Slider

അച്ഛൻ

0


മരിക്കണമെന്ന് തോന്നിയിട്ടില്ലേ ഒരിക്കലെങ്കിലും.
ഒരിക്കലോ...?
എത്രയോ വട്ടം.
ജീവിതത്തിൽ ഇനിയെന്തിന് ജീവിക്കണമെന്ന് തോന്നിയ എത്രയോ നിമിഷങ്ങളിൽ മരിക്കണമെന്ന് തോന്നിയിട്ടുണ്ട്. മറ്റൊരാൾ മരിച്ചെങ്കിലെന്ന് ആശിക്കുമ്പൊഴൊ...?
അതും ഏറ്റവും സ്നേഹിക്കുന്നതും വേണ്ടപ്പെട്ടതുമായൊരാൾ.
സ്വന്തം അച്ഛനായാലോ...?
"ഇനി പഴവും ചോറും ചേർത്ത്
കുഴച്ച് ഒരു ഉരുളയാക്കുക "
ആ നിർദേശം കേൾക്കേണ്ട താമസം വരിവരിയായി ഇരുന്നവരെല്ലാം അത് ചെയ്തു തുടങ്ങി.
കൈകളിലെടുത്ത ചോറും പഴവുമായി കൂട്ടിക്കുഴച്ചൊരു ഉരുള ആയി വയ്ക്കുമ്പോൾ ഉണ്ടായൊരു മണം മൂന്നു ബാല്ല്യങ്ങളുടെ ഓർമ്മയിലേക്കെത്തിച്ചു.
പണ്ട് അച്ഛൻ പുട്ടും പഴവും കൂട്ടി കുഴച്ച് കഴിച്ച് എഴുന്നേറ്റതിന് ശേഷം വച്ചിരിക്കുന്ന വലിയൊരു ഉരുള അടി കൂടി കഴിച്ചിരുന്ന മൂന്നു ബാല്ല്യങ്ങൾ.
"മരിച്ചയാളിന്റെ മുഖം സ്നേഹത്തോടെ നന്നായി മനസ്സിലോർത്തോളു എന്നിട്ടാ പിണ്ഡം ദർഭയ്ക്കരികിലായി സമർപ്പിച്ചിട്ട് കിണ്ടിയിൽ നിന്നും ജലമെടുത്ത് കൈ ഒന്നു നനയ്ക്കുക."
അയാൾ പറഞ്ഞു നിർത്തി. കുട്ടിക്കാലത്ത് വാവിന്റെയന്ന് പായസവും കൂട്ടി സദ്യ ഉണ്ണാമല്ലോ എന്നൊക്കെയായിരുന്നു ചിന്ത. പുത്തൻ വെള്ളതോർത്തും തോളിലിട്ട് നെറ്റിയിലെ ചന്ദനക്കുറിയുമായി അച്ഛനും അമ്മയും അമ്പലത്തിൽ പോയി വരുന്നത് കണ്ടിട്ടുണ്ട്. ബലിയിടാനാണത്രെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും.
അച്ഛനും അമ്മയും മരിച്ചവരാണത്രെ ബലിയിടുന്നത്.
ബലിയിടാനാണോ മരിച്ചിരുന്നെങ്കിലെന്ന് ആശിച്ചിരുന്നത്.
അതിനായി കാത്തിരുന്നത്. മോക്ഷം നൽകണേ എന്ന് പ്രാർത്ഥിച്ചിരുന്നത്.
അല്ല കാണുന്ന നാൾ മുതൽ ആരോഗ്യവാനായ
എല്ലാവർക്കും ധൈര്യമായിരുന്ന ഒരാൾ ഇപ്പോൾ ഭക്ഷണവും മറ്റ് കാര്യങ്ങൾക്കൊക്കെ ഒരാളിന്റെ ആശ്രയം വേണ്ടി വരുന്നു.
അത് എത്ര നാൾ വേണമെങ്കിലും ചെയ്യാം പക്ഷേ
"വേദനയുണ്ടോ അച്ഛാ..." ചോദ്യത്തിനുത്തരം എന്നും ഇല്ല എന്നു തന്നെ മാത്രമായിരുന്നു. രാത്രികളിൽ ഭക്ഷണത്തോടൊപ്പം തിരിച്ച് പുറത്തേക്കൊഴുകി മുറിയിലെ തറയിൽ തളം കെട്ടിയ കൊഴുത്ത ചോരയുടെ അവശിഷ്ടങ്ങളും ചുണ്ടിൽ നിന്ന് തുടച്ചു മാറ്റുമ്പോൾ പറയും "പേടിക്കണ്ട
എനിക്കൊന്നുമില്ലെന്ന് "
എത്രയോ വട്ടം മാറി മാറി വിളിച്ചുണർത്താൻ ശ്രമിക്കുമ്പോൾ എന്തേയ് അച്ഛൻ കണ്ണ് തുറക്കാതെ ഒരു മൂളലിൽ മറുപടി നൽകി. എന്നിൽ ജീവനുണ്ടെന്ന് അറിയിച്ചതായിരിക്കുമല്ലേ. ഞങ്ങൾ കാത്തിരിക്കുവാണെന്ന് മനസ്സിലായിട്ടാണോ...?
അതൊ തിരിച്ചും കാത്തിരിക്കുവായിരുന്നോ അച്ഛനും.
"കുടുംബത്തിൽ ഇതിന് മുൻപ് ആരൊക്കെ മരിച്ചിട്ടുണ്ടോ അവരെയൊക്കെ മനസ്സിൽ ചിന്തിച്ച് ഭക്ഷണം നൽകുന്നതായി സങ്കൽപിച്ച് ഇലയിലേക്ക് ചെറു ഉരുളകൾ വയ്ക്കുക."
എന്ന് കേട്ടപ്പോൾ മനസ്സിലൂടെ കടന്ന് പോയ പിതൃക്കൾക്കൊക്കെ ഓരോ രൂപമുണ്ടാക്കാൻ ശ്രമിക്കുവായിരുന്നു.
"ഇനി കണ്ണടച്ച് മരിച്ചയാളുമായി ഏറ്റവും സന്തോഷകരമായിരുന്ന നിമിഷങ്ങൾ മനസ്സിൽ സങ്കൽപ്പിച്ച് ആ മുഖവും ഓർത്തുകൊണ്ട് ഒന്നു പ്രാർത്ഥിച്ചോളു" .
തല കുനിച്ച് കണ്ണടച്ചതും കണ്ണിൽ നിന്നും ഇറ്റുവീണ തുള്ളികളും തർപ്പണമായി മാറുകയായിരുന്നു.
വേദന നിറഞ്ഞ ചിരിയോടെയുള്ള മുഖമാണ് മനസ്സിൽ തെളിയുന്നത്. സന്തോഷകരമായ നിമിഷങ്ങൾ ഓർത്തെടുക്കുവാൻ കഴിയുന്നതേയില്ലലോ.
"ഇനി മരിച്ചയാളുമായി ദേഷ്യം നിന്നിരുന്ന നിമിഷത്തെ ഓർത്ത് ക്ഷമ ചോദിച്ചു കൊൾക.."
വീണ്ടും കാതുകളിലെ ശബ്ദം കണ്ണുകൾക്കുള്ളിലെ ചിത്രങ്ങൾ മാറ്റി കൊണ്ടേയിരുന്നു. എന്നായിരുന്നത് അച്ഛനെ എതിർത്ത് സംസാരിച്ചത്.
തല്ല് കൊണ്ട് വലിയ വായിൽ കരയുമായിരുന്നിട്ട് ഒരു നാൾ എന്തേയ് വലിയ ഓലത്തുമ്പിനാലു ളള അടിയേൽക്കുമ്പോഴും കരയാതെ മുഖവും വീർപ്പിച്ച് കല്ല് പോലെ നിന്ന് കളഞ്ഞത്.
തല്ലി തളരുമ്പോൾ എന്നിലെ നിസംഗഭാവം കണ്ട് വടിയും ദൂരെയെറിഞ്ഞ് നടന്ന് മറഞ്ഞപ്പോൾ ആ മനസ്സ് വേദനിച്ചിട്ടുണ്ടാകില്ലേ.
അതൊ എന്റെ മക്കൾ തന്നോളം വളർന്നു എന്നാശ്വസിച്ചുവോ. കിണ്ടിയിലെ വെള്ളമെടുത്ത് കൈ നനച്ച് എഴുന്നേൽക്കുക.
എന്നിട്ടാ ഇലയും പിണ്ഡവുമെടുത്ത് തലയ്ക്ക് മുകളിൽ പിടിച്ച് കടവിലേക്ക് നടന്ന് പിണ്ഡം വഴിയിലെ ശിലാബിംബങ്ങളിൽ സമർപ്പിച്ച് ഇല കടലിലേക്കൊഴുക്കി മുങ്ങി എഴുന്നേറ്റോളു.
ആദ്യത്തെ ബലി കഴിഞ്ഞു. വെള്ളത്തോർത്തും ചന്ദനക്കുറിയുമായിനി വീട്ടിലേക്ക് അവിടെ മക്കൾ ഇന്ന് പായസവും സദ്യയുമുണ്ടാകുമല്ലോ എന്നു കരുതി കാത്തിരിക്കുന്നുണ്ടാകും.
LEKHA.NT
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo