Slider

ഭാഷ - സാര്‍വ്വത്രികവും പ്രാദേശികവും.

0
ഭാഷ - സാര്‍വ്വത്രികവും പ്രാദേശികവും.
സംസ്കാരത്തിന്റെ ജെെവരസങ്ങള്‍ ഭാഷയില്‍ ഊറിക്കൂടിക്കിടക്കുന്നുണ്ട്. നല്ലൊരു വായനക്കാരന് ഒരു രചന വായിക്കുമ്പോള്‍ ആ ഭാഷ ഉരിയാടുന്ന ജനതയുടെ സംസ്കാരം വായിച്ചെടുക്കാം. അതുകൊണ്ടുതന്നെ ഭാഷ ഒരു സംസ്കാരമാണെന്നും പറയാം.
ഇതു തിരിച്ചറിയാന്‍ ഭാഷയുടെ സൂക്ഷ്മ ഘടകങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. അത്തരമൊരു സൂക്ഷ്മവായന ഒരു ദേശീയ ഭാഷയില്‍ അനേകം മൊഴിരൂപങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്ന നിഗമനത്തിലാണ് എത്തിച്ചേരുക.നാനാ വര്‍ഗ്ഗങ്ങളുടേയും ജാതി -മത -പ്രാദേശിക ഭേദങ്ങളുടേയും സമന്വയവും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളും അവരുടെ മൊഴികളിലൂടെ ഏകാത്മകമെന്നു നമുക്കു തോന്നുന്ന ഈ ദേശീയ ഭാഷയില്‍ ഊറിക്കൂടിയിട്ടുണ്ടെന്നു വായനക്കാരനു കാണാം. ഒരു ഭാഷയില്‍ അനേകം ഭാഷകളുടെ മര്‍മ്മരങ്ങള്‍ കേള്‍ക്കാം;അനേകം സംസ്കാരങ്ങളുടെ നിഴലാട്ടങ്ങള്‍ കാണാം.
ശ്രേഷ്ഠഭാഷാ പദവികൊണ്ട് സവര്‍ണ്ണമായ നമ്മുടെ മലയാളം തന്നെ നമുക്ക് പരിശോധിക്കാം.സപ്തവര്‍ണ്ണങ്ങള്‍ ചേര്‍ന്ന ശുഭ്ര പ്രകാശം പോലെ മലനാട്ടു സമൂഹത്തിലെ വിവിധ ശ്രേണികളുടെ ഉരിയാട്ടങ്ങള്‍ അലിഞ്ഞു ചേര്‍ന്നതാണ് ഈ മലയാണ്മ. വടക്കു വടക്കു കാസര്‍ക്കോടു നിന്ന് പുറപ്പെട്ട് കടലോരത്തിലൂടെ തെക്കെ മലബാറിലെത്തി, പാലക്കാടന്‍ കാറ്റും ശ്വസിച്ച്, മദ്ധ്യകേരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണഗ്രാമങ്ങളും താണ്ടി ,കുട്ടനാട്ടിലെ പാട്ടും കേട്ട് തെക്ക അതിര്‍ത്തിയിലെത്തുമ്പോഴേക്കും മലയാളം എന്ന ഭാഷയിലെ പറഞ്ഞാല്‍ തീരാത്ത വെെവിദ്ധ്യങ്ങള്‍ നമുക്ക് ബോദ്ധ്യമാവും. ഈ വെെവിദ്ധ്യം കേവലം പ്രാദേശികമല്ലെന്നും ഓരോ പ്രദേശത്തും ജാതി -മത -വര്‍ഗ്ഗ ഭേദമനുസരിച്ച് ഉരിയാട്ടം വ്യത്യസ്തമാണെന്നും നാം കാണുന്നു. ബഹുസ്വരതയുള്ള അനേകം പ്രദേശങ്ങളുടെ സ്വരങ്ങളെ ഒരു ഭാഷയായി ഏകീകരിക്കുകയും അതിനെ നാം മലയാളം എന്നു വിളിക്കുകയും ചെയ്യുന്നു.
ഈ ഏകാത്മക ഭാഷ എഴുത്തുഭാഷയാണ്. ഈ ഭാഷക്ക് പരിമിതികള്‍ ഏറെയുണ്ട്.അമ്പത്തൊന്നക്ഷരങ്ങളില്‍ ക്രോഡീകരിക്കപ്പെട്ട ഈ ഏകാത്മകഭാഷയ്ക്കുള്‍ക്കൊള്ളാനാവത്ത അനേകം ഉരിയാട്ടങ്ങള്‍ ഓരോ പ്രദേശത്തേയും ഓരോ കൊച്ചുകൊച്ചു സമുദായ കൂട്ടായ്മകളില്‍ വാമൊഴിയായി തുടരുന്നുവെന്നതാണ് പ്രാധാന പരിമിതി.
ഔദ്യോഗിക ഭാഷയിലും കാവ്യ രചനകളിലും ഉപയോഗിക്കുന്ന ഭാഷ വര്‍ഗ്ഗീയവും പ്രാദേശികവും ആയ ഉരിയാട്ടങ്ങളെ നിര്‍ഗ്ഗുണീകരി്ച്ച(neutralize) വരേണ്യഭാഷയാണ്.
മലബാറിലെ മുസ്ലീം ഭാഷയോ, മദ്ധ്യകേരളത്തിലെ നമ്പൂതിരി ഭാഷയോ, സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ അടയാള വാക്യങ്ങളായ ''എന്തൂട്ട് '' , 'എന്തോരം'' എന്നീ വ്യവഹാരഭാഷയോ എഴുത്തുഭാഷയിലോ സദസ്സുകളിലോ ആരും ഉപയോഗിക്കാറില്ല. ഈ മൊഴിരൂപങ്ങള്‍ക്കൊന്നും വരേണ്യമായകാവ്യ ഭാഷയില്‍ പ്രവേശനമില്ല..
സമൂഹത്തിലെ വര്‍ഗ്ഗീയ - പ്രാദേശിക സംഘര്‍ഷങ്ങളെ അങ്ങനെ ഔദ്യോഗിക ഭാഷ കഴിയുന്നത്ര നിര്‍വ്വീര്യമാക്കുന്നു. ഇത്തരം ഏകാത്മകഭാഷ സാമുദായിക സംഘര്‍ഷങ്ങളെ ഒഴിവാക്കാനും അങ്ങനെ ദേശീയോത്ഗ്രധനത്തിനും ഉപയോഗപ്പെടുമ്ന്നാണ് അധികാരികളുടെ കണക്കു കൂട്ടല്‍.
ഇവിടെയാണ് പ്രാദേശികവും വര്‍ഗ്ഗീയവുമായ ഉരിയാട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന നോവലുകളും കഥകളും നാടന്‍ പാട്ടുകളും കറുത്തവന്റെ കവിതകളും പ്രസക്തമാവുന്നത്..ആധുനിക ഗദ്യസാഹിത്യം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാസ്കാരിക ധാരകളെ പുനരുജ്ജീവിപ്പിക്കുന്നതിലും മുഖ്യധാരയുടെ എല്ലാം നിരപ്പാക്കി ഏകീകരിക്കാനുള്ള അധികാര വാഞ്ഛയെ പ്രതിരോധിക്കുന്നതിലും ഊന്നുന്നവയാണ്. ശുഭ്രമായ വരേണ്യഭാഷയെ നാനാവര്‍ണ്ണങ്ങളാക്കി വിടര്‍ത്തിക്കാട്ടി ഓരോ വര്‍ഗ്ഗഗവും അവരുടെ വര്‍ണ്ണത്തിന്റെ തനിമ അടയാളപ്പെടുത്തുന്നു. ആധുനിക കവിതകളാവട്ടെ,ആര്‍ഷസംസ്കാരത്തിന്റെ ദേശീയ-മുഖ്യധാരാ സംസ്കാരമെന്ന അഹന്തയെ കുറത്തിപ്പാട്ടും മറ്റു നാടന്‍ ശീലുകളും പാടിയും കവിതാ ശെെലിയാക്കിയും പ്രതിരോധിക്കുന്നു. (തമിഴകത്തിന്റെ ഹിന്ദി പ്രതിരോധവും ദക്ഷിണേന്ത്യയുടെ മുഖ്യരാഷ്ട്രീയകക്ഷികളോടുള്ള വിപ്രതിപത്തിയും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.)
ഉരിയാട്ടങ്ങളുടെ ആഖ്യാനങ്ങളാണ് നോവലുകളും നാടകങ്ങളും. അതുകൊണ്ടുതന്നെ പ്രാദേശികവും സാമൂദായികവുമായ മൊഴിവെെവിദ്ധ്യങ്ങളും അവയിലടങ്ങുന്ന വിവിധ സമുദായങ്ങളുടെ സമന്വയവും സംഘര്‍ഷങ്ങളും അവയില്‍ അരങ്ങേറുന്നു. ബഷീറിന്റെ കഥകളിലെ മലബാര്‍ മുസ്ലീം മൊഴികളും തകഴിയുടെ മുക്കുവഭാഷയും വി ടിയുടെ നാകങ്ങളിലെ നമ്പൂതിരി ശെെലിയും ആ സമുദായങ്ങളുടെ സാംസ്കാരിക പ്രതിസന്ധികളെ ആഖ്യാനം ചെയ്യുന്നവയാണ്. മൊഴിയുടെ വെെവിദ്ധ്യത്തിലൂടെ പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരുടെ അതിജീവനത്തിന്റെ കഥയും ചരിത്രവും അവ ആഖ്യാനം ചെയ്യുന്നു. ഉരിയാട്ടത്തിന്റെ ഭാഷയില്‍ ഒരു സമുദായത്തിന്‌റെ മാത്രമല്ല അതിനോടു പൊരുത്തപ്പെട്ടും പൊരുതിയും കൂടിക്കുഴഞ്ഞും കഴിയുന്ന മറ്റു സമുദായങ്ങളുടേയും ചരിത്രം വായിക്കാം. വായ്മൊഴി ചരിത്രരേഖയാണ്.
ഇങ്ങനെയൊരു വായന പെെതൃകത്വത്തേയും സാമുദായിക ബന്ധങ്ങളേയും കുറിച്ചുള്ള യാഥാസ്ഥിതിക ധാരണകളെ അസ്ഥിരപ്പെടുത്തുന്നു. നാനാത്വത്തില്‍ ഏകത്വം പ്രസംഗിക്കുന്നവര്‍ നാനാത്വത്തെ ഭയപ്പെട്ടുതുടങ്ങുന്നു. സാംസ്കാരിക വെെവിദ്ധ്യങ്ങള്‍ ദേശീയോത്ഗ്രധനത്തിന് വിഘാതം സ്ഷ്ടിക്കുന്നതുകൊണ്ട് നോവലുകളും നാടകങ്ങളും ഭരണവര്‍ഗ്ഗം ഭയത്തോടെ നോക്കുകയും അവയെ നിരോധിക്കാന്‍ ചട്ടം കെട്ടുകയും ചെയ്യുന്നു.
കവിതയുടെ പരിധിയ്ക്ക് വഴങ്ങാത്തതാണ് ഈ മൊഴിവെെവിദ്ധ്യം. കറുത്തവന്റെ കവിതപോലും എഴുതപ്പെടുന്നത് ശ്രേഷ്ഠവും സ്ഫുടം ചെയ്യപ്പെട്ടതുമായ വരേണ്യഭാഷയിലാണ്. അതിന്റെ സ്വീകാര്യത കുറച്ചു വരേണ്യരിലേക്ക് പരിമിതപ്പെട്ടതാണ്. അതുകൊണ്ട് കവിതയ്ക്ക് പൊതുവെ നിരോധനത്തെ ഭയപ്പെടേണ്ടതില്ല.
അധികാരം അനായാസം കെെകാര്യം ചെയ്യുന്നതിന് ജനങ്ങള്‍ക്കിടയിലെ വെെവിദ്ധ്യം വിഘാതം സൃഷ്ടിക്കുന്നു. രാഷ്ട്രഭാഷയും, പെെതൃകഭാഷയും അവതരിപ്പിച്ചുകൊണ്ട് ഭരണവര്‍ഗ്ഗം ഈ ഭീഷണിയെ മറികടക്കാന്‍ ശ്രമിക്കുന്നു. നാടന്‍ പാട്ടു പാടിക്കൊണ്ടും നാട്ടുഭാഷയിലേക്ക് തിരിച്ചു നടന്നുകൊണ്ടും പ്രാദേശീയത അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നു. കവിതകളില്‍ പ്രചരിക്കുന്ന നാട്ടുഭാഷ ഇൗ ചെറുത്തുനില്‍പ്പിന്റെ പ്രതിഫലനമാണ്..
(ഈ രചനയിലെ മൂല ആശയത്തിന് ശ്രീ സുനില്‍ പി ഇളയിടത്തിന്റെ 'മിശ്രഭാഷകത്വവും രാഷ്ട്രീയബോധവും' എന്ന പ്രബന്ധത്തോട് കടപ്പാടുണ്ട്)

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo