Slider

വെജിറ്റബിൾ ഫ്രാങ്കി

0

വെജിറ്റബിൾ ഫ്രാങ്കി
ഓഫീസിൽ നിന്നും വീട്ടിലെത്തിയാലും കുറച്ചു നേരം ഓഫീസിലെ ചിന്തകൾവന്നു കൊണ്ടിരിക്കും പിന്നെ വീട്ടു ചിന്തയായി. ഈ പരിവർത്തന സമയത്താണ് അവൾ അക്കാര്യം അവതരിപ്പിച്ചത്.
“എനിക്ക് ഒരു വെജിറ്റബിൾ ഫ്രാങ്കി വേണം.”
പരിവർത്തന സമയത്തു കോപമാണ് പൊതുവേ ഭാവം . പക്ഷേ അവൾക്കു മാസം മൂന്നായത് കൊണ്ടും ഭാര്യയുടെ ആദ്യ ഗർഭത്തിലെ ആവശ്യം കടമ ആയതുകൊണ്ടും കോപം മാറ്റിവച്ചു. എത്ര വലിയ ദേഷ്യക്കാരനായാലും സാഹചര്യങ്ങൾക്കു അനുസരിച്ചു അത് അവനു നിയന്ത്രിക്കുവാനാവും. ഭാര്യ ചെറുതായി എന്തെങ്കിലും പരിഭവം പറഞ്ഞാൽ ചാടി കടിക്കുന്നവർ ഓഫീസിൽ ബോസ് പച്ചത്തെറി പറഞ്ഞാലും ഇളിച്ചോണ്ടു നിൽക്കുന്നത് കാണാം .
ഗർഭകാലത്തെ കൊതി ഒരുതട്ടിപ്പാണെന്നു മിക്ക ഭർത്താക്കന്മാർക്കും അറിയാം എങ്കിലും സ്നേഹത്തിന്റെ
പുറത്താണ് ഗർഭ കാലത്തേ ഈ ഭക്ഷണം തിരഞ്ഞുള്ള ഓട്ടം.
ആക്ച്വലി എന്താണ് ഈ വെജിറ്റബിൾ ഫ്രാങ്കി ?
“ഫ്രാങ്കി… ചാട്ട് ഒക്കെ വിൽക്കുന്ന കടയിൽ കിട്ടും.. ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാട്ടോ. ഒരാഗ്രഹം തോന്നിയപ്പോൾ പറഞ്ഞു വെന്നെ ഉള്ളു” എന്ന് കൂടെ പറഞ്ഞപ്പോൾ ,ചാട്ട് കടകളായ ചാട്ട് കടകളിൽ ഒക്കെ ഫ്രാങ്കി തപ്പി ഇറങ്ങി.
ഫ്രാങ്കി മാത്രംഇല്ല . ഫ്രാങ്കി കിട്ടുന്ന ഒരു കടയുണ്ട്. പക്ഷേ ആ കടയ്ക്കു ഇന്ന് അവധി ആണ് . വൈക്കം മുഹമ്മദ് ബഷീറിന്റ പൂവമ്പഴം കഥയിലേതു പോലെ ഫ്രാങ്കിക്കു പകരം വേറെ ഒന്നും വാങ്ങണ്ട എന്ന് തീരുമാനിച്ചു.
വീട്ടിൽ എത്തിയപ്പോൾ രാത്രി 8 മണിയായി. ഛർദിലിന്റെ ക്ഷീണമാവാം അവൾ ഉറങ്ങുകയാണ് .
മൊബൈലിലെ യു ട്യൂബിൽ വെജിറ്റബിൾ ഫ്രാങ്കി എന്ന് സെർച്ച് ചെയ്തു .മസാലയും വെജിറ്റബിളും സോസും ഒക്കെ മിക്സ് ചെയ്തുണ്ടാക്കിയ പേസ്റ്റ് ഉള്ളിലാക്കിയ ചപ്പാത്തി ചുരുട്ട് ആണ് സംഗതി.
അടുക്കളയിൽ കയറികുറച്ചു മാവ് എടുത്ത് ചപ്പാത്തി ഉണ്ടാക്കി.ഉരുള കിഴങ്ങ് പുഴുങ്ങി അതിൽ മസാല ചേർത്ത് പൊടിച്ചു പേസ്റ്റ് രൂപത്തിൽ ആക്കി. ചപ്പാത്തിയിൽ സോസ് പുരട്ടി കുറച്ച ചീസ് സ്ക്രാപ്പ് ചെയ്തു ഇട്ടു എന്നിട്ടു ക്യാബേജ്ഉം സവാളയും പൊടി പൊടിയായി അരിഞ്ഞു വിതറിയതിനു ശേഷം ചപ്പാത്തി ചുരുട്ടാക്കി അതിന്റെ ഒരു ഭാഗം ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു ഭംഗിയാക്കി. രണ്ടു ഹോം മെയ്ഡ് വെജിറ്റബിൾ ഫ്രാങ്കി അവളുടെ കട്ടിലിനു അടുത്ത് കൊണ്ട് വച്ചു.
പത്തരയോടെ ഉണർന്ന അവൾ നാടൻ ഫ്രാങ്കി കണ്ടു കണ്ണ് മിഴിക്കുന്നതും അത് ആർത്തിയോടെ കഴിക്കുന്നതും കണ്ടപ്പോൾ മനം നിറഞ്ഞു. ഒന്നേ മുക്കാൽ ചുരുട്ട് അവൾ കഴിച്ചു. അതിനു ശേഷം അവൾ അടുത്ത് വന്നു കെട്ടിപിടിച്ചു ഒരു ഉമ്മ തന്നിട്ട് " നീയാണ് എന്റെ ജീവിതത്തിലെ ഉപ്പും മുളകും” എന്ന് പറഞ്ഞു.
ബാക്കി ഉണ്ടായിരുന്ന ഫ്രാങ്കിയുടെ കാൽ ഭാഗം കഴിച്ചു നോക്കി. ശെരിയാണ് അതിൽ ഉപ്പും മുളകും ചേർത്തിട്ടില്ല.
വിജയ ശങ്കർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo