Slider

രാമലീല.

0
രാമലീല.
********
വർത്തമാനകാല രാഷ്ട്രീയത്തിന്റെ അപചയമാണ് രാമലീല എന്ന സിനിമയിലൂടെ കാണുവാൻ കഴിയുന്നത്. വിപ്ളവപ്രസ്ഥാനത്തിന്റെയും ഗാന്ധിയൻ മൂല്യങ്ങളിൽ അധിഷ്ഠിതമായഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിനുംനേരിട്ട മൂല്യച്യുതിയും രാമലീല എന്ന സിനിമ തുറന്നു കാണിക്കുന്നു. നമ്മുടെ വർത്തമാനകാല വിപ്ളവ പ്രസ്ഥാനത്തെ ഈ സിനിമയിലൂടെ കണക്കറ്റ് പ്രഹരിക്കുന്നുണ്ട്.
ആശയത്തിൽ നിന്നും സൈദ്ധാന്തിക വശങ്ങളിൽ നിന്നും വ്യതിചലിക്കുകയും പാർട്ടി സെക്രട്ടറി പദം സ്വന്തം സാമ്രാജ്യ സൃഷ്ടിക്കുവേണ്ടി ഉപയോഗിക്കുന്ന സമ്പ്രദായത്തെയും നിശിതമായ് വിമർശിക്കുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുന്നതും രക്തസാക്ഷി കുടുംബങ്ങളെ സമർത്ഥമായ് ഉപയോഗിക്കുന്നതും സിനിമയിലൂടെ കാണുവാൻ കഴിയും.അനീതിക്കു നേരെ വിരൽ ചൂണ്ടുന്നവനെ വർഗവഞ്ചകൻ എന്ന് മുദ്രകുത്തുകയും സമൂഹത്തിൽ നിന്നും ബഹിഷ്കൃതനാക്കുവാൻ ശ്രമിക്കുന്നതിനെയും സിനിമയിലൂടെ കണക്കറ്റ് പ്രഹരിക്കുന്നുണ്ട്.
അഹിംസാ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലെ നേതാക്കന്മാർക്ക് വ്യക്തി ജീവിതവും പൊതുജീവിതവും ഒരു നാടകമാകുന്നതും പ്രേക്ഷകർക്ക് മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്.
തിന്മയുടെ പ്രതിരൂപമായ പാർട്ടി ജില്ലാ സെക്രട്ടറിയെ ദിലീപിന്റെ രാമനുണ്ണിയെന്ന കഥാപാത്രം ഉന്മൂലനം ചെയ്തതാണോ? ഇല്ലാത്ത കുറ്റം അദ്ദേഹത്തിന്റെ മേൽ അധികാര കേന്ദ്രങ്ങൾ അടിച്ചേൽപ്പിച്ചതാണോ? പാർട്ടിക്കുവേണ്ടി രക്തസാക്ഷിയായ തന്റെ പിതാവിനെ കൊലപ്പെടുത്തിയത്പാർട്ടി ജില്ലാ സെക്രട്ടറി നടത്തിയ കരുനീക്കങ്ങളുടെ ഭാഗമായിരുന്നുവെന്ന് അദ്ദേഹത്തിൽ നിന്നു തന്നെ നേരിട്ടറിഞ്ഞതാണ് ദിലീപിന്റെ രാമനുണ്ണിയെന്ന കഥാപാത്രത്തിന് പാർട്ടിജില്ലാ സെക്രട്ടറിയെ ഉന്മൂലനം ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്? ആ കൃത്യം മറ്റാരെങ്കിലും ചെയ്തതാണോ? ഇവയൊക്കെ സിനിമയിലൂടെ തന്നെ ദൃശ്യാനുഭവമാകും. എന്തു തന്നെയായാലും ഉന്മൂലനസിദ്ധാന്തത്തോട് യോജിപ്പില്ല.
നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശുദ്ധീകരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നത്. വർത്തമാനകാല രാഷ്ടീയത്തിൽ ആശയത്തിന്റെ കുഴപ്പം കൊണ്ടല്ല നമ്മെ നയിക്കുന്ന നേതാക്കന്മാരുടെ ആശയം അടിച്ചേൽപ്പിക്കുന്നതു കൊണ്ടുള്ള അപചയം കൊണ്ടാണ് കേരള രാഷ്ട്രീയം മലീമസമാകുന്നതെന്നാണ് സിനിമയിലൂടെ വ്യക്തമാക്കുന്നത്.
ദിലീപ് രാമനുണ്ണിയെന്ന കഥാപാത്രത്തിലൂടെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അരുൺ ഗോപിയുടെ സംവിധായക മികവും എടുത്തു പറയേണ്ടിയിരിക്കുന്നു. കെട്ടുറപ്പുള്ള തിരക്കഥയും കഥയിലെ അപ്രതീക്ഷിത ക്ലൈമാക്സും സൃഷ്ടിച്ച തിരക്കഥാകൃത്ത് സച്ചിൻ അഭിനന്ദനമർഹിക്കുന്നു. വിപ്ളവ പ്രസ്ഥാനത്തിന്റെ ജില്ലാ സെക്രട്ടറിയായ് അഭിനയിച്ച വിജയരാഘവന്റെയും ദേശീയ പ്രസ്ഥാനത്തിന്റെ ജില്ലാ പ്രസിഡണ്ടായി അഭിനയിച്ച സിദ്ധിഖിന്റെയും അഭിനയമികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. കലാഭവൻ ഷാജോണിന്റെ ടി സി (തോമസ് ചാക്കോ) എന്ന കഥാപാത്രം പ്രേക്ഷകർക്ക് രസകരമായി ആസ്വദിക്കുവാൻ കഴിഞ്ഞു.
കലാഭവൻ ഷാജോണിന്റെ അസാമാന്യ പ്രകടനമായിരുന്നു സിനിമയിലുടനീളം കാണുവാൻ കഴിഞ്ഞത്. നായക കഥാപാത്രത്തോടൊപ്പം ആദ്യന്തം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്.മാധ്യമ പ്രവർത്തകയായി അഭിനയിച്ച പ്രയാഗ മാർട്ടിനും സ്വതസിദ്ധമായ രീതിയിലുള്ള അഭിനയം കാഴ്ചവച്ചിട്ടുണ്ട്.ഡി വൈ എസ് പി പോൾസൺ എന്ന കഥാപാത്രത്തിലൂടെ മുകേഷും തന്റെ അഭിനയ മികവ് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. ദിലീപിന്റെ അമ്മയായ് അഭിനയിച്ച രാധിക ശരത് കുമാർ ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിൽ തിരിച്ചെത്തി പ്രേക്ഷക മനസ്സിൽ ഇടം നേടി. പ്രമുഖ കോളമിസ്റ്റിന്റെ വേഷമിട്ട രൺജി പണിക്കർ, സലിം കുമാർ ഇവരൊക്കെ തങ്ങളുടെ ചെറിയ വേഷങ്ങൾ നല്ല രീതിയിൽ തന്നെ പ്രേക്ഷകർക്ക് അനുഭവഭേദ്യമാക്കി.
മൊത്തത്തിൽ നല്ലൊരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ് രാമലീല.. ഇതൊരു നായക കഥാപാത്രത്തിന്റെ മാത്രം സിനിമയല്ല. ഒരു പാട് പേരുടെ വിയർപ്പാണീ സിനിമ. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിനും അഭിനന്ദനങ്ങൾ. ഈ ദൃശ്യവിരുന്ന് കുടുംബസമേതം കാണുവാൻ പറ്റിയ സിനിമതന്നെയാണ്. വിവാദങ്ങൾ മാറ്റിവെച്ച് നമുക്കെല്ലാവർക്കും രാമലീല കാണാം.
സജി വർഗീസ്
Copyright protected.


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo