Slider

I HATE LOVE STORIES

0
I HATE LOVE STORIES
“നാന്‍ വരുവേന്‍…...മീണ്ടും വരുവേന്‍ …..ഉന്നൈ നാന്‍ തൊടര്‍വേന്‍...ഉയിരാല്‍ തൊടുവേന്‍ “ മദ്രാസ് മൊസാര്‍ട്ടിന്‍റെ സംഗീതം കര്‍ണ്ണപടത്തില്‍ ഒരു ചെറിയ ശബ്ദത്തില്‍ ആസ്വദിക്കുമ്പോള്‍ ആ ഗാനത്തിലെ ഓരോ രംഗങ്ങളും എന്‍റെ മനസ്സിലൂടെ കടന്നുപോവുകയാണ്‌ .കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ എത്രയോ തവണ ഈ ഗാനം കേട്ടിരിക്കുന്നു പക്ഷേ ഇന്ന് ഈ ഗാനം കേള്‍ക്കുമ്പോള്‍ ഹൃദയത്തിന്‍റെ അറകളില്‍ ബോധപൂര്‍വ്വം ചിതലരികാതെ ഒളിപ്പിച്ചുവെച്ച ഓര്‍മ്മകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പോലെയുള്ള ഒരനുഭൂതി.സാഹചര്യങ്ങളാല്‍ വില്ലനെന്ന് ആരോപിക്കപ്പെട്ട അയാള്‍ നായകനെന്ന വില്ലന്‍റെ വെടിയേറ്റ് മരിച്ചുവീഴുമ്പോള്‍ താനേറെ സ്നേഹിക്കുന്ന നായികയ്ക്ക് കൊടുക്കുന്ന ഒരു വാഗ്ദാനമായിട്ടാണ് ആ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.അല്ലെങ്കിലും സാഹചര്യങ്ങള്‍ക്ക് എപ്പോഴും വില്ലന്‍റെ വേഷമാണ്.എന്‍റെ കാര്യത്തിലും സാഹചര്യമെന്ന വില്ലന്‍ അവന്‍റെ എല്ലാഭാവത്തിലും നിറഞ്ഞാടിയപ്പോള്‍ ജീവിതത്തില്‍ ഞാന്‍ ഏറ്റവും വിലയേറിയതായി കരുതിവെച്ച ചിലത് എനിയ്ക്ക് നഷ്ടപ്പെട്ടു അതും എന്നന്നേക്കുമായി നഷ്ടപ്പെട്ടു.വിന്‍ഡോ ഗ്ലാസിന്‍റെ ഓരത്തായിരുന്നിരുന്ന ഞാനും എന്‍റെ മനസ്സും പതിയെ പുറത്തെ മേഘപാളികളോടൊപ്പം പുറകോട്ട് സഞ്ചരിച്ചു
“മീനാംബിക അതായിരുന്നു അവളുടെ പേര് ..എന്‍റെ മീനു .വിദ്യാരംഭത്തിന്‍റെ നാളില്‍ അവളുടെ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച് കണ്ണീരൊലിപ്പിച്ചു ക്ലാസിലേയ്ക്ക് കയറിലെന്ന് വാശിപ്പിടിച്ച അവളുടെ കുട്ടിത്തം നിറഞ്ഞ മുഖം ഇന്നും എന്‍റെ മനസ്സിലുണ്ട് .വാശിയുടെ തോല്‍വിക്കൊടുവില്‍ അവളെന്‍റെ അടുത്ത് വന്നിരിന്നപ്പോള്‍ എനിയ്ക്ക് അറിയില്ലായിരുന്നു അവളെന്‍റെ ജീവിതത്തിലേയ്ക്കാണ് കടന്നുവന്നതെന്ന്.എന്‍റെ കയ്യിലുണ്ടായിരുന്ന മിഠായിയിലൊന്നു അവള്‍ക്ക് കൊടുത്തപ്പോള്‍ കരഞ്ഞുമടുത്ത അവളുടെ കണ്ണുകളെ കൈകള്‍ കൊണ്ട് തുടച്ച് മുഖത്തൊരു പുഞ്ചിരിവിടര്‍ത്തി എന്‍റെ കൈയില്‍ നിന്നും അന്ന് നീ അത് വാങ്ങിയപ്പോള്‍ എനിയ്ക്ക് അറിയില്ലായിരുന്നു വിടരാന്‍ മടിച്ച ഒരു പ്രണയകഥയുടെ ആരംഭമാണതെന്ന്.വെറും പരിചയത്തിന്റെ കണികകള്‍ കാലക്രമേണ ഞങ്ങളെ വീണ്ടും വീണ്ടും അടുപ്പിക്കുകയായിരുന്നു .അന്നൊരു മഴയുള്ള ദിവസം വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ കാറ്റടിച്ചു നിന്‍റെ കുട പറന്നതും അതുപിടിക്കാനായി നീ മുഖമിടിച്ച് നിലത്തുവീണ രംഗം കണ്ടപ്പോള്‍ ഞാന്‍ ഊറിച്ചിരിച്ചപ്പോള്‍ ദേഷ്യപ്പെട്ട് മുഖംവീര്‍പ്പിച്ച് നടന്നകന്ന തൊട്ടാവാടിയായ നിന്നെയൊന്ന് സമാധാനിപ്പിക്കാന്‍ ഒരാഴ്ചയോളം എനിയ്ക്ക് വേണ്ടി വന്നു.പിന്നീടൊരിക്കല്‍ മഴയുള്ള ദിവസം അതെ കുടയില്‍ നമ്മളൊരുമ്മിച്ച് പാടത്തിന്‍റെ കുറുകെയുള്ള ആ മണ്‍പാതയിലൂടെ ചെരുപ്പുകള്‍ കൈയില്‍ പിടിച്ച് ഇരുവശങ്ങളിലെയ്ക്ക് കാല്‍കൊണ്ടു മഴവെള്ളം തെറിപ്പിച്ചു മുട്ടിപ്പാലം എത്തുംവരെ നടന്നതും എനിയ്ക്ക് എങ്ങനെ മറക്കാനാവും മീനു ? ഒടുവില്‍ പ്ലസ്ടു കഴിഞ്ഞ് തുടര്‍പഠനത്തിനായി നീ കേരളം വിട്ടുപോകുമ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ വില്ലന്‍ വേഷത്തില്‍ അവതരിച്ചപ്പോള്‍ പഠനം നിറുത്തേണ്ടി വന്നു എനിയ്ക്ക് .ആരോ പറഞ്ഞപ്പോലെ പരസ്പരം കാണാതെ ഇരിയ്ക്കുമ്പോഴാണ് അയാളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നത് . നിന്‍റെ അഭാവത്തിലും നിന്നോടുള്ള എന്‍റെ സ്നേഹം ഓരോ നിമിഷവും ഇരട്ടിയാവുകയായിരുന്നു .നിന്‍റെ വിശേഷങ്ങള്‍ അപ്പുവേട്ടനോട് ചോദിക്കാത്ത ഒരുദിവസം പോലും എനിക്കിലായിരുന്നു .അവധിദിനങ്ങളില്‍ നിന്‍റെ വരവും കാത്ത് മുട്ടിപ്പാലത്തിന്റെ മുകളില്‍ ഞാന്‍ കാത്തുനില്‍ക്കുമ്പോള്‍ എന്‍റെ സന്തോഷത്തിന്‍റെ വ്യാപ്തി ഒരു കഥാകാരനോ ഒരു കവിക്കോ തൂലികത്തുമ്പ് കൊണ്ട് ഒപ്പിയെടുക്കാന്‍ അസാധ്യമായിരുന്നു മീനു.നിന്‍റെ കൈവിരലുകളില്‍ എന്‍റെ വിരലുകള്‍ ചേര്‍ത്തുപ്പിടിച്ച് നിന്‍റെ വിശേഷങ്ങള്‍ ഓരോന്നും ചോദിച്ച് ആ മണ്‍പാതയിലൂടെ നടന്നതും ഈ ജന്മം എനിയ്ക്ക് മറക്കാനാവില്ല മീനു.”
“മം..ഞാന്‍ ഓര്‍ക്കുന്നു മീനു ,വില്ലന്‍ അവന്‍റെ വിശ്വരൂപം എടുത്തുവന്ന ആ ദിവസം .നിന്‍റെ കല്യാണത്തിന് രണ്ടുദിവസം മുന്‍പ് മുട്ടിപ്പാലത്തിന് മുകളില്‍ നിന്നെ കണ്ടപ്പോള്‍ എനിയ്ക്കറിയില്ലായിരുന്നു അതൊരു അവസാനത്തെ കൂടിക്കാഴ്ചയാവുമെന്ന് .എന്‍റെ താലി നിന്‍റെ കഴുത്തില്‍ ചാര്‍ത്തണമെന്നും ഈ നിമിഷം എന്‍റെ കൂടെ നീ ഇറങ്ങിവരാന്‍ നീ തയ്യാറാണെന്ന് നീ പറഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ മൌനത്തിലാണ്ടുപോയ എന്നോട് പിന്നെയൊന്നും പറയാതെ നീ മടങ്ങി പോയതും എനിക്കിതുവരെ മറക്കാനായിട്ടില്ല മീനു .അതെ മീനു സാഹചര്യങ്ങളെ എന്നും പഴിച്ച ഭീരുവായിപോയി നിന്‍റെ സച്ചുവേട്ടന്‍ .നിന്‍റെ കഴുത്തില്‍ വേറൊരുത്തന്‍ താലിക്കെട്ടുന്നത് കാണാന്‍ വയ്യാത്തതുകൊണ്ടാണ് നിന്‍റെ കല്യാണ ഉറപ്പിച്ച അന്ന് അപ്പുവേട്ടന്‍റെ ഒരു ചങ്ങാതി മുഖേനെ വിസ തരപ്പെടുത്തിയതും നിന്‍റെ കല്യാണ തലേന്ന് കടല്‍ കടന്നതും പക്ഷേ ഈ കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ ഒരുദിവസം പോലും നിന്നെ ഓര്‍ക്കാതെ ഇരുന്നട്ടില്ല മീനു.മറക്കാനായി ഞാന്‍ ശ്രമം നടത്തുമ്പോഴും നീയെന്‍റെ സ്വപ്നങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ്‌ മീനു .കവി പാടിയപോലെ “ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം “ എന്ന് പറഞ്ഞ് ആശ്വസിക്കാനല്ലാതെ എനിക്കിനി എന്ത് ചെയ്യാന്‍ മീനു ?.കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ നാട്ടിലേക്ക് വന്നില്ല അപ്പുവേട്ടനെ അല്ലാതെ വേറാരെയും വിളിക്കാറുമില്ലായിരുന്നു.ആദ്യമൊക്കെ നിന്‍റെ വിശേഷങ്ങള്‍ ഞാന്‍ ചോദിച്ചിരുന്നു അപ്പുവേട്ടനെന്തോ മടി അത് ചോദിക്കുമ്പോള്‍ .പിന്നെ ഞാന്‍ അത് ചോദിക്കലും നിറുത്തി.ഈ പ്രാവശ്യത്തെ ഉത്സവം കാണാനൊരു പൂതി കൂട്ടത്തില്‍ നിന്നെയും ഒന്ന് കാണണം .ഒന്ന് മിണ്ടണം എന്നൊരു ആഗ്രഹം ഇല്ലാതില്ല എന്നാലും വേണ്ട ..ഞാന്‍ അകലെ നിന്നൊരു നോക്ക് കണ്ടിട്ട് മടങ്ങാം എന്ന് വിചാരിക്കുന്നു..നീ ഒരുപാട് മാറിക്കാണുമല്ലെ മീനു ശരീരത്തിനെന്ന പോലെ മനസ്സിനും മാറ്റം വേണം മീനു”
വിമാനം റണ്‍വേയില്‍ ഇറങ്ങിയപ്പോഴാണ് ഞാന്‍ ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനകാലത്തില്‍ എത്തിയത് .ലഗേജ് എടുത്തുകൊണ്ട് ട്രോളി ഉന്തിതള്ളി എയര്‍പോര്‍ട്ടില്‍ നിന്ന് വാങ്ങിയ സിം കാര്‍ഡ്‌ മൊബൈലില്‍ ഇട്ടുകൊണ്ട്‌ ഞാന്‍ അപ്പുവേട്ടന്റെ നമ്പറിലെയ്ക്ക് ഡയല്‍ ചെയ്തു .അതൊരു റിംഗ് അടിച്ചശേഷം കട്ടായി ..ഞാന്‍ വീണ്ടും ഡയല്‍ ചെയ്യുന്നതനിടയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്നൊരു പെണ്‍കുട്ടി എന്നെ നോക്കി ചിരിക്കുന്നത് കണ്ടത് .ഞാന്‍ പെട്ടന്ന് തന്നെ എന്‍റെ മീനുവിനെ തിരിച്ചറിഞ്ഞു.ഞാന്‍ വേഗം ട്രോള്ളി ഉന്തികൊണ്ട് അവളുടെ അടുത്തേയ്ക്ക് നടന്നു
“ഹായ് ..അറിയുമോ ? ഓര്‍മ്മയുണ്ടോ ? “ ഞാന്‍ അവളോട്‌ ചോദിച്ചു
“അറിയില്ല ..എന്‍റെ സച്ചുവേട്ടനെ എനിയ്ക്കറിയില്ലല്ലോ “ കലങ്ങിയ കണ്ണുകളോടെ അവള്‍ മറുപടി നല്‍കി
“എന്താ ഇവിടെ ? “ ഞാന്‍ അവളോട്‌ ചോദിച്ചു
“എന്‍റെ പ്രിയപ്പെട്ടൊരാള്‍ ഇന്ന് ഇവിടെ വരുന്നുണ്ട് “ അവള്‍ മറുപടി നല്‍കി.അപ്പോഴാണ് എന്‍റെ മൊബൈലിലേയ്ക്ക് കോള്‍ വരുന്നത് .
“ആ അപ്പുവേട്ടാ ..ഞാന്‍ ഇറങ്ങി അപ്പുവേട്ടന്‍ എവിടെയാ “
“ഞാന്‍ പാര്‍ക്കിങ്ങില്‍ ഉണ്ട് ..ഇപ്പോ വരാം “
“വേഗം വാ ..മീനു ഉണ്ട് ഇവിടെ “ ഞാന്‍ അപ്പുവേട്ടനോട് പറഞ്ഞു
“ഏത് മീനു ? “ അപ്പുവേട്ടന്‍ ഒരു സംശത്തോടെ എന്നോട് ചോദിച്ചു
“എന്‍റെ മീനു ..പിന്നെ വേറെയേത് മീനു അപ്പുവേട്ടാ “
“സച്ചു നിന്‍റെ മീനു അവളുടെ കല്യാണം കഴിഞ്ഞ അന്ന് തന്നെ ആത്മഹത്യ ചെയ്തു ..പിന്നെ എങ്ങനെയാ നീ അവളെ കാണുന്നത് ?“
ആ മറുപടി എനിയ്ക്കൊരു ഷോക്കേറ്റപ്പോലെയായിരുന്നു .തിരിച്ച് അവളെ തിരയുമ്പോള്‍ അവള്‍ ആ ആള്‍കൂട്ടത്തിലേയ്ക്ക് ചിരിച്ചുകൊണ്ട് മറയുന്നത് പോലെ തോന്നിയെനിക്ക് .ചെവിയിലാരോ പാടുന്നു
“നാന്‍ വരുവേന്‍…...മീണ്ടും വരുവേന്‍ …..ഉന്നൈ നാന്‍ തൊടര്‍വേന്‍...ഉയിരാല്‍ തൊടുവേന്‍ “

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo