Slider

കടലാസ് തോണികൾ

0

കടലാസ് തോണികൾ
------------------------------------®
ഗിയർ ചേയ്ഞ്ചു ചെയ്യുന്നതിനിടയിൽ ഞാൻ ഇടതു സീറ്റിലേക്ക് നോക്കി...
"അവൾ " കാഴ്ച്ചകൾ കാണുകയാണ്. അമ്പരപ്പോടെ, അതിലേറെ സന്തോഷത്തോടെ.... ഇടയ്ക്കിടെ വിൻഡോയിലിരിക്കുന്ന വലതു കൈയ്യുടെ ചുണ്ടുവിരൽ എന്തിനേയോക്കെയോ ചൂണ്ടുന്നുണ്ട്.. പക്ഷെ ഒന്നും സംസാരിക്കുന്നില്ല... ഒരു പക്ഷെ മനസ്സിൽ എന്തൊക്കെയോ പറയുകയാവും....
" അവൾ " കാറിൽ കയറുന്നതും പട്ടണം കാണാൻ പോകുന്നതും ഇതാദ്യമായിട്ടാണ്. ഇതിനു മുൻപ് ബസ്സിൽ അമ്മയോടൊപ്പം മെഡിക്കൽ കോളേജിൽ പോയിട്ടുണ്ട്. അത് പക്ഷെ രാവിലെ അഞ്ച് മണിക്ക് ജംഗ്ഷനിൽ നിന്ന് ബസ്സ് കയറിയാൽ മെഡിക്കൽ കോളേജെത്തുമ്പോൾ ഒരു സമയമാകും. തന്നെയുമല്ല, "അവൾ " ഉറങ്ങിപ്പോയിരിക്കും.
ചെറിയ മുഖത്തെ വെള്ളയ്ക്കാ പോലെയുള്ള കണ്ണുകൾ. ഒരു പക്ഷെ " അവളുടെ " മുഖം എന്നത് കണ്ണുകളാണന്ന് തോന്നിപ്പോകുന്നു.
.............................................................
ഓണസമ്മാനങ്ങളുമായി കുടുംബവീട്ടിലേക്കെത്തിയതാണ് ഞാനും, ഭാര്യയും, മക്കളും. പട്ടണത്തിലെ തുണിക്കടയിൽ കയറി തുണിയെടുത്തപ്പോൾ ഭാര്യ പ്രത്യേകം ഓർമ്മിപ്പിച്ചു.
"അമ്മ ഒന്നും വാങ്ങിക്കൊണ്ടു ചെല്ലണ്ട എന്നാ പറഞ്ഞേക്കുന്നത്.കഴിഞ്ഞ തവണ വാങ്ങിയത് ഇപ്പോഴും ഉടുത്തിട്ടില്ല"
"അമ്മ എപ്പോഴും അങ്ങനേ പറയൂ... നീ വാങ്ങീര് "...!
നിർദ്ദേശം കൊടുത്തിട്ട് ഞാൻ കുട്ടികളുടെ ഡ്രസ് എടുക്കാനായി പോയി.
ഡ്രസ്സുകൾ പായ്ക്ക് ചെയ്തപ്പോൾ എല്ലാ സെലക്ഷനോടൊപ്പം ഞാൻ ഒരു ഫ്രോക്കു കൂടി വാങ്ങി.. ഗ്രില്ലൊക്കെ എംബ്രോയിഡറി ചെയ്ത മനോഹരമായ ഒരു മഞ്ഞഫ്രോക്ക്..!
മക്കൾ ചോദിച്ചു... "ഇതാർക്കാച്ഛാ...."
"ഇതൊരാൾക്ക് സമ്മാനം കൊടുക്കാനാണ്.... "
"ആർക്കാ... പറയച്ഛാ... പറയച്ഛാ..." ഇളയ മകൻ ചിണുങ്ങി.
"ഒരാൾക്കാണ്... കുറച്ചു കഴിഞ്ഞ് പറയാം".
താഴെയെത്തിയിട്ടും ഭാര്യ ഇതുവരെ ഇഷ്ടപ്പെട്ടത് കണ്ടെത്തിയിട്ടില്ല. അതൊരു സ്ഥിരം സംഭവമായതിനാൽ ഞങ്ങൾ വിസിറ്റേഴ്സ് ലോഞ്ചിൽ വെയ്റ്റ് ചെയ്തു. അപ്പോഴും ഇളയ മകൻ " അച്ഛാ ആ ഉടുപ്പ് ആർക്കാ.. "? എന്നു ചോദിക്കുന്നുണ്ടായിരുന്നു.
................................................................
കുടുംബവീടിനടുത്താണ് ലതയുടെ വീട്. ലത ക്ലാസ് മേറ്റാണ്. മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതം, ശരീരഭാരം കൂടി വന്നാൽ ഒരു മുപ്പത് കിലോ കാണും. എന്നേക്കാളും പ്രായത്തിന് മുതിർന്നതാണങ്കിലും അവൾ പല ക്ലാസുകളും തോറ്റു പോയതിനാൽ ഒരുമിച്ച് പഠിക്കേണ്ടി വന്നു. എന്റെ ഓർമ്മ ശരിയാണങ്കിൽ എട്ടാം ക്ലാസിൽ ലത പഠനമവസാനിപ്പിച്ചു. പിന്നീട് അവളുടെ അമ്മയോടൊപ്പം അൽപം ദൂരെയുള്ള വീട്ടിൽ അടുക്കള ജോലിക്ക് പോകുന്നത് കണ്ടിട്ടുണ്ട്. കാതിൽ കടുക്കനിട്ട്, തോർത്തു മാത്രമുടുത്ത് കൂലിവേലക്ക് പോകുന്ന കൊച്ചു ചെറുക്കന്റെ മകൾ. ഒരിക്കലറിഞ്ഞു ലതയുടെ വിവാഹം കഴിഞ്ഞെന്ന്. വിവാഹം വേണ്ടായെന്ന് അമ്മയോട് കരഞ്ഞു പറഞ്ഞിട്ടും വീട്ടുകാർ നിർബന്ധിച്ചു നടത്തുകയായിരുന്നത്രേ..?
അവൾക്ക് പേടിയാണത്രേ..? അന്നതിന്റെ ആഴവും പരപ്പും മനസ്സിലാക്കാനായില്ല. " ഞങ്ങളുടെ കാലം കഴിഞ്ഞാൽ നിനക്ക് പിന്നെയാരാ ഒരു തുണ"..? എന്ന അമ്മയുടെ ചോദ്യത്തിനു മുന്നിൽ നാവടഞ്ഞ അവൾ മനസ്സ് നിറയെ ഭീതിയുമായി കണ്ണുകൾ ഇറുക്കിയടച്ചു.
മുത്ത സഹോദരിയെ വിവാഹം കഴിച്ച യച്ചതാണ്. രണ്ടാമത്തേത് സഹോദരൻ, അവൻ വിവാഹത്തിനു ശേഷം കുറച്ചു കാലം കഴിഞ്ഞപ്പോൾ ഭാര്യയുടെ നിർദ്ദേശപ്രകാരം മറ്റൊരു നാട്ടിലേക്ക് താമസം മാറി. ഏറ്റവും ഇളയതാണ് ലത.
വിവാഹം കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളിൽ ലത തനിയെ തിരികെ വീട്ടിലെത്തി. കുറേ കഴിഞ്ഞപ്പോൾ പയ്യനും. " അവൾക്ക് പേടിയാണത്രേ..? കെട്ടിപ്പിടിക്കുന്നതും, വരിഞ്ഞുമുറുക്കുന്നതും പേടിയാണത്രേ..? വീട്ടുകാർ എല്ലാവരും ഒത്തുകൂടി. ചർച്ചകൾക്കൊടുവിൽ തീരുമാനമായി. "പയ്യൻ കുറച്ചു നാൾ ഇവിടെ താമസിക്കട്ടെ... ഇവിടെയാകുമ്പോൾ അവൾക്ക് പരിചിതമായ ചുറ്റുപാടുകളാണല്ലോ". അൽപകാലം കഴിയുമ്പോൾ ഒക്കെ ശരിയാകും."..! നീണ്ട നിർബന്ധത്തിനൊടുവിൽ പയ്യനും മനസ്സില്ലാമനസ്സോടെ സമ്മതം മൂളി.
എന്നാൽ ഒരു വർഷം പോലും ആ ദാമ്പത്യം നീണ്ടു പോയില്ല. മദ്യത്തിനും, കഞ്ചാവിനും അടിമയായ പയ്യന്റെ അതിക്രമങ്ങൾ ലതയുടെ മാതാപിതാക്കളും മനസ്സിലാക്കിത്തുടങ്ങി.അതേ വരെ എല്ലാവരും വിചാരിച്ചിരുന്നത് ലതയുടെ പേടി എന്തോ മാനസീക രോഗമാണെന്നായിരുന്നു. എന്നാൽ അൽപം ഭയമുണ്ടായിരുന്ന ലതയ്ക്ക് ഭർത്താവ് സമ്മാനിച്ചത് ക്രൂരമായ ഓർമ്മകളാണ്.
ഒരു രാത്രിയിൽ മരുമകന്റെ പരാക്രമങ്ങൾ കണ്ട കൊച്ചു ചെറുക്കൻ, അവനെ തല്ലി. കഞ്ചാവിന്റെ ലഹരിയിലായിരുന്ന അവൻ തിരിച്ചും തല്ലി. നല്ല ആരോഗ്യവാനായ കൊച്ചു ചെറുക്കൻ അവനെ വട്ടം കറക്കിയെടുത്ത് വെളിയിലെറിഞ്ഞു. അവൻ അതോടെ അവിടെ നിന്നുമിറങ്ങി. പോകുമ്പോൾ ആരുമറിഞ്ഞില്ല, ലതയുടെ വയറ്റിൽ ഒരു ജീവന്റെ തുടിപ്പ് നൽകിയിട്ടാണ് അവന്റെ യാത്രയെന്ന്. പിന്നീടൊരിക്കലും അവൻ തിരികെ വന്നതുമില്ല, ആരും വിളിക്കാനും പോയില്ല.
ലതയ്ക്കുണ്ടായ പെൺകുഞ്ഞിന് "ലക്ഷ്മി" എന്നു പേരിട്ടു. കുഞ്ഞിളം മോണകാട്ടിയുള്ള അവളുടെ ചിരിയിൽ ലത എല്ല സങ്കടങ്ങളും മറന്നു. അങ്ങനെയിരിക്കെ ഒരു രാത്രി നെഞ്ചുവേദന തോന്നി ഹോസ്പിറ്റലിൽ പോകാനിറങ്ങിയ കൊച്ചു ചെറുക്കൻ പടിക്കൽ വരെയെത്തിയതേയുള്ളു. കുഴഞ്ഞു വീണു. ആ മരണം കുടുംബത്തിന്റെ ആകെയുള്ള ആൺതുണ അവസാനിപ്പിച്ചു. ഭർത്താവിന് നിഴലായിരുന്ന ലതയുടെ അമ്മ അതോടെ തകർന്നു. ചുറുചുറുക്കോടെയോടി നടന്ന അവർ ശാരീരികമായ അവശതയോടെ കിടപ്പിലായി. ആറ് മാസത്തിന് ശേഷം ഒരു ദിവസം രാവിലെ എല്ലാ വേദനകളുമുപേക്ഷിച്ച് അവരും പോയി.
ഒറ്റപ്പെട്ട ജീവിതയാത്രയിൽ ലത തനിച്ചായി. മൂത്ത സഹോദരി കുഞ്ഞിനെ നോക്കാനുള്ളതിനാൽ ലത ജോലിക്ക് പോകും. തൊഴിലുറപ്പ് ജോലിയില്ലങ്കിൽ പഴയ വീട്ടിൽ അടുക്കള ജോലിക്ക് പോകും. ജീവിതം തപ്പിയും തടഞ്ഞും പിന്നെയും മുന്നോട്ട് നീങ്ങി. ഒഴുക്കിനെതിരെയുള്ള നീന്തൽ...!
ലക്ഷ്മിയിപ്പോൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. അമ്മയെപ്പോലെ മെലിഞ്ഞൊട്ടിയ ശരീരപ്രകൃതം. ഒരു ദിവസം ഉച്ചയ്ക്ക് ടീച്ചർ ലതയെ സ്കൂളിലേക്ക് വിളിപ്പിച്ചു. തളർന്നിരിക്കുന്ന ലക്ഷ്മിയെ കണ്ട് പരിഭ്രാന്തിയായ ലതയോട് ടീച്ചർ സമാധാനപരമായി കാര്യങ്ങൾ വിശദീകരിച്ചു. "കുഞ്ഞ് തല കറങ്ങി വീണു. സ്കൂളിനടുത്തുള്ള ആശുപത്രിയിൽ കൊണ്ടു പോയി. പരിശോധനകൾക്ക് ശേഷം ഡോക്ടർ സ്ഥിതീകരിച്ചു.
"കുഞ്ഞിന് കടുത്ത ഷുഗറാണ്. ടൈപ്പ് വൺ. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനമില്ലായ്മ കാരണം ബീറ്റാ കോശങ്ങൾ ഉണ്ടാകുന്നില്ല. ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഇപ്പോൾ ഷുഗറിന്റെ അളവ് അഞ്ഞൂറിന് മുകളിലാണ്. ഉടനെ തന്നെ വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്. മെഡിക്കൽ കോളേജിലേക്ക് തന്നെ പോകണം.
ലത ഭിത്തിയിലേക്ക് ചാരി....!
.........................................................
വാങ്ങിയ ഉടുപ്പും, കുറച്ച് കഥപ്പുസ്തകങ്ങളും ലക്ഷ്മിക്ക് കൈമാറിയപ്പോൾ ഉണ്ടായ നിർവൃതി ചെറുതല്ല. കഠിനമായ ആഹാര നിയന്ത്രണവും, വിശപ്പില്ലായ്മയും അവളെ അസ്ഥിപഞ്ജരമാക്കി. ചോറോ, മധുരമുള്ള എന്തെങ്കിലുമോ കഴിച്ചാൽ ഷുഗറിന്റെ അളവ് നിയന്ത്രണാതീതമാകും. അടുത്തുള്ള ഹോസ്പിറ്റലിൽ പോയി രാവിലെയും വൈകിട്ടുമെടുക്കുന്ന ഇൻസുലിനിൽ മുൻപോട്ട് പോകുന്ന ജീവിതം.
കാറും കോളും നിറഞ്ഞ കടലിൽ നാട്ടുകാരുടെ ദയാവായ്പിൽ മുന്നോട്ട് തുഴഞ്ഞ് നീങ്ങുന്ന തോണി.
വാങ്ങിയ ഉടുപ്പ് അവൾക്ക് പാകമല്ല. വലിപ്പം കൂടിപ്പോയി. ഓണമല്ലേ, പുത്തനുടുപ്പ് കിട്ടിയ ആ മുഖത്തിന്റെ സന്തോഷം നശിപ്പിക്കാൻ മനസ്സ് അനുവദിച്ചില്ല. ലതയോടു പറഞ്ഞു കുഞ്ഞിനേയും കൊണ്ട് കടയിൽ പോയി പാകത്തിന് മാറി വാങ്ങാം.. എന്ന്.
"എന്തിനാ സുഭാഷേ, ഇതൊക്കെ..?"
ഞാൻ ഒന്നു ചിരിച്ചു... എന്റെ കൂട്ടത്തിലുണ്ടായിരുന്ന മക്കളെ ചൂണ്ടിയിട്ട് പറഞ്ഞു. " "ഇവർക്കെന്തിനാണോ അതിന് തന്നെ.. "
"ന്നാലും "... ലത നിറഞ്ഞ കണ്ണുകൾ തോർത്തു കൊണ്ടൊപ്പി.
ഞാൻ എന്റെ നമ്പർ കൊടുത്തിട്ട് പറഞ്ഞു. "എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കുക. സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്നു ഞാൻ പറയില്ല. എങ്കിലും അങ്ങനെ കൂട്ടിക്കോ.. "!
..............................................................
പട്ടണത്തിലെ തിരക്കേറിയ തുണിക്കടയിൽ എന്നോടൊപ്പം എത്തിയ അവൾ ആലീസിന്റെ അത്ഭുതലോകത്തെത്തിയതു പോലെയായിരുന്നു. ആദ്യമായി കാണുന്ന കാഴ്ച്ചകൾ, വർണ്ണ വിസ്മയങ്ങൾ. അവൾ അത്ഭുതപരതന്ത്രയാണന്ന് ആ വെള്ളയ്ക്കാ കണ്ണുകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു. തുണി കൊടുത്തു അവൾക്കിഷ്ടപ്പെട്ടത് മാറി വാങ്ങി.
"മകളാണോ...സാർ"? സെയിൽസ് ഗേൾ ചോദിച്ചു.
ലക്ഷ്മി എന്റെ മുഖത്തേക്ക് ഒന്നു നോക്കി... ചോദ്യഭാവത്തിൽ..?
ഞാനവളെ എന്റെ ശരീരത്തോടു ചേർത്തു പിടിച്ചു.. എന്നിട്ട് പറഞ്ഞു.
"അതേ.. എനിക്ക് പിറക്കാതെ പോയ എന്റെ മകൾ.."!
വെള്ളയ്ക്കാ കണ്ണുകൾ ഒന്നുകൂടി വികസിച്ചു....!
© രാജേഷ്.ഡി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo