കുടുംബമഹിമ
ഒടുക്കത്തെ കുടുംബമഹിമയാണ് ഈ വീട്ടിൽ.. അപ്പു ഓർത്തു.. അമ്മക്കും അച്ഛനും എന്ത് ചെയ്താലും കുടുംബമഹിമയുടെ സവിശേഷതകൾ പറയാനുള്ളൂ.. ഓലകുടിയിൽ താമസിക്കുന്ന ബാലന്റെയും രാതേടെയും കൂട്ട് കൂടാൻ പാടില്ലായെന്ന് അമ്മ പറഞ്ഞതുകൊണ്ട് അവരോടുള്ള ചെങ്ങാത്തം വീട്ടിലുള്ളവരുടെ കണ്ണുവെട്ടിച്ചായിരുന്നു..അമ്മയുടെ പലഹാരങ്ങളെക്കാൾ അവന് പ്രിയം ബാലന്റമ്മയുണ്ടാക്കുന്ന കപ്പയും ചമ്മന്തിയുമാണ്..ബാലന്റമ്മ വീട്ടിൽ അമ്മക്കൊരു സഹായമാണ്..എന്നിട്ടും മക്കളെ വീട്ടിലടുപ്പിക്കില്ല..അമ്മയ്ക്ക് സഹായിക്കാനുള്ള മനസ്സുണ്ടെങ്കിലും അച്ഛൻ വിലക്കുമായിരുന്നു..
ഒന്നും കുടുംബമഹിമയ്ക്ക് ചേർന്നതല്ലല്ലോ..
ഒന്നും കുടുംബമഹിമയ്ക്ക് ചേർന്നതല്ലല്ലോ..
നക്‌സലേറ്റാവാൻ പോയ ചെറിയച്ഛൻ തിരിച്ച് വന്നപ്പോഴും വീട്ടിൽ കയറ്റാതിരുന്നത് കൊലകൊമ്പത്തെ മഹിമയും പാരമ്പര്യവും കാരണമാണത്രെ..ബാലന് അമ്മ കാണാതെ അപ്പു പഴയ വസ്ത്രവും ബുക്കും കൊടുക്കാറുണ്ട്..വീട്ടിലറിഞ്ഞാൽ കൊല്ലും..കള്ളും കുടിച്ച് നടക്കുന്ന അവന്റെ അച്ഛന് മക്കളുടെ കാര്യം നോക്കാൻ എവിടെയാണ് നേരം..വീട്ടിലെന്തുണ്ടാക്കിയാലും അവർക്കൊരു പങ്ക് എങ്ങനെയെങ്കിലും കൊടുക്കാൻ അപ്പു ശ്രമിക്കാറുണ്ട്..
ഒരുനാൾ കള്ളൻ പല നാൾ പിടിയെലെന്ന് പറഞ്ഞപോലെ ഒരിക്കൽ അച്ഛൻ കണ്ടുപിടിച്ചു.. പഴയ നിക്കർ കൊടുത്തതാണ് പ്രശ്നം.. ബാലൻ അപ്പുന്റെ നിക്കറിട്ട് വീടിന്റെ ഉമ്മറത്തൂടെ ഉലാത്തിയത് കഷ്ടകാലത്തിന് അച്ഛന്റെ കണ്ണിൽ പെട്ടു.. തെക്കേ അറ്റത്തെ പേരമരത്തിന്റെ വടികൊണ്ട് നാലടി കിട്ടി.. കാലുകൾ ചുവന്ന് തുടുത്തു... രക്തം കട്ടപിടിച്ചു.. അമ്മ അതുകണ്ട് തേങ്ങി.. "എന്തിനാ കുട്ടി അനുസരണകേട് കാട്ടിയത്".. അമ്മയുടെ ചോദ്യത്തിന് മറുപടി പറയാൻ അപ്പു നിന്നില്ല.. അതൊരു തെറ്റല്ലായെന്ന് അവനുറച്ച ബോധ്യമുണ്ടായിരുന്നതുകൊണ്ടാവാം...
വർഷങ്ങൾ കടന്നുപോയി.. അച്ഛനും മകനുമായുള്ള അകലം കൂടി.. അവൻ പച്ചയായ മനുഷ്യനായി ജീവിച്ചു.. അച്ഛൻ അപ്പോഴും കുടുംബമഹിമ കെട്ടിപ്പടുത്തി.. അങ്ങനെയിരിക്കെ കോഴിക്കോട് പോയ അച്ഛനെ നേരം കടന്നുപോയിട്ടും കാണാതായി.. അമ്മ വിഷമിച്ച് കരച്ചിലായപ്പോൾ അപ്പു ബാലനെയും കൂട്ടി അച്ഛനെ തിരക്കിയിറങ്ങി..പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തപ്പോഴാണ് അച്ഛന് അപകടം പറ്റിയതറിയുന്നത്..ആശുപത്രിയിൽ എത്തിയപ്പോൾ അച്ഛന് രക്തം വേണമെന്ന് നേഴ്സ് വിളിച്ചുപറയുന്നു..സഹായത്തിന് വന്നത് ബാലനാണ്... ബാലൻ രക്തം കൊടുത്തു..
റൂമിലെത്തിയ അച്ഛൻ എന്നെയും ബാലനെയും ഒരുമിച്ച് കണ്ടതിൽ മുഖം തിരിച്ചു.. ജീവനോടെ കിടക്കുന്നത് ബാലൻ കാരണമാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കണ്ണീർ മറക്കാൻ ശ്രമിക്കുകയായിരുന്നു..മനുഷ്യനെ മനുഷ്യനായി മനസ്സിലാക്കാൻ അച്ഛന് വർഷങ്ങൾ വേണ്ടിവന്നു..മനുഷ്യരുടെ ദയനീയ അവസ്ഥകളിൽ എന്ത് കുടുംബമഹിമ.. എന്ത് പാരമ്പര്യം...ഇന്ന് ബാലൻ വീട്ടിലൊരാളായി മാറിയിരിക്കുന്നു..ഇത്രയും കാലം അവനോട് കാണിച്ച വെറുപ്പ് ഒരുനിമിഷം കൊണ്ട് വീട്ടുകാർക്കില്ലാതായി...ഇതാണ് ജീവിതം.. എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്സ് മതി നല്ല ജീവിതം നയിക്കാൻ...
ദേവു...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക