറ്റു പോകുന്ന ബോധംകെടൽ..!
ജഡ്ജസ് വന്നു...പൂക്കളം നോക്കി.. തളർന്നു കിടക്കുന്ന എന്നെ നോക്കി.. കൂവാൻ കാത്തു നിന്ന പുരുഷക്കളെ നോക്കി...
ജഡ്‌ജിനു കണ്ണു കാണാൻ മേലാഞ്ഞിട്ടോ ഇടക്കിടെ ക്രിക്കറ്റ് ബാൾ സിക്സ് അടിച്ചു തെറിപ്പിച്ചു സ്റ്റേഷന്റെ ഓടുകൾ പൊട്ടിച്ച അവരോടുള്ള കലിപ്പ് കൊണ്ടോ അറിയില്ല..
പെണ്കുട്ടികളുടെ പൂക്കളത്തിനു ഫസ്റ്റ്...
റിസൾട്ട് പറഞ്ഞു കഴിഞ്ഞതും ബോധമില്ലാതെ കിടന്ന പെണ്കുട്ടി ആദ്യം ചാടിയെഴുന്നേറ്റു കൂവി....
പിടക്കോഴിക്കു കൂട്ടായി ബാക്കി പിടകളും കൂവി..
പിന്നെ ചമ്മൽ മറയ്ക്കാൻ കൂവിന് ആണ്കുട്ടികളും കൂടി. കൂവി തോറ്റ ആണ്_ പെണ്കുട്യോൾക്കു എല്ലാര്ക്കും അമ്മമാർ പായസം വിളമ്പി.. ചെറിയ വഴക്കുകളൊക്കെ മറന്ന് അച്ഛന്മാർ പഴയ ഓണക്കാലത്തെ വീരകഥകൾ മുഴക്കി പറഞ്ഞു.
'ഇന്നത്തെ ഓണമൊക്കെയെന്ത് പണ്ടല്ലായിരുന്നോ ഓണം!'
ഇന്നെന്റെ മക്കളോട് ഞാനും പറയുന്ന വാചകങ്ങൾ..
ഓണക്കാലമാകുമ്പോഴേക്കും പറമ്പിൽ നിറയുന്ന പേരറിയാത്ത കുറെ പൂക്കൾ..ഓണപ്പരീക്ഷ കഴിയുമ്പോഴേക്കും ബന്ധുവീടുകളിലേക്കുള്ള യാത്രകൾ..ചിരികളികൾ.. എല്ലാവരും ഒരുമിച്ചുള്ള അടുക്കള പുരയിലെ കഥാവിശേഷങ്ങൾ .. ഇലയിട്ട് നിലത്തിരുന്നുള്ള സദ്യക്ക് സ്നേഹത്തിന്റേം ഒത്തൊരുമയുടെയും രുചിയായിരുന്നു.ഇനിയും ഇതൊന്നും നഷ്ടമായില്ലെന്നു സ്വയം വിശ്വസിപ്പിച്ചു ഓരോ മലയാളിയും പഴമയെ കൈവെടിയാതെ ഇന്നും ഓർമകളെ ചേർത്തു പിടിക്കുന്നു .ഇതുപോലെ അക്ഷരങ്ങളായി..പുത്തനുടുപ്പുകളായി..ഓണസദ്യയും ഓണക്കളിയുമായി...ഓർമകളെ മാറോടു ചേർത്ത്..
ഇല്ല മരിക്കുന്നില്ല..
മലയാളിയുള്ളിടത്തോളം..
തലമുറകൾ ഇനിയും ഏറ്റു പറയും..
"ഓർമ്മയിലെ എന്റെ ഓണം..നല്ലോണം."

By Shabana Felix
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo