ഭാര്യ ഓൺലൈനിൽ എഴുതാൻ തുടങ്ങിയത് മുതലാണ് എന്റെ ജീവിതത്തിന് ഒരു ഈണവും താളവുമൊക്കെ വന്നത്. മൂടിപ്പുതച്ചു കിടന്നിരുന്ന അവളെ കുലുക്കി വിളിച്ചുണർത്തുക എന്നതായിരുന്നു എന്റെ പ്രഭാത കൃത്യങ്ങളിൽ ഏറ്റവും കടുപ്പമുള്ള ഒന്ന്. മോളുടെ കാര്യവും വയറിന്റെ വിളിയും ഓർത്താണ് ഈ ജോലി തുടരുന്നത്. ഞാനും മോളും ഡ്രെസ്സൊക്കെ ചെയ്ത് റെഡി ആയാലും അവൾ അടുക്കള വാതിലിൽ നിന്ന് പുറത്തു കടന്നിട്ടുണ്ടാവില്ല. ബ്രഡിൽ അല്പം ജാം പുരട്ടി മോൾക്ക് കൊടുക്കും. എനിക്ക് പിന്നെ ശങ്കരേട്ടന്റെ ദോശക്കടയാണ് ഒരാശ്വാസം
അങ്ങിനെയാണ് അവൾ വനിതാ വേദി സുഹൃത്തുക്കൾ വഴി എഴുത്ത് ഗ്രൂപ്പുകളിലേക്ക് എത്തിപ്പെട്ടത്. എനിക്കും അഭിമാനമൊക്കെ തോന്നി. എഴുതുന്ന ഭാര്യയുടെ എഴുതാപ്പുറം വായിക്കുന്ന ഭർത്താവ് എന്നൊക്കെ പറയാമല്ലോ ! .എവിടെയാണ് ഭാഗ്യം തെളിയുന്നതെന്ന് ആർക്കറിയാം !
പറഞ്ഞു വരുന്നത്, ഇപ്പോൾ അവൾ കാലത്തു നാലു മണിക്ക് എഴുന്നേറ്റ് ബ്രഷ് എടുത്ത് ഒരു ഓട്ടമാ ബാത്റൂമിലേക്ക്. പുല്ലുപോലെ പല്ലു തേപ്പും കുച്ചുപ്പുടിയുമൊക്കെ പത്ത് മിനിട്ടു കൊണ്ട് കഴിച്ചു അടുക്കളയിലേക്ക് ഓടും. പാത്രങ്ങളുടെ കലമ്പൽ, ഗ്യാസിന്റെ മണം, മോളുടെ ബാഗ് എടുത്തിടുന്ന ശബ്ദം .... ഞാൻ കുളിച്ചു വരുമ്പോഴേക്കും പ്രാതൽ മേശപ്പുറത്തു റെഡി. മോളുടെ ടിഫ്ഫിൻ ബോക്സ് റെഡി. എന്തിനു ഷൂസ് പോലും തുടച്ചു വെച്ചിട്ടുണ്ടാകും.
രണ്ട് ദിവസം ഇങ്ങിനെ കഴിഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. പാവം. അവളൊറ്റക്കല്ലേ ഈ പാട് പെടുന്നത്. ഞാൻ നാലരക്ക് അലാറം വെച്ച് എഴുന്നേറ്റു. അടുക്കളയിൽ അവളെ ഒന്ന് തട്ടിയും മുട്ടിയും സഹായിക്കണം. ആ സമയത്താണത്രെ ഭാര്യമാർക്ക് ഏറ്റവും കൂടുതൽ സ്നേഹമൊക്കെ ഉണ്ടാവാറ്. ഞാൻ അടുക്കളയിൽ കയറി അവളുടെ ചുമലിലേക്ക് അഴിഞ്ഞു വീണ മുടിയിൽ കൈ വിരലുകൾ ഓടിച്ചു കൊണ്ട് ആദ്യത്തെ ഡയലോഗ് കാച്ചി :
"നീ ഒന്ന് അടങ്ങിയെ...ഞാൻ ഈ മുടിയൊന്നു കെട്ടിത്തരാം..."
"ഏയ് വേണ്ട...ചേട്ടാ...പിന്നെ ..ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത സ്‌കൂൾ കലോത്സവ ഓർമ്മകൾ ഭയങ്കര ക്ലിക്കായി"
"അതെയോ...എടീ ഈ വെറും വയറ്റിൽ പാലും പഴവും ഒരു സ്പൂൺ തേനും മൂന്ന് ചുള ഈത്തപ്പഴവും ചേർത്ത് ജ്യുസ് അടിച്ചു കഴിച്ചാൽ ശരീരത്തിന് നല്ല ഉന്മേഷം ഉണ്ടാവുമത്രെ"
"അതെയോ... എന്നിട്ട് ചേട്ടാ ഒരാൾ കമന്റ് എഴുതിയിരിക്കുകയാ ഇത്രയും നല്ല പ്രകടനം സ്റ്റേജിൽ വരെ കണ്ടിട്ടില്ല എന്ന് "
പണ്ടാരം! ഇവൾക്ക് ഇതല്ലാതെ വേറൊന്നും പറയാനില്ലേ?!
”എന്നാൽ ഞാൻ ആ ചെടിക്കൊക്കെ വെള്ളം നനച്ചു വരാം" വേറെന്തു ചെയ്യാൻ - ഇനിയിപ്പോ കിടന്നാൽ ഉറക്കം വരില്ല.
തൊടിയിൽ ഇറങ്ങി അമ്മിണിപ്പശുവിനെ ഒന്ന് നോക്കി. ഒരാഴ്ച കൊണ്ട് അമ്മിണിയുടെ കവിളൊക്കെ തുടുത്തു. നേരാനേരമല്ലേ ശാപ്പാട് കിട്ടുന്നത്. ആദ്യമൊക്കെ അതിനും എന്റെ കയ്യ് വേണായിരുന്നു. അപ്പുറം കോഴി കൂട്ടിലും ഒന്ന് തലയിട്ടു നോക്കി. എല്ലാത്തിന്റെയും ചുണ്ടൊക്കെ നന്നായി ചുവന്നിട്ടുണ്ട്. ഞാനുമൊന്നു വെറുതെ വയർ നോക്കി. ചെറിയ അനക്കമൊക്കെ വന്നിട്ടിട്ടുണ്ട്. എല്ലാം ഈ എഴുത്ത് കാരണം
ജോലി സ്ഥലവും വീടും അടുത്തായതിനാൽ ഒരു മണിക്കൂർ ലഞ്ച് ബ്രേക്കിന് വീട്ടിൽ പോകാറാണ് പതിവ്. ആദ്യമൊക്കെ വിളിച്ചു ചോദിച്ചിട്ടേ പോകൂ. വെറുതെ പെട്രോളും കത്തിച്ചു പോയിട്ട് കാലി ഇല കണ്ട് മടങ്ങേണ്ടല്ലോ. ഇപ്പോൾ കൈ കഴുകേണ്ട ഒരു താമസം മാത്രം. എല്ലാം മുന്നിൽ. പകച്ചു പോയ ഞാൻ അവളോട് അങ്ങേയറ്റത്തെ എളിമയോടെ ചോദിച്ചു:
”നീ സത്യം പറയണം..ഇപ്പോൾ എഴുത്ത് ഉള്ളത് കൊണ്ട് നിനക്ക് ആദ്യത്തേക്കാൾ സമയം ഇല്ലാതാവുകയല്ലേ വേണ്ടത്..പക്ഷെ നേരെ തിരിച്ചാണല്ലോ...എന്താണ് ഇതിന്റെ പിന്നിൽ ?"
നിഷ്കളങ്കയായ എന്റെ ഭാര്യ പറഞ്ഞു:
"എഴുത്ത് തുടങ്ങിയാൽ പിന്നെ വേറൊരു ചിന്തയും പാടില്ല. ആദ്യത്തെ പോലെ നിങ്ങളുമായി അടികൂടിയാൽ ആ ദിവസം പിന്നെ പോയി.
അതുകൊണ്ട് നിങ്ങളുടെ ഭക്ഷണം, അമ്മിണിയുടെ കാടി വെള്ളം, കോഴികളുടെ തീറ്റ തുടങ്ങിയ എന്റെ എഴുത്തിനെ നശിപ്പിക്കുന്ന എല്ലാ ഘടകങ്ങളെയും ഒറ്റയടിക്ക് ഞാനങ് ശരിയാക്കും ...പിന്നെ ഒരു ശല്യവുമില്ലാതെ ഞാനും എന്റെ എഴുത്തും"
അതുകൊണ്ട് നിങ്ങളുടെ ഭക്ഷണം, അമ്മിണിയുടെ കാടി വെള്ളം, കോഴികളുടെ തീറ്റ തുടങ്ങിയ എന്റെ എഴുത്തിനെ നശിപ്പിക്കുന്ന എല്ലാ ഘടകങ്ങളെയും ഒറ്റയടിക്ക് ഞാനങ് ശരിയാക്കും ...പിന്നെ ഒരു ശല്യവുമില്ലാതെ ഞാനും എന്റെ എഴുത്തും"
വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞത് ഞാനൊന്നു മനസ്സിൽ ആവർത്തിച്ചു...അമ്മിണിയുടെ കാടി വെള്ളം, എന്റെ ഭക്ഷണം - അവളുടെ ശല്യങ്ങൾ...കൈ തരിച്ചു കയറി. പെട്ടെന്ന് രാവിലെ കഴിച്ച മസാല ദോശയുടെ രുചി നാവിലേക്ക് അനുവാദമില്ലാതെ കയറി വന്നു. ഒന്നും മിണ്ടേണ്ട..പിന്നെ ഇതും കിട്ടില്ല അമ്മിണിപ്പശു കണ്ണിറുക്കി ശരി വെച്ചു. കോഴികൾ ചൂളമടിച്ചു അനുപല്ലവി പാടി.
ഉച്ചക്ക് ഞാൻ പോകുമ്പോഴേക്കും അവൾ ശാപ്പിട്ടിരിക്കും. ഫോണിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടാവും. ചോദിച്ചാൽ പറയും: വയർ നിറഞ്ഞാൽ എഴുത്ത് നിർത്തണം...നന്നേ വിശക്കുമ്പോഴും പാടില്ല. ഇപ്പോൾ ഒരു മൂഡ് ഉള്ള സമയാ...ചേട്ടൻ കഴിച്ചോ ...ജോലിക്ക് പോകണ്ടയല്ലേ
"എടീ ..നീ വന്നു കിടക്കുന്നില്ലേ പാതിരാത്രിയായല്ലോ”
”ചേട്ടൻ ലൈറ്റ് ഓഫ് ചെയ്ത് കിടന്നോ ...അനിരുദ്ധ് പുറത്ത് കാത്തു നിൽക്കുകയാ"
"വാട്ട് ! ...ആര് ? എന്താടീ പറഞ്ഞെ..? ഞാൻ വിറച്ചു കൊണ്ട് ചാടി എഴുന്നേറ്റു.
" “നിങ്ങൾ കിടന്നു അലറാതെ മനുഷ്യാ.. ശ്ശെ ... മനസ്സിൽ ഉണ്ടായിരുന്നത് എല്ലാം പോയി...ദേവിക ലേബർ റൂമിലാ...ലോ ഷുഗർ, ഹൈ പ്രഷർ. കോമ്പ്ലിക്കേറ്റഡാ..ലേബർ റൂമിനു പുറത്തു കാത്തു നിൽക്കുന്ന ഭർത്താവ് അനിരുദ്ധിന്റെ മനസ്സിലേക്ക് ഞാൻ ഊളിയിട്ട് ഇറങ്ങുമ്പോഴാ നിങ്ങളെ ഒരു അലർച്ച...എല്ലാം പോയി”
ഓ ഇന്നും പ്രസവാ...സീരിയലിലൊക്കെ രണ്ട് വര്ഷാത്രെ പ്രസവ കാലാവധി..ഇവൾക്കാണെങ്കിൽ രണ്ട് മാസം കൂടുമ്പോഴെങ്കിലും ഒന്ന് പ്രസവിക്കണം. ഇന്നിപ്പോൾ ഏതായാലും ഇവളെ നോക്കണ്ട.. ചോറൂണും പേരിടലും ഒക്കെ കഴിഞ്ഞിട്ടേ വരത്തുള്ളൂ
കൈ തരിച്ചു വീണ്ടും കരണക്കുറ്റിക്ക് നേരെ പോകാൻ പോകുന്നു. പെട്ടെന്ന് താഴെ അമ്മിണിപ്പശുവിന്റെ കൊമ്പു കുലുക്കൽ, കോഴികളുടെ കൊക്കുകൾ മൂർച്ച കൂട്ടുന്ന ശബ്ദം, വനിതാ വിമോചന വേദിയുടെ പ്രതിഷേധം, ഹാഷ് ടാഗ്...തരിച്ച കൈ തണുത്തു മരവിച്ചു.
തലയിണയെയും ചേർത്ത് പിടിച്ചു ഞാൻ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു. നാളെ ഉച്ചക്ക് ചോറിനു കിട്ടാൻ പോകുന്ന തേങ്ങാ ചമ്മന്തിയും സ്വപ്നം കണ്ടു മെല്ലെ ചുരുണ്ടുകൂടി കിടന്നു.
(ഹാരിസ്)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക