Slider

ദൈവവും സാത്താനും ബ്ലൂ വെയ്ലും

0
ദൈവവും സാത്താനും ബ്ലൂ വെയ്ലും
***********************************
ദൈവവും സാത്താനും ആശങ്കാകുലരായി കണക്കെടുപ്പ് നടത്തുകയായിരുന്നു. ഇരുതീൻമേശകളിൽ ഭോജ്യങ്ങൾ നിരത്തി വെച്ചിരുന്നു. ദൈവത്തിന്റെ തീൻമേശയിൽ പഴച്ചാറുകളും പഴവർഗ്ഗങ്ങളും നിരന്നിരുന്നു. അവയൊന്നും തന്നെ മുന്തിയതായിരുന്നില്ല. പരിപാലനം കിട്ടാത്ത ചെടികളിൽ നിന്നും പറിച്ചെടുക്കപ്പെട്ട കനികൾ വിളറിയും ശോഷിച്ചുമിരുന്നു. പഴച്ചാറുകൾ വാടിയ ഫലത്തിന്റെ അരുചി നാവിൽ പകർന്നപ്പോൾ ദൈവത്തിന്റെ മുഖം ചുളിഞ്ഞു.
സാത്താന്റെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. ദിവസങ്ങളോളം എണ്ണയിലിട്ട് കരിഞ്ഞു പോയ മനുഷ്യമൃഗാദികളുടെ മാംസം കടിച്ച് മുറിക്കാനാവാത്ത വിധം പാകപ്പെട്ടു പോയി. കുടിക്കാനെടുത്ത രക്തത്തിൽ ആവശ്യത്തിലധികം പാപങ്ങൾ ചേർന്ന് അത് നിറമില്ലാത്തതായ് മാറിയിരുന്നു.
ഒരേ കെട്ടിടത്തിലെ ഇരുമുറികളിൽ ചില്ലിട്ട ഗ്ലാസ്സിനിടയിലൂടെ ദൈവവും സാത്താനും മിഴികൾ കൊരുത്തു. ഇരുവരും സ്വന്തം സാമ്രാജ്യത്തിലേക്ക് തുറക്കപ്പെടുന്ന വാതിലുകളിലൂടെ എത്തി നോക്കി.
ദൈവത്തിന്റെ നാട്ടിൽ ആത്മാക്കൾ ക്ഷീണിതരും വയോജനങ്ങളുമായിരുന്നു. വാടി നിൽക്കുന്ന ഫലവൃക്ഷാദികളും തളർന്നുറങ്ങുന്ന മൃഗാത്മാക്കളും ദയനീയമായ കാഴ്ചയായിരുന്നു. പാറി നടന്നിരുന്ന വെളുത്തമാലാഖ കുഞ്ഞുകളുടെ ദേഹത്ത് കറുത്ത പുള്ളികൾ തെളിയാൻ തുടങ്ങിയിരിക്കുന്നു.
സാത്താന്റെ ലോകത്ത് മടുപ്പിക്കുന്ന മാംസ ഗന്ധം നിറഞ്ഞു നിന്നു. പഴകിയ ആത്മാക്കളെ വേവിച്ചു തളർന്ന കറുത്ത മാലാഖമാരുടെ ദേഹത്ത് വെളുത്ത പുള്ളികൾ വ്യക്തമായിരുന്നു.
ഇരുവരും ഭയപ്പെട്ടു. പൂർണ്ണമായും നിറം മാറുന്ന മാലാഖമാരെ ഇരുകൂട്ടരും കൈമാറണമെന്നാണ് വ്യവസ്ഥ. സാമ്രാജ്യം രക്ഷിക്കാൻ കൊന്ന ആത്മാക്കൾ ഹാഷ് ടാഗുകളിൽ കുരുങ്ങി പിടയുന്നത് കണ്ടു.
തിരികെ സീറ്റിലെത്തി ഇരുവരും പുഞ്ചിരിച്ചു. കമ്പ്യൂട്ടറിലെ അക്കങ്ങൾ ഒരു പോലെ അമർത്താൻ തുടങ്ങി. ഈ ഭാഗത്തേയും മാലാഖ കുഞ്ഞുങ്ങളുടെ കൈനഖങ്ങളിൽ ടാസ്കുകൾ വിജയകരം എന്ന് കുറിക്കപ്പെട്ടു.
ഇതു വരെയുള്ള ടാസ്കുകൾ ഇരുവരും വിലയിരുത്തി. ആത്മാക്കളുടെ ശേഖരണം പല തരത്തിൽ അതായിരുന്നു അജണ്ട.
ദൈവത്തിന്റെ മാലാഖമാർ ലോലഹൃദയരായതിനാൽ പല തരത്തിലുള്ള പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും കൊണ്ട് ആത്മാക്കളെ ശേഖരിച്ചു.
ഇരയെ വേട്ടയാടി കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ചെകുത്താൻ സൈന്യം അപകടങ്ങളും പീഢനവും കൊലപാതകവുമായി ആത്മാക്കളെ ശേഖരിച്ചു.
കുറേ നാളായുള്ള ബ്ലൂ വെയ്ൽ ഗെയിമാണ്. എന്നിട്ടും രണ്ടു സാമ്രാജ്യത്തിലും വേണ്ടത്ര ആത്മാക്കളില്ലാത്തത് ഹാഷ് ടാഗ് പരമ്പര തന്നെയാണെന്ന് ഇരുവരും വിലയിരുത്തി. മറ്റുള്ള ആത്മാക്കളുടെ ' വഴിയിൽ വിലങ്ങായ് നിൽക്കുന്നത് ഹാഷ് ടാഗ് ആത്മാക്കളാണ്. നോക്കിയപ്പോൾ അതൊരു വൻകരയിൽ മാത്രം. ഏഷ്യ. അടുത്തത് അത് തന്നെ. നാല്പത്തി മൂന്നാം ടാസ്ക്.
ഭൂഖണ്ഡം മായ്ച്ചുകളയുക.
ഒന്നാകെ ഇളക്കി മറിച്ചോ വെള്ളത്തിൽ മുക്കിയോ അതുവരെ പരസ്പരം ആക്രമിച്ചോ ഒരു ജനതയെ ഇല്ലാതാക്കുക. ടാസ്ക് ഓപ്ഷനിൽ വിരലമർത്തി ദൈവവും സാത്താനും പുഞ്ചിരിച്ചു.
***********************
Ritu
വാട്സ്ആപ്പിൽ ഈയിടെയായി പ്രചരിക്കുന്ന വാർത്തയുടെ ചുവട് പിടിച്ച് എഴുതിയത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo