Slider

ഭൂമിയുടെ അവകാശികൾ

0
ഭൂമിയുടെ അവകാശികൾ
~~~~~~~~~~~~~~~~~~
ഞാൻ ജനിച്ചു വീണത് ഒരു കൊടുംകാട്ടിലാണ്. ഇടതൂർന്ന മരക്കൂട്ടങ്ങളും വള്ളിപ്പടർപ്പുകളും പൂക്കളും പഴങ്ങളും നിറഞ്ഞ, സൂര്യപ്രകാശം ഇലകൾക്കിടയിൽകൂടി മാത്രം വന്നു വീഴുന്ന, തണുപ്പ് നിറഞ്ഞൊരു കാട്..
എന്റെ അമ്മയ്ക്കും കൂട്ടുകാർക്കും ഒപ്പമായിരുന്നു എന്നുമെന്റെ യാത്രകൾ. പുഴയിൽ വെള്ളം കുടിക്കാൻ പോകുമ്പോൾ മറ്റുള്ളവർ എന്നെ ഇക്കിളിയാക്കും. എല്ലാരും ചേർന്ന് എന്ത് രസമായിരുന്നെന്നറിയോ? ഞാൻ വളരാൻ തുടങ്ങിയിരുന്നു. ഇടക്കൊക്കെ കൂട്ടം തെറ്റി നടക്കാൻ നോക്കിയിട്ടുണ്ട്. പക്ഷെ' അമ്മ പിന്നാലെ കൂടും.
അങ്ങനെയിരിക്കെ ഒരുദിവസം കാട്ടിനുള്ളിൽ കുറെ ഇരുകാലികൾ വന്നു. 'അമ്മ പറഞ്ഞിരുന്നു അവരെ പേടിക്കണമെന്നു. അവർ കുറെ മരങ്ങളൊക്കെ വെട്ടിമുറിച്ചു. രണ്ടു ദിവസം കഴിഞ്ഞു കാണും.. ഞങ്ങളെക്കാൾ ചെറുതാണ് ഇരുകാലികൾ.. എങ്കിലും എന്തുകൊണ്ടാണ് 'അമ്മ അവരെ പേടിച്ചിരുന്നതെന്നു മനസ്സിലായ ആ രാത്രി വന്നു ചേർന്നു..
കൂട്ടം ചേർന്ന് വിശ്രമിച്ചിരുന്ന ഞങ്ങളുടെയിടയിലേക്കു ഒരു കൂട്ടം ഇരുകാലികൾ ഓടിവന്നു. അവർ എന്തൊക്കെയോ കൊട്ടി ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു. ചിലർ തീയും പുകയും വരുന്ന എന്തോ ഒന്ന്ഞങ്ങൾക്കിടയിലേക്കു വലിച്ചെറിഞ്ഞു. അത് പൊട്ടിത്തെറിച്ചു.. ഭയാനകമായ ഒരു ശബ്ദം. ഞങ്ങൾ നാലുപാടും ഓടി. എന്റെ അമ്മയെ കാണാനില്ല. ആരെയും കാണാനില്ല... എന്നിരുന്നാലും ഞാൻ മുന്നോട്ടു തന്നെ ഓടി. പെട്ടന്ന് എനിക്കെന്തോ സംഭവിച്ചു. ഞാൻ ഉരുണ്ടുവീണു.. ഒരു കുഴിയിലേക്ക്. കുഴിയിൽ നിന്നും കര കേറാൻ നോക്കിയെങ്കിലും നടന്നില്ല. മുകളിലേക്ക്നോക്കിയ ഞാൻ ഞെട്ടിപ്പോയി.. ഇരുകാലികൾ എന്നെ നോക്കി ആർത്തട്ടഹസിക്കുന്നു.
പിറ്റേദിവസം അതിരാവിലെ തന്നെ എന്റെ വർഗത്തിൽപ്പെട്ട ഒന്നിന്റെ സഹായത്തോടെ ഞാൻ കുഴിയിൽ നിന്നും മുകളിലെത്തി..എന്റെ വയറാകെ ഉരഞ്ഞു പൊട്ടിയിരുന്നു. കണ്ണിൽനിറയെ മണ്ണും..മനസ്സ് നിറയെ സങ്കടവും.. എന്റെ 'അമ്മ.... എന്നെ അവരെല്ലാം കൂടി വലിച്ചു ഒരു മരക്കൂട്ടിൽ കയറ്റി. ഇഷ്ടംപോലെ തീറ്റ അതിനുള്ളിലേക്കിട്ടു തന്നു.എന്റെ കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചു. പക്ഷെ അതൊന്നും എന്നെ വിഷമിപ്പിച്ചില്ല.. എന്റെ അമ്മയായിരുന്നു മനസ്സ് നിറയെ. പിന്നെയുള്ള ദിവസങ്ങൾ ദുരിതം നിറഞ്ഞതായിരുന്നു. ഒരു വിശ്രമവും ഇല്ലാത്ത ജോലി. എന്റെ കൊമ്പുകളിൽ ആർത്തിയോടെ തഴുകാൻ പലരും വന്നിരുന്നു. അവരാരും അമ്മയെപ്പോലെ എന്റെ കണ്ണീർ തുടച്ചില്ല..എന്റെ നെറുകയിൽ തലോടിയില്ല... ഒരല്പം വിശ്രമിക്കാമെന്നു വെച്ചാൽ എന്റെ കൂടെ നിൽക്കുന്ന ഇരുകാലി മൂർച്ചയുള്ള എന്തോ ഒന്നുകൊണ്ടു എന്നെ കുത്തി വേദനിപ്പിക്കും. ഞാൻ ഇണങ്ങി എന്ന് അവരൊക്കെ കരുതി..പക്ഷെഎന്റെ മനസ്സ് നിറയെ പകയായിരുന്നു. എന്റെ കൈകാലുകൾ സ്വതന്ത്രമായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
ക്രമേണഎന്റെ ശരീരം മെലിയാൻ തുടങ്ങി.. ആവശ്യത്തിന് ഭക്ഷണം കിട്ടാതെ പണിയെടുത്തു ഞാൻ അവശനായി.. ഇനിയിപ്പോ 'അമ്മ കണ്ടാലുംഎന്നെ തിരിച്ചറിഞ്ഞെന്നുവരില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരാൾ വന്നു.. എന്നെ കൂട്ടിക്കൊണ്ടുപോയി ഒരു വീടിനു മുൻവശത്തെ തെങ്ങിൽ തളച്ചിട്ടു. ജോലിയൊന്നുമില്ല.. കാലിലെ മുറിവിലൊക്കെ പച്ചമര്ന്നിട്ടുതരുന്ന സ്നേഹമുള്ള ഒരു ഇരുകാലി.. അയാളെ ഞാൻ മനസ്സുകൊണ്ട് മനുഷ്യനെന്ന് വിളിച്ചു. അയാൾ ഇടയ്ക്കൊക്കെ എന്നെ തലോടും. എനിക്ക് ഇരുകാലികളുടെ കൂട്ടത്തിൽ അയാളെ മാത്രമായിരുന്നു ഇഷ്ടം.. അവരുടെ ഭാഷയിൽ എന്തൊക്കെയോ അയാൾ എന്നോട് പറഞ്ഞു.. എന്റെസങ്കടം കാണാൻ ആയാളും.. അയാളുടെ സങ്കടം കേൾക്കാൻ ഞാനും!! പക്ഷെ എന്താണ് സങ്കടത്തിനു കാരണമെന്നു പരസ്പരം മനസ്സിലായില്ലന്നു മാത്രം .. ഒരു ദിവസം എന്താണെന്നറിയില്ല.. എനിക്ക് വല്ലാത്തൊരു അസ്വസ്‌ഥത തോന്നി..ആദ്യം പല്ലുകൾക്ക് വേദനപോലെതോന്നി.. പിന്നീട് ആ വേദന ചെവിക്കും കണ്ണിനുമിടയിലേക്കു മാറിയതുപോലെ. തുടക്കത്തിൽ ചെറിയ വേദന ആയിരുന്നെങ്കിലും പിന്നീടത് അസഹനീയമായി തോന്നി. വേദന അസഹനീയമായപ്പോൾ കവിളിൽ നിന്നും കറുത്ത നിറമുള്ള എന്തോ ഒഴുകിവരുന്നുണ്ടായിരുന്നു. ഞാൻ കൊമ്പുകൾ അടുത്ത് കണ്ട മരത്തിൽ കുത്തിയിറക്കി... അലറിക്കരഞ്ഞു... ചങ്ങല പൊട്ടിക്കാൻ ശ്രമിച്ചു... കരിഞ്ഞു വന്ന മുറിവുകൾ വീണ്ടും പൊട്ടിയൊലിച്ചു.. ആരും എന്റെ അടുത്ത് വരരുതേയെന്നുഞാൻ ആഗ്രഹിച്ചു.. വന്നാൽ ഞാൻ അവരെ കൊല്ലും.. അത്രമാത്രമുണ്ട് വേദന.. എനിക്ക് മരുന്ന് തരാനും ഭക്ഷണം തരാനും ആ മനുഷ്യൻ കൂടെയുണ്ടായിരുന്നു. ഒടുവിൽ എന്റെ രോഗം മാറി. എനിക്കയാളോടുള്ള സ്നേഹം കൂടിവന്നു.
ഒരുദിവസം കുറേപേർ വന്ന്‌ എന്നെ അണിയിച്ചൊരുക്കി ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അവിടെയതാ എന്നെപ്പോലെ നൂറുകണക്കിനാനകൾ.. എത്ര അമ്മമാർ കരഞ്ഞിട്ടുണ്ടാകും.. കുറേപേർ വന്നു ഞങ്ങളുടെ ഫോട്ടോയെടുത്തു.. എല്ലാരും ഞങ്ങളെ കണ്ടു സന്തോഷിക്കുന്നു.. വെളുത്തവരും കറുത്തവരും കുട്ടികളും മുതിർന്നവരും എല്ലാരുമുണ്ട്.. പക്ഷെ ഇരുകാലികളെ നിങ്ങൾ അറിയുന്നുണ്ടോ ഞങ്ങളുടെ സങ്കടം.
ഞങ്ങൾക്കുമുണ്ടായിരുന്നു സ്നേഹമുള്ള ഒരു കുടുംബം..
ഞങ്ങൾക്കുമുണ്ട് കണ്ണുനീർ..
ഞങ്ങളും ഈ ഭൂമിയുടെ അവകാശികളല്ലേ?

Uma Pradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo